പ്രധാനമന്ത്രിയുടെ ഓഫീസ്
മണിപ്പൂരിലെ ഇംഫാലിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ .
Posted On:
13 SEP 2025 6:26PM by PIB Thiruvananthpuram
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
മണിപ്പൂർ ഗവർണർ ശ്രീ അജയ് ഭല്ല ജി, സംസ്ഥാന ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥരെ മണിപ്പൂരിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ ! നമസ്കാരം!
മണിപ്പൂരിന്റെ വികസനത്തിനായി ഇന്ന്,ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെടുകയോ തറക്കല്ലിടുകയോ ചെയ്തിട്ടുണ്ട്. ഈ പദ്ധതികൾ നിങ്ങളുടെ ജീവിത സൗകര്യം വർദ്ധിപ്പിക്കുകയും, ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും, മണിപ്പൂരിലെ യുവാക്കൾക്ക് - ഈ നാടിന്റെ പുത്രന്മാർക്കും പുത്രിമാർക്കും - പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
സുഹൃത്തുക്കളേ,
ഇന്ന് ആരംഭിച്ച പ്രവൃത്തികളിൽ രണ്ട് പദ്ധതികൾ പ്രത്യേകിച്ചും പ്രധാനമാണ്. ₹3,600 കോടിയിലധികം ചെലവുള്ള ‘മണിപ്പൂർ അർബൻ റോഡ്സ് പ്രോജക്ടും' , ₹500 കോടിയിലധികം ചെലവുള്ള മണിപ്പൂർ ഇൻഫോടെക് വികസന പദ്ധതിയും . ഈ പദ്ധതികൾ ഇംഫാലിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും മണിപ്പൂരിന്റെ ശോഭനമായ ഭാവിയ്ക്ക് പുതിയ ഊർജ്ജം പകരുകയും ചെയ്യും. ഈ എല്ലാ വികസന സംരംഭങ്ങൾക്കും മണിപ്പൂരിലെ ജനങ്ങൾക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
സുഹൃത്തുക്കളേ,
സ്വാതന്ത്ര്യത്തിനുശേഷം, രാജ്യത്തിന്റെ പടിഞ്ഞാറൻ, തെക്കൻ ഭാഗങ്ങളിലെ പ്രധാന നഗരങ്ങൾ വികസനത്തിന് സാക്ഷ്യം വഹിച്ചു, സ്വപ്നങ്ങൾ അവിടെ വളർത്തി, യുവാക്കൾ പുതിയ അവസരങ്ങൾ കണ്ടെത്തി. ഇപ്പോൾ, ഈ 21-ാം നൂറ്റാണ്ട് കിഴക്കിന്റേതാണ്, വടക്കുകിഴക്കൻ മേഖലയുടേതാണ്. അതുകൊണ്ടാണ് മണിപ്പൂരിന്റെ വികസനത്തിന് ഇന്ത്യൻ സർക്കാർ നിരന്തരം മുൻഗണന നൽകുന്നത്. തൽഫലമായി, മണിപ്പൂരിന്റെ വളർച്ചാ നിരക്ക് ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2014 ന് മുമ്പ്, മണിപ്പൂരിന്റെ വളർച്ചാ നിരക്ക് 1% ൽ താഴെയായിരുന്നു,ചുരുക്കിപ്പറഞ്ഞാൽ 1% പോലും ഇല്ല . ഇന്ന്, മണിപ്പൂർ മുമ്പത്തേക്കാൾ പലമടങ്ങ് വേഗത്തിൽ മുന്നേറുകയാണ്. മണിപ്പൂരിൽ അടിസ്ഥാന സൗകര്യ നിർമ്മാണത്തിന്റെ ഒരു പുതിയ യുഗം ആരംഭിച്ചു. മണിപ്പൂരിൽ ദേശീയപാതകൾ ഉൾപ്പെടെയുള്ള റോഡ് നിർമ്മാണത്തിന്റെ വേഗത പലമടങ്ങ് വർദ്ധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള ഗ്രാമങ്ങളെ റോഡുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
സുഹൃത്തുക്കളേ,
സാധ്യതകൾ നിറഞ്ഞ ഒരു നഗരമാണ് ഇംഫാൽ. നമ്മുടെ യുവാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തുകയും ചെയ്യുന്ന ഒരു വിക്ഷിത് ഭാരതത്തിന്റെ (വികസിത ഇന്ത്യ) നഗരങ്ങളിലൊന്നായാണ് ഞാൻ ഇംഫാലിനെ കാണുന്നത്. ഈ ദർശനത്തോടെ, സ്മാർട്ട് സിറ്റി മിഷന്റെ കീഴിലുള്ള നിരവധി പദ്ധതികൾ ഇവിടെ പൂർത്തീകരിച്ചിട്ടുണ്ട്. നൂറുകണക്കിന് കോടി രൂപ മതിപ്പ് വരുന്ന മറ്റ് നിരവധി പദ്ധതികളുടെ പ്രവർത്തനങ്ങളും വേഗത്തിൽ പുരോഗമിക്കുന്നു.
