പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷയിലെ ഝാർസുഗുഡയിൽ 60,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു
ഒഡിഷയുടെ വികസനവേഗത വർധിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ പ്രതിജ്ഞാബദ്ധം: പ്രധാനമന്ത്രി
ദരിദ്രർ, ദളിതർ, പിന്നാക്കവിഭാഗങ്ങൾ, ഗോത്രവർഗക്കാർ എന്നിവർക്ക് അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നതിനു ഞങ്ങൾ വലിയ ശ്രദ്ധ നൽകുന്നു: പ്രധാനമന്ത്രി
ഒഡിഷയ്‌ക്കായി കേന്ദ്ര ഗവണ്മെന്റ് അടുത്തിടെ രണ്ടു സെമികണ്ടക്ടർ യൂണിറ്റുകൾക്ക് അംഗീകാരം നൽകി: പ്രധാനമന്ത്രി
സ്വയംപര്യാപ്തതയിലേക്കുള്ള വലിയ ചുവടുവയ്പെന്ന നിലയിൽ, ബിഎസ്‌എൻഎൽ പൂർണമായും തദ്ദേശീയ 4G സാങ്കേതികവിദ്യ വികസിപ്പിച്ചു. ഇതോടെ പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് 4G സേവനങ്ങൾ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ അഞ്ചുരാജ്യങ്ങളിൽ ഇന്ത്യയും ഇടംനേടി: പ്രധാനമന്ത്രി
Posted On:
27 SEP 2025 1:54PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒഡിഷയിലെ ഝാർസുഗുഡയിൽ 60,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്ത്, ചടങ്ങിൽ സന്നിഹിതരായ എല്ലാ വിശിഷ്ട വ്യക്തികൾക്കും പ്രധാനമന്ത്രി അഭിവാദ്യമർപ്പിച്ചു. നവരാത്രി ഉത്സവത്തിൻ്റെ ഈ പുണ്യദിനങ്ങളിൽ, മാതാ സമലായിയുടെയും മാതാ രാമചന്ദിയുടെയും പുണ്യഭൂമി സന്ദർശിക്കാനും അവിടെ ഒത്തുചേർന്ന ജനങ്ങളെ കാണാനും തനിക്ക് ഭാഗ്യം ലഭിച്ചതായി ശ്രീ മോദി പറഞ്ഞു. പരിപാടിയിൽ ധാരാളം അമ്മമാരുടെയും സഹോദരിമാരുടെയും സാന്നിധ്യം അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി. അവരുടെ അനുഗ്രഹങ്ങളാണ് ശക്തിയുടെ യഥാർത്ഥ ഉറവിടമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ജനങ്ങൾക്ക് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.
ഒന്നര വർഷംമുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഒഡിഷയിലെ ജനങ്ങൾ വികസിത ഒഡിഷയിലേക്കുള്ള മുന്നേറ്റത്തിനായി, പുതിയ പ്രതിജ്ഞയോടെ മുന്നോട്ടു പോകാൻ തീരുമാനിച്ചിരുന്നുവെന്നു ചൂണ്ടിക്കാട്ടി, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ കൂട്ടായ ശ്രമത്തിലൂടെ ഒഡിഷയിന്ന് അതിവേഗ പുരോഗതി കൈവരിക്കുകയാണെന്ന് ശ്രീ മോദി നിരീക്ഷിച്ചു. ഒഡിഷയുടെയും രാജ്യത്തിന്റെയും വികസനത്തിനായി ആയിരക്കണക്കിനു കോടി രൂപയുടെ പദ്ധതികൾ ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തദ്ദേശീയ 4G സേവനങ്ങൾക്ക് തുടക്കം കുറിച്ച്, ശ്രീ മോദി ബിഎസ്എൻഎല്ലിന്റെ പുതിയ 'അവതാർ' അനാച്ഛാദനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി ഐഐടികളുടെ വികസനവും ഇന്ന് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, വിദ്യാഭ്യാസം, നൈപുണ്യവികസനം, സമ്പർക്കസൗകര്യം എന്നിവയുമായി ബന്ധപ്പെട്ട ഒഡിഷയിലെ നിരവധി പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നടന്നതായും അദ്ദേഹം എടുത്തുപറഞ്ഞു. ബെർഹാംപുരിൽനിന്ന് സൂറത്തിലേക്കുള്ള ആധുനിക അമൃത് ഭാരത് ട്രെയിൻ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ഇതു ജനങ്ങൾക്കു വലിയ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ സൂറത്തിൽനിന്ന് കേന്ദ്ര റെയിൽവേ- വാർത്താവിതരണ പ്രക്ഷേപ- ഇലക്ട്രോണിക്സ് - വിവരസാങ്കേതികവിദ്യ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് വെർച്വലായി പങ്കെടുക്കുന്നതായും ശ്രീ മോദി പറഞ്ഞു. എല്ലാ വികസന സംരംഭങ്ങൾക്കും അദ്ദേഹം ഒഡിഷയിലെ ജനങ്ങളെ ഹൃദയംഗമമായി അഭിനന്ദിച്ചു.
