ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ ഹിന്ദി ദിന സന്ദേശം

Posted On: 14 SEP 2025 9:50AM by PIB Thiruvananthpuram

പ്രിയ സഹ പൗരന്മാരെ,

ഹിന്ദി ദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.


നമ്മുടെ ഇന്ത്യ അടിസ്ഥാനപരമായി ഭാഷാധിഷ്ഠിതമായ ഒരു രാജ്യമാണ്.സംസ്കാരം,ചരിത്രം,പാരമ്പര്യം, അറിവ്, ശാസ്ത്രം, തത്ത്വചിന്ത, ആത്മീയത എന്നിവ തലമുറകളിലേക്ക് കൈമാറുന്നതിനുള്ള ശക്തമായ മാധ്യമമാണ് നമ്മുടെ ഭാഷകൾ.ഹിമാലയത്തിൻ്റെ ഉയരങ്ങൾ മുതൽ ദക്ഷിണേന്ത്യയിലെ വിശാലമായ കടൽത്തീരങ്ങൾ വരെയും,മരുഭൂമി മുതൽ ദുർഘടമായ വനങ്ങൾ,ഗ്രാമീണ സംഗമ വേദികൾ എന്നിവ വരെയും എല്ലാ സാഹചര്യങ്ങളിലും മനുഷ്യന് സംഘടിതമായി തുടരാനും ആശയവിനിമയത്തിലൂടെയും ആവിഷ്കാരത്തിലൂടെയും ഐക്യത്തോടെ മുന്നോട്ട് പോകാനും ഭാഷകൾ വഴിയൊരുക്കിയിട്ടുണ്ട്.


"ഒന്നിച്ച് നടക്കുക,ഒന്നിച്ച് ചിന്തിക്കുക,ഒന്നിച്ച് സംസാരിക്കുക" എന്നത് നമ്മുടെ ഭാഷാ-സാംസ്കാരിക ബോധത്തിൻ്റെ കാതലായ മന്ത്രമാണ്. വടക്കുകിഴക്കൻ മേഖലയിലെ ബിഹു ഗാനങ്ങൾ,തമിഴ്‌നാട്ടിലെ ഒവിയാലുവിൻ്റെ ശബ്ദം,പഞ്ചാബിലെ ലോഹ്രി ഗീതങ്ങൾ,ബിഹാറിലെ വിദ്യാപതിയുടെ കാവ്യങ്ങൾ, ബംഗാളിലെ ബാവുൾ സന്യാസിമാരുടെ സ്തുതിഗീതങ്ങൾ, കജ്രി ഗാനങ്ങൾ, ഭികാരി ഠാക്കൂറിൻ്റെ  'ബിദേസിയ' എന്നിവയെല്ലാം നമ്മുടെ സംസ്കാരത്തെ ഊർജ്ജസ്വലവും ക്ഷേമാധിഷ്ഠിതവുമായി നിലനിർത്തുന്നു.

ഭാഷകൾ പരസ്പരം സഹചാരികളായി മാറുകയും ഐക്യത്തിൻ്റെ ചരടിൽ ബന്ധിക്കപ്പെടുകയും ചെയ്യുന്നതിലൂടെ അവ ഒരുമിച്ച് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ദക്ഷിണേന്ത്യയിൽ മഹാനായ തിരുവള്ളുവരിനെ ഭക്തിപൂർവ്വം ആലപിക്കുന്നതുപോലെ തന്നെ വടക്കേ ഇന്ത്യയിൽ അദ്ദേഹത്തെ താത്പര്യത്തോടെ വായിക്കുകയും ചെയ്യുന്നു.അതുപോലെ വടക്കൻ പ്രദേശങ്ങളിലെന്നപോലെ ദക്ഷിണേന്ത്യയിലും കൃഷ്ണദേവരായർ ജനപ്രിയനായിരുന്നു. സുബ്രഹ്മണ്യ ഭാരതിയുടെ ദേശഭക്തി തുളുമ്പുന്ന രചനകൾ എല്ലാ പ്രദേശങ്ങളിലേയും യുവാക്കളിൽ ദേശീയ അഭിമാനം ജ്വലിപ്പിക്കുന്നു.ഗോസ്വാമി തുളസീദാസിനെ എല്ലാ ഇന്ത്യക്കാരും ആദരിക്കുന്നുണ്ട്.സന്ത് കബീറിൻ്റെ ഈരടികൾ തമിഴ്,കന്നഡ,മലയാളം ഭാഷകളിലേക്കുള്ള വിവർത്തനങ്ങളിൽ കാണപ്പെടുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിലും സംഗീത പാരമ്പര്യങ്ങളിലും സൂർദാസിൻ്റെ കവിതകൾ ഇന്നും പ്രചാരത്തിലുണ്ട്.ശ്രീമന്ത ശങ്കർദേവും മഹാപുരുഷ് മാധവദേവും എല്ലാ വൈഷ്ണവർക്കും പരിചിതരാണ്. ഹരിയാനയിലെ യുവാക്കൾ പോലും ഭൂപേൻ ഹസാരികയുടെ ഗാനങ്ങൾ ഇന്നും ആലപിക്കുന്നു.