സുഹൃത്തുക്കളേ,
ഇംഫാലിലോ മണിപ്പൂരിലെ മറ്റ് പ്രദേശങ്ങളിലോ ആകട്ടെ, സ്റ്റാർട്ടപ്പുകൾക്കും സാങ്കേതികവിദ്യാധിഷ്ഠിത വ്യവസായങ്ങൾക്കും പുതിയ അവസരങ്ങൾ ഉയർന്നുവരുന്നു. ഐടി പ്രത്യേക സാമ്പത്തിക മേഖല ഈ സാധ്യതകളെ ശക്തിപ്പെടുത്തും. ഈ മേഖലയുടെ ആദ്യ കെട്ടിടം ഇതിനകം പൂർത്തിയായി. മണിപ്പൂരിൽ ഒരു പുതിയ സിവിൽ സെക്രട്ടേറിയറ്റ് കെട്ടിടം വേണമെന്ന ആവശ്യം വളരെക്കാലമായി ഉണ്ടായിരുന്നു. ഇപ്പോൾ ഈ കെട്ടിടവും തയ്യാറായിക്കഴിഞ്ഞു, ഇത് നാഗരിക് ദേവോ ഭവ - "പൗരൻ ദൈവതുല്യനാണ്" എന്ന മനോഭാവത്തെ കൂടുതൽ ശക്തിപ്പെടുത്തും.
സുഹൃത്തുക്കളേ,
മണിപ്പൂരിൽ നിന്നുള്ള പലരും കൊൽക്കത്തയിലേക്കും ഡൽഹിയിലേക്കും പതിവായി യാത്ര ചെയ്യുന്നു. അവിടെ താങ്ങാനാവുന്ന വിലയ്ക്ക് താമസസൗകര്യം ഉറപ്പാക്കാൻ, രണ്ട് നഗരങ്ങളിലും മണിപ്പൂർ ഭവനങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഈ ഭവനങ്ങൾ പ്രത്യേകിച്ച് മണിപ്പൂരിലെ പെൺമക്കളെ സഹായിക്കും. സ്വന്തം മക്കൾ അവിടെ സുരക്ഷിതരായിരിക്കുമ്പോൾ, ഇവിടുത്തെ മാതാപിതാക്കളും ആശങ്കാകുലരാകില്ല.
സുഹൃത്തുക്കളേ,
നിങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഞങ്ങളുടെ സർക്കാർ പൂർണ്ണ സംവേദനക്ഷമതയോടെ പരിശ്രമിക്കുന്നു. മണിപ്പൂരിലെ നിരവധി പ്രദേശങ്ങൾ വെള്ളപ്പൊക്കം കാരണം ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് എനിക്കറിയാം. ഈ വെല്ലുവിളിയെ നേരിടാൻ സർക്കാർ നിരവധി പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്.