“ദരിദ്രരെ സേവിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഞങ്ങളുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. ദലിതർ, പിന്നാക്ക വിഭാഗങ്ങൾ, ഗോത്രസമൂഹങ്ങൾ എന്നിവരുൾപ്പെടെയുള്ള പിന്നാക്കക്കാർക്ക് അടിസ്ഥാനസൗകര്യങ്ങൾ എത്തിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ” - പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ പരിപാടി ഈ പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. അന്ത്യോദയ ഗൃഹ യോജന പ്രകാരം ഗുണഭോക്താക്കൾക്ക് അംഗീകാരപത്രങ്ങൾ കൈമാറാൻ തനിക്ക് അവസരം ലഭിച്ചതായി ശ്രീ മോദി വ്യക്തമാക്കി. ദരിദ്ര കുടുംബത്തിന് അടച്ചുറപ്പുള്ള വീടു ലഭിക്കുമ്പോൾ, അത് അവരുടെ വർത്തമാനകാലത്തെ മാത്രമല്ല, ഭാവി തലമുറകളെയും പരിവർത്തനം ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളമുള്ള ദരിദ്ര കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള നാലുകോടിയിലധികം വീടുകൾ ഇതിനകം ഗവണ്മെന്റ് നൽകിയിട്ടുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, ഒഡിഷയിൽ ആയിരക്കണക്കിന് വീടുകൾ അതിവേഗം നിർമിക്കുകയാണെന്നും വ്യക്തമാക്കി. ഇതിനായി മുഖ്യമന്ത്രി ശ്രീ മോഹൻ മാഝിയും സംഘവും നടത്തുന്ന അക്ഷീണപ്രയത്നത്തിന് അവരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഏകദേശം അമ്പതിനായിരം കുടുംബങ്ങൾക്ക് ഇന്ന് പുതിയ വീടുകൾക്ക് അനുമതി ലഭിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പിഎം ജൻമൻ യോജന പ്രകാരം ഒഡിഷയിലെ ഗോത്രവർഗ്ഗ കുടുംബങ്ങൾക്കായി നാല്പതിനായിരത്തിലധികം വീടുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇത് ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വലിയ അഭിലാഷം നിറവേറ്റുന്നു. എല്ലാ ഗുണഭോക്തൃ കുടുംബങ്ങൾക്കും അദ്ദേഹം ആശംസകൾ അറിയിച്ചു.
ഒഡിഷയിലെ ജനങ്ങളുടെ കഴിവുകളിലും പ്രതിഭയിലും തനിക്കുള്ള വിശ്വാസം പ്രകടിപ്പിച്ച്, പ്രകൃതി ഒഡിഷയെ സമൃദ്ധമായി അനുഗ്രഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒഡിഷ പതിറ്റാണ്ടുകളായി ദാരിദ്ര്യം സഹിച്ചുവെന്ന് അംഗീകരിക്കുമ്പോൾ തന്നെ, വരുന്ന ദശകം അവിടുത്തെ ജനങ്ങളെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇത് കൈവരിക്കുന്നതിനായി, ഗവണ്മെന്റ് സംസ്ഥാനത്തേക്ക് പ്രധാന പദ്ധതികൾ കൊണ്ടുവരുന്നു. ഒഡിഷയ്ക്കായി കേന്ദ്ര ഗവണ്മെന്റ് അടുത്തിടെ രണ്ട് സെമികണ്ടക്ടർ യൂണിറ്റുകൾ അംഗീകരിച്ചിട്ടുണ്ടെന്നും ഒഡിഷയിലെ യുവാക്കളുടെ ശക്തിയും കഴിവും കണക്കിലെടുത്ത് സെമികണ്ടക്ടർ പാർക്ക് സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഫോണുകൾ, ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, കമ്പ്യൂട്ടറുകൾ, കാറുകൾ തുടങ്ങി നിരവധി ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ചെറിയ ചിപ്പ് ഒഡിഷയിൽ നിർമിക്കുന്ന ഭാവി ശ്രീ മോദി വിഭാവനം ചെയ്തു.
