വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു

സിനിമയിൽ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പ്രാതിനിധ്യത്തെ രാഷ്‌ട്രപതി മുർമു പ്രശംസിച്ചു; വെള്ളിത്തിരയിലും പുറത്തും തുല്യ അവസരങ്ങൾ വേണം

നാല് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾക്ക് അഭിനയ വൈവിധ്യത്തിൻ്റെ പ്രതീകമായ മോഹൻലാൽ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം സ്വീകരിച്ചു

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം 'മാസ്മരികവും പവിത്രവും' ആണെന്ന് ശ്രീ മോഹൻലാൽ വിശേഷിപ്പിച്ചു; സിനിമയെ തൻ്റെ ആത്മാവിൻ്റെ ഹൃദയമിടിപ്പ് എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഈ ആദരം മലയാള ചലച്ചിത്ര മേഖലയിലെ പ്രതിഭകൾക്ക് സമർപ്പിച്ചു

Posted On: 23 SEP 2025 8:08PM by PIB Thiruvananthpuram
അഭിമാനത്തിൻ്റെയും കരഘോഷത്തിൻ്റെയും ആദരത്തിൻ്റെയും നിമിഷങ്ങളാൽ പ്രകാശമാനമായ അന്തരീക്ഷത്തിൽ 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നൽകി ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രതിഭകളെ ന്യൂഡൽഹിയിലെ വിജ്ഞാന്‍ ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു ആദരിച്ചു. കലാകാരന്മാർ, വിശിഷ്ട വ്യക്തികൾ, ആരാധകർ എന്നിവരടങ്ങിയ സദസിനെ കോർത്തിണക്കിയത് ഒരേയൊരു വികാരമാണ്; രാജ്യത്തിൻ്റെ ഹൃദയത്തെ രൂപപ്പെടുത്തിയ കഥകളുടെ ആഘോഷം.
 

 
ഇതിഹാസ നടൻ ശ്രീ മോഹൻലാൽ അഭിനയത്തിൽ അസാധാരണ നൈപുണ്യം പ്രകടിപ്പിക്കുക മാത്രമല്ല, ഇന്ത്യയുടെ സാംസ്കാരിക നൈതികതയെ അപാരമായ അഭിനയ വൈവിധ്യത്തിലൂടെ ഉയർത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. നാടകത്തിൽ നിന്ന് സിനിമയിലേക്കുള്ള അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ അഭിനയ യാത്രയെയും രാഷ്ട്രപതി പരാമർശിച്ചു. മഹാഭാരതം ആസ്പദമാക്കിയുള്ള ഏകാങ്ക സംസ്കൃത നാടകമായ കർണഭാരം മുതൽ ദേശീയ പുരസ്കാരം നേടിയ വാനപ്രസ്ഥം എന്ന ചിത്രത്തിലെ പ്രകടനം വരെയുള്ളവയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ അദ്ദേഹം അവതരിപ്പിച്ച രീതി പരാമർശിച്ചുകൊണ്ട് രാഷ്ട്രപതി അദ്ദേഹത്തിന് ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിച്ചു. തലമുറകളിലുടനീളം പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സവിശേഷ സ്ഥാനം നേടിയിട്ടുള്ള അദ്ദേഹത്തിൻ്റെ പേര് ആദരമർഹിക്കുന്നതായി അവർ പറഞ്ഞു.

 ഇന്ത്യൻ ചലച്ചിത്ര മേഖല ജനാധിപത്യത്തിൻ്റെയും ഭാരതത്തിൻ്റെ വൈവിധ്യത്തിൻ്റെയും സത്തയെ പ്രതിഫലിപ്പിക്കുന്നതായി ശ്രീമതി ദ്രൗപദി മുർമു പറഞ്ഞു. വിവിധ ഇന്ത്യൻ ഭാഷകളിൽ സാഹിത്യം അഭിവൃദ്ധി പ്രാപിച്ചതുപോലെ, ഇന്ത്യയുടെ സാംസ്കാരിക സമ്പന്നതയുടെ ഊർജ്ജസ്വലമായ പ്രകടനമായി ചലച്ചിത്രവും വികസിച്ചു. സിനിമകൾ കേവലം വിനോദം മാത്രമല്ല, സമൂഹത്തെ ഉണർത്താനും സംവേദനക്ഷമത വളർത്താനും യുവാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കാനുമുള്ള ഒരു മാധ്യമമായും വർത്തിക്കുന്നുവെന്ന് അവർ നിരീക്ഷിച്ചു.

സിനിമയിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിക്കുന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ച രാഷ്ട്രപതി, തുല്യ അവസരങ്ങൾ നൽകുമ്പോൾ അവർക്ക് മികവ് പുലർത്താനും അസാധാരണ വിജയം നേടാനും കഴിയുമെന്ന് അഭിപ്രായപ്പെട്ടു. വെള്ളിത്തിരയിലും അണിയറയിലും സ്ത്രീകളുടെ അർത്ഥവത്തായ പങ്കാളിത്തം ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകത അവർ എടുത്തുപറഞ്ഞു.

 ചലച്ചിത്ര മേഖലയിലേക്ക് സർഗ്ഗാത്മകതയും നൂതനാശയങ്ങളും കൊണ്ടുവരുന്ന കുട്ടികൾ ഉൾപ്പെടെ വളർന്നുവരുന്ന യുവ പ്രതിഭകളുടെ സംഭാവനകളെ ശ്രീമതി മുർമു പ്രകീർത്തിച്ചു. പുരസ്കാരം നൽകി ആദരിക്കപ്പെട്ട ആറ് ബാലതാരങ്ങളെ അവർ അഭിനന്ദിക്കുകയും സിനിമകളിലൂടെ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുകയും ചെയ്തു.

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ശ്രീ മോഹൻലാലിന് സമ്മാനിച്ചു; ചലച്ചിത്രപ്രതിഭകൾക്ക് അദ്ദേഹം ആദരം സമർപ്പിച്ചു.

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു മോഹൻലാലിന് അഭിമാനകരമായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം സമ്മാനിച്ചപ്പോൾ, അത് ഇന്ത്യൻ സിനിമ എന്ന വിശാലമായ കഥയിലെ ഒരു നിർണായക രംഗത്തിന് സമാനമായി മാറി. കുസൃതിക്കാരനായ കോളേജ് കുമാരൻ, മനോവേദന അനുഭവിക്കുന്ന സാധാരണക്കാരൻ, ഊർജസ്വലനായ പട്ടാളക്കാരൻ, പിഴവറ്റ നായകൻ, ആത്മാർത്ഥ സുഹൃത്ത് അങ്ങനെ വെള്ളിത്തിരയിൽ ആയിരത്തോളം ജീവിതങ്ങൾ ജീവിച്ച നടൻ... 360-ലധികം സിനിമകളിലൂടെ അദ്ദേഹം ഇന്ത്യൻ സിനിമയെയും മലയാള സിനിമയെയും രൂപപ്പെടുത്തി. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും വൈകാരിക ഭാവങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യൻ സിനിമയെ ലോകത്തിനു മുന്നിൽ പ്രശസ്തമാക്കി.

പത്മഭൂഷൺ, പത്മശ്രീ, അഞ്ച് ദേശീയ അവാർഡുകൾ എന്നിവയാൽ ഇതിനകം ആദരിക്കപ്പെട്ട നടന് പുരസ്കാരം നൽകുന്ന ഈ നിമിഷം അംഗീകാരത്തിൻ്റെ മാത്രമല്ല, ഒരു രാഷ്ട്രം മുഴുവൻ നൽകുന്ന ആദരവിൻ്റെതും കൂടിയാണ്. വിജ്ഞാൻ ഭവനിലെ സദസ്സ് ഒന്നാകെ എഴുന്നേറ്റു നിന്ന് ദീർഘമായി കരഘോഷം മുഴക്കിയപ്പോൾ, തൻ്റെ യാത്രയെ അടയാളപ്പെടുത്തിയ അതേ വിനയത്തോടെ മോഹൻലാൽ പ്രേക്ഷകരെയും സഹപ്രവർത്തകരെയും വണങ്ങി. ആ നിമിഷത്തെ കരഘോഷം ഒരു നടന് വേണ്ടി മാത്രമല്ല - അത് കഥകൾക്കും ഓർമ്മകൾക്കും ഇന്ത്യൻ സിനിമയുടെ പൊതുവികാരത്തിനും വേണ്ടിയുള്ള കരഘോഷം കൂടിയായിരുന്നു.

