പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഡെറാഡൂൺ സന്ദർശിച്ചു; ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്ക നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി യോഗം ചേർന്നു


ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്ക-പ്രളയബാധിത പ്രദേശങ്ങൾക്ക് പ്രധാനമന്ത്രി 1200 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു

മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു

അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്ക- മണ്ണിടിച്ചിൽ ദുരന്തത്തിൽ അനാഥരായ കുട്ടികൾക്ക് പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിപ്രകാരം സമഗ്രസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു

ദുരിതബാധിതരായ കുടുംബങ്ങളെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി

എൻഡിആർഎഫ്, എസ്ഡിആർഎഫ്, ആപ്ദ മിത്ര സന്നദ്ധപ്രവർത്തകരെ സന്ദർശിച്ച പ്രധാനമന്ത്രി അവരുടെ ശ്രമങ്ങളെ പ്രകീർത്തിച്ചു

ദുരിതബാധിത പ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുടെ പുനഃസ്ഥാപനത്തിനും പുനർനിർമ്മാണത്തിനും കേന്ദ്ര ഗവൺമെന്റ് പൂർണപിന്തുണ ഉറപ്പ് നൽകി


Posted On: 11 SEP 2025 5:50PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 സെപ്റ്റംബർ 11-ന് ഡെറാഡൂൺ സന്ദർശിച്ചു. ഉത്തരാഖണ്ഡിലെ മേഘാവിസ്ഫോടനം, മഴ, മണ്ണിടിച്ചിൽ  ദുരിതബാധിത പ്രദേശങ്ങളിലെ പ്രളയ സാഹചര്യവും  നാശനഷ്ടങ്ങളും അദ്ദേഹം അവലോകനം ചെയ്തു.

ഉത്തരാഖണ്ഡിലെ ദുരിതാശ്വാസ-പുനരധിവാസ നടപടികൾ അവലോകനം ചെയ്യുന്നതിനും ദുരിതത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി പ്രധാനമന്ത്രി ഡെറാഡൂണിൽ  ഔദ്യോഗിക യോഗം ചേർന്നു. ഉത്തരാഖണ്ഡിന് 1200 കോടി രൂപയുടെ സാമ്പത്തിക സഹായം അദ്ദേഹം പ്രഖ്യാപിച്ചു.

ദുരിതബാധിത പ്രദേശത്തിന്റെയും അവിടത്തെ ജനങ്ങളുടെയും പുനരധിവാസത്തിന് ബഹുമുഖ സമീപനത്തിന്റെ ആവശ്യകതയ്ക്ക് പ്രധാനമന്ത്രി ഊന്നൽ നൽകി. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടുകൾ പുനർനിർമിക്കുക, ദേശീയ പാതകൾ പുനഃസ്ഥാപിക്കുക, സ്കൂളുകൾ പുനർനിർമ്മിക്കുക, പിഎംഎൻആർഎഫ് വഴി ആശ്വാസം നൽകുക, കന്നുകാലികൾക്ക് വേണ്ടി മിനി കിറ്റുകൾ വിതരണം ചെയ്യുക തുടങ്ങിയ നടപടികൾ ഇതിൽ ഉൾപ്പെടുന്നു.

പ്രധാൻമന്ത്രി ആവാസ് യോജന - ഗ്രാമീൺ പ്രകാരം, വെള്ളപ്പൊക്കത്തിൽ വീടുകൾ തകർന്ന ഗ്രാമപ്രദേശങ്ങളിലെ അർഹരായ കുടുംബങ്ങൾക്ക്  വീടുകളുടെ പുനർനിർമ്മാണത്തിനായി ഉത്തരാഖണ്ഡ് ഗവൺമെന്റ്  സമർപ്പിച്ച "പ്രത്യേക പദ്ധതി" പ്രകാരം സാമ്പത്തിക സഹായം നൽകും.

നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനായി, കേന്ദ്ര ഗവൺമെന്റ്  ഇതിനകം കേന്ദ്രമന്ത്രിതല  സംഘങ്ങളെ ഉത്തരാഖണ്ഡ് സന്ദർശിക്കാൻ നിയോഗിച്ചിട്ടുണ്ട്. അവരുടെ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സഹായം പരിഗണിക്കും.

പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ഈ പ്രതിസന്ധി സമയത്ത് കേന്ദ്ര ഗവൺമെന്റ്, സംസ്ഥാന ഗവൺമെൻ്റു മായി ചേർന്ന്  പ്രവർത്തിക്കുമെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്ന ഉത്തരാഖണ്ഡിൽ നിന്നുള്ള കുടുംബങ്ങളെ പ്രധാനമന്ത്രി സന്ദർശിച്ചു. ദുരിതമനുഭവിക്കുന്നവരോട് അദ്ദേഹം ഐക്യദാർഢ്യം അറിയിക്കുകയും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്തു.

വെള്ളപ്പൊക്കത്തിലും അനുബന്ധദുരന്തങ്ങളിലും മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും  ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു.

വെള്ളപ്പൊക്ക- മണ്ണിടിച്ചിൽ ദുരന്തത്തിലൂടെ അനാഥരായ കുട്ടികൾക്ക് പിഎം കെയേഴ്‌സ് ഫോർ ചിൽഡ്രൻ പദ്ധതി വഴി സഹായം ലഭ്യമാക്കുമെന്നും  അവരുടെ ദീർഘകാല പരിചരണവും ക്ഷേമവും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

സംസ്ഥാനങ്ങൾക്ക് നൽകുന്ന മുൻകൂർ ധനസഹായം ഉൾപ്പെടെ, ദുരന്തനിവാരണ നിയമത്തിന്റെയും ചട്ടങ്ങളുടെയും പരിധിയിൽ വരുന്ന, ഈ ഘട്ടത്തിൽ നൽകുന്ന സഹായം താൽക്കാലിക കാലയളവിലേക്ക് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.  സംസ്ഥാനത്തിന്റെ മെമ്മോറാണ്ടത്തിന്റെയും കേന്ദ്രസംഘങ്ങളുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ കേന്ദ്ര ഗവൺമെന്റ്, സാഹചര്യം കൂടുതൽ അവലോകനം ചെയ്യും. അടിയന്തര ദുരിതാശ്വാസത്തിനും പ്രതികരണത്തിനുമായി എൻ‌ഡി‌ആർ‌എഫ്, എസ്‌ഡി‌ആർ‌എഫ്, സൈന്യം, സംസ്ഥാന ഭരണകൂടം, മറ്റ് സേവനാധിഷ്ഠിത സംഘടനകൾ എന്നിവയിലെ ഉദ്യോഗസ്ഥർ നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ പ്രധാനമന്ത്രി, അത് നേരിടുന്നതിന് കേന്ദ്ര ഗവൺമെന്റ് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

-SK-
 


(Release ID: 2165793) Visitor Counter : 2