ചിപ്പുകൾ മുതൽ കപ്പലുകൾ വരെ എല്ലാ മേഖലകളിലും സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഗവണ്മെന്റിന്റെ ദൃഢനിശ്ചയം പ്രധാനമന്ത്രി ആവർത്തിച്ചു. പാരദീപ് മുതൽ ഝാർസുഗുഡ വരെ വിശാലമായ വ്യാവസായിക ഇടനാഴി വികസിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കപ്പൽ നിർമാണത്തിന്റെ തന്ത്രപരമായ പ്രാധാന്യത്തിന് ഊന്നൽ നൽകിയ അദ്ദേഹം, വ്യാപാരം, സാങ്കേതികവിദ്യ, ദേശീയ സുരക്ഷ എന്നിവയ്ക്ക് ഗുണം ചെയ്യുന്നതിനാൽ സാമ്പത്തിക ശക്തി ആഗ്രഹിക്കുന്ന ഏതൊരു രാഷ്ട്രവും ഈ മേഖലയിൽ നിക്ഷേപം നടത്തണമെന്ന് ചൂണ്ടിക്കാട്ടി. ആഗോള പ്രതിസന്ധിഘട്ടങ്ങളിൽപ്പോലും തദ്ദേശീയ കപ്പലുകൾ തടസ്സമില്ലാതെ ഇറക്കുമതി-കയറ്റുമതി പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നുവെന്ന് ശ്രീ മോദി വിശദീകരിച്ചു. ഇന്ത്യയിൽ കപ്പൽ നിർമാണത്തിനായി 70,000 കോടി രൂപയുടെ പാക്കേജ് എന്ന പ്രധാന സംരംഭം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇത് 4.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുമെന്നും, ഉരുക്ക്, യന്ത്രസാമഗ്രികൾ, ഇലക്ട്രോണിക്സ്, ഉൽപ്പാദനം തുടങ്ങിയ മേഖലകളിലേക്ക് എത്തുമെന്നും, പ്രത്യേകിച്ച് ചെറുകിട വ്യവസായങ്ങൾക്ക് ഇത് പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഒഡിഷയിലെ വ്യവസായങ്ങൾക്കും യുവാക്കൾക്കും ഗണ്യമായ നേട്ടങ്ങൾ നൽകുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
“സ്വയംപര്യാപ്തതയിലേക്ക് ഇന്ത്യ സുപ്രധാന ചുവടുവയ്പ്പ് നടത്തി” - 2G, 3G, 4G പോലുള്ള ടെലികോം സേവനങ്ങൾ ആഗോളതലത്തിൽ അവതരിപ്പിച്ചപ്പോൾ, ഇന്ത്യ പിന്നാക്കം പോയത് ഓർമിച്ച് ശ്രീ മോദി പറഞ്ഞു. ഈ സേവനങ്ങൾക്കായി വിദേശ സാങ്കേതികവിദ്യയെ ആശ്രയിച്ചിരുന്നതായും ശ്രീ മോദി ഓർമ്മിപ്പിച്ചു. അത്തരമൊരു സാഹചര്യം രാജ്യത്തിന് അനുയോജ്യമല്ലെന്നും ഇത് അവശ്യ ടെലികോം സാങ്കേതികവിദ്യകൾ തദ്ദേശീയമായി വികസിപ്പിക്കാനുള്ള ദേശീയ ദൃഢനിശ്ചയത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പൂർണമായും തദ്ദേശീയമായ 4G സാങ്കേതികവിദ്യ ഇന്ത്യയിൽ ബിഎസ്എൻഎൽ വിജയകരമായി വികസിപ്പിച്ചെടുത്തതിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. ഈ നാഴികക്കല്ല് സൃഷ്ടിച്ചതിന് ബിഎസ്എൻഎല്ലിന്റെ അർപ്പണബോധം, സ്ഥിരോത്സാഹം, വൈദഗ്ദ്ധ്യം എന്നിവയെ അദ്ദേഹം പ്രശംസിച്ചു. 