പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അസമിലെ ദരംഗിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ.

Posted On: 14 SEP 2025 4:01PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്! അസമിന്റെ ജനപ്രിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ സർബാനന്ദ സോനോവാൾ ജി, അസം ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, തുടർച്ചയായ മഴയെ അവഗണിച്ചും ഞങ്ങളെ അനുഗ്രഹിക്കാൻ ഇവിടെ എത്തിയ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാർ - നമസ്കാരം.

സംസ്ഥാനത്തിന്റെ വികസന യാത്രയുടെ ഈ ചരിത്ര ദിവസത്തിൽ ദരംഗിലെ ജനങ്ങൾക്കും അസമിലെ എല്ലാ ജനങ്ങൾക്കും എന്റെ ഹൃദയംഗമമായ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഞാൻ ഇന്നലെയാണ് ആദ്യമായി അസമിൽ എത്തിയത്. മാ കാമാഖ്യയുടെ അനുഗ്രഹത്താൽ, ഓപ്പറേഷൻ സിന്ദൂർ അതി​ഗംഭീര വിജയം നേടി. അതുകൊണ്ടുതന്നെ മാ കാമാഖ്യയുടെ ഈ പുണ്യഭൂമിയിലേക്കുള്ള ഇന്നത്തെ വരവ് ഒരു ദിവ്യാനുഭവമായി തോന്നുന്നു. ഇന്ന് ഈ മേഖലയിൽ ജന്മാഷ്ടമി ആഘോഷിക്കുന്നത് അതിനൊപ്പം മറ്റൊരു സന്തോഷം. ജന്മാഷ്ടമിയുടെ ഈ പുണ്യവേളയിൽ, നിങ്ങൾക്കെല്ലാവർക്കും എന്റെ സ്നേഹാശംസകൾ നേരുന്നു. ചെങ്കോട്ടയിൽ വെച്ച് ഞാൻ പറഞ്ഞതുപോലെ, സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അഭിമാനത്തിന്റെയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയുടെയും സംഗമസ്ഥാനമാണ് മംഗൾദോയി. അസം സ്വത്വബോധത്തിന്റെ കേന്ദ്രബിന്ദു കൂടിയാണ് ഇവിടം. നമ്മൾ പ്രചോദനങ്ങളെ അനുസ്മരിച്ചു, ഭ​ഗവാൻ കൃഷ്ണനെ അനുസ്മരിച്ചു, ഒപ്പം ഞാൻ ഭാവിയിലേക്കുള്ള സുരക്ഷാ നയത്തിൽ സുദർശന ചക്രത്തെ കുറിച്ചുള്ള ഉൾക്കാഴ്ച ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. 

സുഹൃത്തുക്കളേ,

ശൗര്യം തുടിക്കുന്ന ഈ നാട്ടിലെ എല്ലാവരെയും കണ്ടുമുട്ടാൻ ഭാഗ്യം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്

സഹോദരീസഹോദരന്മാരേ,

ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഭാരതരത്ന ജേതാവ് സുധാകാന്ത ഭൂപൻ ഹസാരിക ജിയുടെ ജന്മദിനം നമ്മൾ ആഘോഷിച്ചു. ഇന്നലെ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നടന്ന ഒരു മഹത്തായ പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. ഒരിക്കൽ അസമിന്റെ മഹാന്മാരായ നമ്മുടെ പൂർവ്വികർ കണ്ട സ്വപ്നം സാക്ഷാത്കരിക്കാൻ ഇന്ന് ബിജെപിയുടെ ഇരട്ട എഞ്ചിൻ ​ഗവൺമെന്റ് ആത്മാർത്ഥമായി പ്രവർത്തിക്കുന്നു.

സുഹൃത്തുക്കളേ,

ചൈനയുമായുള്ള 1962-ലെ യുദ്ധത്തിനുശേഷം വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾക്കേറ്റ മുറിവുകളും അന്ന് പണ്ഡിറ്റ് നെഹ്‌റു പറഞ്ഞ വാക്കുകളും ഇപ്പോഴും ഉണങ്ങിയിട്ടില്ല. കോൺഗ്രസ് പാർട്ടിയുടെ ഇന്നത്തെ തലമുറ ആ മുറിവുകളിൽ ഇന്ന് ഉപ്പ് വിതറുകയാണ്. സാധാരണ എന്നെ എത്ര അധിക്ഷേപിച്ചാലും, ഞാൻ ശിവഭക്തനായതിനാൽ തന്നെ എല്ലാ വിഷവും ഞാൻ വിഴുങ്ങുന്നു. എന്നാൽ മറ്റൊരാൾ നിർലജ്ജം അപമാനിക്കപ്പെടുമ്പോൾ എനിക്ക് നിശബ്ദത പാലിക്കാൻ കഴിയില്ല. പറയൂ, ഭൂപൻ ദായ്ക്ക് ഭാരതരത്‌നം നൽകാനുള്ള എന്റെ തീരുമാനം ശരിയായിരുന്നോ അല്ലയോ? ഉറക്കെ പറയൂ, അത് ശരിയായിരുന്നോ അല്ലയോ? ഭൂപൻ ദായ്ക്ക് ഭാരതരത്‌നം നൽകാനുള്ള ആ തീരുമാനത്തെ കോൺഗ്രസ് പരിഹസിച്ചപ്പോൾ, അത് ശരിയായിരുന്നോ അല്ലയോ? അസമിന്റെ മകനായ, ഭാരതത്തിന്റെ മഹാത്മാവിനെ കോൺഗ്രസ് ഈ രീതിയിൽ അപമാനിക്കുമ്പോൾ അത് വളരെയധികം വേദനയുണ്ടാക്കുന്നു.