സുഹൃത്തുക്കളേ,
സമ്പദ്‌വ്യവസ്ഥയിൽ അമ്മമാരും സഹോദരിമാരും മുൻപന്തിയിൽ നിൽക്കുന്ന രാജ്യത്തെ വേറിട്ട സംസ്ഥാനമാണ് മണിപ്പൂർ. ഇമാ കെയ്‌തലിന്റെ പാരമ്പര്യം ഇതിന് ഒരു വലിയ സാക്ഷ്യമാണ്. ഭാരതത്തിന്റെയും ആത്മനിർഭർ ഭാരതിന്റെയും വികസനത്തിന്റെ കേന്ദ്രമായി സ്ത്രീശക്തിയെ ഞാൻ കാണുന്നു. ഈ പ്രചോദനം മണിപ്പൂരിൽ നമുക്ക് കാണാൻ കഴിയും. ഇവിടെ ഞങ്ങളുടെ ഗവൺമെന്റ് രൂപീകരിച്ചതിനുശേഷം, സ്ത്രീകൾക്കായി പ്രത്യേക വിപണികളായ ഇമാ മാർക്കറ്റുകളുടെ നിർമ്മാണം ഞങ്ങൾ ആരംഭിച്ചു. ഇന്ന് നാല് ഇമാ മാർക്കറ്റുകൾ ഉദ്ഘാടനം ചെയ്യപ്പെട്ടതിൽ എനിക്ക് സന്തോഷമുണ്ട്. ഈ വിപണികൾ മണിപ്പൂരിലെ സഹോദരിമാർക്ക് വളരെയധികം പ്രയോജനം ചെയ്യും.
സുഹൃത്തുക്കളേ,
ഓരോ പൗരന്റെയും ജീവിതം എളുപ്പമാക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. സാധനങ്ങൾ ഇവിടെ എത്തിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്ന ആ കാലത്തിന് മണിപ്പൂർ അന്ന് സാക്ഷ്യം വഹിച്ചു. നിത്യോപയോഗ സാധനങ്ങൾ സാധാരണ കുടുംബങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്തതായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ, മണിപ്പൂരിനെ ആ പഴയ പ്രശ്‌നങ്ങളിൽ നിന്ന് ഞങ്ങളുടെ സർക്കാർ മോചിപ്പിച്ചു. മറ്റൊരു സന്തോഷവാർത്ത കൂടി ഞാൻ നിങ്ങൾക്ക് കൊണ്ടുവരുന്നു. നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കാനും നിങ്ങളുടെ ജീവിതം കൂടുതൽ എളുപ്പമാക്കാനും ഞങ്ങളുടെ സർക്കാർ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഇപ്പോൾ ജിഎസ്ടി ഗണ്യമായി കുറച്ചത്. ഇത് മണിപ്പൂരിലെ ജനങ്ങൾക്ക് ഇരട്ടി നേട്ടങ്ങൾ നൽകും. സോപ്പ്, ഷാംപൂ, ഹെയർ ഓയിൽ, വസ്ത്രങ്ങൾ, ഷൂസ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുറയും. സിമന്റിന്റെയും വീടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളുടെയും വിലയും കുറയും. ഹോട്ടലുകളുടെയും ഭക്ഷണത്തിന്റെയും ജിഎസ്ടി സർക്കാർ ഗണ്യമായി കുറച്ചു. ഇത് ഗസ്റ്റ് ഹൗസ് ഉടമകൾക്കും ടാക്സി ഓപ്പറേറ്റർമാർക്കും ധാബ ഉടമകൾക്കും ഗുണം ചെയ്യും, കൂടാതെ ഇവിടുത്തെ ടൂറിസം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.
