പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു
പ്രധാനമന്ത്രി ഏവർക്കും നവരാത്രി ആശംസകൾ നേർന്നു
സെപ്റ്റംബർ 22 മുതൽ, അടുത്തതലമുറ ജിഎസ്‌ടി പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരും: പ്രധാനമന്ത്രി
ഓരോ പൗരനിലും ജിഎസ്‌ടി ആനുകൂല്യങ്ങളുടെ പുതിയ തരംഗമെത്തും: പ്രധാനമന്ത്രി
ജിഎസ്‌ടി പരിഷ്കാരങ്ങൾ ഇന്ത്യയുടെ വളർച്ചാഗാഥയ്ക്കു വേഗം പകരും: പ്രധാനമന്ത്രി
പുതിയ ജിഎസ്‌ടി പരിഷ്കാരങ്ങൾ നടപ്പാക്കുകയാണ്; ഇനി 5%, 18% നികുതി സ്ലാബുകൾ മാത്രം: പ്രധാനമന്ത്രി
ജിഎസ്‌ടി കുറയ്ക്കുന്നതിലൂടെ, പൗരന്മാർക്ക് അവരുടെ സ്വപ്നസാക്ഷാത്കാരം എളുപ്പമാകും: പ്രധാനമന്ത്രി
പൗരന്മാർക്കുള്ള സേവനത്തിന്റെ സാരാംശം അടുത്തതലമുറ ജിഎസ്ടി പരിഷ്കാരങ്ങളിൽ വ്യക്തമായി പ്രതിഫലിക്കുന്നു: പ്രധാനമന്ത്രി
രാഷ്ട്രത്തിന് ആവശ്യമുള്ളതും ഇന്ത്യയിൽ നിർമിക്കാൻ കഴിയുന്നതും ഇന്ത്യയിൽത്തന്നെ നിർമിക്കണം: പ്രധാനമന്ത്രി
സ്വയംപര്യാപ്തതയിലൂടെ ഇന്ത്യയുടെ അഭിവൃദ്ധി കരുത്താർജിക്കും: പ്രധാനമന്ത്രി
നമുക്ക് ഇന്ത്യയിൽ നിർമിച്ച ഉൽപ്പന്നങ്ങൾ വാങ്ങാം: പ്രധാനമന്ത്രി
Posted On:
21 SEP 2025 5:50PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. ശക്തിയെ ആരാധിക്കുന്ന ഉത്സവമായ നവരാത്രിയുടെ ആരംഭവേളയിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു. നവരാത്രിയുടെ ആദ്യദിവസംമുതൽ സ്വയംപര്യാപ്ത ഇന്ത്യ യജ്ഞം മുന്നോട്ടുകൊണ്ടുപോകുന്നതിൽ രാജ്യം സുപ്രധാന ചുവടുവയ്പ്പു നടത്തുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെപ്റ്റംബർ 22-നു സൂര്യോദയത്തോടെ രാജ്യത്ത് അടുത്തതലമുറ ജിഎസ്‌ടി പരിഷ്കാരങ്ങൾ നടപ്പാക്കും. ഇന്ത്യയിലുടനീളം ജിഎസ്‌ടി സമ്പാദ്യോത്സവത്തിന്റെ തുടക്കമാണിതെന്നു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ ഉത്സവം സമ്പാദ്യം വർധിപ്പിക്കുകയും ജനങ്ങൾക്ക് ഇഷ്ട ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ വാങ്ങാൻ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമ്പാദ്യോത്സവത്തിന്റെ പ്രയോജനം ദരിദ്രർ, മധ്യവർഗം, നവമധ്യവർഗം, യുവാക്കൾ, കർഷകർ, സ്ത്രീകൾ, കടയുടമകൾ, വ്യാപാരികൾ, സംരംഭകർ എന്നിവരിലേക്കു സമാനതോതിൽ എത്തിച്ചേരുമെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ ഉത്സവകാലത്ത് എല്ലാ വീടുകളിലും വളരെയധികം സന്തോഷവും മാധുര്യവും അനുഭവപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളമുള്ള കോടിക്കണക്കിനു കുടുംബങ്ങൾക്ക് അടുത്തതലമുറ ജിഎസ്‌ടി പരിഷ്കാരങ്ങളുടെയും ജിഎസ്‌ടി സമ്പാദ്യോത്സവത്തിന്റെയും പേരിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു. ഈ പരിഷ്കാരങ്ങൾ ഇന്ത്യയുടെ വളർച്ചാഗാഥയ്ക്കു വേഗംപകരുകയും, വ്യാപാരപ്രവർത്തനങ്ങൾ ലളിതമാക്കുകയും, നിക്ഷേപങ്ങൾ കൂടുതൽ ആകർഷകമാക്കുകയും, വികസനത്തിനായുള്ള മത്സരത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യപങ്കാളിത്തമേകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
2017-ൽ ഇന്ത്യ ജിഎസ്‌ടി പരിഷ്കരണത്തിലേക്ക് ആദ്യ ചുവടുവയ്പ്പു നടത്തിയതായി ഓർമിപ്പിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ പഴയ അധ്യായത്തിന്റെ അവസാനവും പുതിയ ഒന്നിന്റെ തുടക്കവും അത് അടയാളപ്പെടുത്തിയെന്നും വ്യക്തമാക്കി. പതിറ്റാണ്ടുകളായി, പൗരന്മാരും വ്യാപാരികളും ഒക്ട്രോയ്, എൻട്രി ടാക്സ്, സെയിൽസ് ടാക്സ്, എക്സൈസ്, വാറ്റ്, സർവീസ് ടാക്സ് എന്നിങ്ങനെ രാജ്യത്തുടനീളം ഡസൻകണക്കിനു ലെവികൾ വരുന്ന നികുതിയുടെ സങ്കീർണമായ വലയിൽപ്പെട്ട് ഉഴലുകയായിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു നഗരത്തിൽനിന്നു മറ്റൊന്നിലേക്കു സാധനങ്ങൾ കൊണ്ടുപോകാൻ വിവിധ ചെക്ക്‌പോസ്റ്റുകൾ കടക്കേണ്ടതുണ്ടായിരുന്നുവെന്നും നിരവധി ഫോമുകൾ പൂരിപ്പിക്കേണ്ടി വന്നിരുന്നുവെന്നും ഓരോ സ്ഥലത്തും വ്യത്യസ്ത നികുതിനിയമങ്ങളുടെ ആശയക്കുഴപ്പത്തിലൂടെ സഞ്ചരിക്കേണ്ടി വന്നിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014-ൽ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ ഒരു വിദേശപത്രത്തിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ഉദാഹരണം പരാമർശിച്ച് അദ്ദേഹം സ്വന്തം ഓർമകൾ പങ്കുവച്ചു. ബെംഗളൂരുവിൽനിന്നു ഹൈദരാബാദിലേക്ക്, വെറും 570 കിലോമീറ്റർ ദൂരത്തിൽ, സാധനങ്ങൾ അയയ്ക്കാൻ ഏറെ ബുദ്ധിമുട്ടനുഭവപ്പെട്ട ഒരു കമ്പനി നേരിട്ട വെല്ലുവിളികളെക്കുറിച്ചാണ് ആ ലേഖനം വിവരിച്ചത്. അതിനാൽ, ഒരു കമ്പനി ബെംഗളൂരുവിൽനിന്നു യൂറോപ്പിലേക്കു സാധനങ്ങൾ അയച്ച് അതിനുശേഷം ഹൈദരാബാദിലേക്ക് അയയ്ക്കാൻ നോക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.
