പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡൽഹിയിൽ ഗ്യാൻ ഭാരതത്തെക്കുറിച്ചുള്ള (ജ്ഞാനഭാരതം) അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

Posted On: 12 SEP 2025 9:44PM by PIB Thiruvananthpuram

കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത് ജി, സാംസ്കാരിക സഹമന്ത്രി റാവു ഇന്ദ്രജിത് സിംഗ് ജി,  പണ്ഡിതരേ,  സ്ത്രീകളേ, മാന്യരേ!

ഇന്ന് വിജ്ഞാന്‍ ഭവൻ ഇന്ത്യയുടെ സുവർണ്ണ ഭൂതകാലത്തിന്റെ നവോത്ഥാനത്തിന് സാക്ഷ്യം വഹിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ ജ്ഞാനഭാരതം മിഷൻ പ്രഖ്യാപിച്ചു. ഇന്ന് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഞങ്ങൾ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പോർട്ടലും അടുത്തിടെ ആരംഭിച്ചു. ഇത് ഒരു ഗവൺമെന്റ് അല്ലെങ്കിൽ അക്കാദമിക് പരിപാടിയല്ല; ജ്ഞാനഭാരതം മിഷൻ ഇന്ത്യയുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ബോധത്തിന്റെയും വിളംബരമായി മാറാൻ പോകുന്നു. ആയിരക്കണക്കിന് തലമുറകളുടെ ചിന്തകളും ധ്യാനവും, ഇന്ത്യയിലെ മഹാന്മാരായ ഋഷിമാരുടെയും പണ്ഡിതരുടെയും ജ്ഞാനവും ഗവേഷണവും, നമ്മുടെ അറിവ് പാരമ്പര്യങ്ങളും, നമ്മുടെ ശാസ്ത്ര പൈതൃകവും,തുടങ്ങിയവ  ജ്ഞാനഭാരതം മിഷനിലൂടെ  ഡിജിറ്റൈസ് ചെയ്യാൻ പോകുന്നു. ഈ ദൗത്യത്തിന് എല്ലാ നാട്ടുകാരെയും ഞാൻ അഭിനന്ദിക്കുന്നു. ജ്ഞാൻ ഭാരതത്തിന്റെ മുഴുവൻ ടീമിനും സാംസ്കാരിക മന്ത്രാലയത്തിനും ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.

സുഹൃത്തുക്കളേ,

ഒരു കൈയെഴുത്തുപ്രതി നോക്കുമ്പോൾ, ആ അനുഭവം സമയത്തിൻ്റെ  യാത്ര പോലെയാണ്. ഇന്നത്തെ സാഹചര്യങ്ങളും പഴയ സാഹചര്യങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന ചിന്തയും മനസ്സിൽ വരുന്നു. ഇന്ന് നമുക്ക് കീബോർഡിന്റെ സഹായത്തോടെ വളരെയധികം എഴുതാൻ കഴിയും, ഇല്ലാതാക്കാനും തിരുത്താനുമുള്ള വഴികളുമുണ്ട് , പ്രിന്ററുകളുടെ സഹായത്തോടെ നമുക്ക് ഒരു പേജിന്റെ ആയിരക്കണക്കിന് പകർപ്പുകൾ നിർമ്മിക്കാൻ കഴിയും, എന്നാൽ നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ലോകത്തെ സങ്കൽപ്പിക്കുക, അക്കാലത്ത് അത്തരം ആധുനിക ഭൗതിക വിഭവങ്ങൾ ഇല്ലായിരുന്നു, നമ്മുടെ പൂർവ്വികർക്ക്  ബൗദ്ധിക വിഭവങ്ങളെ മാത്രം  ആശ്രയിക്കേണ്ടി വന്നു . ഓരോ കത്തും എഴുതുമ്പോൾ എത്രമാത്രം ശ്രദ്ധ ആവശ്യമായിരുന്നു, ഓരോ പുസ്തകത്തിനും വളരെയധികം കഠിനാധ്വാനം ആവശ്യമായിരുന്നു, അക്കാലത്ത് പോലും ഇന്ത്യയിലെ ജനങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറികൾ നിർമ്മിച്ചിരുന്നു. ഇന്നും ലോകത്തിലെ ഏറ്റവും വലിയ കൈയെഴുത്തുപ്രതി ശേഖരം ഇന്ത്യയിലാണ്. നമുക്ക് ഏകദേശം 1 കോടി കൈയെഴുത്തുപ്രതികളുണ്ട്. 1 കോടി എന്ന കണക്കും ചെറുതല്ല .

