പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് പ്രസിഡന്റ് മാക്രോണുമായി ടെലിഫോൺ സംഭാഷണം നടത്തി

യുക്രൈൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് നേതാക്കൾ അഭിപ്രായങ്ങൾ പങ്കുവച്ചു

വിവിധ മേഖലകളിലെ ഉഭയകക്ഷിസഹകരണത്തിലെ ആശാവഹമായ സംഭവവികാസങ്ങളെ ഇരുനേതാക്കളും സ്വാഗതം ചെയ്തു.

രാജ്യത്തു നടക്കുന്ന 'എഐ ഇംപാക്ട്' ഉച്ചകോടിയിൽ പ്രസിഡന്റ് മാക്രോണിനെ സ്വാഗതം ചെയ്യാമെന്ന പ്രതീക്ഷ പങ്കുവച്ച് പ്രധാനമന്ത്രി

Posted On: 06 SEP 2025 6:22PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ടെലിഫോൺ സംഭാഷണം നടത്തി.

സാമ്പത്തികം, പ്രതിരോധം, ശാസ്ത്രം, സാങ്കേതികവിദ്യ, ബഹിരാകാശം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ഉഭയകക്ഷിസഹകരണത്തിലെ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്യുകയും ആശാവഹമായി വിലയിരുത്തുകയും ചെയ്തു. ഹൊറൈസൺ 2047 മാർഗരേഖ, ഇന്തോ-പസഫിക് മാർഗരേഖ,  പ്രതിരോധ വ്യാവസായിക മാർഗരേഖ എന്നിവയ്ക്ക് അനുസൃതമായി ഇന്ത്യ-ഫ്രാൻസ് തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും നേതാക്കൾ ആവർത്തിച്ചു.

യുക്രൈൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമീപകാല ശ്രമങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവർ കൈമാറി. സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനും സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുമുള്ള ഇന്ത്യയുടെ സ്ഥിരം പിന്തുണ പ്രധാനമന്ത്രി മോദി ആവർത്തിച്ചു.

2026 ഫെബ്രുവരിയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 'എഐ ഇംപാക്ട്' ഉച്ചകോടിയിലേക്കുള്ള ക്ഷണം സ്വീകരിച്ചതിന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് മാക്രോണിന് നന്ദി പറഞ്ഞു. പ്രസിഡന്റ് മാക്രോണിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്നും അ‌ദ്ദേഹം വ്യക്തമാക്കി.

ആഗോള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി തുടർന്നും സമ്പർക്കംപുലർത്താനും ഒരുമിച്ച് പ്രവർത്തിക്കാനും ഇരുനേതാക്കളും ധാരണയായി.

*****

NK


(Release ID: 2164459) Visitor Counter : 2