നികുതികളുടെയും ടോളുകളുടെയും കുരുക്കിനാൽ ഇതുപോലുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മുമ്പത്തെ ഉദാഹരണം അനേകം സന്ദർഭങ്ങളിൽ ഒന്നു മാത്രമാണെന്ന് അദ്ദേഹം ആവർത്തിച്ചു. വിവിധ നികുതികളുടെ സങ്കീർണമായ ശൃംഖല കാരണം ലക്ഷക്കണക്കിനു കമ്പനികളും കോടിക്കണക്കിനു പൗരന്മാരും ദൈനംദിന ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു നഗരത്തിൽനിന്നു മറ്റൊന്നിലേക്കു സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള വർധിച്ച ചെലവ് ആത്യന്തികമായി വഹിക്കുന്നതു ദരിദ്രരാണെന്നും പൊതുജനങ്ങളെപ്പോലുള്ള ഉപഭോക്താക്കളിൽനിന്നാണ് അത് ഈടാക്കിയിരുന്നതെന്നും ശ്രീ മോദി പറഞ്ഞു.
നിലവിലുണ്ടായിരുന്ന നികുതിസങ്കീർണതകളിൽനിന്നു രാജ്യത്തെ മോചിപ്പിക്കേണ്ടത് അനിവാര്യമായിരുന്നെന്നു പറഞ്ഞ ശ്രീ മോദി, 2014-ൽ അധികാരത്തിൽ വന്നപ്പോൾ, ജനങ്ങളുടെയും രാജ്യത്തിന്റെയും താൽപ്പര്യാർഥം ഗവണ്മെന്റ് ജിഎസ്‌ടിക്കു മുൻഗണന നൽകിയതായി ഓർമിപ്പിച്ചു. ബന്ധപ്പെട്ട എല്ലാവരുമായും വിപുലമായ കൂടിയാലോചനകൾ നടത്തിയതായും, സംസ്ഥാനങ്ങൾ ഉന്നയിച്ച എല്ലാ ആശങ്കകളും പരിഹരിക്കപ്പെട്ടതായും, എല്ലാ ചോദ്യങ്ങൾക്കും പരിഹാരങ്ങൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളെയും ഒരുമിച്ചു കൊണ്ടുവന്നാണു സ്വതന്ത്ര ഇന്ത്യയിൽ ഇത്രയും വലിയൊരു നികുതി പരിഷ്കരണം സാധ്യമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സംയുക്തശ്രമങ്ങളുടെ ഫലമായാണു രാജ്യം വിവിധ നികുതികളുടെ സങ്കീർണതകളിൽനിന്നു മോചനം നേടിയതെന്നും രാജ്യമെമ്പാടും ഏകീകൃത സംവിധാനം സ്ഥാപിക്കപ്പെട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു രാഷ്ട്രം-ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
പരിഷ്കരണം തുടർച്ചയായ പ്രക്രിയയാണെന്നും കാലം മാറുകയും ദേശീയ ആവശ്യങ്ങൾ വികസിക്കുകയും ചെയ്യുമ്പോൾ, അടുത്തതലമുറ പരിഷ്കാരങ്ങൾ അതുപോലെ അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ നിലവിലെ ആവശ്യകതകളും ഭാവി അഭിലാഷങ്ങളും കണക്കിലെടുത്ത്, ഈ പുതിയ ജിഎസ്‌ടി പരിഷ്കാരങ്ങൾ നടപ്പാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഘടനയിൽ 5%, 18% നികുതിസ്ലാബുകൾ മാത്രമേ പ്രാഥമികമായി നിലനിൽക്കൂ എന്നു ശ്രീ മോദി വ്യക്തമാക്കി. അതായത്, മിക്ക ദൈനംദിന ഉപഭോഗവസ്തുക്കളും കൂടുതൽ താങ്ങാനാകുന്ന നിരക്കിലേക്കു മാറും - അദ്ദേഹം അഭിപ്രായപ്പെട്ടു. നികുതിരഹിതമാകുന്നതോ, അതല്ലെങ്കിൽ 5% നികുതി മാത്രം ഈടാക്കുന്നതോ ആയ നിരവധി സാധനങ്ങളുടെയും സേവനങ്ങളുടെയും പട്ടികയിൽ ഭക്ഷ്യവസ്തുക്കൾ, മരുന്ന്, സോപ്പ്, പല്ലുതേക്കുന്ന ബ്രഷ്, പേസ്റ്റ്, ആരോഗ്യം, ലൈഫ് ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്നു. മുമ്പ് 12% നികുതി ചുമത്തിയിരുന്ന ഇനങ്ങളിൽ 99%, അതായത് മിക്കവാറും എല്ലാം, ഇപ്പോൾ 5% നികുതിപരിധിയിൽ കൊണ്ടുവന്നെന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ പതിനൊന്നു വർഷത്തിനിടെ 25 