സുഹൃത്തുക്കളേ,

ചരിത്രത്തിന്റെ ക്രൂരമായ പ്രഹരങ്ങളിൽ, ദശലക്ഷക്കണക്കിന് കൈയെഴുത്തുപ്രതികൾ കത്തി നശിച്ചു, പക്ഷേ അവശേഷിച്ചവ നമ്മുടെ പൂർവ്വികർക്ക് അറിവ്, ശാസ്ത്രം, വായന, പഠിപ്പിക്കൽ എന്നിവയോടുള്ള സമർപ്പണം എത്രത്തോളം ആഴമേറിയതും വിശാലവുമായിരുന്നു എന്നതിൻ്റെ സാക്ഷ്യം വഹിക്കുന്നു. ഭോജ്പത്രയും താളിയോലകളും (താഡ്പത്ര) കൊണ്ട് നിർമ്മിച്ച ദുർബലമായ ഗ്രന്ഥങ്ങൾ, ചെമ്പ് തകിടുകളിൽ (താമ്രപത്ര) എഴുതിയ വാക്കുകൾ ലോഹനാശത്തിന്(ദ്രവിക്കലിന്)സാധ്യതയുള്ളവയായിരുന്നു, എന്നാൽ നമ്മുടെ പൂർവ്വികർ വാക്കുകളെ ദൈവമായി കണക്കാക്കുകയും 'അക്ഷര ബ്രഹ്മ ഭാവ'ത്തിലൂടെ അവയെ സേവിക്കുകയും ചെയ്തു. തലമുറതലമുറയായി കുടുംബങ്ങൾ ആ പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും സംരക്ഷിച്ചുകൊണ്ടിരുന്നു. അറിവിനോടുള്ള അതിരറ്റ ബഹുമാനം, ഭാവി തലമുറകളോടുള്ള ഉത്കണ്ഠ, സമൂഹത്തോടുള്ള ഉത്തരവാദിത്തം, രാജ്യത്തോടുള്ള സമർപ്പണബോധം - ഇതിനേക്കാൾ വലിയ ഉദാഹരണം നമുക്ക് എവിടെ കണ്ടെത്താനാകും.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ വിജ്ഞാന പാരമ്പര്യം ഇന്നും സമ്പന്നമായി നിലനിൽക്കുന്നതിന് കാരണം  അതിന്റെ അടിത്തറ നാല് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതായതുകൊണ്ടാണ്.  ഒന്നാമത്തേത്- സംരക്ഷണം, രണ്ടാമത്തേത്- നവീകരണം, മൂന്നാമത്തേത്- കൂട്ടിച്ചേർക്കൽ, നാലാമത്തേത്- പൊരുത്തപ്പെടുത്തൽ.

സുഹൃത്തുക്കളേ,

സംരക്ഷണത്തെക്കുറിച്ച് ഞാൻ പറയുകയാണെങ്കിൽ, നമ്മുടെ ഏറ്റവും പുരാതന ഗ്രന്ഥങ്ങളായ വേദങ്ങൾ ഇന്ത്യൻ സംസ്കാരത്തിന്റെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്നുവെന്ന് നിങ്ങൾക്കറിയാം, വേദങ്ങൾ പരമോന്നതമാണ്. മുമ്പ് 'ശ്രുതി'യുടെ അടിസ്ഥാനത്തിലാണ് വേദങ്ങൾ അടുത്ത തലമുറയ്ക്ക് കൈമാറിയത്. ആയിരക്കണക്കിന് വർഷങ്ങളായി, വേദങ്ങൾ ഒരു തെറ്റും കൂടാതെ ആധികാരികതയോടെ സംരക്ഷിക്കപ്പെട്ടിരുന്നു. നമ്മുടെ ഈ പാരമ്പര്യത്തിന്റെ രണ്ടാമത്തെ സ്തംഭം  നവീകരണമാണ്. ആയുർവേദം, വാസ്തു ശാസ്ത്രം, ജ്യോതിഷം, ലോഹശാസ്ത്രം എന്നിവയിൽ നാം നിരന്തരം നവീകരണം നടത്തിയിട്ടുണ്ട്. ഓരോ തലമുറയും മുമ്പത്തേതിനേക്കാൾ പുരോഗമിച്ചു, പഴയ അറിവിനെ കൂടുതൽ ശാസ്ത്രീയമാക്കി. സൂര്യ സിദ്ധാന്തം, വരാഹമിഹിര സംഹിത തുടങ്ങിയ ഗ്രന്ഥങ്ങൾ തുടർച്ചയായി എഴുതപ്പെട്ടുകൊണ്ടിരുന്നു, പുതിയ അറിവുകൾ അവയിലേക്ക് ചേർത്തുകൊണ്ടിരുന്നു. നമ്മുടെ സംരക്ഷണത്തിന്റെ മൂന്നാമത്തെ സ്തംഭം  കൂട്ടിച്ചേർക്കലാണ്. അതായത്, ഓരോ തലമുറയും, പഴയ അറിവ് സംരക്ഷിക്കുന്നതിനൊപ്പം, പുതിയ എന്തെങ്കിലും സംഭാവന ചെയ്തു. ഉദാഹരണത്തിന്, വാൽമീകി രാമായണത്തിന് ശേഷം നിരവധി രാമായണങ്ങൾ എഴുതപ്പെട്ടു. രാമചരിതമാനസങ്ങൾ പോലുള്ള ഗ്രന്ഥങ്ങൾ നമുക്ക് ലഭിച്ചു. വേദങ്ങളെയും ഉപനിഷത്തുക്കളെയും കുറിച്ച് വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്. നമ്മുടെ ആചാര്യന്മാർ ദ്വൈതം, അദ്വൈതം തുടങ്ങിയ വിശദീകരണങ്ങൾ നൽകി.

സുഹൃത്തുക്കളേ,

അതുപോലെ, നാലാമത്തെ സ്തംഭം - പൊരുത്തപ്പെടുത്തൽ. അതായത്, കാലക്രമേണ നമ്മൾ ആത്മപരിശോധന നടത്തുകയും ആവശ്യാനുസരണം സ്വയം മാറുകയും ചെയ്തു. ചർച്ചകൾക്ക് പ്രാധാന്യം നൽകുകയും ശാസ്ത്രാർത്ഥ പാരമ്പര്യം പിന്തുടരുകയും ചെയ്തു. പിന്നീട് സമൂഹം അപ്രസക്തമായി മാറിയ ആശയങ്ങൾ ഉപേക്ഷിച്ച് പുതിയ ആശയങ്ങൾ സ്വീകരിച്ചു. മധ്യകാലഘട്ടത്തിൽ, നിരവധി തിന്മകൾ സമൂഹത്തിലേക്ക് കടന്നുവന്നപ്പോൾ, സമൂഹത്തിന്റെ മനസ്സാക്ഷിയെ ഉണർത്താൻ പ്രമുഖ വ്യക്തികൾ ഉയർന്നുവരികയും അവർ  പൈതൃകത്തെ സംരക്ഷിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്തു. 

സുഹൃത്തുക്കളേ,

രാഷ്ട്രങ്ങളെ കുറിച്ചുള്ള  ആധുനിക സങ്കൽപ്പങ്ങൾക്ക് പുറമെ, ഇന്ത്യയ്ക്ക് ഒരു സാംസ്കാരിക സ്വത്വമുണ്ട്, സ്വന്തം ബോധമുണ്ട്, സ്വന്തം ആത്മാവുണ്ട്. ഇന്ത്യയുടെ ചരിത്രം സുൽത്താനേറ്റുകളുടെ വിജയപരാജയങ്ങളെക്കുറിച്ചല്ല. നമ്മുടെ നാട്ടുരാജ്യങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ഭൂമിശാസ്ത്രം മാറിക്കൊണ്ടിരുന്നു, എന്നാൽ  ഹിമാലയം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ, ഇന്ത്യ കേടുകൂടാതെ തുടർന്നു. ഇന്ത്യ അതിൽത്തന്നെ ഒരു ജീവനുള്ള പ്രവാഹമായതിനാൽ, അത് അതിന്റെ ചിന്തകളാലും ആദർശങ്ങളാലും മൂല്യങ്ങളാലും സൃഷ്ടിക്കപ്പെട്ടതാണ്. ഇന്ത്യയുടെ പുരാതന കൈയെഴുത്തുപ്രതികളിൽ, ഇന്ത്യയുടെ തുടർച്ചയായ ഒഴുക്കിന്റെ രേഖകൾ നമുക്ക് കാണാം. ഈ കൈയെഴുത്തുപ്രതികൾ നമ്മുടെ വൈവിധ്യത്തിലെ ഏകത്വത്തിന്റെ പ്രഖ്യാപനമാണ്, ഒരു വിളംബരവുമാണ്. നമ്മുടെ രാജ്യത്ത് ഏകദേശം 80 ഭാഷകളിൽ കൈയെഴുത്തുപ്രതികൾ ഉണ്ട്. സംസ്കൃതം, പ്രാകൃതം, ആസാമീസ്, ബംഗാളി, കന്നഡ, കാശ്മീരി, കൊങ്കണി, മൈഥിലി, മലയാളം, മറാത്തി തുടങ്ങി നിരവധി ഭാഷകളിലായി നമുക്ക് അറിവിന്റെ ഒരു വലിയ സമുദ്രമുണ്ട്. ഗിൽഗിറ്റ് കൈയെഴുത്തുപ്രതികൾ കശ്മീരിന്റെ ആധികാരിക ചരിത്രം നമ്മോട് പറയുന്നു. ഇപ്പോൾ നടക്കുന്ന ചെറിയ പ്രദർശനം കാണാൻ ഞാൻ പോയി. കൈയ്യെഴുത്തുപ്രതികളെക്കുറിച്ച്  അവിടെ വിശദമായി വിവരിച്ചിട്ടുണ്ട്, അതിന്റെ ചിത്രങ്ങളും ഉണ്ട്. കൗടില്യ അർത്ഥശാസ്ത്രത്തിന്റെ കൈയെഴുത്തുപ്രതിയിൽ, ഇന്ത്യയുടെ രാഷ്ട്രീയ ശാസ്ത്രത്തെയും സാമ്പത്തിക ശാസ്ത്രത്തെയും കുറിച്ചുള്ള ധാരണയെക്കുറിച്ച് നമുക്ക് മനസ്സിലാക്കാൻ കഴിയും. ആചാര്യ ഭദ്രബാഹുവിന്റെ കല്പസൂത്രത്തിന്റെ കൈയെഴുത്തുപ്രതിയിൽ, ജൈനമതത്തെക്കുറിച്ചുള്ള പുരാതന അറിവ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ശ്രീബുദ്ധനെക്കുറിച്ചുള്ള അറിവ് സാരനാഥിന്റെ കൈയെഴുത്തുപ്രതികളിൽ ലഭ്യമാണ്. രാസമഞ്ജരി, ഗീതഗോവിന്ദം തുടങ്ങിയ കൈയെഴുത്തുപ്രതികൾ ഭക്തി, സൗന്ദര്യം, സാഹിത്യം എന്നിവയുടെ വൈവിധ്യമാർന്ന നിറങ്ങൾ സംരക്ഷിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഇന്ത്യയിലെ ഈ കൈയെഴുത്തുപ്രതികളിൽ മുഴുവൻ മനുഷ്യരാശിയുടെയും വികസന യാത്രയുടെ കാൽപ്പാടുകൾ അടങ്ങിയിരിക്കുന്നു. ഈ കൈയെഴുത്തുപ്രതികളിൽ ശാസ്ത്രത്തോടൊപ്പം തത്ത്വചിന്തയും ഉണ്ട്. അവയിൽ വൈദ്യശാസ്ത്രവും തത്ത്വമീമാംസയും അടങ്ങിയിരിക്കുന്നു. ഇവയിൽ കല, ജ്യോതിശാസ്ത്രം, വാസ്തുവിദ്യ എന്നിവയുണ്ട്. നിങ്ങൾക്ക് എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും എടുക്കാം. ഗണിതശാസ്ത്രം മുതൽ ബൈനറി അധിഷ്ഠിത കമ്പ്യൂട്ടർ സയൻസ് വരെ, മുഴുവൻ ആധുനിക ശാസ്ത്രത്തിന്റെയും അടിസ്ഥാനം പൂജ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പൂജ്യം ഇന്ത്യയിൽ കണ്ടെത്തിയതായി നിങ്ങൾക്കെല്ലാവർക്കും അറിയാം. പൂജ്യത്തിന്റെയും ഗണിതശാസ്ത്ര സൂത്രവാക്യങ്ങളുടെയും ആ പുരാതന ഉപയോഗത്തിന്റെ തെളിവുകൾ ഇപ്പോഴും ബക്ഷാലി കൈയെഴുത്തുപ്രതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. യശോമിത്രയുടെ ബോവർ കൈയെഴുത്തുപ്രതി നൂറ്റാണ്ടുകൾ പഴക്കമുള്ള വൈദ്യശാസ്ത്രത്തെക്കുറിച്ച് നമ്മോട് പറയുന്നു. ചരക് സംഹിത, സുശ്രുത സംഹിത തുടങ്ങിയ ഗ്രന്ഥങ്ങളുടെ കൈയെഴുത്തുപ്രതികളിൽ ഇന്നുവരെയുള്ള  ആയുർവേദത്തെക്കുറിച്ചുള്ള അറിവ് സംരക്ഷിച്ചിട്ടുണ്ട്. സുൽവ സൂത്രത്തിൽ നമുക്ക് പുരാതന ജ്യാമിതീയ അറിവ് ലഭിക്കുന്നു. കൃഷി പരാശരയിൽ കൃഷിയെക്കുറിച്ചുള്ള പരമ്പരാഗത അറിവിനെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക് ലഭിക്കുന്നു. നാട്യശാസ്ത്രം പോലുള്ള ഗ്രന്ഥങ്ങളുടെ കൈയെഴുത്തുപ്രതികൾ മനുഷ്യന്റെ വൈകാരിക വികാസത്തിന്റെ യാത്ര മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.