സുഹൃത്തുക്കളേ,
മണിപ്പൂരിന് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു സമ്പന്നമായ പൈതൃകമുണ്ട്. അതിന്റെ സംസ്കാരത്തിന്റെ വേരുകൾ ശക്തവും ആഴമേറിയതുമാണ്. ഭാരത മാതാവിൻ്റെ കിരീടം അലങ്കരിക്കുന്ന രത്നമാണ് മണിപ്പൂർ. അതിനാൽ, മണിപ്പൂരിന്റെ വികസന പ്രതിച്ഛായയെ നാം നിരന്തരം ശക്തിപ്പെടുത്തണം. മണിപ്പൂരിലെ ഏത് തരത്തിലുള്ള അക്രമവും ഏറ്റവും നിർഭാഗ്യകരമാണ്. അത്തരം അക്രമങ്ങൾ നമ്മുടെ പൂർവ്വികരോട് മാത്രമല്ല, ഭാവി തലമുറകളോടും ചെയ്യുന്ന ഗുരുതരമായ അനീതിയാണ്. അതിനാൽ, സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിൽ നാം കൂട്ടായി മണിപ്പൂരിനെ മുന്നോട്ട് നയിക്കണം. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രത്തിന്റെ പ്രതിരോധത്തിലും മണിപ്പൂരിന്റെ സംഭാവനയിൽ നിന്ന് നാം പ്രചോദനം ഉൾക്കൊള്ളണം. മണിപ്പൂരിന്റെ ഈ മണ്ണിലാണ് ഇന്ത്യൻ നാഷണൽ ആർമി ആദ്യമായി ഭാരതത്തിന്റെ പതാക ഉയർത്തിയത് .നേതാജി സുഭാഷ് ചന്ദ്രബോസ് മണിപ്പൂരിനെ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള കവാടമായി വിശേഷിപ്പിച്ചു . ഈ നാട് ധീരാത്മാക്കളുടെ എണ്ണമറ്റ ത്യാഗങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. മണിപ്പൂരിലെ അത്തരം ഓരോ മഹാനായ വ്യക്തിത്വത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഞങ്ങളുടെ സർക്കാർ മുന്നോട്ട് പോയി. ഞങ്ങളുടെ സർക്കാർ മറ്റൊരു പ്രധാന ചുവടുവെപ്പും നടത്തിയിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ, മൗണ്ട് ഹാരിയറ്റിനെ മൗണ്ട് മണിപ്പൂർ എന്ന് പുനർനാമകരണം ചെയ്തു. മണിപ്പൂരിലെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് 140 കോടി ഇന്ത്യക്കാർ നൽകുന്ന ശ്രദ്ധാഞ്ജലിയാണിത്.
സുഹൃത്തുക്കളേ,
ഇന്നും മണിപ്പൂരിലെ നിരവധി പുത്രീപുത്രന്മാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാരതമാതാവിനെ സംരക്ഷിക്കുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂരിൽ, ഇന്ത്യൻ സൈന്യത്തിന്റെ വീര്യത്തിന് ലോകം സാക്ഷ്യം വഹിച്ചു. പാകിസ്ഥാൻ സൈന്യത്തെ പൂർണ്ണമായും താറുമാറാക്കുന്ന തരത്തിൽ നമ്മുടെ സൈനികർ അത്രയധികം ശക്തി പ്രകടിപ്പിച്ചു. ഭാരതത്തിന്റെ ഈ വിജയത്തിൽ, മണിപ്പൂരിലെ നിരവധി ധീരരായ പുത്രീപുത്രന്മാരുടെ ധൈര്യവും ഭാഗമായി. ഇന്ന്, അത്തരമൊരു ധീര രക്തസാക്ഷിയായ ദീപക് ചിങ്കാമിന്റെ ധീരതയ്ക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. ഓപ്പറേഷൻ സിന്ദൂരിനിടെ അദ്ദേഹം നടത്തിയ പരമമായ ത്യാഗത്തെ രാഷ്ട്രം എപ്പോഴും ഓർക്കും.
സുഹൃത്തുക്കളേ,
2014-ൽ ഞാൻ ഇവിടെ വന്നപ്പോൾ ഒരു കാര്യം പറഞ്ഞിരുന്നു. മണിപ്പൂരി സംസ്കാരമില്ലാതെ ഇന്ത്യൻ സംസ്കാരം അപൂർണ്ണമാണെന്നും മണിപ്പൂരിലെ കളിക്കാരില്ലാതെ ഇന്ത്യൻ കായിക വിനോദങ്ങളും പൂർണമാകില്ലെന്നും ഞാൻ പറഞ്ഞിരുന്നു. ത്രിവർണ്ണ പതാകയുടെ അഭിമാനത്തിനായി എല്ലാം സമർപ്പിക്കുന്നവരാണ് മണിപ്പൂരിലെ യുവാക്കൾ. അക്രമത്തിന്റെ നിഴലിൽ ഈ സ്വത്വത്തെ അടിച്ചമർത്താൻ നാം അനുവദിക്കരുത്.
