പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബിഹാറിൽ 'മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന'യുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു


കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ എല്ലാ വികസന പദ്ധതികളും സ്ത്രീകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു

സമൂഹത്തിൽ നല്ല മാറ്റം കൊണ്ടുവരുന്നതിന് ഗവൺമെൻറ് നയങ്ങളെയും പരിപാടികളെയും കുറിച്ചുള്ള പ്രചോദനാത്മകമായ കഥകൾ കൂടുതൽ പങ്കുവെക്കാൻ പ്രധാനമന്ത്രി സ്ത്രീകളോട് ആഹ്വാനം ചെയ്തു

Posted On: 26 SEP 2025 2:49PM by PIB Thiruvananthpuram

ബിഹാറിലെ മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിച്ചു.

ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ആദിവാസി വനിതാ ഗുണഭോക്താവായ ശ്രീമതി രഞ്ജീത കാസി, തന്റെ പ്രദേശത്തുണ്ടായ   പരിവർത്തനാത്മക മാറ്റങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാറിനും ഹൃദയംഗമമായ നന്ദി അറിയിച്ചു. ജീവിക സ്വയം സഹായ സംഘവുമായി ബന്ധപ്പെട്ട അവർ, ഒരുകാലത്ത് അടിസ്ഥാന സൗകര്യങ്ങൾ നഷ്ടപ്പെട്ട തന്റെ വനപ്രദേശം - ഇപ്പോൾ റോഡുകൾ, വൈദ്യുതി, വെള്ളം, ശുചിത്വം, വിദ്യാഭ്യാസം എന്നിവയിലേക്ക് പ്രവേശനം ആസ്വദിക്കുന്നുണ്ടെന്ന് എടുത്തുപറഞ്ഞു. സർക്കാർ ജോലികളിലും പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലും സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിച്ച സംവരണ വ്യവസ്ഥകൾ ഉൾപ്പെടെയുള്ള സ്ത്രീകേന്ദ്രീകൃത   സംരംഭങ്ങൾക്ക് മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞു. സ്കൂൾ യൂണിഫോമിൽ പെൺകുട്ടികൾ സൈക്കിൾ ചവിട്ടുമ്പോൾ തനിക്ക് തോന്നുന്ന അഭിമാനം ചൂണ്ടിക്കാട്ടി, സൈക്കിൾ, യൂണിഫോം പദ്ധതികളെ അവർ പ്രശംസിച്ചു.

സ്ത്രീകൾക്ക് കുറഞ്ഞ വിലയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ നൽകുകയും പുക നിറഞ്ഞ അടുക്കളകളിൽ നിന്ന് അവരെ മോചിപ്പിക്കുകയും അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്ത ഉജ്ജ്വല യോജനയ്ക്ക് രഞ്ജീത പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ഇപ്പോൾ ഒരു ഉറപ്പുള്ള വീട്ടിൽ താമസിക്കുന്ന ഭവന പദ്ധതിയുടെ നേട്ടങ്ങളും അവർ അംഗീകരിച്ചു.

125 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകാനും പെൻഷൻ ₹400 ൽ നിന്ന് ₹1,100 ആക്കി ഉയർത്താനുമുള്ള മുഖ്യമന്ത്രിയുടെ സമീപകാല തീരുമാനത്തെ അവർ അഭിനന്ദിച്ചു, ഇത് സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പ്രയോജനപ്പെടുത്തി , ജോവർ, ബജ്ര കൃഷിക്കായി പമ്പ് സെറ്റ് വാങ്ങാൻ പ്രാരംഭ തുകയായ  ₹10,000 ഉപയോഗിക്കാനും പിന്നീട് തദ്ദേശീയ ധാന്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരു ഫ്‌ളവർ മില്ല്  ബിസിനസ്സ് ആരംഭിക്കാൻ ₹2 ലക്ഷം നിക്ഷേപിക്കാനും അവർ പദ്ധതിയിടുന്നു.