4ജി സേവനങ്ങൾ പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആരംഭിക്കാൻ ശേഷിയുള്ള ലോകത്തിലെ അഞ്ചു മുൻനിര രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യൻ കമ്പനികൾ ഇന്ത്യയെ എത്തിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഎസ്‌എൻഎൽ ഇന്ന് 25-ാം വാർഷികം ആഘോഷിക്കുന്നതിന്റെ യാദൃച്ഛികതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബിഎസ്‌എൻഎല്ലിന്റെയും പങ്കാളികളുടെയും സമർപ്പിത പരിശ്രമത്തിലൂടെ ഇന്ത്യ ആഗോള ടെലികോം നിർമാണ കേന്ദ്രമായി മാറുകയാണെന്ന് ഈ ചരിത്ര അവസരത്തിൽ അദ്ദേഹം എടുത്തുപറഞ്ഞു. ഏകദേശം ഒരു ലക്ഷം 4G ടവറുകൾ ഉൾക്കൊള്ളുന്ന ഝാർസുഗുഡയിൽ നിന്ന് ബിഎസ്‌എൻഎല്ലിന്റെ തദ്ദേശീയ 4G നെറ്റ്‌വർക്ക് ആരംഭിക്കുന്നത് ഒഡിഷയ്ക്ക് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലുടനീളം വിനിമയക്ഷമതയുടെ പുതിയ യുഗത്തിന് ഈ ടവറുകൾ തുടക്കമിടും. 4G സാങ്കേതികവിദ്യയുടെ വികാസം രാജ്യവ്യാപകമായി രണ്ടു കോടിയിലധികം പേർക്കു നേരിട്ട് പ്രയോജനം ചെയ്യുമെന്ന് ശ്രീ മോദി പറഞ്ഞു. മുമ്പ് അതിവേഗ ഇന്റർനെറ്റ് സൗകര്യം ഇല്ലാതിരുന്ന ഏകദേശം മുപ്പതിനായിരം ഗ്രാമങ്ങൾ ഇപ്പോൾ ഈ സംരംഭത്തിലൂടെ കൂട്ടിയിണക്കപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ചരിത്രപരമായ ദിനം കാണുന്നതിനും കേൾക്കുന്നതിനുമായി ആയിരക്കണക്കിന് ഗ്രാമങ്ങൾ അതിവേഗ ഇൻ്റർനെറ്റ് വഴി ഇന്ന് വെർച്വലായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്ര വാർത്താവിനിമയ മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ അസമിൽനിന്നു പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിഎസ്‌എൻഎല്ലിന്റെ തദ്ദേശീയ 4G സേവനങ്ങൾ ഗോത്രവർഗ മേഖലകൾ, വിദൂര ഗ്രാമങ്ങൾ, കുന്നിൻപ്രദേശങ്ങൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്നതെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, ഈ പ്രദേശങ്ങളിലെ ജനങ്ങൾക്കിപ്പോൾ ഗുണനിലവാരമുള്ള ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകുമെന്ന് സ്ഥിരീകരിച്ചു. ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനും, വിദൂര സ്ഥലങ്ങളിലെ കർഷകർക്ക് വിളകളുടെ വില പരിശോധിക്കാനും, രോഗികൾക്ക് ടെലിമെഡിസിൻ വഴി ഡോക്ടർമാരെ സമീപിക്കുന്നത് സുഗമമാക്കാനും കഴിയും. മെച്ചപ്പെട്ട വിനിമയക്ഷമതയിലൂടെ സുരക്ഷിതമായി ആശയവിനിമയം നടത്താൻ നമ്മുടെ സായുധ സേനാംഗങ്ങൾക്കും ഈ സംരംഭം വളരെയധികം ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യ ഇതിനകം ഏറ്റവും വേഗതയേറിയ 5G സേവനങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്ന് അടിവരയിട്ട പ്രധാനമന്ത്രി, ഇന്ന് ഉദ്ഘാടനം ചെയ്ത ബിഎസ്‌എൻഎൽ ടവറുകൾ 5G സേവനങ്ങളെ പിന്തുണയ്ക്കാൻ സജ്ജമാണെന്നും ചൂണ്ടിക്കാട്ടി. ഈ ചരിത്ര അവസരത്തിൽ ബിഎസ്‌എൻഎല്ലിനും രാജ്യത്തെ എല്ലാ പൗരന്മാർക്കും അദ്ദേഹം ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.