സുഹൃത്തുക്കളേ,

എനിക്കറിയാം, കോൺഗ്രസുകാർ ഇപ്പോൾ എന്റെ മേൽ ചാടിവീഴും, ''മോദി വീണ്ടും കരയാൻ തുടങ്ങിയിരിക്കുന്നു''വെന്ന് പറഞ്ഞുകൊണ്ട്. പക്ഷേ, എനിക്ക് ജനങ്ങൾ തന്നെയാണ് എന്റെ ദൈവം. എന്റെ ആത്മാവിന്റെ ശബ്ദം എന്റെ ദൈവത്തിനു മുന്നിൽ ഉയർന്നുവരുന്നില്ലെങ്കിൽ, അത് മറ്റെവിടെ നിന്ന് പുറത്തുവരും? അവർ എന്റെ യജമാനന്മാരാണ്, അവർ എന്റെ അഭിവന്ദ്യരാണ്, അവർ എന്റെ റിമോട്ട് കൺട്രോളാണ്. എനിക്ക് മറ്റ് റിമോട്ട് കൺട്രോളുകളൊന്നുമില്ല. ഈ രാജ്യത്തെ 140 കോടി പൗരന്മാരാണ് എന്റെ റിമോട്ട് കൺട്രോൾ. എന്നാൽ "നാംദാർ" (രാജവംശം) എന്ന് വിളിക്കപ്പെടുന്നയാൾ "കാംദാറിനെ" (തൊഴിലാളിയെ) ശകാരിക്കുമ്പോൾ, വേദന കാരണം, "കാംദാർ" നിലവിളിച്ചാൽ, "നിങ്ങൾക്ക് കരയാൻ അവകാശമില്ല, ഒരു "കാംദാർ" "നാംദാറിന്റെ" മുന്നിൽ കരയുന്നത് എങ്ങനെ?"- ഈ രീതിയിലാണ് അവരുടെ അഹങ്കാരം. അത്തരം അഹങ്കാരം പൊതുജീവിതത്തിന് അനുയോജ്യമല്ല. അസമിലെ ജനങ്ങൾ, രാജ്യത്തെ ജനങ്ങൾ, സംഗീത പ്രേമികൾ, കലാപ്രേമികൾ, ഭാരതത്തിന്റെ ആത്മാവിനായി സ്വയം സമർപ്പിക്കുന്നവരെല്ലാം കോൺഗ്രസിൽ നിന്ന് ഉത്തരം ആവശ്യപ്പെടണം: നിങ്ങൾ എന്തിനാണ് ഭൂപൻ ദായെ അപമാനിച്ചത്?

സഹോദരീസഹോദരന്മാരേ,

അസമിന്റെ സാംസ്കാരിക പൈതൃകത്തെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, അസമിന്റെ ദ്രുതഗതിയിലുള്ള വികസനം ഉറപ്പാക്കുക എന്നിവയാണ് ഈ ഇരട്ട എഞ്ചിൻ ​ഗവൺമെന്റിന്റെ മുൻഗണനകൾ. ഒരു സഹോദരൻ ഒരു പെയിന്റിംഗ് കൊണ്ടുവന്നതായി ഞാൻ കാണുന്നു, ഒരുപക്ഷേ, അദ്ദേഹം അത് എനിക്ക് നൽകാൻ ആഗ്രഹിക്കുന്നു. എസ്‌പി‌ജി ഉദ്യോഗസ്ഥരോട് അത് സ്വീകരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ദയവായി അതിന് പിന്നിൽ സ്വന്തം പേരും വിലാസവും എഴുതാനും അദ്ദേഹത്തോട് ഞാൻ അഭ്യർത്ഥിക്കുന്നു. തീർച്ചയായും നിങ്ങൾക്ക് ഞാനൊരു കത്തെഴുതും. നിങ്ങൾ എന്റെ അമ്മയുടെ മനോഹരമായ ഒരു ചിത്രവും വരച്ചിരിക്കുന്നു. അസമിൽ നിന്നുള്ള ഈ സ്നേഹം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഒരു 'ഗാമോച്ച'(പരമ്പരാഗത അസാമീസ് തുണി)യുമായി ‌നിൽക്കുന്ന ഒരു ചെറുപ്പക്കാരനെ ഞാൻ കാണുന്നു. ദയവായി അത് സ്വീകരിക്കുക. എനിക്കിത് ജന്മാഷ്ടമിയിലെ ഒരു പവിത്രമായ വഴിപാട് പോലെയാണ്. ഈ 'ഗാമോച്ച' അസമിൽ നിന്നുള്ള ഏതോ പാവപ്പെട്ട അമ്മ നെയ്തതായിരിക്കണം. സഹോദരാ, ഈ സമ്മാനത്തിന് വളരെ നന്ദി. ദയവായി അവർക്ക് അത് നൽകുക. എനിക്ക് അത് ലഭിക്കും. തീർച്ചയായും ഞാനതിനെ വിലമതിക്കുന്നു. മറ്റൊന്ന് കൂടിയുണ്ട്. ഒരുപക്ഷേ, അദ്ദേഹം അത് ഹിമന്തയ്ക്ക് (മുഖ്യമന്ത്രി) നൽകാൻ ആഗ്രഹിക്കുന്നു. ദയവായി അതും അവർക്ക് നൽകുക. അത് ശരിയായ സ്ഥലത്ത് എത്തും. ചെറുപ്പക്കാരാ, ഈ സ്നേഹത്തിന് നന്ദി. നോക്കൂ, കൊച്ചുകുട്ടികൾ പോലും ചിത്രങ്ങൾ കൊണ്ടുവന്നിട്ടുണ്ട്, ദയവായി അവ ശേഖരിക്കൂ. ആളുകൾ അത്രത്തോളം സ്നേഹം ചൊരിയുന്നു. ഈ കൊച്ചുകുട്ടികൾ..! ഇതിലും വലിയ എന്ത് ഭാഗ്യമാണ് ഒരാൾക്ക് ലഭിക്കുക? നന്ദി സുഹൃത്തേ, നന്ദി സഹോദരാ. നിങ്ങൾ രണ്ടുപേരും സഹോദരന്മാരാണോ? അല്ലേ? ഓ, നിങ്ങൾ രണ്ടുപേരും കറുത്ത ടീ-ഷർട്ടുകൾ ധരിച്ചാണ് വന്നത്. വളരെ നന്ദി സുഹൃത്തുക്കളേ.

സുഹൃത്തുക്കളേ,

ഇവിടുത്തെ ഗവൺമെന്റിന്റെയും ജനതയുടെയും സംയുക്ത പരിശ്രമത്തിലൂടെ ഇന്ന് അസം രാജ്യത്തും ലോകത്തും തരംഗം തീർക്കുകയാണ്. ഈ മകൾ എന്തോ കൊണ്ടുവന്നു, ദയവായി അത് സ്വീകരിക്കുക. ഒരു മകളെയും ഒരിക്കലും നിരാശപ്പെടുത്തരുത്. നന്ദി. നിങ്ങളുടെ പേര് പിന്നിൽ എഴുതിയിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്ക് ഞാനൊരു കത്തെഴുതും. പേരും വിലാസവും എഴുതുക.