അടിമത്തത്തിൻ്റെ ദുഷ്‌കരമായ കാലഘട്ടത്തിൽ പോലും ഇന്ത്യൻ ഭാഷകൾ ചെറുത്തുനിൽപ്പിൻ്റെ ശബ്ദമായി മാറി.സ്വാതന്ത്ര്യസമരത്തെ ഒരു ദേശവ്യാപക പ്രസ്ഥാനമായി മാറ്റുന്നതിൽ നമ്മുടെ ഭാഷകൾ നിർണായക പങ്ക് വഹിച്ചു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ വിവിധ പ്രദേശങ്ങളിലേയും ഗ്രാമങ്ങളിലേയും ഭാഷകളെ സ്വാതന്ത്ര്യ സമരവുമായി ബന്ധിപ്പിച്ചു.  ഹിന്ദിയോടൊപ്പം എല്ലാ ഇന്ത്യൻ ഭാഷകളിലെയും കവികൾ, സാഹിത്യകാരന്മാർ, നാടകകൃത്തുക്കൾ എന്നിവർ നാടോടി ഭാഷകൾ,കഥകൾ,ഗാനങ്ങൾ, നാടകങ്ങൾ എന്നിവയിലൂടെ എല്ലാ പ്രായക്കാർക്കും, വിഭാഗങ്ങൾക്കും, സമൂഹങ്ങൾക്കും ഇടയിൽ സ്വാതന്ത്ര്യത്തിനായുള്ള ദൃഢനിശ്ചയം ശക്തിപ്പെടുത്തി. 'വന്ദേമാതരം','ജയ് ഹിന്ദ്' തുടങ്ങിയ മുദ്രാവാക്യങ്ങൾ നമ്മുടെ ഭാഷാബോധത്തിൽ നിന്ന് ഉയർന്നുവരുകയും സ്വതന്ത്ര ഇന്ത്യയുടെ അഭിമാനത്തിൻ്റെ പ്രതീകങ്ങളായി മാറുകയും ചെയ്തു.

രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ നമ്മുടെ ഭരണഘടനാ നിർമ്മാതാക്കൾ ഭാഷകളുടെ സാധ്യതകളേയും പ്രാധാന്യത്തേയും കുറിച്ച് വിപുലമായ ചർച്ചകൾ നടത്തുകയും ദേവനാഗരി ലിപിയിൽ എഴുതിയ ഹിന്ദിയെ 1949 സെപ്റ്റംബർ 14 ന് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി സ്വീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ സംയോജിത സംസ്കാരത്തിൻ്റെ ഫലപ്രദമായ മാധ്യമമാക്കി മാറ്റുന്നതിന് ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഭരണഘടനയുടെ 351-ാം അനുച്ഛേദം നല്കുന്നു.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭാഷകൾക്കും സംസ്കാരത്തിനും നവോത്ഥാനത്തിൻ്റെ സുവർണ്ണകാലഘട്ടം ഉയർന്നുവന്നിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ വേദിയായാലും, ജി-20 ഉച്ചകോടിയായാലും, ഷാങ്ഹായ് സഹകരണ സംഘടന(SCO)യുടെ വേദിയായാലും ഹിന്ദിയിലും മറ്റ് ഇന്ത്യൻ ഭാഷകളിലും ആശയവിനിമയം നടത്തിക്കൊണ്ട് മോദി ജി ഇന്ത്യൻ ഭാഷകളുടെ അഭിമാനം ഉയർത്തി.


സ്വാതന്ത്ര്യത്തിൻ്റെ 'അമൃത് കാലത്ത്' അടിമത്തത്തിൻ്റെ പ്രതീകങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനുള്ള  'പഞ്ച് പ്രാൺ' (അഞ്ച് പ്രതിജ്ഞകൾ) മോദി ജി ഏറ്റെടുത്തിട്ടുണ്ട്. അവയിൽ ഭാഷകൾക്ക് സുപ്രധാന പങ്കുണ്ട്.ആശയവിനിമയത്തിൻ്റേയും ഇടപെടലിൻ്റേയും മാധ്യമമായി ഇന്ത്യൻ ഭാഷകളെ നാം സ്വീകരിക്കണം.

