പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴില്‍ 25 ലക്ഷം അധിക എല്‍പിജി കണക്ഷനുകള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

Posted On: 22 SEP 2025 5:12PM by PIB Thiruvananthpuram
വനിതാ ശാക്തീകരണത്തിന്റെ  മികച്ച  ചുവടുവെയ്പ്പായി  2025-26 സാമ്പത്തിക വര്‍ഷം പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് (പിഎംയുവൈ) കീഴില്‍ 25 ലക്ഷം അധിക എല്‍പിജി കണക്ഷനുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് അനുമതി നല്‍കി. നവരാത്രിയുടെ  ശുഭവേളയില്‍ ഉജ്വല കുടുംബത്തിന്റെ ഭാഗമാകുന്ന  അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ആശംസകള്‍ നേരുന്നതായി  പദ്ധതി ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് ആശംസ അറിയിച്ച്  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.   വിശുദ്ധ ഉത്സവ കാലത്തെ ഈ നടപടി അവര്‍ക്ക് സന്തോഷം നല്‍കുന്നതിനൊപ്പം  രാജ്യത്തിന്റെ വനിതാ ശാക്തീകരണ ലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

നവരാത്രിയുടെ  വേളയില്‍ ദുര്‍ഗാദേവിക്ക് നല്‍കുന്ന അതേ ആദരം സ്ത്രീകള്‍ക്കും നല്‍കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കാണിച്ച പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമാണ് ഉജ്വല പദ്ധതിക്ക് കീഴില്‍ 25 ലക്ഷം സൗജന്യ എല്‍പിജി കണക്ഷനുകള്‍ അനുവദിച്ച തീരുമാനമെന്ന് നടപടിയുടെ പ്രഖ്യാപനവേളയില്‍  കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രി ശ്രീ. ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.  രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും അന്തസ്സും ശാക്തീകരണവുമെന്ന  ലക്ഷ്യം ഇതുവഴി  ശക്തിപ്പെടുന്നു. അടുക്കളകളെ പരിവര്‍ത്തനപ്പെടുത്തുകയും  ആരോഗ്യം സംരക്ഷിക്കുകയും  കുടുംബങ്ങളുടെ ഭാവി പ്രകാശപൂരിതമാക്കുകയും ചെയ്ത രാജ്യത്തെ ഏറ്റവും സ്വാധീനമേറിയ സാമൂഹ്യക്ഷേമ പദ്ധതികളിലൊന്നായി ഉജ്വല യോജന മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

 


ഈ വിപുലീകരണത്തോടെ  പിഎംയുവൈ   കണക്ഷനുകളുടെ ആകെ എണ്ണം 10.58 കോടിയായി ഉയരും.  എല്‍പിജി കണക്ഷനുകള്‍ക്കായി 676 കോടി രൂപ വകയിരുത്താന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. 25 ലക്ഷം സൗജന്യ കണക്ഷനുകള്‍ നല്‍കാന്‍ ഒരു കണക്ഷന് 2,050 രൂപ നിരക്കില്‍ 512.5 കോടി രൂപയും 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് 300 രൂപ നിരക്കില്‍ സബ്‌സിഡി നല്‍കുന്നതിന് (ഒരു വര്‍ഷം പരമാവധി ഒന്‍പത് റീഫില്ലുകള്‍ വരെ) 160 കോടി രൂപയും ഇതിലുള്‍പ്പെടുന്നു. പദ്ധതിനിര്‍വഹണം,  ഇടപാടുകളുടെയും  എസ്എംഎസുകളുടെയും ചാര്‍ജുകള്‍, വിവരവിനിമയ   ബോധവല്‍ക്കരണ (ഐഇസി) പ്രവര്‍ത്തനങ്ങള്‍, ഭരണപരമായ മറ്റ് ചെലവുകള്‍ എന്നിവയ്ക്ക് 3.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.    

പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴില്‍ ഗുണഭോക്താക്കള്‍ക്ക് ഒരു സിലിണ്ടര്‍, പ്രഷര്‍ റെഗുലേറ്റര്‍, സുരക്ഷാ ഹോസ്, ആഭ്യന്തര പാചകവാതക ഉപഭോക്തൃ കാര്‍ഡ് (ഡിജിസിസി) ബുക്ക്‌ലെറ്റ്, എല്‍പിജി കണക്ഷന്‍ സ്ഥാപിക്കുന്നതിന്റെ ചാര്‍ജുകള്‍ എന്നിവയടക്കം ഡെപ്പോസിറ്റ് ഇല്ലാതെ പാചകവാതക കണക്ഷന്‍ ലഭിക്കും. ഉജ്വല 2.0 പ്രകാരം ആദ്യ റീഫില്ലും സ്റ്റൗവും സൗജന്യമായി ലഭിക്കും. എല്‍പിജി കണക്ഷനോ ആദ്യ  റീഫില്ലിനോ സ്റ്റൗവിനോ  ഗുണഭോക്താക്കള്‍  തുകയൊന്നും  നല്‍കേണ്ടതില്ല.  ഈ ചെലവുകള്‍ കേന്ദ്രസര്‍ക്കാരും  എണ്ണക്കമ്പനികളും  വഹിക്കും. 14.2 കിലോഗ്രാം സിംഗിള്‍ ബോട്ടില്‍ കണക്ഷന്‍, 5 കിലോഗ്രാം സിംഗിള്‍ ബോട്ടില്‍ കണക്ഷന്‍ അല്ലെങ്കില്‍ 5 കിലോഗ്രാം ഡബിള്‍ ബോട്ടില്‍ കണക്ഷന്‍ എന്നിവയിലേതും തിരഞ്ഞെടുക്കാന്‍  ഗുണഭോക്താക്കള്‍ക്ക് അവസരമുണ്ട്.

ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ട് പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴില്‍ പാചകവാതക കണക്ഷന്‍ ലഭിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ണമായി ലളിതവും സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കിയിട്ടുണ്ട്.  നിലവില്‍ എല്‍പിജി കണക്ഷന്‍ ഇല്ലാത്ത ദരിദ്ര കുടുംബങ്ങളിലെ അര്‍ഹരായ സ്ത്രീകള്‍ക്ക് ലളിതമായ കെവൈസി അപേക്ഷാ ഫോറവും ദാരിദ്ര്യ സത്യവാങ്മൂലവും  ഓണ്‍ലൈനായോ (www.pmuy.gov.in) പൊതുമേഖലാ എണ്ണക്കമ്പനികളുടെ  എല്‍പിജി വിതരണക്കാര്‍ വഴിയോ സമര്‍പ്പിക്കാം.  അപേക്ഷകളുടെ ആവര്‍ത്തനം പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ച്  അപേക്ഷകന്റെ വീട്ടില്‍ കണക്ഷന്‍ നല്‍കുന്നു.  നിലവില്‍ അപേക്ഷ നല്‍കിയവര്‍ പുതുക്കിയ ഇകെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.


കൂടുതല്‍ വിവരങ്ങള്‍ക്കായി ഗുണഭോക്താക്കള്‍ക്ക് പിഎംയുവൈ ഔദ്യോഗിക പോര്‍ട്ടല്‍  www.pmuy.gov.in  സന്ദര്‍ശിക്കുകയോ  അടുത്തുള്ള പൊതുമേഖലാ എണ്ണക്കമ്പനികളുടെ എല്‍പിജി വിതരണക്കാരെ സമീപിക്കുകയോ ചെയ്യാം.
 

*************************


(Release ID: 2169859)