സുഹൃത്തുക്കളേ,

ഓരോ രാജ്യവും തങ്ങളുടെ ചരിത്രപരമായ കാര്യങ്ങളെ നാഗരികതയുടെ ആസ്തിയായും മഹത്വമായും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നു. ലോകത്തിലെ രാജ്യങ്ങൾക്ക് ഏതെങ്കിലും കൈയെഴുത്തുപ്രതികളോ, ഏതെങ്കിലും കലാരൂപങ്ങളോ ഉണ്ടെങ്കിൽ, അവർ അത് ഒരു ദേശീയ നിധിയായി സംരക്ഷിക്കുന്നു. ഇന്ത്യയ്ക്ക് ഇത്രയും വലിയ കൈയെഴുത്തുപ്രതികളുടെ നിധിയുണ്ട്, അത് രാജ്യത്തിന്റെ അഭിമാനമാണ്. അടുത്തിടെ, ഞാൻ കുവൈറ്റിൽ പോയി, അവിടെ  എന്റെ താമസത്തിനിടയിൽ, കൈയ്യെഴുത്തുപ്രതികളിൽ പരിജ്ഞാനീയരായ  4-6 വ്യക്തികളെ  കണ്ടെത്താൻ ഞാൻ ശ്രമിച്ചു , എനിക്ക് സമയമുണ്ടെങ്കിൽ, ഞാൻ അവരോടൊപ്പം കുറച്ച് സമയം ചെലവഴിക്കുമായിരുന്നു  അവരുടെ ചിന്താഗതി മനസ്സിലാക്കാൻ ശ്രമിച്ചേനെ  . നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് കടൽ വ്യാപാരം എങ്ങനെ നടന്നിരുന്നു എന്നതിനെക്കുറിച്ച് ധാരാളം രേഖകൾ കൈവശം വച്ചിരിക്കുന്ന ഒരു മാന്യനെ ഞാൻ കുവൈറ്റിൽ കണ്ടുമുട്ടി, അദ്ദേഹം വളരെയധികം ശേഖരിച്ചിട്ടുണ്ട്, അദ്ദേഹം വളരെ അഭിമാനത്തോടെ എന്റെ അടുക്കൽ വന്നു,അവിടെ എന്തെല്ലാമുണ്ടെന്ന്  ഞാൻ കണ്ടു, എല്ലാം എവിടെയായിരിക്കും എന്നും , ഇതെല്ലാം നമ്മൾ സംരക്ഷിക്കണം. ഇപ്പോൾ ഇന്ത്യ ഈ മഹത്വം അഭിമാനത്തോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പോകുന്നു. ലോകത്തിലെ എല്ലാ കൈയെഴുത്തുപ്രതികളും നമ്മൾ തിരയുകയും അവയെ തിരിച്ചുകൊണ്ടുവരണമെന്നും  ഇവിടെ പറഞ്ഞു, തുടർന്ന് പ്രധാനമന്ത്രി അത് ചെയ്യണമെന്ന് നിശബ്ദമായി പറഞ്ഞു. നമ്മളിൽ നിന്ന് മോഷ്ടിച്ച വിഗ്രഹങ്ങൾ വളരെ ചെറിയ അളവിൽ മാത്രമേ മുമ്പ് തിരികെ നൽകിയിരുന്നുള്ളൂ എന്ന് നിങ്ങൾക്കറിയാം, ഇന്ന് നൂറുകണക്കിന് പഴയ വിഗ്രഹങ്ങൾ തിരികെ നൽകുന്നുണ്ട്. ഞാൻ മനസ്സിലുറപ്പിച്ചതിനുശേഷം അവർ അത് എനിക്ക് നൽകാൻ വരുന്നതിനാൽ അവ തിരികെ വരുന്നില്ല, അങ്ങനെയല്ല. അത്തരം കൈകൾക്ക് അത് കൈമാറിയാൽ അതിന്റെ മഹത്വം വർദ്ധിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അവർക്ക് വിശ്വാസമുണ്ട്. ഇന്ന് ഇന്ത്യ ലോകത്ത് ഈ വിശ്വാസം സൃഷ്ടിച്ചു, ഇതാണ് ശരിയായ സ്ഥലമെന്ന് ആളുകൾക്ക് തോന്നുന്ന തരത്തിൽ . ഞാൻ മംഗോളിയയിലേക്ക് പോയപ്പോൾ, അവിടെ ബുദ്ധ സന്യാസിമാരുമായി സംവദിച്ചു , അവരുടെ കൈവശം ധാരാളം കൈയെഴുത്തുപ്രതികൾ ഉണ്ടെന്ന് ഞാൻ കണ്ടു. അതിനാൽ, എനിക്ക് അത് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ഞാൻ അവരോട് അഭ്യർത്ഥിച്ചു. ഞാൻ ആ കൈയെഴുത്തുപ്രതികളെല്ലാം കൊണ്ടുവന്നു, ഡിജിറ്റലൈസ് ചെയ്ത് അവർക്ക് തിരികെ നൽകി, ഇപ്പോൾ അത് അവരുടെ നിധിയായി മാറിയിരിക്കുന്നു.