അത്തരം പിന്തുണ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുകയും സ്ത്രീകൾക്ക് ലാഖ്‍പതി ദീദികളാകാൻ വഴിയൊരുക്കുകയും ചെയ്യുന്നുവെന്ന് രഞ്ജീത സ്ഥിരീകരിച്ചു. തന്റെ പ്രദേശത്തെ  സ്ത്രീകൾ മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനയെ  നവരാത്രിയോടൊപ്പം ഒരു ഉത്സവമായി  ആഘോഷിക്കുന്നുണ്ടെന്ന കാര്യം  അവർ പങ്കുവെച്ചു. പശ്ചിമ ചമ്പാരനിലെ എല്ലാ ദീദികളുടെയും പേരിൽ, രണ്ട് നേതാക്കളുടെയും തുടർച്ചയായ പിന്തുണയ്ക്ക് അവർ ഹൃദയംഗമമായ നന്ദിയും ആഴമായ സ്നേഹവും  അറിയിച്ചു.

ഭോജ്പൂർ ജില്ലയിലെ മറ്റൊരു ഗുണഭോക്താവായ ശ്രീമതി റീത്ത ദേവി, അരായിലെ എല്ലാ സ്ത്രീകളുടെയും പേരിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാറിനും ഹൃദയംഗമമായ ആശംസകൾ നേർന്നു. 2015-ൽ ഒരു സ്വയം സഹായ സംഘത്തിൽ ചേരുകയും ഭയ്യ പഹൽ സംരംഭത്തിന് കീഴിൽ ₹5,000 ലഭിക്കുകയും ചെയ്തതോടെ ആരംഭിച്ച തന്റെ ശാക്തീകരണ യാത്ര അവർ പങ്കുവെച്ചു. ഈ തുക ഉപയോഗിച്ച് അവർ നാല് ആടുകളെ വാങ്ങി ഉപജീവനമാർഗ്ഗം ആരംഭിച്ചു. ആട് വളർത്തലിൽ നിന്നുള്ള വരുമാനം 50 കോഴികളെ വാങ്ങാനും മുട്ട വിൽക്കുന്ന ബിസിനസ്സ് ആരംഭിക്കാനും അവരെ പ്രാപ്തരാക്കി, ഓരോ മുട്ടയ്ക്കും ₹15 എന്ന വിലയിട്ടു .കോഴി  കുഞ്ഞുങ്ങളെ വിരിയിക്കാൻ ഒരു  പാത്രവും ഒരു പ്രകാശ സ്രോതസ്സും ഉപയോഗിച്ച്  അവർ നൂതനമായ കണ്ടുപിടുത്തങ്ങൾ നടത്തിയതും, ഇത് അവരുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ഗണ്യമായി മെച്ചപ്പെടുത്തിയതും  അവർ വിവരിച്ചു.

താൻ ഇപ്പോൾ ഒരു ലാഖ്‌പതി ദീദിയും ഡ്രോൺ ദീദിയുമായി മാറിയിരിക്കുന്നത്, റീത്ത ദേവി അഭിമാനത്തോടെ പറഞ്ഞു. ഇത് അവരുടെ വളർച്ചയെയും വികാസത്തെയും പ്രതിഫലിപ്പിക്കുന്നു. ഗ്രാമങ്ങളിലും പരിസര പ്രദേശങ്ങളിലും വളരെയധികം സന്തോഷവും പ്രവർത്തനവും കൊണ്ടുവന്ന മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന ആരംഭിച്ചതിന് അവർ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നന്ദി പറഞ്ഞു. ജില്ലയിലുടനീളമുള്ള സ്ത്രീകൾ വിവിധ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട് - ചിലർ കന്നുകാലി വളർത്തൽ, ആട് വളർത്തൽ, മറ്റുള്ളവർ  വളക്കടകൾ നടത്തൽ എന്നിവയിൽ. ആദ്യത്തെ ₹10,000 ഗഡു ലഭിച്ചപ്പോൾ, ശൈത്യകാലത്ത് വർദ്ധിച്ചുവരുന്ന മുട്ട ആവശ്യകത നിറവേറ്റുന്നതിനായി 100 കോഴികളെ വാങ്ങിയതായി റീത്ത പങ്കുവെച്ചു. തുടർന്നുള്ള ₹2 ലക്ഷം സഹായത്തോടെ അവർ  സ്വന്തമായി ഒരു കോഴി ഫാം സ്ഥാപിക്കുകയും ബിസിനസ്സ് വികസിപ്പിക്കുന്നതിനായി യന്ത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു.