സ്വയംപര്യാപ്ത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് നൈപുണ്യമുള്ള യുവാക്കളും ശക്തമായ ഗവേഷണ ആവാസവ്യവസ്ഥയും അനിവാര്യമാണെന്ന് പറഞ്ഞ ശ്രീ മോദി, ഇത് ഗവണ്മെന്റിന്റെ പ്രധാന മുൻഗണനയാണെന്നും പറഞ്ഞു. ഒഡിഷ ഉൾപ്പെടെ രാജ്യത്തുടനീളം വിദ്യാഭ്യാസത്തിലും നൈപുണ്യ വികസനത്തിലും നടത്തുന്ന അഭൂതപൂർവമായ നിക്ഷേപം അദ്ദേഹം എടുത്തുകാട്ടി. എൻജിനിയറിങ് കോളേജുകളും പോളിടെക്നിക്കുകളും ആധുനികവൽക്കരിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു, ഈ ശ്രമത്തെ പിന്തുണയ്ക്കുന്നതിനായി MERITE എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടു. ഈ പദ്ധതിപ്രകാരം, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആയിരക്കണക്കിന് കോടി രൂപ നിക്ഷേപിക്കും. ഗുണനിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസത്തിനായി യുവാക്കൾ വലിയ നഗരങ്ങളിലേക്ക് കുടിയേറേണ്ടതിന്റെ ആവശ്യകത ഇത് ഇല്ലാതാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പകരം, അവർക്ക് ആധുനിക ലാബുകൾ, ആഗോള നൈപുണ്യ പരിശീലനം, സ്വന്തം പട്ടണങ്ങളിൽ തന്നെ സ്റ്റാർട്ടപ്പ് അവസരങ്ങൾ എന്നിവ ലഭ്യമാകും.
രാജ്യത്തെ ഓരോ മേഖലയിലും, ഓരോ സമൂഹത്തിലും, ഓരോ പൗരനിലും സൗകര്യങ്ങൾ എത്തുന്നുവെന്ന് ഉറപ്പാക്കാൻ അഭൂതപൂർവമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് നേടിയെടുക്കുന്നതിനായി റെക്കോർഡ് തലത്തിലുള്ള നിക്ഷേപം നടക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മുൻകാലങ്ങളിലെ സാഹചര്യം ജനങ്ങൾക്ക് നന്നായി അറിയാമെന്നാണ് കഴിഞ്ഞ കാലഘട്ടത്തെ ഓർമിപ്പിച്ച് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷം പൊതുജനങ്ങളെ ചൂഷണം ചെയ്യാനുള്ള ഒരവസരവും പാഴാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2014-ൽ ജനങ്ങൾ ഗവണ്മെന്റിൽ സേവനം ചെയ്യാനുള്ള അവസരം ഏൽപ്പിച്ചപ്പോൾ, തങ്ങളുടെ ഭരണകൂടം പ്രതിപക്ഷത്തിന്റെ ചൂഷണപരമായ സമ്പ്രദായത്തിൽ നിന്ന് രാജ്യത്തെ വിജയകരമായി മോചിപ്പിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. തങ്ങളുടെ ഗവൺമെന്റിന് കീഴിൽ ഇരട്ട ലാഭത്തിൻ്റെയും ഇരട്ട വരുമാനത്തിൻ്റെയും ഒരു പുതിയ യുഗം ആരംഭിച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ ഭരണകാലത്തെ അവസ്ഥയുമായി ഇതിനെ താരതമ്യം ചെയ്തുകൊണ്ട് മുൻ ഭരണകൂടത്തിൻ്റെ കാലത്ത് ജീവനക്കാരും ബിസിനസ്സുകാരും 2 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് പോലും നികുതി നൽകേണ്ടിയിരുന്നുവെന്നും എന്നാൽ ഇന്ന്, പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾക്ക് ഒരൊറ്റ രൂപ പോലും ആദായനികുതി നൽകേണ്ടതില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
പുതിയ ജി.എസ്.ടി. പരിഷ്കാരങ്ങൾ 2025 സെപ്റ്റംബർ 22 മുതൽ, ഒഡീഷ ഉൾപ്പെടെ രാജ്യവ്യാപകമായി നടപ്പാക്കിയ കാര്യം സൂചിപ്പിച്ചുകൊണ്ട്, ഈ പരിഷ്കാരങ്ങളെ എല്ലാവർക്കും, പ്രത്യേകിച്ച് അമ്മമാർക്കും സഹോദരിമാർക്കും അടുക്കളച്ചെലവുകൾ കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്ന, ഒരു ‘സേവിംഗ്‌സ് സമ്മാനം’ആയി പ്രധാനമന്ത്രി വിശേഷിപ്പിച്ചു. മിക്ക അവശ്യവസ്തുക്കളുടെയും വില ഗണ്യമായി കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. 2014-ന് മുമ്പുള്ള അന്നത്തെ ഭരണത്തിൻ കീഴിൽ ഒഡീഷയിലെ ഒരു കുടുംബം പലചരക്ക് സാധനങ്ങൾക്കും മറ്റ് അവശ്യവസ്തുക്കൾക്കുമായി പ്രതിവർഷം 1 ലക്ഷം രൂപ ചെലവഴിക്കുമ്പോൾ അതിൽ, 20,000 മുതൽ 25,000 രൂപവരെ നികുതി നൽകിയിരുന്നതായി ഉദാഹരണ സഹിതം അദ്ദേഹം വിശദീകരിച്ചു. തങ്ങളുടെ ഗവണ്മെന്റ് 2017-ൽ ജി.എസ്.ടി. അവതരിപ്പിച്ച ശേഷം ഈ നികുതി തുക കുറയ്ക്കുകയും, ഇപ്പോൾ നികുതി ഭാരം ഗണ്യമായി കുറയുകയും, കുടുംബങ്ങൾ പ്രതിവർഷം 5,000 മോ 6,000 മോ രൂപ മാത്രം നികുതി നൽകുന്ന നിലയിലേക്ക് എത്തുകയും ചെയ്തു. പ്രതിപക്ഷത്തിൻ്റെ കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ, ഇത്തരം ചെലവുകളിൽ കുടുംബങ്ങൾക്ക് ഇപ്പോൾ പ്രതിവർഷം 15,000 മുതൽ 20,000 രൂപ വരെ ലാഭിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഒഡീഷ കർഷകരുടെ നാടാണെന്ന് അംഗീകരിച്ചുകൊണ്ട്, ജി.എസ്.ടി. സേവിംഗ്‌സ് ഉത്സവം അവർക്ക് വളരെയധികം പ്രയോജനകരമാണെന്ന് എടുത്തുപറഞ്ഞ, പ്രധാനമന്ത്രി പ്രതിപക്ഷ ഭരണകാലത്ത് ഒരു ട്രാക്ടർ വാങ്ങാൻ കർഷകർ 70,000 രൂപ നികുതി നൽകേണ്ടിയിരുന്നുവന്നു ഓർമ്മിപ്പിച്ചു. ജി.എസ്.ടി. അവതരിപ്പിച്ചതോടെ നികുതി കുറയ്ക്കുകയും, പുതിയ ജി.എസ്.ടി. ഘടനയിൽ കർഷകർക്ക് അതേ ട്രാക്ടറിൽ ഏകദേശം 40,000 ലാഭിക്കാനും കഴിയുന്നു. ഞാറു നടാൻ ഉപയോഗിക്കുന്ന യന്ത്രങ്ങൾക്ക് ഇപ്പോൾ 15,000 വും, പവർ ടില്ലറുകൾക്ക് 10,000 വും, മെതി യന്ത്രങ്ങൾക്ക് 25,000 രൂപ വരെയും ലാഭം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ ഗവണ്മെന്റ് നിരവധി കാർഷിക ഉപകരണങ്ങളുടെയും യന്ത്രസാമഗ്രികളുടെയും നികുതി ഗണ്യമായി കുറച്ചതായി ശ്രീ മോദി എടുത്തുപറഞ്ഞു.
