വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

മീഡിയ,വിനോദം,AVGC-XR തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി ഏഴ് പുതിയ ഇൻകുബേഷൻ സെൻ്ററുകൾ ആരംഭിക്കുമെന്ന് സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്ലാറ്റ്‌ഫോമായ വേവ്എക്സ് പ്രഖ്യാപിച്ചു.

Posted On: 24 SEP 2025 9:39AM by PIB Thiruvananthpuram
ഇന്ത്യയിലുടനീളം ഏഴ് പുതിയ ഇൻകുബേഷൻ സെൻ്ററുകൾ ആരംഭിക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ വേവ്സ് സംരംഭത്തിന് കീഴിലുള്ള സമർപ്പിത സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്ലാറ്റ്‌ഫോമായ വേവ്എക്സ് (WaveX) പ്രഖ്യാപിച്ചു.മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസിൽ (IICT)നിലവിലുള്ള സൗകര്യത്തിന് പുറമേയാണിത്.ഇതാദ്യമായാണ് AVGC (ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്,ഗെയിമിംഗ്,കോമിക്സ്),XR (എക്സ്റ്റൻഡഡ് റിയാലിറ്റി) എന്നീ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ആക്സിലറേറ്റർ-കം-ഇൻകുബേറ്റർ പ്രോഗ്രാം രാജ്യത്ത് നടപ്പിലാക്കുന്നത്.

ഏഴ് പുതിയ കേന്ദ്രങ്ങൾ:
ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (IIMC),IIMC ജമ്മു,IIMC ധെങ്കനാൽ(ഒഡീഷ),
IIMC കോട്ടയം(കേരളം),IIMC അമരാവതി(മഹാരാഷ്ട്ര),ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) പൂനെ (മഹാരാഷ്ട്ര),സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (SRFTI),കൊൽക്കത്ത (പശ്ചിമ ബംഗാൾ) എന്നീ ഏഴ് സ്ഥാപനങ്ങളിലാണ് പുതുതായി പ്രഖ്യാപിച്ച കേന്ദ്രങ്ങൾ സ്ഥാപിക്കുക.

ഈ ഇൻകുബേഷൻ ശൃംഖല ആരംഭിക്കുന്നതോടെ  IICT,FTII,SRFTI,പങ്കാളികളായ മറ്റ് ഇൻകുബേറ്ററുകൾ എന്നിവയിലൂടെ ചലച്ചിത്ര നിർമ്മാണം,ഗെയിം ഡെവലപ്‌മെൻ്റ് ,എഡിറ്റിംഗ്,ടെസ്റ്റിംഗ് എന്നിവയ്‌ക്കുള്ള നൂതന സൗകര്യങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും.മുംബൈയിലെ IICT ഇൻകുബേറ്ററിൽ 8K റെഡ് റാപ്‌റ്റർ വിസ്റ്റ വിഷൻ ക്യാമറ,ഡോൾബി അറ്റ്‌മോസ് സംവിധാനത്തോടെയുള്ള 4K HDR പ്രിവ്യൂ തിയേറ്റർ,ഉയർന്ന പ്രകടനക്ഷമതയുള്ള ഏലിയൻവെയർ വർക്ക്‌സ്റ്റേഷനുകൾ,LED ഭിത്തികളുള്ള അത്യാധുനിക വെർച്വൽ പ്രൊഡക്ഷൻ സ്റ്റേജ്,ഫോട്ടോഗ്രാമെട്രി സിസ്റ്റങ്ങൾ,പ്രൊഫഷണൽ സൗണ്ട്,കളർ-മിക്സ് തിയേറ്ററുകൾ,4K HDR എഡിറ്റ് സ്യൂട്ടുകൾ,VR ടെസ്റ്റിംഗ് കിറ്റുകൾ,ഏറ്റവും പുതിയ ഗെയിമിംഗ് കൺസോളുകൾ തുടങ്ങിയ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

ആഗോള നിലവാരത്തിലുള്ള സിനിമ,ഗെയിമിംഗ്,ഇമ്മേഴ്‌സീവ് മീഡിയ എന്നിവയിലെ ഉള്ളടക്കം രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും സാധുത ഉറപ്പാക്കാനും ഈ സൗകര്യങ്ങൾ സ്റ്റാർട്ടപ്പുകളെ പ്രാപ്തമാക്കുന്നു.  വേവ്എക്സിന് കീഴിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ഈ സൗകര്യങ്ങൾ ഓൺ-സൈറ്റ് രീതിയിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും ഉപയോഗിക്കാൻ കഴിയും.പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് വിവാടെക് (പാരീസ്),ഗെയിം ഡെവലപ്പേഴ്‌സ് കോൺഫറൻസ് (യു.എസ്.എ) പോലുള്ള അഭിമാനകരമായ ആഗോള സ്റ്റാർട്ടപ്പ് ഇവൻ്റുകളിൽ അന്താരാഷ്ട്ര തലത്തിൽ തങ്ങളെ അവതരിപ്പിക്കാനുള്ള അവസരങ്ങളും ലഭിക്കും.