മഴക്കാലത്ത് ചോർച്ചയുണ്ടാകാൻ സാധ്യതയുള്ള തന്റെ മൺ വീടിന് പകരം ഒരു ഉറപ്പുള്ള  വീട് നിർമ്മിച്ച പ്രധാനമന്ത്രി ആവാസ് യോജന ഉൾപ്പെടെയുള്ള മറ്റ് സർക്കാർ പദ്ധതികളുടെ സ്വാധീനം അവർ അംഗീകരിച്ചു. സ്വച്ഛ് ഭാരത് മിഷന് കീഴിലുള്ള ശൗചാലയങ്ങളുടെ നിർമ്മാണം കൊണ്ടുവന്ന പരിവർത്തനം, പ്രാഥമിക ആവശ്യങ്ങൾക്ക്  സ്ത്രീകൾ വയലിൽ പോകേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കി എന്ന് അവർ എടുത്തുകാട്ടി. ഇപ്പോൾ എല്ലാ വീട്ടിലും ഒരു ശൗചാലയം ഉണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. നൽ-ജൽ പദ്ധതിയുടെ വരവോടെ, ഗ്രാമീണർക്ക് ഇപ്പോൾ ശുദ്ധമായ കുടിവെള്ളം ലഭ്യമാകുന്നു, ഇത് ആരോഗ്യത്തിൽ ഗണ്യമായ പുരോഗതിക്ക് കാരണമാകുന്നു.

ഉജ്ജ്വല യോജന പ്രകാരം ഗ്യാസ് കണക്ഷൻ ലഭിച്ചതിനുശേഷം, ദോഷകരമായ പുക പുറത്തുവിടുന്ന  പരമ്പരാഗത സ്റ്റൗവുകളിൽ പാചകം ചെയ്യുന്നില്ലെന്ന് റീത്ത ദേവി പങ്കുവെച്ചു. സുരക്ഷിതമായി ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യാൻ കഴിയുന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. 5 ലക്ഷം രൂപ വരെ സൗജന്യ വൈദ്യചികിത്സ നൽകുന്ന ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡിനെയും അവർ പ്രശംസിച്ചു. 125 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്നത് ഒരുകാലത്ത് ഇരുട്ടിലായിരുന്ന വീടുകളിൽ വെളിച്ചം കൊണ്ടുവന്നിട്ടുണ്ടെന്നും ഇത് കുട്ടികൾക്ക് ആശങ്കയില്ലാതെ പഠിക്കാൻ അനുവദിക്കുന്നുവെന്നും അവർ പറഞ്ഞു.

സർക്കാർ പദ്ധതികളിൽ നിന്ന് സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുമ്പോൾ, അവരുടെ കുട്ടികൾക്കും പ്രയോജനം ലഭിക്കുമെന്ന് അവർ ഊന്നിപ്പറഞ്ഞു. മുമ്പ്, സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനായി വളരെ ദൂരം സഞ്ചരിക്കേണ്ടിവന്നിരുന്നു, എന്നാൽ ഇപ്പോൾ അവരുടെ കുട്ടികൾക്ക് സൈക്കിളും സ്കൂളിലേക്കുള്ള യൂണിഫോമും ലഭിക്കുന്നു. സ്വന്തമായി  ഒരു സൈക്കിളും യൂണിഫോമും ലഭിച്ചതിനെ റീത്ത ഓർമ്മിച്ചു, അത് അഭിമാനത്തോടെ സ്കൂളിൽ പോകാൻ സഹായിച്ചു. സർക്കാർ പദ്ധതികളുടെ എല്ലാ ആനുകൂല്യങ്ങൾക്കും അവർ രണ്ട് നേതാക്കൾക്കും നന്ദി പറഞ്ഞു.