സുഹൃത്തുക്കളേ,

ഇന്ന് ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമാണ് ഭാരതം, അസമും രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സംസ്ഥാനങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. വികസനത്തിൽ അസം പിന്നിലായിരുന്ന ഒരു കാലമുണ്ടായിരുന്നു, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ. എന്നാൽ ഇന്ന് അസം ഏകദേശം 13 ശതമാനം വളർച്ചാ നിരക്കുമായി മുന്നോട്ട് പോകുകയാണ്. വളരെ നന്ദി കുട്ടി.

സുഹൃത്തുക്കളേ,

13 ശതമാനം വളർച്ചാ നിരക്ക്! ഇതൊരു വലിയ നേട്ടമാണ്. ഇത് നിങ്ങളുടെ നേട്ടമാണ്. ഇന്ന് നിങ്ങളുടെ പേരിൽ നമുക്ക് കയ്യടിക്കാം. സാധാരണയായി, നിങ്ങൾ എനിക്കുവേണ്ടി ധാരാളം കയ്യടിക്കും. പക്ഷേ, ഇന്ന് നിങ്ങളുടെ കഠിനാധ്വാനത്തിനും വിയർപ്പിനും വേണ്ടി ഞാൻ കയ്യടിക്കാൻ ആഗ്രഹിക്കുന്നു. അസമിലെ ജനങ്ങളുടെ സമർപ്പണത്തിന്റെയും ബിജെപിയുടെ ഇരട്ട എഞ്ചിൻ ​ഗവൺമെന്റിന്റെയും സംയുക്ത പരിശ്രമത്തിന്റെയും ഫലമാണ് ഈ വിജയം. അസമിലെ ജനങ്ങൾ ഈ പങ്കാളിത്തം തുടർച്ചയായി ശക്തിപ്പെടുത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അതുകൊണ്ടാണ്, ഹിമന്ത ജിക്കും സംഘത്തിനും എല്ലാ തിരഞ്ഞെടുപ്പുകളിലും വീണ്ടും വീണ്ടും മികച്ച പിന്തുണ ലഭിക്കുന്നത്. അടുത്തിടെയുണ്ടായ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ പോലും അസം ഞങ്ങൾക്ക് ചരിത്രപരമായ വിജയം ഉറപ്പുനൽകി. നിങ്ങൾ ഞങ്ങളെ അനുഗ്രഹിച്ചു.

സുഹൃത്തുക്കളേ,

അസമിനെ ഭാരതത്തിന്റെ വികസനത്തിന്റെ വളർച്ചാ എഞ്ചിനാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ​ഗവൺമെന്റ് പ്രവർത്തിക്കുന്നത്. ഇന്നത്തെ പരിപാടിയും ഈ പ്രതിബദ്ധതയുടെ ഭാഗമാണ്. അൽപ്പം മുമ്പ്, ഏകദേശം 6,500 കോടി രൂപയുടെ വികസന പദ്ധതികൾ ഈ ഘട്ടത്തിൽ തന്നെ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഞങ്ങളുടെ ഇരട്ട എഞ്ചിൻ ഗവൺമെന്റ് അസമിനെ ഏറ്റവും മികച്ച കണക്ടഡ് സംസ്ഥാനങ്ങളിലൊന്നായും മികച്ച ആരോ​ഗ്യ സംരക്ഷണ ഹബ്ബായും വികസിപ്പിക്കുകയാണ്. ഈ പദ്ധതികൾ ആ ദൗത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും. ദരംഗ് മെഡിക്കൽ കോളേജിനും ആശുപത്രിക്കും ഹൈവേകൾക്കും റിംഗ് റോഡിനും നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ.

സുഹൃത്തുക്കളേ,

ഒരു 'വികസിത ഭാരതം' കെട്ടിപ്പടുക്കുന്നതിനായി ഇന്ന് മുഴുവൻ രാജ്യവും ഐക്യത്തോടെ മുന്നേറുകയാണ്. പ്രത്യേകിച്ച് നമ്മുടെ യുവ സുഹൃത്തുക്കൾക്ക്, 'വികസിത ഭാരതം' ഒരു സ്വപ്നവും ദൃഢനിശ്ചയവുമാണ്. ഈ ദൃഢനിശ്ചയം നിറവേറ്റുന്നതിൽ വടക്കുകിഴക്കൻ മേഖലയ്ക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. നിങ്ങളോടും വടക്കുകിഴക്കൻ മേഖലയോടും എനിക്ക് സ്നേഹവും സ്നേഹവും ബഹുമാനവും ഉള്ളതുകൊണ്ടല്ല ഞാൻ ഇത് പറയുന്നത്. അതിന് പിന്നിൽ ശക്തമായ കാരണങ്ങളുള്ളതുകൊണ്ടാണ്. സ്വാതന്ത്ര്യാനന്തരം, ഭാരതത്തിന്റെ പടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ വലിയ നഗരങ്ങൾ, വലിയ സമ്പദ്‌വ്യവസ്ഥകൾ, വലിയ വ്യവസായങ്ങൾ എന്നിവയെല്ലാം വികസിച്ചു. ഈ സമയത്ത്, ഏറെ ജനസംഖ്യയുള്ള, ഭാരതത്തിന്റെ കിഴക്കൻ മേഖലയിലെ വലിയൊരു ഭാ​ഗം പ്രദേശം ഈ വികസനത്തിന്റെ ഓട്ടത്തിൽ പിന്നിലായി. ഇപ്പോൾ ബിജെപി ​ഗവൺമെന്റ്‍ ഈ സാഹചര്യം മാറ്റുകയാണ്. 21-ാം നൂറ്റാണ്ടിലെ 25 വർഷം ഇതിനകം കടന്നുപോയി. കോൺഗ്രസ് കാലഘട്ടം മുതൽ നമ്മൾ കേട്ടുകൊണ്ടിരുന്നത് "21-ാം നൂറ്റാണ്ട് വരുന്നു, 21-ാം നൂറ്റാണ്ട് വരുന്നു" എന്നതായിരുന്നു. ശരി, ഈ നൂറ്റാണ്ടിന്റെ സമയത്തിന്റെ നാലിലൊന്ന് കടന്നുപോയി. ഇനി 21-ാം നൂറ്റാണ്ടിന്റെ അടുത്ത ഘട്ടം കിഴക്കിന്റേതാണ്, വടക്കുകിഴക്കൻ മേഖലയുടേതാണ്. നിങ്ങളുടെ സമയം വന്നിരിക്കുന്നു. ഇത് അസമിന്റെ സമയമാണ്, വടക്കുകിഴക്കിന്റെ സമയമാണ്. എന്റെ യുവ സുഹൃത്തുക്കളേ, ഇപ്പോൾ സമയം നിങ്ങളുടെ കൈകളിലാണ്. ഓ, ഇതാ മറ്റൊരു കുട്ടി എന്തോ കൊണ്ടുവരുന്നു. ദയവായി അത് സ്വീകരിക്കൂ സഹോദരാ. ഇപ്പോൾ ആളുകൾ എന്റെ ബലഹീനത മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു. അവർ എന്റെ അമ്മയുടെ ചിത്രങ്ങൾ കൊണ്ടുവരുമ്പോൾ എന്റെ ഹൃദയം ഉടൻ തന്നെ അത് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. അത് അവർക്ക് കൊടുക്കൂ മകനേ. അവർ എന്റെ കൂടെയുള്ളവരാണ്. നിങ്ങളുടെ പേരും വിലാസവും പിന്നിൽ എഴുതുക, അതുവെച്ച് ഞാൻ നിങ്ങൾക്കൊരു കത്ത് എഴുതാം. ദയവായി അത് അദ്ദേഹത്തിൽ നിന്ന് എടുത്ത് എസ്പിജി ഉദ്യോഗസ്ഥർക്ക് കൈമാറുക.