സുഹൃത്തുക്കളേ,

ജ്ഞാനഭാരതം മിഷൻ ഈ മഹത്തായ കാമ്പെയ്‌നിന്റെ ഒരു പ്രധാന ഭാഗമാണ്. പൊതുജന പങ്കാളിത്തത്തോടെ രാജ്യത്തെ നിരവധി സംഘടനകൾ ഈ ശ്രമത്തിൽ സർക്കാരുമായി സഹകരിക്കുന്നു. കാശി നഗരി പ്രചാരണണി സഭ, കൊൽക്കത്തയിലെ ഏഷ്യാറ്റിക് സൊസൈറ്റി, ഉദയ്പൂരിലെ 'ധരോഹർ', ഗുജറാത്തിലെ കോബയിലെ ആചാര്യ ശ്രീ കൈലാശുരി ജ്ഞാനമന്ദിർ, ഹരിദ്വാറിലെ പതഞ്ജലി, പൂനെയിലെ ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തഞ്ചാവൂരിലെ സരസ്വതി മഹൽ ലൈബ്രറി,തുടങ്ങി  നൂറുകണക്കിന് സംഘടനകളുടെ സഹകരണത്തോടെ ഇതുവരെ ഒരു ദശലക്ഷത്തിലധികം കൈയെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. നിരവധി നാട്ടുകാർ മുന്നോട്ട് വന്ന് അവരുടെ കുടുംബ പൈതൃകം രാജ്യത്തിന് ലഭ്യമാക്കിയിട്ടുണ്ട്. ഈ സംഘടനകൾക്കും അത്തരം എല്ലാ നാട്ടുകാർക്കും ഞാൻ നന്ദി പറയുന്നു. തീർച്ചയായും ഒരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അടുത്തിടെ ഞാൻ ചില മൃഗസ്‌നേഹികളെ കണ്ടുമുട്ടി, നിങ്ങൾ എന്തിനാണ് ചിരിച്ചത്? നമ്മുടെ രാജ്യത്ത് അത്തരത്തിലുള്ള നിരവധി ആളുകളുണ്ട്, പ്രത്യേകത അവർ പശുവിനെ ഒരു മൃഗമായി കണക്കാക്കുന്നില്ല എന്നതാണ്. അതിനാൽ, അദ്ദേഹത്തോട് സംസാരിച്ചപ്പോൾ  ഞാൻ അദ്ദേഹത്തോട് പറഞ്ഞു, മൃഗചികിത്സയെക്കുറിച്ചുള്ള ധാരാളം അറിവുകൾ നമ്മുടെ രാജ്യത്ത് വേദങ്ങളിൽ എഴുതപ്പെട്ടിട്ടുണ്ട്,  നിരവധി കൈയെഴുത്തുപ്രതികൾ സാധ്യമാണ്. ഞാൻ ഗുജറാത്തിലായിരുന്നപ്പോൾ, ഗുജറാത്തിലെ ഏഷ്യൻ സിംഹത്തിൽ എനിക്ക് താൽപ്പര്യമുണ്ടായിരുന്നു, അതിൽ ഞാൻ വളരെയധികം താൽപ്പര്യം കാണിക്കാറുണ്ടായിരുന്നു. അതിനാൽ, അവർ വളരെയധികം വേട്ടയാടുകയും കുഴപ്പത്തിലാവുകയും ചെയ്താൽ, ഒരു വൃക്ഷമുണ്ടെന്നും അതിന്റെ പഴങ്ങൾ ഛർദ്ദി ഉണ്ടാക്കുമെന്നും അവർക്ക് അറിയാമായിരുന്നുവെന്ന് ഞാൻ കണ്ടെത്തി. അതായത്, സിംഹങ്ങളുടെ വാസസ്ഥലങ്ങൾ ഉള്ളിടത്തെല്ലാം അത്തരം ഫലവൃക്ഷങ്ങൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോൾ ഇത് നമ്മുടെ വേദങ്ങളിൽ എഴുതിയിട്ടുണ്ട്. ഇതെല്ലാം എഴുതിയ നിരവധി കൈയെഴുത്തുപ്രതികൾ നമ്മുടെ പക്കലുണ്ട്. ഞാൻ  പറയാൻ ഉദ്ദേശിക്കുന്നത്, നമുക്ക് വളരെയധികം അറിവ് ലഭ്യമാണ്, അത് എഴുതിയിട്ടുണ്ട്, നമ്മൾ അത് തിരയുകയും പര്യവേക്ഷണം ചെയ്യുകയും ഇന്നത്തെ സാഹചര്യത്തിൽ വ്യാഖ്യാനിക്കുകയും വേണം.