ഒഡീഷയിൽ വനവിഭവങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഒരു വലിയ ആദിവാസി ജനസംഖ്യയുണ്ട് എന്ന് സൂചിപ്പിച്ചുകൊണ്ട്, കേന്ദു ഇല ശേഖരിക്കുന്നവർക്ക് ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ടെന്നും, ഇപ്പോൾ ഈ ഇനത്തിൻ്റെ ജി.എസ്.ടി. ഗണ്യമായി കുറച്ച് അവ ശേഖരിക്കുന്നവർക്ക് മികച്ച വില ഉറപ്പാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. തങ്ങളുടെ ഗവണ്മെന്റ് പൗരന്മാർക്ക് തുടർച്ചയായി നികുതി ഇളവുകൾ നൽകുകയും അവരുടെ സമ്പാദ്യം വർദ്ധിപ്പിക്കുകയും ചെയ്യുമ്പോൾ, പ്രതിപക്ഷം ചൂഷണം തുടരുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രതിപക്ഷ നേതൃത്വത്തിൽ നിലവിലുള്ള ഗവൺമെന്റുകൾ ഇപ്പോഴും പൊതുജനങ്ങളെ കൊള്ളയടിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ശ്രീ മോദി ആരോപിച്ചു. പുതിയ ജി.എസ്.ടി. നിരക്കുകൾ നടപ്പാക്കിയപ്പോൾ, വീട് നിർമ്മാണവും അറ്റകുറ്റപ്പണികളും കൂടുതൽ താങ്ങാനാവുന്നതാക്കാൻ സിമൻ്റിൻ്റെ നികുതിയും കുറച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. സെപ്റ്റംബർ 22-ന് ശേഷം ഹിമാചൽ പ്രദേശിൽ പോലും സിമൻ്റ് വില കുറഞ്ഞു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഹിമാചലിലെ ഭരണകക്ഷി സിമൻ്റിന് അധിക നികുതി ചുമത്തി ജനങ്ങൾക്ക് ഈ ആനുകൂല്യം നിഷേധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. പ്രതിപക്ഷ പാർട്ടി ഭരിക്കുന്നിടത്തെല്ലാം ചൂഷണം ഉണ്ടാകുമെന്നും, അതിനാൽ പൗരന്മാർ ഈ പാർട്ടിയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
ജി.എസ്.ടി. സേവിംഗ്‌സ് ഫെസ്റ്റിവൽ ഏറ്റവും കൂടുതൽ സന്തോഷം നൽകിയത് അമ്മമാർക്കും സഹോദരിമാർക്കുമാണെന്ന് ശ്രീ മോദി പറഞ്ഞു. സ്ത്രീകൾക്കും പെൺമക്കൾക്കും സേവനം നൽകുന്നത് ഗവണ്മെന്റിന്റെ പ്രധാന മുൻഗണനയാണെന്നും, അവരുടെ ആരോഗ്യത്തിന് വലിയ ശ്രദ്ധ നൽകുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. അമ്മമാർ കുടുംബങ്ങൾക്കായി ചെയ്യുന്ന ത്യാഗങ്ങളെ അംഗീകരിച്ചുകൊണ്ട് കുട്ടികളെ സംരക്ഷിക്കാൻ അവർ എല്ലാ പ്രയാസങ്ങളും സഹിക്കുകയും, കുടുംബത്തിന് സാമ്പത്തിക ഭാരം ഉണ്ടാവാതിരിക്കാൻ സ്വന്തം അസുഖങ്ങൾ മറച്ചുവെക്കുകയും ചെയ്യുന്ന രീതിയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാരണത്താലാണ് ആയുഷ്മാൻ ഭാരത് യോജന ആരംഭിച്ചതെന്നും, 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ നൽകുന്നതിലൂടെ ഇത് സ്ത്രീകൾക്ക് ഗണ്യമായി പ്രയോജനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ആരോഗ്യമുള്ള അമ്മ ശക്തമായ കുടുംബത്തിന് വഴിയൊരുക്കുന്നു എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, 2025 സെപ്റ്റംബർ 17 മുതൽ രാജ്യവ്യാപകമായി ആരംഭിച്ച “സ്വസ്ത് നാരി, സശക്ത് പരിവാർ” (ആരോഗ്യമുള്ള സ്ത്രീ, ശക്തമായ കുടുംബം) കാമ്പയിനെക്കുറിച്ച് ശ്രീ മോദി പരാമർശിച്ചു. ഈ സംരംഭത്തിന് കീഴിൽ രാജ്യത്തുടനീളം എട്ട് ലക്ഷത്തിലധികം ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുകയും, മൂന്ന് കോടിയിലധികം സ്ത്രീകൾ ആരോഗ്യ പരിശോധനകൾക്ക് വിധേയരാവുകയും ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു. ഈ ക്യാമ്പുകൾ പ്രമേഹം, സ്തനാർബുദം, ക്ഷയം, സിക്കിൾ സെൽ അനീമിയ തുടങ്ങിയ രോഗങ്ങൾ നിർണ്ണയിക്കാൻ സഹായകമായി. ഒഡീഷയിലെ എല്ലാ അമ്മമാരോടും, സഹോദരിമാരോടും, പെൺമക്കളോടും അവരവരുടെ ആരോഗ്യ പരിശോധനകൾ ഉറപ്പാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
തങ്ങളുടെ ഗവണ്മെന്റ് നികുതി ഇളവുകളിലൂടെയായാലും ആധുനിക ഗതാഗതബന്ധത്തിലൂടെയായാലും സൗകര്യങ്ങൾക്കും അഭിവൃദ്ധിക്കും വഴിയൊരുക്കി രാഷ്ട്രത്തിൻ്റെയും പൗരന്മാരുടെയും ശക്തി വർദ്ധിപ്പിക്കാൻ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ഈ ശ്രമങ്ങളുടെ ഗണ്യമായ പ്രയോജനം ഒഡീഷയ്ക്ക് ലഭിക്കുന്നുണ്ടെന്നും, നിലവിൽ സംസ്ഥാനത്ത് ആറ് വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെന്നും, അറുപതോളം റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഝാർസുഗുഡയിലെ വീർ സുരേന്ദ്ര സായ് വിമാനത്താവളം ഇപ്പോൾ ഇന്ത്യയിലെ നിരവധി പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധാതുക്കളിൽ നിന്നും ഖനനത്തിൽ നിന്നും ഒഡീഷയ്ക്ക് ഗണ്യമായ വരുമാനം ലഭിക്കുന്നുണ്ട്. സുഭദ്ര യോജന ഒഡീഷയിലെ സ്ത്രീകളെ തുടർച്ചയായി പിന്തുണയ്ക്കുന്നുണ്ടെന്നും ശ്രീ മോദി സൂചിപ്പിച്ചു. ഒഡീഷ പുരോഗതിയുടെ പാതയിലാണെന്ന് അദ്ദേഹം സ്ഥിരീകരിക്കുകയും, വികസനത്തിൻ്റെ വേഗത ഇനിയും വർധിക്കുമെന്ന് ഉറപ്പ് നൽകുകയും എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തുകൊണ്ട് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു.