സുഹൃത്തുക്കളേ,

ഏത് പ്രദേശത്തിന്റെയും ദ്രുതഗതിയിലുള്ള വികസനത്തിന് വേഗത്തിലുള്ള കണക്റ്റിവിറ്റി അത്യാവശ്യമാണ്. അതുകൊണ്ടാണ് നമ്മുടെ​ ​ഗവൺമെന്റ് വടക്കുകിഴക്കൻ മേഖലയിലെ കണക്റ്റിവിറ്റിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അത് റോഡുകൾ, റെയിൽവേകൾ, എയർവേകൾ എന്നിവയിലൂടെയുള്ള ഫിസിക്കൽ കണക്റ്റിവിറ്റിയായാലും, 5G ഇന്റർനെറ്റ്, ബ്രോഡ്‌ബാൻഡ് എന്നിവയിലൂടെയുള്ള ഡിജിറ്റൽ കണക്റ്റിവിറ്റിയായാലും, അത് നിങ്ങളുടെ ജീവിതത്തിന് സൗകര്യം കൊണ്ടുവന്നിരിക്കുന്നു, ദൈനംദിന ജീവിതം എളുപ്പമാക്കി. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കി. ഈ കണക്റ്റിവിറ്റി യാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയും ടൂറിസം വികസിപ്പിക്കുകയും നമ്മുടെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

സുഹൃത്തുക്കളേ,

ഈ ബൃഹത്തായ കണക്റ്റിവിറ്റി കാമ്പെയ്‌ൻ അസമിന് വളരെയധികം പ്രയോജനപ്പെട്ടു. ഒരു ഉദാഹരണം പറയാം. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആറ് പതിറ്റാണ്ടുകൾ കോൺഗ്രസ് ഡൽഹി ഭരിച്ചു, പതിറ്റാണ്ടുകളായി കോൺഗ്രസ് അസം ഭരിച്ചു. എന്നാൽ 60-65 വർഷത്തിനിടെ കോൺഗ്രസ് ബ്രഹ്മപുത്രയ്ക്ക് കുറുകെ മൂന്ന് പാലങ്ങൾ മാത്രമേ നിർമ്മിച്ചുള്ളൂ. ആറ് പതിറ്റാണ്ടിനുള്ളിൽ വെറും മൂന്ന് പാലങ്ങൾ! പിന്നെ നിങ്ങൾ ഞങ്ങൾക്ക് നിങ്ങളെ സേവിക്കാൻ അവസരം നൽകി, ഒരു ദശകത്തിനുള്ളിൽ ഞങ്ങളുടെ ​ഗവൺമെന്റ് ആറ് പ്രധാന പാലങ്ങൾ നിർമ്മിച്ചു. ആറ് പ്രധാന പാലങ്ങൾ! ഇപ്പോൾ പറയൂ, ഇത്രയും ജോലികൾ പൂർത്തിയാകുമ്പോൾ നിങ്ങൾ സന്തോഷിക്കില്ലേ? നിങ്ങളുടെ അനുഗ്രഹങ്ങൾ ഞങ്ങൾക്ക് നൽകില്ലേ? നിങ്ങളുടെ സ്നേഹം ഞങ്ങൾക്ക് മേൽ ചൊരിയില്ലേ? നിങ്ങൾ സന്തുഷ്ടരാണ്, അല്ലേ? എനിക്ക് ഇനിയും ജോലി ചെയ്യണം. നിങ്ങൾ അനുഗ്രഹങ്ങൾ നൽകിക്കൊണ്ടിരിക്കുക. ഇന്ന്, കുറുവാ–നാരേംഗി പാലത്തിന്റെ തറക്കല്ലിട്ടു. ഈ പാലം ഗുവാഹാട്ടിക്കും ദർരംഗിനും ഇടയിലുള്ള ദൂരം ഏതാനും മിനിറ്റുകളാക്കി ചുരുക്കും. ഇത് സാധാരണക്കാരുടെ സമയവും പണവും ലാഭിക്കും, ഗതാഗതം വിലകുറഞ്ഞതാക്കും, യാത്രാ സമയം കുറയ്ക്കും, ഗതാഗത പ്രശ്നങ്ങൾ ലഘൂകരിക്കും, അതിന്റെ ഫലമായി, സാധനങ്ങളുടെ വില പോലും കുറയ്ക്കും.