സുഹൃത്തുക്കളേ,

 ഇന്ത്യ ഒരിക്കലും പണത്തിന്റെ ശക്തി കൊണ്ട് അതിന്റെ അറിവ് അളന്നിട്ടില്ല. നമ്മുടെ सुष्टीका दानमतृ परम्.. അതായത്, അറിവാണ് ഏറ്റവും വലിയ ദാനം. അതുകൊണ്ടാണ്, പുരാതന കാലത്ത്, ഇന്ത്യയിലെ ജനങ്ങൾ കൈയെഴുത്തുപ്രതികൾ സൗജന്യമായി സംഭാവന ചെയ്തത്. ചൈനീസ് സഞ്ചാരിയായ ഹ്യൂയാൻ സാങ് ഇന്ത്യയിലേക്ക് വന്നപ്പോൾ, അദ്ദേഹം അറുനൂറ്റമ്പതിലധികം കൈയെഴുത്തുപ്രതികൾ കൊണ്ടുപോയി. ഞാൻ ജനിച്ച വാദ്‌നഗറിൽ, എന്റെ ഗ്രാമത്തിലാണ് അദ്ദേഹം വളരെക്കാലം ചിലവഴിച്ചതെന്ന്    ചൈനീസ് പ്രസിഡന്റ് ഒരിക്കൽ എന്നോട് പറഞ്ഞു. എന്നാൽ അദ്ദേഹം ഇവിടെ നിന്ന് ചൈനയിലേക്ക് മടങ്ങിയപ്പോൾ, പ്രസിഡന്റ് ഷിയുടെ ജന്മസ്ഥലത്താണ് താമസിച്ചിരുന്നത്. അങ്ങനെ,പ്രസിഡന്റ് ഷി  എന്നെ അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി, ഹ്യൂയാൻ സാങ് താമസിച്ചിരുന്ന സ്ഥലം കാണാൻ ഞാൻ അദ്ദേഹത്തോടൊപ്പം പോയി, പ്രസിഡന്റ് ഷി എനിക്ക് കൈയെഴുത്തുപ്രതികൾ പൂർണ്ണമായി കാണിച്ചുതന്നു, അതിൽ ഇന്ത്യയുടെ വിവരണത്തിന്റെ ചില ഖണ്ഡികകൾ ഉണ്ടായിരുന്നു, അത് വ്യാഖ്യാതാവ് അവിടെ എനിക്ക് വിശദീകരിച്ചു തന്നു. അത് മനസ്സിനെ വളരെയധികം ആകർഷിച്ചു . അദ്ദേഹം ഓരോ കാര്യവും നോക്കുകയും അതിൽ  അദ്ദേഹത്തിന് എന്ത് അമൂല്യമായുണ്ടാകുമെന്ന് ചിന്തിക്കുകയും ചെയ്തു . ഇന്ത്യയുടെ നിരവധി കൈയെഴുത്തുപ്രതികൾ ഇപ്പോഴും ചൈനയിൽ നിന്ന് ജപ്പാനിൽ എത്തിയിട്ടുണ്ട്. ഏഴാം നൂറ്റാണ്ടിൽ ജപ്പാനിലെ ഹോറിയുജി ആശ്രമത്തിൽ അവ ഒരു ദേശീയ നിധിയായി സംരക്ഷിക്കപ്പെട്ടിരുന്നു. ഇന്നും, ലോകത്തിലെ പല രാജ്യങ്ങളിലും ഇന്ത്യയുടെ പുരാതന കൈയെഴുത്തുപ്രതികൾ സൂക്ഷിച്ചിരിക്കുന്നു. ഗ്യാൻ ഭാരതം മിഷന്റെ കീഴിൽ, മനുഷ്യരാശിയുടെ ഈ പങ്കിട്ട പൈതൃകം ഏകീകരിക്കാനും ഞങ്ങൾ ശ്രമിക്കും.

സുഹൃത്തുക്കളേ,

ജി-20 സാംസ്കാരിക സംവാദത്തിനിടയിലും ഞങ്ങൾ ഇതിന്  മുൻകൈ എടുത്തിരുന്നു. ഇന്ത്യയുമായി നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക ബന്ധമുള്ള രാജ്യങ്ങളെ ഈ കാമ്പെയ്‌നിൽ ഞങ്ങൾ ഉൾപ്പെടുത്തുന്നു. മംഗോളിയൻ കാഞ്ചൂരിന്റെ പുനഃപ്രസിദ്ധീകരിച്ച വാല്യങ്ങൾ ഞങ്ങൾ മംഗോളിയൻ അംബാസഡർക്ക് സമ്മാനിച്ചു. 2022 ൽ, ഈ 108 വാല്യങ്ങൾ മംഗോളിയയിലെയും റഷ്യയിലെയും ആശ്രമങ്ങളിലും വിതരണം ചെയ്തു. തായ്‌ലൻഡിലെയും വിയറ്റ്നാമിലെയും സർവകലാശാലകളുമായി ഞങ്ങൾ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. പഴയ കൈയെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്യാൻ ഞങ്ങൾ അവിടെ പണ്ഡിതന്മാരെ പരിശീലിപ്പിക്കുന്നുണ്ട്. ഈ ശ്രമങ്ങളുടെ ഫലമായി, പാലി, ലന്ന, ചാം ഭാഷകളിലുള്ള നിരവധി കൈയെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്തു. ഗ്യാൻ ഭാരതം മിഷനിലൂടെ ഞങ്ങൾ ഈ ശ്രമങ്ങൾ കൂടുതൽ വികസിപ്പിക്കും.