സൗകര്യങ്ങളും പിന്തുണയും:
തിരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് ഇൻകുബേഷൻ സൗകര്യങ്ങൾ,വ്യവസായ ബന്ധങ്ങൾ,കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായുള്ള ബന്ധങ്ങൾ,ധനസഹായം,വിൽപ്പനയും വിപണനവും സംബന്ധിച്ച മാർഗ്ഗനിർദ്ദേശനങ്ങൾ തുടങ്ങിയവ ലഭിക്കും.പുതിയ കേന്ദ്രങ്ങൾ മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് (IICT)നല്കുന്നത് പോലെ തന്നെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഇൻകുബേഷൻ സൗകര്യങ്ങളും നല്കുകയും രാജ്യവ്യാപകമായി ഉയർന്ന നിലവാരമുള്ള ഇൻകുബേഷൻ,അടിസ്ഥാന സൗകര്യങ്ങൾ,മെൻ്റർഷിപ്പ് എന്നിവയിലേക്ക് ഏകീകൃത പ്രവേശനം ഉറപ്പാക്കുകയും ചെയ്യും.


ഓരോ ഇൻകുബേഷൻ സെൻ്ററിലും പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് താഴെപ്പറയുന്ന സൗകര്യങ്ങൾ ലഭ്യമാക്കും;

* കോ-വർക്കിംഗ് സ്‌പെയ്‌സുകൾ,AV/ഡിജിറ്റൽ ലാബുകൾ,സ്റ്റുഡിയോകൾ (ഗ്രീൻ റൂമുകൾ,ഫോട്ടോ/വീഡിയോ പ്രൊഡക്ഷൻ സൗകര്യങ്ങൾ)

* ഹൈ-സ്പീഡ് ലാൻ/വൈ-ഫൈ,ഹോസ്റ്റിംഗ് സെർവറുകൾ,ക്ലൗഡ് ക്രെഡിറ്റുകൾ(AWS/ഗൂഗിൾ),ഇന്ത്യ AI കമ്പ്യൂട്ട് സേവനങ്ങൾ

* OTT,VFX,VR,ഗെയിമിംഗ്,ആനിമേഷൻ,പബ്ലിഷിംഗ്,പോസ്റ്റ്-പ്രൊഡക്ഷൻ എന്നിവയിലെ സാൻഡ്‌ബോക്‌സ്  ടെസ്റ്റിംഗ്  അവസരങ്ങൾ

*ആഗോള നേതാക്കളിൽ നിന്നും വ്യവസായ വിദഗ്ധരിൽ നിന്നുമുള്ള ഘടനാപരമായ മാർഗ്ഗനിർദ്ദേശവും ഉപദേശക പിന്തുണയും

* മാസ്റ്റർ ക്ലാസുകൾ,പ്രത്യേക ബൂട്ട്‌ക്യാമ്പുകൾ,പോളിസി ക്ലിനിക്കുകൾ,നിക്ഷേപകരുമായി ബന്ധം സ്ഥാപിക്കുന്നത് ലക്ഷ്യമിട്ടുള്ള സെഷനുകൾ


വിപുലമായ പഠന അവസരങ്ങളും വിശാലമായ നൂതന ആവാസവ്യവസ്ഥകളിലേക്കുള്ള പ്രവേശനവും നല്കുന്നതിനായി ഐ.ഐ.ടികൾ,T-ഹബ്, മറ്റ് സ്ഥാപിത ഇൻകുബേറ്ററുകൾ എന്നിവയുമായുള്ള പങ്കാളിത്തം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.വേവ്എക്സിന്  കീഴിൽ ഇൻകുബേറ്റ് ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്ക് ദൂരദർശൻ,ഓൾ ഇന്ത്യ റേഡിയോ,ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ,പബ്ലിക്കേഷൻസ് ഡിവിഷൻ,ന്യൂ മീഡിയ വിംഗ്,ഇലക്ട്രോണിക് മീഡിയ മോണിറ്ററിംഗ് സെൻ്റർ തുടങ്ങിയ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള മാധ്യമ യൂണിറ്റുകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരവും ലഭിക്കും.തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾക്ക് ഈ മീഡിയ യൂണിറ്റുകൾ ഔട്ട്‌സോഴ്സ് ചെയ്യുന്ന പ്രോജക്ടുകളിൽ മുൻഗണന ലഭിക്കാനും സാധ്യതയുണ്ട്.