സുഹൃത്തുക്കളേ,

പുതിയ റിങ് റോഡ് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. ഇത് നിർമ്മിച്ചുകഴിഞ്ഞാൽ, അപ്പർ അസമിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇനി നഗരത്തിൽ പ്രവേശിക്കേണ്ടതില്ല. ഈ റിങ് റോഡ് 5 ദേശീയ പാതകൾ, 2 സംസ്ഥാന പാതകൾ, 1 വിമാനത്താവളം, 3 റെയിൽവേ സ്റ്റേഷനുകൾ, 1 ഉൾനാടൻ ജലടെർമിനൽ എന്നിവയെ ബന്ധിപ്പിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അസമിൽ ആദ്യമായി തടസ്സമില്ലാത്ത മൾട്ടി-മോഡൽ കണക്റ്റിവിറ്റിയുടെ ഒരു സമ്പൂർണ്ണ ശൃംഖല സ്ഥാപിക്കപ്പെടും. ബിജെപിയുടെ ഇരട്ട എഞ്ചിൻ ​ഗവൺമെന്റിന്റെ വികസന മാതൃകയാണിത്.

സുഹൃത്തുക്കളേ,

ഇന്നത്തേക്ക് മാത്രമല്ല, അടുത്ത 25-50 വർഷത്തെ ആവശ്യങ്ങൾക്കും വേണ്ടിയാണ് നമ്മൾ രാജ്യത്തെ തയ്യാറാക്കുന്നത്, കാരണം 2047 ൽ ഭാരതം സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ, നമ്മൾ അതിനെ ഒരു 'വികസിത ഭാരത'മായി വികസിപ്പിക്കണം. നിങ്ങൾക്കുവേണ്ടി, നിങ്ങളുടെ കുട്ടികൾക്കുവേണ്ടി, നമ്മുടെ യുവാക്കളുടെ ശോഭനമായ ഭാവിക്കുവേണ്ടി നമ്മൾ ഇത് ചെയ്യണം. ജിഎസ്ടിയിൽ അടുത്ത തലമുറ പരിഷ്കരണം ഉണ്ടാകുമെന്ന് ഞാൻ ചെങ്കോട്ടയിൽ വെച്ച് പ്രഖ്യാപിച്ചിരുന്നു. ഇന്ന് ആ സന്തോഷവാർത്തയുമായി ഞാൻ നിങ്ങൾക്കിടയിൽ വന്നിരിക്കുന്നു. കൃത്യം 9 ദിവസങ്ങൾക്ക് ശേഷം, നവരാത്രിയുടെ ആദ്യ ദിവസം, ജിഎസ്ടി നിരക്കുകൾ ഗണ്യമായി കുറയും. ഇത് അസമിലെയും രാജ്യത്തുടനീളമുള്ള എല്ലാ കുടുംബങ്ങൾക്കും ഗുണം ചെയ്യും. നിത്യോപയോഗ സാധനങ്ങൾ പലതും വിലകുറഞ്ഞതാകും. സിമന്റിന്റെ നികുതി ഞങ്ങൾ കുറച്ചിട്ടുണ്ട്, അതിനാൽ വീട് പണിയുന്നവർക്ക് ചെലവ് കുറയും. കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾക്കുള്ള വിലയേറിയ പല മരുന്നുകളും വിലകുറഞ്ഞതായിരിക്കും. ഇൻഷുറൻസ് കൂടുതൽ താങ്ങാനാവുന്നതാകും. മോട്ടോർ സൈക്കിളുകളോ പുതിയ കാറുകളോ വാങ്ങാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കും അവ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ഇക്കാലത്ത് നിങ്ങൾ ഓട്ടോമൊബൈൽ കമ്പനികളുടെ 60,000 രൂപ, 80,000 രൂപ, 1 ലക്ഷം രൂപ എന്നിങ്ങനെ കിഴിവുള്ള പരസ്യങ്ങൾ കാണുന്നുണ്ടാകും. അവർ മിക്കവാറും എല്ലാ ദിവസവും പരസ്യം ചെയ്യുന്നുണ്ട്. ഇതിനർത്ഥം എല്ലാവർക്കും പ്രയോജനം ലഭിക്കും എന്നാണ്, അത് അമ്മമാരോ സഹോദരിമാരോ യുവാക്കളോ കർഷകരോ കടയുടമകളോ ആകട്ടെ. ഈ തീരുമാനം നിങ്ങളുടെ ഉത്സവങ്ങൾക്ക് കൂടുതൽ തിളക്കം നൽകും.

സുഹൃത്തുക്കളേ,

പക്ഷേ, ഈ ഉത്സവ വേളകളിൽ എന്റെ ഒരു കാര്യം നിങ്ങൾ ഓർമ്മിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അത് പറയട്ടെ? ഞാൻ അത് പറയണോ? നിങ്ങൾ കേൾക്കുമോ? നിങ്ങളുടെ കൈകൾ ഉയർത്തി എന്നോട് പറയൂ: ഞാൻ അത് പറയണോ? നിങ്ങൾ അത് പിന്തുടരുമോ? ദയവായി, എന്റെ കുട്ടി, ഇരിക്കൂ, നന്ദി. അവനെ ബുദ്ധിമുട്ടിക്കരുത്. അവൻ ശാരീരികമായി സുഖമില്ലാത്തവനാണെന്ന് ഞാൻ കരുതുന്നു. ദയവായി അവനെ തള്ളരുത്. ഞങ്ങൾ അത് അവനിൽ നിന്ന് സ്വീകരിക്കും. ക്യാമറാമാൻ, ദയവായി അവന്റെ കത്ത് എടുക്കുക. യുവാവേ, വിഷമിക്കേണ്ട, ഇരിക്കൂ. അവനെ അസ്വസ്ഥനാക്കരുത്. സഹോദരാ, ഞാൻ നിങ്ങളെ വണങ്ങുന്നു. ദയവായി അവനെ ബുദ്ധിമുട്ടിക്കരുത്. അത് ശരിയാണെന്ന് തോന്നുന്നില്ല. ഇത്രയും വേദനയോടെ പോലും നിങ്ങൾ ഇവിടെ വന്നതിന് നന്ദി.