ഒഡീഷ ഗവർണർ ഡോ. ഹരി ബാബു കമ്പംപതി, ഒഡീഷ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാഝി, കേന്ദ്രമന്ത്രി ശ്രീ ജുവൽ ഓറം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള നിരവധി കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും വീഡിയോ കോൺഫറൻസിംഗിലൂടെ പരിപാടിയിൽ സംബന്ധിച്ചു
പശ്ചാത്തലം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഝാർസുഗുഡയിൽ 60,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ടെലികമ്മ്യൂണിക്കേഷൻസ്, റെയിൽവേ, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം, ഗ്രാമീണ ഭവനം തുടങ്ങിയ വിവിധ മേഖലകളിൽ ഉൾപ്പെടുന്നതാണ് ഈ പദ്ധതികൾ.
ടെലികോം കണക്റ്റിവിറ്റി രംഗത്ത്, തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് 37,000 കോടിയോളം രൂപ ചെലവിൽ നിർമ്മിച്ച 97,500-ൽ അധികം മൊബൈൽ 4ജി ടവറുകൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. ഇതിൽ ബി.എസ്.എൻ.എൽ കമ്മീഷൻ ചെയ്ത 92,600-ൽ അധികം 4ജി ടെക്നോളജി സൈറ്റുകൾ ഉൾപ്പെടുന്നു. ഡിജിറ്റൽ ഭാരത് നിധിക്ക് കീഴിൽ ധനസഹായം ലഭിച്ച 18,900-ൽ അധികം 4ജി സൈറ്റുകൾ വിദൂര, അതിർത്തി, ഇടതു തീവ്രവാദ ബാധിത പ്രദേശങ്ങളിലെ 26,700 ഓളം ഗ്രാമങ്ങളെ ബന്ധിപ്പിക്കുകയും 20 ലക്ഷത്തിലധികം പുതിയ വരിക്കാർക്ക് സേവനം ലഭ്യമാക്കുകയും ചെയ്യും. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ ടവറുകൾ ഇന്ത്യയിലെ ഏറ്റവും വലിയ ഹരിത ടെലികോം സൈറ്റുകളുടെ സമൂഹമായി മാറുകയാണ്. മാത്രമല്ല സുസ്ഥിര അടിസ്ഥാന സൗകര്യ വികസനത്തിലെ ഒരു ചുവടുവയ്പ്പു കൂടിയാണിത്.
ദേശീയതലത്തിൽ കണക്റ്റിവിറ്റിയും പ്രാദേശിക വളർച്ചയും വർദ്ധിപ്പിക്കുന്ന സുപ്രധാന റെയിൽവേ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. ഇവയിൽ സാംബൽപൂർ-സർലയിലെ റെയിൽ മേൽപ്പാലത്തിനുള്ള തറക്കല്ലിടൽ, ഇരട്ടിപ്പിച്ച കോരാപുട്ട്–ബൈഗുഡ, മനാബർ–കോരാപുട്ട്–ഗോരാപൂർ പാതകൾ രാജ്യത്തിന് സമർപ്പിക്കൽ എന്നിവയും ഉൾപ്പെടുന്നു.
ഈ പദ്ധതികൾ ഒഡീഷയിലെയും അയൽ സംസ്ഥാനങ്ങളിലെയും ചരക്ക് നീക്കം, യാത്രാസൗകര്യങ്ങൾ എന്നിവ ഗണ്യമായി മെച്ചപ്പെടുത്തുകയും പ്രാദേശിക വ്യവസായങ്ങളെയും വ്യാപാരത്തെയും ശക്തിപ്പെടുത്തുകയും ചെയ്യും. ബെർഹാംപൂർ, ഉദ്‌ന (സൂറത്ത്) എന്നിവയ്ക്കിടയിലുള്ള അമൃത് ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഇത് സംസ്ഥാനങ്ങളിലുടനീളം താങ്ങാനാവുന്നതും സൗകര്യപ്രദവുമായ ഗതാഗത ബന്ധം സാധ്യമാക്കുകയും, വിനോദസഞ്ചാരത്തെ പിന്തുണയ്ക്കുകയും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, സാമ്പത്തിക പ്രാധാന്യമുള്ള ജില്ലകളെ ബന്ധിപ്പിക്കുകയും ചെയ്യും.