പദ്ധതികൾ പട്ടികപ്പെടുത്തുന്നതിലും അവയുടെ സ്വാധീനം വിശദീകരിക്കുന്നതിലും റീത്ത ദേവിയുടെ വ്യക്തതയ്ക്കും വേഗതയ്ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായി മറുപടി നൽകി. അവരുടെ വിദ്യാഭ്യാസ പശ്ചാത്തലത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു, ജീവിക ഗ്രൂപ്പിൽ ചേർന്നതിനു ശേഷമാണ് താൻ പഠനം ആരംഭിച്ചതെന്ന് റീത്ത മറുപടി നൽകി. മുമ്പ് മെട്രിക്കുലേഷനോ , ഇന്റർമീഡിയറ്റോ അല്ലെങ്കിൽ ബിരുദമോ  പൂർത്തിയാക്കിയിട്ടില്ല, പക്ഷേ ഇപ്പോൾ ഗ്രാമവികസനത്തിൽ എംഎ ബിരുദം നേടിയിട്ടുണ്ട്. ജില്ലയിലെ എല്ലാ ദിദികളുടെയും പേരിൽ തുടർച്ചയായ നന്ദിയും അനുഗ്രഹവും പ്രകടിപ്പിച്ചുകൊണ്ട് അവർ ഉപസംഹരിച്ചു.

ഗയ ജില്ലയിലെ ബോധ് ഗയ ബ്ലോക്കിലെ ജികാതിയ ഗ്രാമത്തിലെ താമസക്കാരിയും ഗുലാബ് ജി വികാസ് സ്വയം സഹായ സംഘത്തിന്റെ പ്രസിഡന്റുമായ നൂർജഹാൻ ഖാത്തൂൺ, ജില്ലയിലെ എല്ലാ സ്ത്രീകൾക്കും വേണ്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാറിനും ഹൃദയംഗമമായ ആശംസകൾ നേർന്നു. മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പ്രകാരം സ്ത്രീകൾക്ക് ആദ്യ ഗഡുവായി  10,000 രൂപ നൽകുന്നതിൽ അവർ അതിയായ സന്തോഷം പ്രകടിപ്പിച്ചു, ഈ പ്രഖ്യാപനം വീടുകളിലും ഗ്രാമങ്ങളിലും ആവേശത്തിനും ചർച്ചയ്ക്കും കാരണമായിട്ടുണ്ടെന്നും സ്ത്രീകൾ അവരുടെ ആവശ്യമുള്ള ഉപജീവനമാർഗ്ഗം ആസൂത്രണം ചെയ്യുമെന്നും അവർ പറഞ്ഞു.

 ആദ്യ ഗഡുവായ  ₹10,000 ഉപയോഗിച്ച് നിലവിലുള്ള തയ്യൽ കട വിപുലീകരിക്കുന്നതിനും, സാധനങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായി ഒരു വലിയ കൗണ്ടർ നിർമ്മിച്ചതും  നൂർജഹാൻ പങ്കുവെച്ചു. മുമ്പ് ഗ്രാമത്തിന് പുറത്ത് ജോലി ചെയ്തിരുന്ന വിദഗ്ധ തയ്യൽക്കാരനായ ഭർത്താവും അവരും ചേർന്ന്  സംയുക്തമായി കട നടത്തുന്നു, ഇതിനകം പത്ത് പേർക്ക് തൊഴിൽ നൽകിയിട്ടുണ്ട്. 2 ലക്ഷം രൂപയുടെ സഹായം ലഭിച്ചാൽ, തന്റെ ബിസിനസ്സ് കൂടുതൽ വികസിപ്പിക്കാനും, കൂടുതൽ യന്ത്രങ്ങൾ വാങ്ങാനും, പത്ത് പേരെ കൂടി ജോലിക്ക് വയ്ക്കാനും പദ്ധതിയുണ്ടെന്ന് അവർ പറഞ്ഞു.

സ്ത്രീകളെ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള മുഖ്യമന്ത്രിയുടെ നിരന്തരമായ ശ്രമങ്ങളെ അവർ പ്രശംസിക്കുകയും 125 യൂണിറ്റ് വരെയുള്ള സൗജന്യ വൈദ്യുതിയുടെ സ്വാധീനം എടുത്തുകാണിക്കുകയും ചെയ്തു, ഇത് അവരുടെ വീട്ടിലെ കറൻറ്  ബിൽ പൂർണ്ണമായും ഇല്ലാതാക്കി. സമ്പാദ്യം ഇപ്പോൾ കുട്ടികളുടെ ട്യൂഷൻ ഫീസിനായി ഉപയോഗിക്കുന്നു. മുമ്പ് ചെലവ് കാരണം വൈദ്യുതി കണക്ഷൻ ഒഴിവാക്കിയിരുന്ന ഏറ്റവും ദരിദ്രരായ സ്ത്രീകൾ പോലും ഇപ്പോൾ വീടുകളിൽ പൂർണ്ണമായും വെളിച്ചം ആസ്വദിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