സുഹൃത്തുക്കളേ,

ഇപ്പോൾ വീണ്ടും നിങ്ങളുടെ കൈകൾ ഉയർത്തി എന്നോട് പറയൂ: ഞാൻ പറയുന്നത് നിങ്ങൾ പിന്തുടരുമോ? ഇതുപോലെയല്ല, എല്ലാവരുടെയും കൈകൾ ഉയർന്നിരിക്കണം! നിങ്ങൾ പിന്തുടരുമോ? എനിക്ക് വാക്ക് തരൂ, അത് ചെയ്താൽ മാത്രം മതി. എനിക്ക് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ് ഞാൻ ചോദിക്കുന്നത്. നിങ്ങളുടെ കുട്ടികളുടെ ശോഭനമായ ഭാവിക്ക് വേണ്ടിയാണ് ഞാൻ ചോദിക്കുന്നത്. അതുകൊണ്ട്, ഞാൻ നിങ്ങളോട് ഇത് പറയുകയും നിങ്ങൾ എനിക്ക് വാക്ക് നൽകുകയും ചെയ്യുന്നു, ഇനി മുതൽ നിങ്ങൾ വാങ്ങുന്നതെന്തും സ്വദേശിയായിരിക്കുമെന്ന്. നിങ്ങൾ സ്വദേശി വാങ്ങുമോ? ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങുമോ? സ്വദേശിയെക്കുറിച്ചുള്ള എന്റെ നിർവചനം വളരെ ലളിതമാണ്: കമ്പനി ഏത് രാജ്യത്തുനിന്നുള്ളതായാലും, ഏത് വിദേശ നാമം വഹിക്കുന്നതായാലും. അത് ഭാരതത്തിൽ നിർമ്മിച്ചതാണെങ്കിൽ, അത് സ്വദേശിയാണ്. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും പണം വരാം, പക്ഷേ, വിയർപ്പ് എന്റെ രാജ്യത്തെ യുവാക്കളുടേതായിരിക്കണം. എല്ലാ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങളും ഭാരത മണ്ണിന്റെ സുഗന്ധം വഹിക്കണം. നിങ്ങൾ അത്തരം സാധനങ്ങൾ വാങ്ങുമോ? നിങ്ങളുടെ കൈകൾ ഉയർത്തി ആ ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന് പറയുക. നിങ്ങൾ ആർക്കെങ്കിലും സമ്മാനം നൽകേണ്ടിവന്നാൽ, അത് സ്വദേശി മാത്രമായിരിക്കണം? എല്ലാ കടയുടമകളോടും, ദയവായി നിങ്ങളുടെ കടയിൽ ഒരു ബോർഡ് സ്ഥാപിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ അത് ചെയ്യുമോ? നിങ്ങളുടെ ഗ്രാമത്തിലെ എല്ലാ കടകളിലും ഒരു ബോർഡ് സ്ഥാപിക്കുക: "ഇത് സ്വദേശിയാണെന്ന് അഭിമാനത്തോടെ പറയുക".

സ്വദേശിയുടെ ശക്തി ഞാൻ നിങ്ങളോട് പറയട്ടെ. ഏകദേശം 50 വർഷം മുമ്പ്, ഞാൻ കുറച്ചു കാലം കന്യാകുമാരിയിൽ താമസിച്ചിരുന്നു. എന്റെ കയ്യിൽ എപ്പോഴും 'ഗാമോച്ച' കരുതിയിട്ടുണ്ടാകും. എന്റെ ബാഗിൽ എപ്പോഴും മൂന്നോ നാലോ 'ഗാമോച്ച' ഉണ്ടാകും. തോളിൽ ഒരു 'ഗാമോച്ച'യുമായി ഞാൻ കന്യാകുമാരിയിലൂടെ നടക്കുകയായിരുന്നു, അപ്പോൾ ചിലർ ദൂരെ നിന്ന് ഓടിവന്ന് എന്നെ സ്വീകരിച്ചു. അവർ ചോദിച്ചു, "നിങ്ങൾ അസമിൽ നിന്നാണോ?" ഞാൻ പറഞ്ഞു, "അല്ല, ഞാൻ ഗുജറാത്തിൽ നിന്നാണ്." അവർ പറഞ്ഞു, "'ഗാമോച്ച' കണ്ടപ്പോൾ ഞങ്ങൾ കരുതി നിങ്ങൾ അസമിൽ നിന്നാണെന്ന്". അതാണ് മണ്ണിന്റെ ശക്തി, സ്വദേശിയുടെ ശക്തി. എനിക്ക് അവിടെ ഒരു സ്വത്വവുമില്ലായിരുന്നു, പക്ഷേ അന്ന്, അസമിലെ ജനങ്ങൾ എന്നോട് സ്നേഹം കാണിച്ചു, ഞാൻ ഒരു 'ഗാമോച്ച' ധരിച്ചതുകൊണ്ട് മാത്രം. സുഹൃത്തുക്കളേ, ഇതാണ് നമ്മുടെ പാരമ്പര്യത്തിന്റെ ശക്തി. അതുകൊണ്ടാണ് എനിക്ക് വാക്ക് നൽകാൻ പറയുന്നത്, നമ്മൾ സ്വദേശി വാങ്ങും. നമുക്ക് തദ്ദേശീയതയ്ക്കായി ശബ്ദമുയർത്താം. പ്രാദേശിക ഉൽപ്പന്നങ്ങൾക്കായുള്ള നമ്മുടെ കൂട്ടായ ശ്രമങ്ങൾ നമ്മുടെ രാജ്യത്തെ കൂടുതൽ ശക്തമാക്കും.