അപേക്ഷാ പ്രക്രിയ
അടുത്ത സഹകരണ കൂട്ടായ്മയ്ക്കുള്ള അപേക്ഷാ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്.താത്പര്യമുള്ള സ്റ്റാർട്ടപ്പുകൾക്ക് wavex.wavesbazaar.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഡാഷ്‌ബോർഡിലേക്ക് നാവിഗേറ്റ് ചെയ്ത്  'apply for incubation' ഓപ്ഷൻ തിരഞ്ഞെടുത്ത് ഇഷ്ടപ്പെട്ട ഇൻകുബേഷൻ സെൻ്റർ നല്കിക്കൊണ്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഓരോ സെൻ്ററിലും ആദ്യ ബാച്ചിലേക്ക് 15 സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുക്കും.ഓരോ സ്റ്റാർട്ടപ്പിനും പ്രതിമാസ ഫീസ് 8,500 രൂപ+ജി എസ്‌  ടി ആയിരിക്കും.മാധ്യമ-വിനോദ മേഖല,AVGC-XR മേഖല എന്നിവയിലെ  സ്റ്റാർട്ടപ്പുകൾക്ക് മുൻഗണന ലഭിക്കും.

വേവ് എക്സ്
മാധ്യമങ്ങൾ,വിനോദം,സൃഷ്ടിപരമായ സാങ്കേതികവിദ്യകൾ എന്നിവയിലെ നവീകരണം വളർത്തുന്നതിനായി സൃഷ്ടിച്ച കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ വേവ്സ് സംരംഭത്തിന് കീഴിലുള്ള സമർപ്പിത സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്ലാറ്റ്‌ഫോമാണ് വേവ്എക്സ്.ഇൻകുബേറ്ററുകളുടെ ശൃംഖലയിലൂടെ ഇന്ത്യയിലെ അടുത്ത തലമുറ സ്രഷ്ടാക്കളേയും സംരംഭകരേയും ശാക്തീകരിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ,മാർഗ്ഗനിർദ്ദേശങ്ങൾ,ആഗോള വിപണി പ്രവേശനം എന്നിവ വേവ്എക്സ് നല്കുന്നു.

വേവ്എക്സിൻ്റെ  ഇൻകുബേഷൻ മോഡൽ രണ്ട് ഘട്ടങ്ങളിലായാണ് പ്രവർത്തിക്കുന്നത്:

സജീവ ഘട്ടം (Active Phase) : ബിസിനസ് മോഡലിംഗ്,ഉത്പന്ന വികസനം,ബ്രാൻഡിംഗ്,ധനസമാഹരണം,
മാധ്യമ നിയന്ത്രണങ്ങൾ എന്നിവയിൽ ശക്തമായ പിന്തുണ.

നിഷ്ക്രിയ ഘട്ടം (Passive Phase) : വേവ്സ് ബസാർ വഴിയും നിലവിലുള്ള നിക്ഷേപക/വ്യവസായ ഇടപെടലിലൂടെയും ആഗോള പ്രദർശന അവസരങ്ങളുള്ള ലളിതമായ മാർഗനിർദ്ദേശം.


പരമ്പരാഗത ഇൻകുബേറ്ററുകളിൽ നിന്നും ആക്സിലറേറ്ററുകളിൽ നിന്നും വ്യത്യസ്തമായി വിപ്ലവകരമായ മാധ്യമ കണ്ടുപിടുത്തങ്ങൾക്കായി അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ വേവ്എക്സ് ലക്ഷ്യമിടുന്നു.AVGC മേഖലയിലെ ഉത്പന്നങ്ങൾ പലപ്പോഴും യാഥാർത്ഥ്യമല്ലാത്ത ഘട്ടത്തിലായതിനാൽ നിലവിലുള്ള ഉത്പന്നങ്ങളെ മാത്രം ആശ്രയിക്കാതെ സാധ്യതയുടെ അടിസ്ഥാനത്തിൽ ആരംഭക സ്ഥാപനങ്ങളെ പിന്തുണച്ചുകൊണ്ട് അവയെ യഥാർത്ഥതയിലേക്ക് കൊണ്ടുവരുന്നു.ഗെയിമിംഗ്,OTT,നിർമ്മിതബുദ്ധി അധിഷ്ഠിത ഉള്ളടക്ക സൃഷ്ടി,ഇമ്മേഴ്‌സീവ് സാങ്കേതികവിദ്യകൾ(AR/VR/XR) എന്നിവയിൽ പുതുതലമുറ സംരംഭകരെ വളർത്തിയെടുക്കുന്നതിനാണ്
വേവ് എക്സ്  രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഇതിലൂടെ വ്യവസായ മാർഗ്ഗനിർദ്ദേശം,തന്ത്രപരമായ ധനസഹായം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ  അവർക്ക് പിന്തുണ നല്കുന്നു.
 
***

(Release ID: 2170499) Visitor Counter : 5