രാജ്യത്തിൻ്റെ ഔദ്യോഗിക ഭാഷയായ ഹിന്ദി 76 മഹത്തായ വർഷങ്ങൾ പൂർത്തിയാക്കി.  അതോടൊപ്പം സ്ഥാപിതമായിട്ട് 50 സുവർണ്ണ വർഷങ്ങൾ പൂർത്തിയാക്കിയ ഔദ്യോഗിക ഭാഷാ വകുപ്പ് ഹിന്ദിയെ ജനങ്ങളുടേയും പൊതുബോധത്തിൻ്റേയും ഭാഷയാക്കുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

2014 മുതൽ സർക്കാർ പ്രവർത്തനങ്ങളിൽ ഹിന്ദിയുടെ ഉപയോഗം തുടർച്ചയായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.  എല്ലാ പ്രധാന ഇന്ത്യൻ ഭാഷകൾക്കും ഇടയിൽ സുഗമമായ വിവർത്തനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2024 ലെ ഹിന്ദി ദിനത്തിൽ ഭാരതീയ ഭാഷാ അനുഭാഗ് സ്ഥാപിതമായി. ഹിന്ദിയും മറ്റ് ഇന്ത്യൻ ഭാഷകളും ആശയവിനിമയത്തിനുള്ള ഒരു മാധ്യമമായി മാത്രമല്ല, മറിച്ച് സാങ്കേതികവിദ്യ, ശാസ്ത്രം, നീതി, വിദ്യാഭ്യാസം, ഭരണ സംവിധാനം എന്നിവയുടെ അടിത്തറയായി മാറുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഡിജിറ്റൽ ഇന്ത്യ, ഇ-ഗവേണൻസ്, നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ് എന്നിവയുടെ ഈ കാലഘട്ടത്തിൽ ഇന്ത്യൻ ഭാഷകളെ ഭാവിയിലെ കഴിവുള്ളതും പ്രസക്തവും ആഗോള സാങ്കേതിക മത്സരത്തിൽ ഇന്ത്യയെ മുൻനിരയിൽ എത്തിക്കുന്നതിനുള്ള ഒരു പ്രേരകശക്തിയുമായി ഞങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

സുഹൃത്തുക്കളേ, ഭാഷ ഒരു മഴത്തുള്ളി പോലെയാണ്,അത് മനസ്സിലെ ദുഃഖവും വിഷാദവും കഴുകിക്കളഞ്ഞ് പുതിയ ഊർജ്ജവും ഉന്മേഷവും നല്കുന്നു.കുട്ടികളുടെ ഭാവനയിൽ നിന്ന് സൃഷ്ടിക്കപ്പെട്ട അതുല്യമായ കഥകൾ മുതൽ മുത്തശ്ശിമാരുടെ താരാട്ടുപാട്ടുകളും കഥകളും വരെ ഇന്ത്യൻ ഭാഷകൾ എല്ലായ്‌പ്പോഴും സമൂഹത്തിന് അതിജീവനത്തിൻ്റേയും ആത്മവിശ്വാസത്തിൻ്റേയും മന്ത്രം നൽകിയിട്ടുണ്ട്.

മിഥിലയുടെ കവിയായ വിദ്യാപതി ജി പറഞ്ഞത് ശരിയാണ്:

“ദേസിൽ ബയാന സബ് ജൻ മിഠാ”

അതായത് സ്വന്തം ഭാഷയാണ് ഏറ്റവും മധുരമുള്ളത്.

ഹിന്ദി ദിനത്തിൻ്റെ ഈ വേളയിൽ ഹിന്ദി ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ ഭാഷകളേയും ബഹുമാനിക്കുകയും സ്വയംപര്യാപ്തവും ആത്മവിശ്വാസമുള്ളതും വികസിതവുമായ ഒരു ഇന്ത്യയിലേക്ക് മുന്നേറുകയും ചെയ്യാം

ഒരിക്കൽ കൂടി, നിങ്ങൾക്കെല്ലാവർക്കും ഹിന്ദി ദിനത്തിൽ  ഹൃദയം നിറഞ്ഞ ആശംസകൾ.

വന്ദേ മാതരം.

 

***************


(Release ID: 2166617) Visitor Counter : 2