 പുരസ്‌കാരം സ്വീകരിച്ചുകൊണ്ട്, ശ്രീ മോഹൻലാൽ, സിനിമയിലെ തൻ്റെ യാത്രയെ രൂപപ്പെടുത്തിയ ഏവർക്കും നന്ദി അറിയിച്ചു. താൻ പ്രവർത്തിച്ച ഓരോ സിനിമയും തന്നെ ആഴത്തിൽ സ്പർശിച്ചുവെന്നും, ഒരു മാധ്യമമെന്ന നിലയിൽ സിനിമയുടെ ശക്തിയെ ഓർമ്മപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഈ ബഹുമതിയെ "മാസ്മരികവും പവിത്രവുമായ"തായി വിശേഷിപ്പിച്ച അദ്ദേഹം, മലയാള ചലച്ചിത്ര മേഖലയിലെ ഇതിഹാസ പ്രതിഭകൾക്ക് പുരസ്കാരം സമർപ്പിക്കുകയും അത് മുഴുവൻ ചലച്ചിത്ര കൂട്ടായ്മയ്ക്കും അവകാശപ്പെട്ടതാണെന്ന് എടുത്തുപറയുകയും ചെയ്തു. സിനിമ തൻ്റെ ആത്മാവിൻ്റെ ഹൃദയമിടിപ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടുതൽ അഗാധമായും പ്രതിജ്ഞാബദ്ധതയോടെയും കലയെ പിന്തുടരാനുള്ള ദൃഢനിശ്ചയത്തെ ഈ അംഗീകാരം കൂടുതൽ ശക്തിപ്പെടുത്തുന്നതായി പറഞ്ഞു.

  ഒരു യഥാർത്ഥ ഇതിഹാസമാണ് ശ്രീ മോഹൻലാലെന്നു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പ്രശംസിച്ചു. ആഗോള ചലച്ചിത്ര-ഉള്ളടക്ക സൃഷ്ടി മേഖലയിൽ ഇന്ത്യയെ മുൻനിരയിൽ നിർത്തുന്ന 'വേവ്സ് 2025' സംരംഭം ഗവൺമെൻ്റ് വാഗ്ദാനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതായി അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകം ഇപ്പോൾ ഇന്ത്യയെ എങ്ങനെ വീക്ഷിക്കുന്നു എന്ന് പരാമർശിച്ച അദ്ദേഹം വേവ്സ് ബസാർ പോലുള്ള സംരംഭങ്ങൾ ഇന്ത്യൻ ഉള്ളടക്ക സ്രഷ്ടാക്കളെ വിശാലമായ വിപണികളിലേക്ക് പ്രവേശനം നൽകാൻ പ്രാപ്തമാക്കുന്നുവെന്ന് പറഞ്ഞു.

 മുംബൈയിലെ എൻഎഫ്‌ഡിസി കാമ്പസിൽ രാജ്യത്തെ ആദ്യത്തെ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിനിമ ആൻഡ് ടെക്‌നോളജി (ഐഐസിടി) പ്രവർത്തനം ആരംഭിച്ചതായി മന്ത്രി അറിയിച്ചു. മെറ്റ, എൻവിഡിയ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയുൾപ്പെടെ പ്രമുഖ ആഗോള പങ്കാളികളുമായി സഹകരിച്ച് 17 കോഴ്‌സുകൾ ഇതിനകം ഇവിടെ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഒരു ആഗോള ഉള്ളടക്ക സമ്പദ്‌വ്യവസ്ഥയായി സ്ഥാപിക്കുക എന്ന പ്രധാനമന്ത്രിയുടെ ദർശനത്തിൻ്റെ ഭാഗമായി, തദ്ദേശീയമായി ചലച്ചിത്ര ഉപകരണങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുകയും തത്സമയ സർഗ്ഗപ്രകടനങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള നയങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. 2047 ഓടെ വികസിത ഭാരതം എന്ന ഗവൺമെൻ്റിൻ്റെ ദർശനവുമായി പൊരുത്തപ്പെടുന്ന വിധത്തിൽ മാതൃക സിനിമാ നിയന്ത്രണ നിയമങ്ങൾ തയ്യാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഈ യാത്രയിൽ ഉള്ളടക്ക സ്രഷ്ടാക്കളുടെ സമ്പദ്‌വ്യവസ്ഥ നിർണായക പങ്ക് വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