സുഹൃത്തുക്കളേ,

ജ്ഞാന ഭാരതം മിഷനിലൂടെ മറ്റൊരു വലിയ വെല്ലുവിളിയും നേരിടപ്പെടും. നൂറ്റാണ്ടുകളായി നമ്മൾ ഉപയോഗിച്ചുവരുന്ന ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാന സമ്പ്രദായവുമായി ബന്ധപ്പെട്ട നിരവധി പ്രധാന വിവരങ്ങൾ മറ്റുള്ളവർ പകർത്തി പേറ്റന്റ് ചെയ്തിരിക്കുന്നു. ഈ കടൽക്കൊള്ള തടയേണ്ടതും അത്യാവശ്യമാണ്. ഡിജിറ്റൽ കൈയെഴുത്തുപ്രതികളിലൂടെ ഈ ശ്രമങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടുകയും ബൗദ്ധിക കടൽക്കൊള്ള തടയപ്പെടുകയും ചെയ്യും. എല്ലാ വിഷയങ്ങളിലും ആധികാരികതയോടെ യഥാർത്ഥ ഉറവിടങ്ങൾ ലോകം അറിയുകയും ചെയ്യും.

സുഹൃത്തുക്കളേ,

ജ്ഞാന ഭാരതം മിഷനിലൂടെ മറ്റൊരു വലിയ വെല്ലുവിളിയും നേരിടാനുള്ള ഒരുക്കത്തിലാണ് . നൂറ്റാണ്ടുകളായി നമ്മൾ ഉപയോഗിച്ചുവരുന്ന ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാന സമ്പ്രദായവുമായി ബന്ധപ്പെട്ട നിരവധി പ്രധാന വിവരങ്ങൾ മറ്റുള്ളവർ പകർത്തി പേറ്റന്റ് ചെയ്തിരിക്കുന്നു. ഈ മോഷണം  തടയേണ്ടതും അത്യാവശ്യമാണ്. ഡിജിറ്റൽ കൈയെഴുത്തുപ്രതികളിലൂടെ ഈ ശ്രമങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടുകയും ബൗദ്ധിക മോഷണം  തടയപ്പെടുകയും ചെയ്യും. എല്ലാ വിഷയങ്ങളിലും ആധികാരികതയോടെ യഥാർത്ഥ ഉറവിടങ്ങൾ ലോകം അറിയുകയും ചെയ്യും.

സുഹൃത്തുക്കളേ,

ജ്ഞാനഭാരതം മിഷന് വളരെ പ്രധാനപ്പെട്ട മറ്റൊരു വശമുണ്ട്. ഇതിനായി, ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും നിരവധി പുതിയ മേഖലകൾ നാം തുറക്കുകയാണ്. ഇന്ന്, ലോകത്തിന് ഏകദേശം രണ്ടര ട്രില്യൺ ഡോളർ വിലമതിക്കുന്ന ഒരു സാംസ്കാരികവും സൃഷ്ടിപരവുമായ വ്യവസായമുണ്ട്. ഡിജിറ്റൈസ് ചെയ്ത കൈയെഴുത്തുപ്രതികൾ ഈ വ്യവസായത്തിന്റെ മൂല്യ ശൃംഖലകളെ പോഷിപ്പിക്കും. ഈ ദശലക്ഷക്കണക്കിന് കയ്യെഴുത്തുപ്രതികളും അവയിൽ ഒളിഞ്ഞിരിക്കുന്ന പുരാതന വിവരങ്ങളും ഒരു വലിയ ഡാറ്റാബേസായി വർത്തിക്കും. ഇവ 'ഡാറ്റാ നിയന്ത്രിത നവീകരണ'ത്തിന് ഒരു പുതിയ മുന്നേറ്റം നൽകും. ഇത് സാങ്കേതിക മേഖലയിലെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കും. കൈയെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്യുന്നതോടെ, അക്കാദമിക് ഗവേഷണത്തിന് പുതിയ സാധ്യതകൾ സൃഷ്ടിക്കപ്പെടും.