സുഹൃത്തുക്കളേ,

കഴിഞ്ഞ വർഷങ്ങളിൽ, രാജ്യമെമ്പാടും വളരെയധികം പ്രവർത്തനങ്ങൾ നടന്ന മറ്റൊരു മേഖല ആരോ​ഗ്യസംരക്ഷണമാണ്. മുമ്പ് ആശുപത്രികൾ പ്രധാനമായും വലിയ നഗരങ്ങളിലായിരുന്നു, അവിടെ ചികിത്സ വളരെ ചെലവേറിയതായിരുന്നു. നമ്മുടെ ​ഗവൺമെന്റ് എയിംസിന്റെയും മെഡിക്കൽ കോളേജുകളുടെയും ശൃംഖല രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ദയവായി ഇരിക്കൂ സഹോദരാ... എന്റെ പ്രസംഗം തുടരട്ടെ. ദയവായി ഇരിക്കൂ... ദയവായി അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത്. ക്യാമറാമാൻ, അദ്ദേഹത്തിന്റെ കത്ത് സ്വീകരിക്കൂ. എന്റെ ഭിന്നശേഷിസഹോദരന്മാരെ എന്തിനാണ് നിങ്ങൾ ശല്യപ്പെടുത്തുന്നത്? നന്ദി സുഹൃത്തേ. ഇവിടെ അസമിൽ, കാൻസർ ആശുപത്രികൾക്കും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ, ഭാരതത്തിലെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയായി. അതായത്, സ്വാതന്ത്ര്യലബ്ധിക്കുശേഷം 60–65 വർഷങ്ങളിൽ നിർമ്മിച്ച അത്രയും മെഡിക്കൽ കോളേജുകൾ വെറും 11 വർഷത്തിനുള്ളിൽ ഞങ്ങൾ നിർമ്മിച്ചു. ഒന്നാലോചിച്ചു നോക്കൂ, 60–70 വർഷമെടുത്തത് വെറും 10–11 വർഷത്തിനുള്ളിൽ ഞങ്ങൾ ചെയ്തു, എന്റെ സുഹൃത്തുക്കളേ! അസമിലും 2014 ന് മുമ്പ് 6 മെഡിക്കൽ കോളേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ, ദർരംഗിലെ പുതിയ മെഡിക്കൽ കോളേജോടെ, മെഡിക്കൽ കോളേജുകളുടെ എണ്ണം 24ൽ എത്തും. ഒരു മെഡിക്കൽ കോളേജ് നിർമ്മിക്കപ്പെടുമ്പോൾ, മെച്ചപ്പെട്ട ആരോ​ഗ്യസംരക്ഷണ സൗകര്യങ്ങൾ ലഭ്യമാകുക മാത്രമല്ല, കൂടുതൽ കൂടുതൽ യുവാക്കൾക്ക് ഡോക്ടർമാരാകാനുള്ള അവസരം ലഭിക്കുകയും ചെയ്യുമെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. മുമ്പ്, മെഡിക്കൽ സീറ്റുകളുടെ കുറവ് കാരണം നമ്മുടെ യുവാക്കളിൽ പലർക്കും ഡോക്ടർമാരാകാൻ കഴിഞ്ഞില്ല. കഴിഞ്ഞ 11 വർഷത്തിനിടെ, മെഡിക്കൽ സീറ്റുകളുടെ എണ്ണം ഇരട്ടിയിലധികമായി. ഇത് മാത്രമല്ല, ഞങ്ങൾക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്: അടുത്ത 4-5 വർഷത്തിനുള്ളിൽ 1 ലക്ഷം പുതിയ മെഡിക്കൽ സീറ്റുകൾ കൂട്ടിച്ചേർക്കാൻ പോകുന്നു. അതായത്, 1 ലക്ഷം പുതിയ ഡോക്ടർമാർ സൃഷ്ടിക്കപ്പെടും.

സുഹൃത്തുക്കളേ,

ഞങ്ങളുടെ പ്രവർത്തനം ഇങ്ങനെയാണ്. 3 കോടി "ലക്പതി ദീദികളെ" സൃഷ്ടിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നതുപോലെ, 1 ലക്ഷം പുതിയ ഡോക്ടർമാരെ സൃഷ്ടിക്കാനും ഞങ്ങൾ പ്രവർത്തിക്കുന്നു.

സുഹൃത്തുക്കളേ,

അസം ദേശസ്നേഹികളുടെ നാടാണ്. വിദേശ ആക്രമണകാരികളിൽ നിന്ന് രാജ്യത്തെ പ്രതിരോധിക്കുന്നതിലായാലും സ്വാതന്ത്ര്യസമരത്തിൽ ത്യാഗങ്ങൾ സഹിക്കുന്നതിലായാലും അസം ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പഥാരു​ഗ‍ാട് കർഷകരുടെ സത്യാഗ്രഹം ആർക്കാണ് മറക്കാൻ കഴിയുക? ആ ചരിത്ര സ്ഥലം ഇവിടെ നിന്ന് വളരെ അകലെയല്ല. ഇന്ന് ഞാൻ ഈ ത്യാഗങ്ങളുടെ പുണ്യഭൂമിയിൽ നിൽക്കുമ്പോൾ, കോൺഗ്രസിന്റെ മറ്റൊരു ദുഷ്പ്രവൃത്തി തുറന്നുകാട്ടേണ്ടതുണ്ട്. രാഷ്ട്രീയത്തിന്റെ പേരിൽ കോൺഗ്രസ് എപ്പോഴും ദേശവിരുദ്ധരായ ജനതയ്ക്കും പ്രത്യയശാസ്ത്രങ്ങൾക്കും ഒപ്പമാണ് നിലകൊണ്ടത്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് നമ്മൾ ഇത് വീണ്ടും കണ്ടു. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ, ഭീകരവാദം കാരണം രാജ്യം മുഴുവൻ ചോരയൊലിച്ചു, പക്ഷേ കോൺഗ്രസ് നിശബ്ദമായി നിന്നു. ഇന്ന്, നമ്മുടെ സൈന്യം ഓപ്പറേഷൻ സിന്ദൂർ നടത്തുന്നു, പാകിസ്ഥാന്റെ എല്ലാ കോണുകളിൽ നിന്നും ഭീകരതയുടെ സൂത്രധാരന്മാരെ പിഴുതെറിയുന്നു. എന്നാൽ നമ്മുടെ സൈന്യത്തോടൊപ്പം നിൽക്കുന്നതിനുപകരം, കോൺഗ്രസ് പാകിസ്ഥാൻ സൈന്യത്തോടൊപ്പം നിൽക്കുന്നു. നമ്മുടെ സൈനികരെ പിന്തുണയ്ക്കുന്നതിനുപകരം, കോൺഗ്രസ് നേതാക്കൾ ഭീകരവാദികളെ വളർത്തുന്നവരുടെ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്നു. പാകിസ്ഥാന്റെ നുണകൾ കോൺഗ്രസിന്റെ അജണ്ടയായി മാറുന്നു. അതുകൊണ്ടാണ്, നിങ്ങൾ എപ്പോഴും കോൺഗ്രസിനെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടത്.

