രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു

ശ്രീ മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നൽകി ആദരിച്ചു

Posted On: 23 SEP 2025 8:00PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (സെപ്റ്റംബർ 23, 2025) ന്യൂഡൽഹിയിൽ 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു. 2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ശ്രീ മോഹൻലാലിന് നൽകി ആദരിച്ചു.
 

 
ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി, എല്ലാ പുരസ്കാര ജേതാക്കളെയും ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച ശ്രീ മോഹൻലാലിനെയും അഭിനന്ദിച്ചു. 'കംപ്ലീറ്റ് ആക്ടർ' എന്ന വിശേഷണത്തിന് അനുരൂപമായി ശ്രീ മോഹൻലാൽ കഥാപാത്രങ്ങളിലൂടെ ഏറ്റവും മൃദുലവും തീവ്രവുമായ വികാരങ്ങളെ അനായാസം അവതരിപ്പിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.
 


 
സ്ത്രീ കേന്ദ്രീകൃതമായ മികച്ച സിനിമകൾ നിർമ്മിക്കപ്പെടുന്നതിലും അവയ്ക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നതിലും രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. ദാരിദ്ര്യം, പുരുഷാധിപത്യം അല്ലെങ്കിൽ മുൻവിധി എന്നിവയുമായി സ്ത്രീകൾ ഒരു പരിധിവരെ പോരാടുന്നത് നമുക്ക് കാണാനാവുമെന്ന് അവർ പറഞ്ഞു. കുട്ടികളുടെ ധാർമ്മികത രൂപപ്പെടുത്തുന്ന അമ്മമാരുടെ കഥകൾ, സാമൂഹിക മുൻവിധികളെ നേരിടാൻ സ്ത്രീകളുടെ ഒരുമിച്ചുള്ള പ്രയത്നം; വീട്, കുടുംബം, സാമൂഹ്യക്രമം എന്നിവയുടെ സങ്കീർണ്ണതകൾക്കിടയിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന ദുരവസ്ഥ; പുരുഷാധിപത്യത്തിൻ്റെ അസമത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ധീരരായ സ്ത്രീകൾ തുടങ്ങിയ കഥകൾ ഇന്ന് പുരസ്കാരം ലഭിച്ച സിനിമകളിൽ ഉൾപ്പെടുന്നത് ശ്രദ്ധേയമാണെന്ന് രാഷ്ട്രപതി പറഞ്ഞു. അത്തരം സംവേദനക്ഷമതയുള്ള ചലച്ചിത്ര പ്രവർത്തകരെ അവർ അഭിനന്ദിച്ചു.
 


 
ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായം അതിന് ഏറ്റവും സ്വാധീനമുള്ളതും ജനപ്രിയവുമായ കലാരൂപത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ വൈവിധ്യമാർന്ന സമൂഹത്തെ പ്രതിഫലിപ്പിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും ഒരു ഇന്ത്യൻ അവബോധവും എല്ലാ പ്രാദേശിക സന്ദർഭങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ദേശീയ സംവേദനക്ഷമത ഉണ്ടെന്നതിൽ രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. ഇന്ത്യൻ സാഹിത്യം നിരവധി ഭാഷകളിൽ രചിക്കപ്പെടുന്നതുപോലെ, ഇന്ത്യൻ സിനിമ നിരവധി ഭാഷകളിലും, ഭാഷാഭേദങ്ങളിലും, പ്രദേശങ്ങളിലും, പ്രാദേശിക പരിതസ്ഥിതികളിലും വികസിക്കുന്നു. നമ്മുടെ സിനിമകൾ ഒരേസമയം പ്രാദേശികവും ദേശീയവുമാണെന്ന് അവർ പറഞ്ഞു.
 


 
സിനിമ കേവലം ഒരു വ്യവസായം മാത്രമല്ല; സമൂഹത്തിലും രാജ്യത്തും അവബോധം വളർത്തുന്നതിനും പൗരന്മാരെ കൂടുതൽ സംവേദനക്ഷമതയുള്ളവരാക്കുന്നതിനുമുള്ള ശക്തമായ ഒരു മാധ്യമം കൂടിയാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഒരു ചലച്ചിത്രത്തെ സംബന്ധിച്ചിടത്തോളം ജനപ്രീതി നല്ലതാണെങ്കിലും, അവ പൊതു താൽപര്യം ഉള്ളതാവുക പ്രത്യേകിച്ച് യുവതലമുറയ്ക്കിടയിൽ സ്വാധീനം ചെലുത്തുക അതിലും നല്ല കാര്യമാണെന്ന് അവർ പറഞ്ഞു. ഇന്ത്യൻ സിനിമകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതിനും അവയുടെ ജനപ്രീതി വർദ്ധിക്കുന്നതിനും ആഗോള തലത്തിൽ അംഗീകാരം ലഭിക്കുന്നതിനും വേണ്ടി പരിശ്രമിക്കണമെന്ന് ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ട എല്ലാവരോടും രാഷ്ട്രപതി അഭ്യർത്ഥിച്ചു.
 


 
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
 
***************
 

(Release ID: 2170396)