11,000 കോടിയോളം രൂപ മുതൽമുടക്കിൽ, എട്ട് ഐ.ഐ.ടി.കളുടെ (തിരുപ്പതി, പാലക്കാട്, ഭിലായ്, ജമ്മു, ധാർവാഡ്, ജോധ്പൂർ, പട്ന, ഇൻഡോർ) വിപുലീകരണത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഈ വിപുലീകരണം അടുത്ത നാല് വർഷത്തിനുള്ളിൽ 10,000 വിദ്യാർത്ഥികൾക്കുകൂടി പഠനസൗകര്യം വർദ്ധിപ്പിക്കുകയും, എട്ട് അത്യാധുനിക ഗവേഷണ പാർക്കുകൾ സ്ഥാപിക്കുകയും ചെയ്യും. ഇത് ഇന്ത്യയുടെ നൂതനാശയ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് കാര്യമായ ഉത്തേജനം നൽകുകയും ചെയ്യും.
രാജ്യത്തുടനീളമുള്ള 275 സംസ്ഥാന എഞ്ചിനീയറിംഗ്, പോളിടെക്നിക് സ്ഥാപനങ്ങളിൽ ഗുണനിലവാരം, തുല്യത, ഗവേഷണം, നവീനാശയം എന്നിവ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത മെറൈറ്റ് (MERITE) പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു.
അഗ്രിടെക്, പുനരുപയോഗ ഊർജ്ജം, റീട്ടെയിൽ, മറൈൻ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വളർന്നുവരുന്ന മേഖലകളെ ഉൾപ്പെടുത്തി സാംബൽപൂരിലും ബെർഹാംപൂരിലും വേൾഡ് സ്കിൽ സെന്ററുകൾ സ്ഥാപിക്കുന്ന ഒഡീഷ സ്കിൽ ഡെവലപ്മെന്റ് പ്രോജക്ട് രണ്ടാം ഘട്ടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കൂടാതെ, അഞ്ച് ഐ.ടി.ഐ.കൾ ഉത്കർഷ ഐ.ടി.ഐ.കളായി ഉയർത്തുകയും, 25 ഐ.ടി.ഐ.കൾ സെൻ്റർ ഓഫ് എക്സലൻസുകളായി വികസിപ്പിക്കുകയും ചെയ്യും. ഒരു പുതിയ പ്രിസിഷൻ എഞ്ചിനീയറിംഗ് മന്ദിരം വഴി നൂതന സാങ്കേതിക പരിശീലനം നൽകും.
സംസ്ഥാനത്തെ ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി, 130 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ വൈ-ഫൈ സൗകര്യങ്ങൾ പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു. ഇത് 2.5 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് സൗജന്യ പ്രതിദിന ഡാറ്റാ ലഭ്യമാക്കും
പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഒഡീഷയിലെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ ഉത്തേജനം ലഭിക്കും. ബെർഹാംപൂരിലെ എംകെസിജി മെഡിക്കൽ കോളേജും സാംബാൽപൂരിലെ വിംസാറും ലോകോത്തര സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളാക്കി ഉയർത്തുന്നതിനുള്ള ശിലാസ്ഥാപനം അദ്ദേഹം നിർവഹിച്ചു. നവീകരിച്ച സൗകര്യങ്ങളിൽ വർദ്ധിപ്പിച്ച കിടക്കകൾ, ട്രോമ കെയർ യൂണിറ്റുകൾ, ഡെന്റൽ കോളേജുകൾ, അമ്മമാർക്കും കുട്ടികൾക്കുമുള്ള പരിചരണ സേവനങ്ങൾ, വിപുലീകരിച്ച അക്കാദമിക് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടും. ഇത് ഒഡീഷയിലെ ജനങ്ങൾക്ക് സമഗ്രമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കും.
കൂടാതെ, അന്ത്യോദയ ഗൃഹ യോജനയ്ക്ക് കീഴിലുള്ള 50,000 ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി അനുമതി പത്രങ്ങൾ വിതരണം ചെയ്തു. ഈ പദ്ധതി ഭിന്നശേഷിക്കാർ, വിധവകൾ, മാരക രോഗങ്ങളുള്ളവർ, പ്രകൃതിദുരന്തങ്ങൾക്ക് ഇരയായവർ എന്നിവർ ഉൾപ്പെടെ ദുർബലരായ ഗ്രാമീണ കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകളും സാമ്പത്തിക സഹായവും നൽകുന്നു. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സാമൂഹ്യക്ഷേമവും അന്തസ്സും ഉറപ്പാക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയാണ് ഈ ഉദ്യമം പ്രതിഫലിപ്പിക്കുന്നത്.
The double-engine government is committed to accelerating the pace of development in Odisha. Addressing a programme during the launch of various projects in Jharsuguda. https://t.co/XpQjHIuMXR
— Narendra Modi (@narendramodi) September 27, 2025
हमारा बहुत जोर गरीबों को, दलितों को, पिछड़ों को, आदिवासियों को मूल सुविधाएं पहुंचाने पर है: PM @narendramodi pic.twitter.com/aHwsZqqo15
— PMO India (@PMOIndia) September 27, 2025
केंद्र सरकार ने हाल में ही ओडिशा के लिए दो semiconductor unit की मंजूरी दी है: PM @narendramodi pic.twitter.com/V6fwEuaD6x
— PMO India (@PMOIndia) September 27, 2025
आत्मनिर्भरता की तरफ बहुत बड़ा कदम। pic.twitter.com/xRid7qeC83
— PMO India (@PMOIndia) September 27, 2025
***
SK
(Release ID: 2172145)
Visitor Counter : 22