സുഹൃത്തുക്കളേ,

ഈ ഡിജിറ്റൈസ് ചെയ്ത കൈയെഴുത്തുപ്രതികൾ പഠിക്കാൻ AI പോലുള്ള പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം വർദ്ധിപ്പിക്കേണ്ടതുണ്ട്. AI-ക്ക് കഴിവുകളെയോ മനുഷ്യവിഭവശേഷിയെയോ മാറ്റിസ്ഥാപിക്കാൻ കഴിയില്ലെന്നും അത് മാറ്റിസ്ഥാപിക്കരുതെന്നും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഇവിടെ അവതരണത്തിൽ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു, അല്ലാത്തപക്ഷം നമ്മൾ പുതിയ അടിമത്തത്തിന്റെ ഇരകളാകും. ഇത് ഒരു പിന്തുണാ സംവിധാനമാണ്, അത് നമ്മെ ശക്തിപ്പെടുത്തുന്നു, നമ്മുടെ ശക്തി വർദ്ധിപ്പിക്കുന്നു, നമ്മുടെ വേഗത വർദ്ധിപ്പിക്കുന്നു. AI-യുടെ സഹായത്തോടെ, ഈ പുരാതന കൈയെഴുത്തുപ്രതികൾ ആഴത്തിൽ മനസ്സിലാക്കാനും വിശകലനം ചെയ്യാനും കഴിയും. ഇപ്പോൾ നോക്കൂ, എല്ലാ വേദ ഗണിതശാസ്ത്ര ഗ്രന്ഥങ്ങളും ലഭ്യമല്ല, എന്നാൽ നമ്മൾ AI-യിലൂടെ ശ്രമിച്ചാൽ, നിരവധി പുതിയ സൂത്രവാക്യങ്ങൾ കണ്ടെത്താൻ കഴിയും. നമുക്ക് അവ കണ്ടെത്താനാകും. ഈ കൈയെഴുത്തുപ്രതികളിൽ അടങ്ങിയിരിക്കുന്ന അറിവ് ലോകത്തിന് മുന്നിൽ എത്തിക്കാനും AI ഉപയോഗിക്കാം. മറ്റൊരു പ്രശ്നം, നമ്മുടെ കൈയെഴുത്തുപ്രതികൾ ചിതറിക്കിടക്കുകയും വ്യത്യസ്ത രീതികളിൽ, വ്യത്യസ്ത കാലഘട്ടങ്ങളിൽ അവതരിപ്പിക്കപ്പെട്ടവയുമാണ് . AI-യിലൂടെ , ഇവയെല്ലാം ശേഖരിക്കാനും അതിൽ നിന്ന് അമൃത് വേർതിരിച്ചെടുക്കാൻ വളരെ നല്ല ഒരു ഉപകരണം നമുക്ക് ലഭിക്കും എന്നതാണ്, 10 സ്ഥലങ്ങളിൽ വസ്തുക്കൾ കിടക്കുന്നുണ്ടെങ്കിൽ, AI-യുടെ സഹായത്തോടെ നമുക്ക് അവയെ ഒരുമിച്ച് കൊണ്ടുവന്ന് നിരീക്ഷിക്കാനും കഴിയും. തുടക്കത്തിൽ തന്നെ അവതരണത്തിൽ സൂചിപ്പിച്ചതുപോലെ, ഒരേ വാക്കുകൾക്ക് നിരവധി ഉപയോഗങ്ങളുണ്ട് , ഒരിക്കൽ നമ്മൾ അവ പരിഹരിച്ചാൽ, നമുക്ക് 100 ചോദ്യങ്ങൾ ഉണ്ടാകും , ഇന്ന് നമ്മൾ ലക്ഷക്കണക്കിന് ചോദ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നു, നമുക്ക് അത് 100 ൽ എത്തിക്കാം. മനുഷ്യശക്തിയുമായി ബന്ധപ്പെടുമ്പോൾ, അത് ഫലങ്ങൾ നൽകുമെങ്കിലും,  നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകാം, പക്ഷേ വഴികളുമുണ്ട്.

സുഹൃത്തുക്കളേ,

രാജ്യത്തെ എല്ലാ യുവാക്കളോടും ഈ കാമ്പയിനിൽ പങ്കുചേരാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഇന്നലെ മുതൽ ഇന്നുവരെ ഇതിൽ പങ്കെടുക്കുന്നവരിൽ 70% പേരും യുവാക്കളാണെന്ന് മന്ത്രി  എന്നോട് പറയുകയായിരുന്നു. ഇത് അതിന്റെ വിജയത്തിന്റെ ഏറ്റവും വലിയ അടയാളമാണെന്ന് ഞാൻ കരുതുന്നു. യുവാക്കൾ ഇതിൽ താൽപ്പര്യം കാണിക്കാൻ തുടങ്ങിയാൽ, നമുക്ക് വളരെ വേഗത്തിൽ വിജയം കൈവരിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. സാങ്കേതികവിദ്യയിലൂടെ നമുക്ക് എങ്ങനെ ഭൂതകാലത്തെ  പര്യവേക്ഷണം ചെയ്യാൻ കഴിയും? തെളിവുകൾ അടിസ്ഥാനമാക്കിയുള്ള മാനദണ്ഡങ്ങളിൽ ഈ അറിവ് മനുഷ്യരാശിക്ക് എങ്ങനെ പ്രാപ്യമാക്കാം? ഈ ദിശയിൽ നാം ശ്രമങ്ങൾ നടത്തണം. നമ്മുടെ സർവകലാശാലകളും സ്ഥാപനങ്ങളും ഇതിനായി പുതിയ സംരംഭങ്ങൾ സ്വീകരിക്കണം. ഇന്ന്, മുഴുവൻ രാജ്യവും സ്വദേശിയുടെ ആത്മാവിലും സ്വാശ്രയ ഇന്ത്യയുടെ ദൃഢനിശ്ചയത്തിലും മുന്നേറുകയാണ്. ഈ കാമ്പെയ്‌ൻ അതിന്റെ ഒരു വിപുലീകരണം കൂടിയാണ്. നമ്മുടെ പൈതൃകത്തെ നമ്മുടെ ശക്തിയുടെ പര്യായമാക്കണം, അതായത് ശക്തി. ജ്ഞാനഭാരതം മിഷനിലൂടെ  ഭാവിയിലെ ഒരു പുതിയ അധ്യായം ആരംഭിക്കാൻ പോകുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഗ്ലാമറോ തിളക്കമോ ഇല്ലാത്തതരം വിഷയങ്ങളാണിവയെന്ന് എനിക്കറിയാം. പക്ഷേ അതിന്റെ ശക്തി വളരെ വലുതാണ്, നൂറ്റാണ്ടുകളോളം ആർക്കും അതിനെ കുലുക്കാൻ കഴിയില്ല, നമ്മൾ ഈ ശക്തിയുമായി ബന്ധപ്പെടണം. ഈ വിശ്വാസത്തോടെ, നിങ്ങൾക്കെല്ലാവർക്കും ഒരിക്കൽ കൂടി ആശംസകൾ.

വളരെ നന്ദി.

 

-NK-


(Release ID: 2168176) Visitor Counter : 10