മുൻകാല വെല്ലുവിളികളെക്കുറിച്ച് ഓർക്കുമ്പോൾ, സ്വയം സഹായ സംഘത്തിൽ ചേരുന്നതിന് മുമ്പ് സ്ത്രീകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് അപൂർവമായിരുന്നുവെന്നും കുടുംബാംഗങ്ങളിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വന്നിരുന്നുവെന്നും നൂർജഹാൻ അനുസ്മരിച്ചു. ചിലർ ഗാർഹിക പീഡനം പോലും സഹിച്ചു. ഇന്ന്, കുടുംബങ്ങൾ സ്ത്രീകളെ പുറത്തുപോയി  ഉൽപാദനപരമായ ജോലികളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ജോലിക്കും പരിശീലന പ്രവർത്തനങ്ങൾക്കും പോകുമ്പോൾ തന്റെ കുടുംബം അനുഭവിക്കുന്ന അഭിമാനത്തെക്കുറിച്ച് അവർ ഊന്നിപ്പറഞ്ഞു, ഒരു മാസ്റ്റർ തയ്യൽക്കാരനായ ഭർത്താവിന്റെ സഹായത്തോടെ മറ്റുള്ളവരെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം  അവർ പ്രകടിപ്പിച്ചു.

മുമ്പ്, തന്റെ ഭർത്താവിന്റെ വരുമാനം  തന്റെ കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്നു എന്നാൽ ഇപ്പോൾ അദ്ദേഹം അവരെ  അഭിമാനത്തോടെ വീട്ടിലെ "ലഖ്പതി" എന്ന് വിളിക്കുന്നു. ദാരിദ്ര്യത്തിൽ നിന്നും പുല്ലുമേഞ്ഞ വീട്ടിൽ നിന്നും ഉയർന്നുവന്ന അവർ ഇപ്പോൾ നന്നായി നിർമ്മിച്ച ഒരു വീട്ടിലാണ് താമസിക്കുന്നത്, ഗയ ജില്ലയിലെ എല്ലാ സ്ത്രീകൾക്കും വേണ്ടി പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും അഗാധമായ നന്ദി രേഖപ്പെടുത്തി.

അവരുടെ പരാമർശങ്ങൾക്ക് മറുപടിയായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൂർജഹാൻ ഖട്ടൂണിന്റെ വ്യക്തതയ്ക്കും ഹൃദയംഗമമായ വിശദീകരണത്തിനും അവരെ പ്രശംസിച്ചു. ആഴ്ചയിൽ ഒരു ദിവസം വ്യത്യസ്ത ഗ്രാമങ്ങൾ സന്ദർശിക്കാനും തന്റെ അനുഭവങ്ങൾ പങ്കുവെക്കാൻ 50–100 സ്ത്രീകളെ ഒരുമിച്ച് കൂട്ടാനും അദ്ദേഹം അവരോട് അഭ്യർത്ഥിച്ചു, അവരുടെ കഥ മറ്റുള്ളവർക്ക് ശക്തമായ പ്രചോദനമാകുമെന്ന് പ്രസ്താവിച്ചു. അദ്ദേഹം അവരെ ഊഷ്മളമായി അഭിനന്ദിക്കുകയും അവരുടെ സംഭാവനയ്ക്ക് നന്ദി പറയുകയും ചെയ്തു.