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തെ അതിജീവിച്ച്, രാജ്യത്തിന്റെ പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന പ്രധാന നവ മധ്യവർഗ വിഭാഗമായി ഉയർന്നുവന്നെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ നവമധ്യവർഗത്തിന് അവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്. ഈ വർഷം, 12 ലക്ഷം രൂപവരെയുള്ള വരുമാനം നികുതിരഹിതമാക്കിയതിലൂടെ ഗവണ്മെന്റ് ജനങ്ങൾക്കു നികുതിയിളവു സമ്മാനിച്ചു. ഇത് ഇടത്തരക്കാരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുകയും സുഗമമാക്കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ ദരിദ്രരും നവമധ്യവർഗവും നേട്ടങ്ങൾ കൈവരിക്കേണ്ട സമയമാണെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. ആദ്യം ആദായനികുതി ഇളവിലൂടെയും ഇപ്പോൾ കുറഞ്ഞ ജിഎസ്‌ടിയിലൂടെയും അവർക്ക് ഇരട്ടിനേട്ടം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്‌ടി നിരക്കുകൾ കുറയ്ക്കുന്നതിലൂടെ, വീട് പണിയുന്നതും, ടിവിയോ റഫ്രിജറേറ്ററോ വാങ്ങുന്നതും, സ്കൂട്ടറോ ബൈക്കോ കാറോ വാങ്ങുന്നതും ഉൾപ്പെടെയുള്ള സ്വകാര്യസ്വപ്നങ്ങൾ നിറവേറ്റാൻ പൗരന്മാർക്ക് എളുപ്പത്തിൽ സാധിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. മിക്ക ഹോട്ടൽമുറികളുടെയും ജിഎസ്‌ടി കുറച്ചതിനാൽ യാത്രയും കൂടുതൽ ചെലവുകുറഞ്ഞതാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജിഎസ്‌ടി പരിഷ്കാരങ്ങളോടുള്ള കടയുടമകളുടെ ആവേശകരമായ പ്രതികരണത്തിൽ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. ജിഎസ്‌ടി ഇളവുകളുടെ നേട്ടങ്ങൾ ഉപഭോക്താക്കൾക്കു കൈമാറുന്നതിനായി അവർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിഷ്കാരങ്ങൾക്കുമുമ്പും ശേഷവുമുള്ള വില താരതമ്യപ്പെടുത്തുന്ന ബോർഡുകൾ പലയിടത്തും പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.
‘നാഗരിക് ദേവോഭവ’ എന്ന തത്വം അടുത്തതലമുറ ജിഎസ്ടി പരിഷ്കാരങ്ങളിൽ വ്യക്തമായി പ്രതിഫലിക്കുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ വർഷം സ്വീകരിച്ച തീരുമാനങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്ക് ₹2.5 ലക്ഷം കോടിയിലധികം ലാഭിക്കാൻ സഹായിക്കുമെന്ന് എടുത്തുകാട്ടി. അതുകൊണ്ടാണ് ഇതിനെ ‘സമ്പാദ്യോത്സവം’ എന്നു വിളിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വികസിത ഇന്ത്യ എന്ന ലക്ഷ്യം സഫലമാക്കാൻ സ്വയംപര്യാപ്തതയുടെ പാതയിൽ അചഞ്ചലമായ പ്രതിജ്ഞാബദ്ധത ആവശ്യമാണെന്നു പറഞ്ഞ ശ്രീ മോദി, ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിൽ പ്രധാന ഉത്തരവാദിത്വം ഇന്ത്യയിലെ സൂക്ഷ്മ-ചെറുകിട-കുടിൽ വ്യവസായങ്ങളായ MSME-കൾക്കാണെന്നു പ്രസ്താവിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതും രാജ്യത്തിനുള്ളിൽ നിർമിക്കാൻ കഴിയുന്നതുമായ എന്തും ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കണമെന്നതിനും അദ്ദേഹം ഊന്നൽ നൽകി.