സുഹൃത്തുക്കളേ,
ഇന്ന്, ഭാരതം കായികരംഗത്ത് ആഗോള ശക്തികേന്ദ്രമായി ഉയർന്നുവരുമ്പോൾ, മണിപ്പൂരിലെ യുവാക്കളുടെ ഉത്തരവാദിത്തം ഏറെ വലുതാണ്. അതുകൊണ്ടാണ് ഇന്ത്യൻ സർക്കാർ ആദ്യത്തെ ദേശീയ കായിക സർവകലാശാലയ്ക്കായി മണിപ്പൂരിനെ തിരഞ്ഞെടുത്തത്. ഖേലോ ഇന്ത്യ പദ്ധതിയിലൂടെയും ടാർഗെറ്റ് ഒളിമ്പിക് പോഡിയം പദ്ധതികളിലൂടെയും മണിപ്പൂരിൽ നിന്നുള്ള നിരവധി കായികതാരങ്ങളെ ഇന്ന് പ്രോത്സാഹിപ്പിക്കുന്നു. മണിപ്പൂരിലെ യുവാക്കൾക്കായി ആധുനിക കായിക അടിസ്ഥാന സൗകര്യങ്ങളും ഇവിടെ സൃഷ്ടിക്കപ്പെടുന്നു. പോളോയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോളോ പ്രതിമയുള്ള മാർജിംഗ് പോളോ കോംപ്ലക്സ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഈ നാട്ടിലെ ഒളിമ്പ്യൻമാരെ ആദരിക്കുന്നതിനായി ഒരു ഒളിമ്പ്യൻ പാർക്കും സൃഷ്ടിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സർക്കാർ ദേശീയ കായിക നയം പ്രഖ്യാപിച്ചു - ഖേലോ ഭാരത് നീതി(*Khelo Bharat Niti) .വരും വർഷങ്ങളിൽ, മണിപ്പൂരിലെ യുവാക്കൾക്ക് ഇതിൽ നിന്ന് വളരെയധികം നേട്ടമുണ്ടാകും.
(*Khelo Bharat Niti =ഖേലോ ഭാരത് നീതി 2025 എന്നത് ഇന്ത്യയുടെ ദേശീയ കായിക നയമാണ്, ഇത് ശക്തവും ഉൾക്കൊള്ളുന്നതും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു കായിക ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി 2025 ജൂലൈ 1 ന് ആരംഭിച്ചു)
സുഹൃത്തുക്കളേ,
മണിപ്പൂരിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിനും അവിടുത്തെ ജനങ്ങളുടെ താൽപ്പര്യങ്ങൾ ഉറപ്പാക്കുന്നതിനും ക്യാമ്പുകളിൽ താമസിക്കാൻ നിർബന്ധിതരായവർക്ക് സാധാരണ ജീവിതം പുനഃസ്ഥാപിക്കുന്നതിനും ഞങ്ങളുടെ സർക്കാർ നിരന്തരം പ്രവർത്തിക്കുന്നു. കുടിയിറക്കപ്പെട്ടവർക്കായി 7,000 പുതിയ വീടുകൾ അനുവദിച്ചു. അടുത്തിടെ, കേന്ദ്ര സർക്കാർ മണിപ്പൂരിനായി ഏകദേശം 3,000 കോടി രൂപയുടെ പ്രത്യേക പാക്കേജും പ്രഖ്യാപിച്ചു. ഇതിൽ നിന്ന് 500 കോടിയിലധികം രൂപ കുടിയിറക്കപ്പെട്ടവരെ സഹായിക്കുന്നതിനായി വകയിരുത്തിയിട്ടുണ്ട്. അക്രമബാധിതർ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണന. മണിപ്പൂർ പോലീസിനായി പുതുതായി നിർമ്മിച്ച ആസ്ഥാനവും ഇക്കാര്യത്തിൽ നിങ്ങളെ വളരെയധികം സഹായിക്കും
സുഹൃത്തുക്കളേ,
ഇന്ന് മണിപ്പൂരിന്റെ ഈ പുണ്യഭൂമിയിൽ നിന്ന്, നേപ്പാളിലെ എന്റെ സഹോദരീസഹോദരന്മാരോടും സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഹിമാലയത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന നേപ്പാൾ ഭാരതത്തിന്റെ അടുത്ത സുഹൃത്താണ് . നമ്മൾ പൊതുവായ ചരിത്രവും വിശ്വാസവും കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു, നമ്മൾ ഒരുമിച്ച് മുന്നോട്ട് പോകുന്നു. ഇന്ന്, 140 കോടി ഇന്ത്യക്കാരുടെ പേരിൽ, നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ ശ്രീമതി സുശീല ജിയെ ഞാൻ ഊഷ്മളമായി അഭിനന്ദിക്കുന്നു. നേപ്പാളിൽ സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും അവർ വഴിയൊരുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നേപ്പാളിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി അവർ സ്ഥാനമേറ്റത് സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണമാണ്. അസ്ഥിരതയ്ക്കിടയിലും ജനാധിപത്യ മൂല്യങ്ങളെ എല്ലാറ്റിനുമുപരിയായി പ്രതിഷ്ഠിച്ച നേപ്പാളിലെ ഓരോ വ്യക്തിയെയും ഇന്ന് ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
നേപ്പാളിലെ സമീപകാല സംഭവവികാസങ്ങളിൽ ശ്രദ്ധേയമായ മറ്റൊരു വശമുണ്ട്, അത് അധികം ശ്രദ്ധ ആകർഷിച്ചിട്ടില്ല. കഴിഞ്ഞ രണ്ടോ മൂന്നോ ദിവസങ്ങളായി, നേപ്പാളിലെ യുവാക്കളും യുവതികളും നേപ്പാളിലെ തെരുവുകൾ വൃത്തിയാക്കുന്നതിലും പെയിന്റ് ചെയ്യുന്നതിലും വിശുദ്ധിയുടെയും സമർപ്പണത്തിന്റെയും മനോഭാവത്തോടെ കഠിനാധ്വാനം ചെയ്യുന്നത് കാണാൻ കഴിഞ്ഞു. അവരുടെ ചിത്രങ്ങൾ ഞാനും സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട്. അവരുടെ പോസിറ്റീവ് മനോഭാവവും പോസിറ്റീവ് പ്രവർത്തനങ്ങളും പ്രചോദനം നൽകുന്നവ മാത്രമല്ല, നേപ്പാളിന്റെ പുതിയ പ്രഭാതത്തിന്റെ വ്യക്തമായ സൂചന കൂടിയാണ്. നേപ്പാളിന്റെ ശോഭനമായ ഭാവിക്കായി ഞാൻ എന്റെ ആശംസകൾ നേരുന്നു.
സുഹൃത്തുക്കളേ,
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, നമ്മുടെ രാജ്യം ഒരൊറ്റ ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത് - ഒരു വികസിത ഭാരതം എന്ന ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, മണിപ്പൂരിന്റെ വികസനവും ഒരുപോലെ അത്യാവശ്യമാണ്. നമ്മുടെ മണിപ്പൂർ പരിധിയില്ലാത്ത സാധ്യതകളാൽ നിറഞ്ഞതാണ്. വികസനത്തിന്റെ പാതയിൽ നിന്ന് ഒരു ചുവട് പോലും വ്യതിചലിക്കാതിരിക്കുക എന്നത് നമ്മുടെ കടമയാണ്. മണിപ്പൂരിന് ഒര് കഴിവുകേടുമില്ല ; വേണ്ടത്, സംഭാഷണത്തിന്റെ പാത തുടർച്ചയായി ശക്തിപ്പെടുത്തുകയും കുന്നുകൾക്കും താഴ്‌വരയ്ക്കും ഇടയിൽ ഐക്യത്തിന്റെ ശക്തമായ ഒരു പാലം പണിയുകയും ചെയ്യുക എന്നതാണ്. രാജ്യത്തിന്റെ വളർച്ചയുടെ ശക്തമായ കേന്ദ്രമായി മണിപ്പൂർ ഉയർന്നുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കൽ കൂടി, ഈ വികസന പദ്ധതികൾക്ക് നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
ഇപ്പോൾ എന്നോടൊപ്പം പറയൂ:
ഭാരത് മാതാ കീ ജയ്.
ഭാരത് മാതാ കീ ജയ്.
ഭാരത് മാതാ കീ ജയ്.
വളരെ നന്ദി.
***
NK
(Release ID: 2167069)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Kannada