ഭവാനിപൂർ നിവാസിയും മുസ്‌കാൻ സ്വയം സഹായ സംഘത്തിന്റെ സെക്രട്ടറിയുമായ ശ്രീമതി പുതുൽ ദേവി, പൂർണിയ ജില്ലയിലെ ജനങ്ങൾക്ക് വേണ്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാറിനും ഹൃദയംഗമമായ നന്ദി അറിയിച്ചു. മുഖ്യമന്ത്രിയുടെ വനിതാ തൊഴിൽ പദ്ധതി പ്രകാരം ₹10,000 ലഭിച്ചതിൽ അവർ സന്തോഷം പങ്കുവെച്ചു, നിലവിൽ ലഡു പോലുള്ള മധുരപലഹാരങ്ങൾ വിൽക്കുന്ന ഒരു കട താൻ നടത്തുകയാണെന്നും, ഇപ്പോൾ തിക്രി, ബലൂഷഹി, ജിലേബി, ബർഫി എന്നിവ ഉൾപ്പെടുത്തി തന്റെ ഓഫറുകൾ വികസിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും പറഞ്ഞു. കഠിനാധ്വാനം ചെയ്യാനും ₹2 ലക്ഷം സഹായത്തിനുള്ള യോഗ്യത നേടാനുമുള്ള തന്റെ ദൃഢനിശ്ചയവും   അവർ സ്ഥിരീകരിച്ചു, ഇത് അവരുടെ ബിസിനസ്സ് വികസിപ്പിക്കാനും കൂടുതൽ ജീവനക്കാരെ ജോലിക്ക് വയ്ക്കാനും സഹായിക്കും.

പുതുൽ ദേവി, പുതുതായി ആരംഭിച്ച ജീവിക ബാങ്കിന്റെ നേട്ടങ്ങളെക്കുറിച്ചും എടുത്തുകാണിച്ചു, അതിലൂടെ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകൾ നേടിക്കൊണ്ട്  തന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താൻ അവർ പദ്ധതിയിടുന്നു. തദ്ദേശീയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിലൂടെ രാജ്യത്തിന്റെ ശക്തിക്ക് സംഭാവന നൽകുന്നതിൽ അവർ അഭിമാനം പ്രകടിപ്പിച്ചു. തന്റെ അമ്മായിയമ്മയുടെ പെൻഷൻ ₹400 ൽ നിന്ന് ₹1,100 ആയി വർദ്ധിപ്പിച്ചതിലും, കുട്ടിയുടെ വിദ്യാഭ്യാസത്തിൽ നിക്ഷേപിക്കാനും പണം ലാഭിക്കാനും അനുവദിക്കുന്ന 125 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകിയതിലും അവർ സന്തോഷം പങ്കുവെച്ചു. പൂർണിയയിലുടനീളമുള്ള കുടുംബങ്ങൾക്ക് സന്തോഷവും സമൃദ്ധിയും നൽകുന്ന പദ്ധതികൾ അവതരിപ്പിച്ചതിന് അവർ രണ്ട് നേതാക്കൾക്കും നന്ദി പറഞ്ഞു.

അവരുടെ പരാമർശങ്ങൾക്ക് മറുപടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ബിസിനസ്സ് ആരംഭിക്കുമ്പോൾ കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ പ്രാരംഭ വെല്ലുവിളികൾ നേരിട്ടിരുന്നോ എന്ന് ചോദിച്ചു. പലരും തന്റെ ശ്രമങ്ങളെ പരിഹസിച്ചെങ്കിലും അവർ ദൃഢനിശ്ചയം കൈവിട്ടില്ല , ലഡ്ഡുവും ബറ്റാഷയും ഉപയോഗിച്ച് ചെറിയ സംരംഭം ആരംഭിച്ചുവെന്ന് പുട്ടുൽ ദേവി മറുപടി നൽകി. ജീവികയിൽ ചേർന്നതിനുശേഷം, വീട് പണിയാനും കുട്ടിയെ പഠിപ്പിക്കാനും അവർ വായ്പയെടുത്തു. കുട്ടി ഇപ്പോൾ കതിഹാറിൽ സർക്കാർ സ്പോൺസർ ചെയ്യുന്ന ബി.ടെക് ബിരുദ പഠനത്തിലാണ്.

ജിലേബിയെക്കുറിച്ചുള്ള അവരുടെ പരാമർശം പ്രധാനമന്ത്രി അംഗീകരിച്ചു, ഒരുകാലത്ത് രാജ്യത്ത് രാഷ്ട്രീയ ചർച്ചാ വിഷയമായിരുന്നു ഈ മധുരപലഹാരം എന്ന് അദ്ദേഹം നർമ്മത്തോടെ  പറഞ്ഞു. അദ്ദേഹം അവരെ ഊഷ്മളമായി അഭിനന്ദിക്കുകയും അവരുടെ പ്രചോദനാത്മകമായ കഥയ്ക്ക് നന്ദി പറയുകയും ചെയ്തു.

***

SK


(Release ID: 2172552) Visitor Counter : 8