കഥകളുടെയും സ്വപ്നങ്ങളുടെയും പൊതുവായ അനുഭവങ്ങളുടെയും ആഘോഷമാണ് സിനിമയെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു പറഞ്ഞു. ഈ വർഷം നിരവധി ഇതിഹാസങ്ങൾ പിറക്കുകയും നിരവധി കാര്യങ്ങൾ പുതുതായി അവതരിപ്പിക്കപ്പെടുകയും ചെയ്തതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം ശ്രീ അശുതോഷ് ഗവാരിക്കർ, ശ്രീ പി. ശേഷാദ്രി, ശ്രീ ഗോപാൽ കൃഷ്ണ പൈ എന്നിവരുൾപ്പെടെയുള്ള ജൂറി അംഗങ്ങളെ പ്രകീർത്തിച്ചു. സിനിമ, സംഗീതം, ഗെയിമിംഗ്, സാങ്കേതികവിദ്യ എന്നിവയെ ഒരുമിച്ച് കൊണ്ടുവന്ന വേവ്സ് ഉച്ചകോടിയുടെ വിജയകഥ അദ്ദേഹം ആവർത്തിച്ചു. ഇന്ത്യയുടെ ഊർജ്ജസ്വലമായ സർഗാത്മക ആവാസവ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്ന "ഒരു രാജ്യം, ആയിരക്കണക്കിന് കഥകൾ, ഒരു അഭിനിവേശം" എന്നതിൻ്റെ ആവേശത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു.

സിനിമകൾക്കു ജീവൻ നൽകുന്ന സഹകഥാപാത്രങ്ങൾക്കും സമാനമായ ആദരം ലഭിച്ചു. വിജയരാഘവനും മുത്തുപേട്ടൈ സോമു ഭാസ്‌കറും മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. അവരുടെ പ്രകടനം ചെറിയ കഥാപാത്രങ്ങൾക്കുപോലും കഥയുടെയാകെ സത്ത ഉൾക്കൊള്ളാൻ കഴിയുമെന്നു തെളിയിച്ചു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ ഉർവശിയും ജാനകി ബോഡിവാലയും, പ്രേക്ഷകർക്കു മറക്കാനാകാത്ത മുഖങ്ങളും വികാരങ്ങളും സമ്മാനിച്ച്, അഭിനയത്തിലെ സ്വാഭാവികതയ്ക്കും ആഴത്തിനും പ്രശംസിക്കപ്പെട്ടു.
അഭിനയത്തിനപ്പുറം, സിനിമകൾതന്നെ സ്വപ്നങ്ങളുടെയും പോരാട്ടങ്ങളുടെയും ഭാവനയുടെയും ആഖ്യാനങ്ങളേകി. മികച്ച ഫീച്ചർ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ‘12th ഫെയിലി’ലെ ദൃഢനിശ്ചയത്തിൻ്റെ കഥ, അസംഖ്യം ജീവിതങ്ങളുടെ നേർക്കാഴ്ചയായി മാറി. നോൺ-ഫീച്ചർ വിഭാഗത്തിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘ഫ്ലവറിങ് മാൻ’, മികച്ച ഡോക്യുമെൻ്ററിയായ ‘ഗോഡ് വൾച്ചർ ആൻഡ് ഹ്യൂമൻ’ എന്നിവ പലപ്പോഴും കാണാതെ പോകുന്ന സത്യങ്ങളെ രേഖപ്പെടുത്താനും ചോദ്യംചെയ്യാനും പ്രകാശിപ്പിക്കാനുമുള്ള സിനിമയുടെ കഴിവു പ്രകടമാക്കി.

വികസിച്ചുവരുന്ന പുതിയ മേഖലകളിൽ, മികച്ച AVGC (അനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിങ് & കോമിക്‌സ്) ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘ഹനു-മാൻ’, ദൃശ്യാത്മകമായ കഥപറച്ചിലിൽ ഇന്ത്യയുടെ വളർന്നുവരുന്ന ശക്തിയുടെ അംഗീകാരമാണ്. ‘ഗിദ്ധ്: ദ സ്‌കാവെഞ്ചർ’ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരവും നേടി.

ഈ പുരസ്കാരങ്ങൾ നേട്ടങ്ങളുടെ പട്ടിക മാത്രമല്ല; മറിച്ച്, ശബ്ദങ്ങളുടെയും, താരങ്ങളുടെയും, പുതുമുഖങ്ങളുടെയും, മുഖ്യധാരയുടെയും പരീക്ഷണാത്മകതയുടെയും വൈവിധ്യംകൂടിയാണ്. ഒരു രാജ്യത്തിൻ്റെ സ്വപ്നങ്ങളും അതിൻ്റെ ഭാവി രൂപപ്പെടുത്താനുള്ള ആത്മവിശ്വാസവും ഇന്ത്യൻ സിനിമ വഹിക്കുന്നുണ്ടെന്ന് ഇത് ഒരിക്കൽ കൂടി തെളിയിച്ചു.

പുരസ്കാരങ്ങളുടെ സമ്പൂർണ പട്ടിക താഴെയുള്ള ലിങ്കിൽ ലഭ്യമാണ്:
 
https://www.pib.gov.in/PressReleasePage.aspx?PRID=2151537
 
**************************

(Release ID: 2170412) Visitor Counter : 11