സുഹൃത്തുക്കളേ,

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, അവരുടെ വോട്ട് ബാങ്ക് സംരക്ഷിക്കുക എന്നതാണ് ഏറ്റവും ഉയർന്ന മുൻഗണന. കോൺഗ്രസ് ഒരിക്കലും ദേശീയ താൽപ്പര്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. ഇന്ന്, കോൺഗ്രസ് ദേശവിരുദ്ധരുടെയും നുഴഞ്ഞുകയറ്റക്കാരുടെയും സംരക്ഷകരായി മാറിയിരിക്കുന്നു. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിച്ചു, ഇന്ന് നുഴഞ്ഞുകയറ്റക്കാർ ഭാരതത്തിൽ സ്ഥിരതാമസമാക്കണമെന്നും ഭാരതത്തിന്റെ ഭാവി തീരുമാനിക്കണമെന്നും കോൺഗ്രസ് ആഗ്രഹിക്കുന്നു. ഒരിക്കൽ, നിയമവിരുദ്ധ നുഴഞ്ഞുകയറ്റത്തിനെതിരെ, അസമിന്റെ സ്വത്വം സംരക്ഷിക്കുന്നതിനായി ഒരു വലിയ പ്രസ്ഥാനത്തിന് മംഗൾദോയി സാക്ഷ്യം വഹിച്ചു. എന്നാൽ മുൻ കോൺഗ്രസ് ​ഗവൺമെന്റ് അതിന് നിങ്ങളെ ശിക്ഷിച്ചു. അവർ നിങ്ങളോട് പ്രതികാരം ചെയ്തു. കോൺഗ്രസ് ഇവിടെ നിയമവിരുദ്ധമായി ഭൂമി കൈവശപ്പെടുത്താൻ അനുവദിച്ചു. നമ്മുടെ ആരാധനാലയങ്ങളും കർഷകരുടെയും ആദിവാസികളുടെയും ഭൂമിയും പിടിച്ചെടുത്തു. ബിജെപി-എൻ‌ഡി‌എ ​ഗവൺമെന്റ് അധികാരത്തിൽ വന്നതിനുശേഷം, ആ സാഹചര്യങ്ങൾ തിരുത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നിയമവിരുദ്ധമായ അധിനിവേശങ്ങൾ നീക്കം ചെയ്യപ്പെടുകയാണ്. ഹിമന്ത ജിയുടെ നേതൃത്വത്തിൽ, അസമിലെ ദശലക്ഷക്കണക്കിന് ബിഗാ ഭൂമി നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മോചിപ്പിക്കപ്പെട്ടു. ദർരംഗ് ജില്ലയിലെ നിരവധി ഭൂമിക്കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു. ഗരുഖുടി പ്രദേശത്തും കോൺഗ്രസിന്റെ കാലത്ത് കയ്യേറ്റങ്ങൾ നടന്നിരുന്നു. ആ ഭൂമി ഇപ്പോൾ തിരിച്ചുപിടിച്ചു, അവിടെ ഇപ്പോൾ കർഷകർക്കായി ഗരുഖുടി കാർഷിക പദ്ധതി പുരോഗമിക്കുന്നു. അവിടത്തെ യുവാക്കൾ ഇപ്പോൾ "കാർഷിക സൈനികരായി" പ്രവർത്തിക്കുന്നു. കടുക്, ചോളം, ഉഴുന്ന്, എള്ള്, മത്തങ്ങ തുടങ്ങി എല്ലാം അവിടെ കൃഷി ചെയ്യുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരുകാലത്ത് നുഴഞ്ഞുകയറ്റക്കാരുടെ നിയന്ത്രണത്തിലായിരുന്ന ഭൂമി ഇന്ന് അസമിലെ കാർഷിക വികസനത്തിന്റെ ഒരു പുതിയ കേന്ദ്രമായി മാറിയിരിക്കുന്നു.

സുഹൃത്തുക്കളേ,

നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തിന്റെ വിഭവങ്ങൾ പിടിച്ചെടുക്കാൻ ബിജെപി ​ഗവൺമെന്റ് അനുവദിക്കില്ല. ഭാരതത്തിലെ കർഷകരുടെയും യുവാക്കളുടെയും ഗോത്രവർഗക്കാരുടെയും അവകാശങ്ങൾ കവർന്നെടുക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല. ഈ നുഴഞ്ഞുകയറ്റക്കാർ നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും നേരെ അതിക്രമങ്ങൾ നടത്തുന്നു, അത് അനുവദിക്കില്ല. അതിർത്തി പ്രദേശങ്ങളുടെ ജനസംഖ്യാശാസ്‌ത്രം മാറ്റാൻ നുഴഞ്ഞുകയറ്റക്കാർ വഴി ഗൂഢാലോചനകൾ നടക്കുന്നുണ്ട്; ഇത് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ്. അതിനാൽ, രാജ്യത്ത് ഇപ്പോൾ ഒരു ജനസംഖ്യാ മിഷൻ ആരംഭിക്കുന്നു. നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുകയും നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുകയും ചെയ്യുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ആ രാഷ്ട്രീയക്കാരോട് ഞാൻ പറയുന്നു: നിങ്ങൾ ഒരു വെല്ലുവിളിയുമായി കളത്തിലിറങ്ങിയാൽ, ഞാൻ ആ വെല്ലുവിളി നെഞ്ചുവിരിച്ച് സ്വീകരിക്കുന്നു. എഴുതിവെച്ചോളൂ. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ നിങ്ങൾ എത്രമാത്രം ശക്തി ഉപയോഗിക്കുന്നുവെന്നും നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യാൻ ഞങ്ങൾ എത്രത്തോളം ജീവിതം മാറ്റിവെക്കുന്നുവെന്നും നോക്കാം. ഒരു മത്സരം ഉണ്ടാകട്ടെ. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ വരുന്നവർ അതിന് വില നൽകേണ്ടിവരും. എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ, ഈ രാജ്യം അവരോട് ക്ഷമിക്കില്ല.

സുഹൃത്തുക്കളേ,

അസമിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും അസമിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനും നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. അസമിനെയും വടക്കുകിഴക്കൻ മേഖലയെയും 'വികസിത ഭാരത'ത്തിന്റെ വളർച്ചാ എഞ്ചിനാക്കി മാറ്റണം. ഒരിക്കൽ കൂടി, ഈ വികസന പദ്ധതികൾക്ക് നിങ്ങൾക്കെല്ലാവർക്കും വിജയം നേരുന്നു. എന്നോടൊപ്പം പറയൂ,‍ ഭാരത് മാതാ കീ ജയ്. രണ്ട് കൈകളും ഉയർത്തി പൂർണ്ണ ശക്തിയോടെ ശബ്ദം പുറത്തുവരട്ടെ, ഭാരത് മാതാ കീ ജയ്. ഭാരത് മാതാ കീ ജയ്. ഭാരത് മാതാ കീ ജയ്. വളരെ നന്ദി.

 

-NK-


(Release ID: 2166846)