കുറഞ്ഞ ജിഎസ്‌ടി നിരക്കും ലളിതമായ നടപടിക്രമങ്ങളും ഇന്ത്യയിലെ MSME-കൾക്കും, ചെറുകിട വ്യവസായങ്ങൾക്കും, കുടിൽ വ്യവസായങ്ങൾക്കും വലിയ തോതിൽ പ്രയോജനപ്പെടുമെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, ഈ പരിഷ്കാരങ്ങൾ അവയുടെ വിൽപ്പന വർധിപ്പിക്കുകയും നികുതിഭാരം കുറയ്ക്കുകയും ചെയ്യുമെന്നും ഇത് ഇരട്ടി നേട്ടമുണ്ടാക്കുമെന്നും അഭിപ്രായപ്പെട്ടു. MSME-കളുടെ കാര്യത്തിൽ വലിയ പ്രതീക്ഷ പുലർത്തുന്നതായി പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യ സമൃദ്ധിയുടെ കൊടുമുടിയിൽ ആയിരുന്ന കാലത്തു സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്ന നിലയിൽ അവയ്ക്കുള്ള ചരിത്രപരമായ പങ്കിനെ ഉയർത്തിക്കാട്ടുകയും ചെയ്തു. ഇന്ത്യയുടെ ഉൽപ്പാദനവും ഉൽപ്പന്ന ഗുണനിലവാരവും ഒരുകാലത്ത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതും മികച്ചതുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ അഭിമാനം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയ്ക്കു ശ്രീ മോദി ഊന്നൽ നൽകി. ചെറുകിട വ്യവസായങ്ങൾ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ ഏറ്റവും ഉയർന്ന ആഗോള മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഉൽപ്പാദനം ആത്മാഭിമാനത്തോടെയും ഉന്നതനിലവാരത്തോടെയും എല്ലാ മാനദണ്ഡങ്ങളെയും മറികടക്കണമെന്നും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം രാജ്യത്തിന്റെ ആഗോള സ്വത്വവും അന്തസ്സും വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യം മനസ്സിൽവച്ചു പ്രവർത്തിക്കാൻ ബന്ധപ്പെട്ട എല്ലാ പങ്കാളികളോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
സ്വദേശി എന്ന സന്ദേശം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനു ശക്തി പകർന്നതുപോലെ, രാജ്യത്തിന്റെ അഭിവൃദ്ധിയിലേക്കുള്ള യാത്രയ്ക്കും അത് ഊർജമേകുമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പല വിദേശവസ്തുക്കളും നാമറിയാതെ ദൈനംദിനജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടെന്നും, പൗരന്മാർക്കു പലപ്പോഴും അവരുടെ പോക്കറ്റിലെ ചീപ്പ് വിദേശത്തുനിന്നുള്ളതാണോ തദ്ദേശീയമാണോ എന്നു മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിൽ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയിൽനിന്നു നാം മോചിതരാകേണ്ടതിന്റെ ആവശ്യകതയ്ക്കും ശ്രീ മോദി ഊന്നൽ നൽകി. രാജ്യത്തെ യുവാക്കളുടെ കഠിനാധ്വാനവും വിയർപ്പും നിറഞ്ഞ ഇന്ത്യൻനിർമിത ഉൽപ്പന്നങ്ങൾ വാങ്ങാൻ അദ്ദേഹം ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. ഓരോ വീടും സ്വദേശി ഉൽപ്പന്നങ്ങളുടെ പ്രതീകമായി മാറണമെന്നും എല്ലാ കടകളും തദ്ദേശീയ ഉൽപ്പന്നങ്ങളാൽ അലംകൃതമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. “ഞാൻ സ്വദേശി ഉൽപ്പന്നങ്ങൾ വാങ്ങുന്നു”, “ഞാൻ സ്വദേശി ഉൽപ്പന്നങ്ങൾ വിൽക്കുന്നു” എന്ന നിലയിൽ സ്വദേശി ഉൽപ്പന്നങ്ങളോടുള്ള പ്രതിജ്ഞാബദ്ധത അഭിമാനത്തോടെ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി പൗരന്മാരെ പ്രോത്സാഹിപ്പിച്ചു, ഈ മനോഭാവം ഓരോ ഇന്ത്യക്കാരനിലും സ്വാഭാവികമായി വളരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരമൊരു പരിവർത്തനം ഇന്ത്യയുടെ വികസനവേഗം വർധിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എല്ലാ സംസ്ഥാന ഗവണ്മെന്റുകളോടും അവരുടെ പ്രദേശങ്ങളിലെ ഉൽപ്പാദനം പൂർണ ഊർജത്തോടെയും ഉത്സാഹത്തോടെയും പ്രോത്സാഹിപ്പിക്കണമെന്നും നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതിലൂടെ സ്വയംപര്യാപ്ത ഇന്ത്യ, സ്വദേശി യജ്ഞം എന്നിവയെ സജീവമായി പിന്തുണയ്ക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചു മുന്നോട്ടു നീങ്ങുമ്പോൾ, സ്വയംപര്യാപ്ത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്നും, എല്ലാ സംസ്ഥാനങ്ങളും വികസിക്കുമെന്നും, ഇന്ത്യ വികസിത രാഷ്ട്രമായി മാറുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ജിഎസ്‌ടി സമ്പാദ്യോത്സവത്തിനും നവരാത്രി മഹോത്സവത്തിനും ഊഷ്മളമായ ആശംസകൾ നേർന്നാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്.
My address to the nation. https://t.co/OmgbHSmhsi
— Narendra Modi (@narendramodi) September 21, 2025
PM @narendramodi extends Navratri greetings. pic.twitter.com/4XZVg4xJ39
— PMO India (@PMOIndia) September 21, 2025
From 22nd September, the next-generation GST reforms will come into effect. pic.twitter.com/XfROd215rP
— PMO India (@PMOIndia) September 21, 2025
A new wave of GST benefits is coming to every citizen. pic.twitter.com/y7GXC9S3vo
— PMO India (@PMOIndia) September 21, 2025
GST reforms will accelerate India's growth story. pic.twitter.com/GJj2h7Jbbo
— PMO India (@PMOIndia) September 21, 2025
New GST reforms are being implemented. Only 5% and 18% tax slabs will now remain. pic.twitter.com/Yy7rynnh6E
— PMO India (@PMOIndia) September 21, 2025
With lower GST, it will be easier for citizens to fulfill their dreams. pic.twitter.com/NFzPI5YCHI
— PMO India (@PMOIndia) September 21, 2025
The essence of serving citizens is reflected clearly in the next-generation GST reforms. pic.twitter.com/VM8eNtx5Qp
— PMO India (@PMOIndia) September 21, 2025
What the nation needs and what can be made in India should be made within India itself. pic.twitter.com/4UllVk42pK
— PMO India (@PMOIndia) September 21, 2025
India's prosperity will draw strength from self-reliance. pic.twitter.com/4si5mDH4Zd
— PMO India (@PMOIndia) September 21, 2025
Let's buy products that are Made in India. pic.twitter.com/Mb1j7gtv7h
— PMO India (@PMOIndia) September 21, 2025
******
NK
(Release ID: 2169360)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada