സഹകരണ മന്ത്രാലയം
azadi ka amrit mahotsav

സഹകരണ സംഘങ്ങളെയും കർഷകരെയും ഗ്രാമീണ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കാൻ സുപ്രധാന ജിഎസ്ടി ഇളവുകള്‍

Posted On: 06 SEP 2025 3:03PM by PIB Thiruvananthpuram

ചരിത്രപരമായ തീരുമാനത്തിലൂടെ സുപ്രധാന മേഖലകളിലെ ചരക്കുസേവന നികുതിയിൽ  കേന്ദ്രസർക്കാർ  പ്രഖ്യാപിച്ച വലിയ ഇളവ് സഹകരണ സംഘങ്ങളെയും കർഷകരെയും ഗ്രാമീണ സംരംഭങ്ങളെയും  നേരിട്ട് സ്വാധീനിക്കുകയും രാജ്യത്തെ 10 കോടിയിലധികം  ക്ഷീരകർഷകർക്ക് പ്രയോജനകരമാവുകയും ചെയ്യും.  ഈ പരിഷ്കാരങ്ങൾ സഹകരണ മേഖലയെ ശക്തിപ്പെടുത്തുകയും ഉത്പന്നങ്ങൾക്ക് മത്സരക്ഷമത നൽകുകയും ആവശ്യകത വർധിപ്പിക്കുകയും സഹകരണ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടുകയും ചെയ്യും.  ഗ്രാമീണ സംരംഭകത്വത്തെയും ഭക്ഷ്യ സംസ്കരണ രംഗത്തെ സഹകരണ സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഈ മാറ്റങ്ങള്‍ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് അവശ്യസാധനങ്ങള്‍ താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കും.  ജിഎസ്ടി നിരക്കുകൾ കുറച്ചത് കൃഷി, മൃഗസംരക്ഷണ  മേഖലകളിലെ സഹകരണ സ്ഥാപനങ്ങൾക്ക് പ്രയോജനം ചെയ്യുന്നതിനൊപ്പം  സുസ്ഥിര കൃഷി രീതികളെ പ്രോത്സാഹിപ്പിക്കുകയും ചെറുകിട കർഷകർക്കും കാർഷികോല്പാദക സംഘങ്ങൾക്കും  നേട്ടമുണ്ടാക്കുകയും ചെയ്യും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വരുംതലമുറ ജിഎസ്ടി പരിഷ്കാരങ്ങളെ (#NextGenGST) അമുൽ പോലുള്ള വന്‍കിട  സഹകരണ ബ്രാൻഡുകൾ ഉൾപ്പെടെ  ക്ഷീര സഹകരണ മേഖല ഒന്നടങ്കം സ്വാഗതം ചെയ്തു.

ബ്രാൻഡഡോ  അല്ലാത്തതോ ആയ പാൽ, പനീർ എന്നിവ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയതും   വെണ്ണ, നെയ്യ് തുടങ്ങിയ  ഉത്പന്നങ്ങളുടെ  നികുതി 12% -ത്തിൽ നിന്ന് 5% ആയി കുറച്ചതും ക്ഷീരമേഖലയിലെ കർഷകർക്കും ഉപഭോക്താക്കൾക്കും നേരിട്ട് ആശ്വാസം പകരുന്നു.  ഇരുമ്പ്, സ്റ്റീൽ,  അലുമിനിയം എന്നിവയിലുള്ള പാൽ ക്യാനുകളുടെ ജിഎസ്ടിയും 12% -ത്തിൽ നിന്ന് 5% ആയി കുറച്ചു.

ഈ മാറ്റങ്ങൾ ക്ഷീരോല്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കുകയും ക്ഷീരകർഷകർക്ക് നേരിട്ട്  ആശ്വാസം പകരുകയും  പ്രത്യേകിച്ച് പാൽ സംസ്കരണത്തിൽ ഏർപ്പെട്ടിരിക്കുന്ന വനിതാ സ്വയംസഹായ സംഘങ്ങളടക്കം ഗ്രാമീണ സംരംഭങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. താങ്ങാവുന്ന നിരക്കില്‍ ക്ഷീരോല്പന്നങ്ങൾ ലഭിക്കുന്നതോടെ പ്രോട്ടീനും കൊഴുപ്പും അടങ്ങിയ   പ്രധാന അവശ്യ ഉല്പന്നങ്ങള്‍ താങ്ങാവുന്ന നിരക്കില്‍ കുടുംബങ്ങൾക്ക് ലഭ്യമാക്കി പോഷകാഹാര സുരക്ഷ മെച്ചപ്പെടുത്തും.  ക്ഷീരമേഖലയിലെ സഹകരണ സംഘങ്ങളുടെ വരുമാന വര്‍ധനയ്ക്കും ഇത് സഹായിക്കും.

ഭക്ഷ്യ സംസ്കരണ ഉല്പന്നങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും വലിയ ഇളവുകളാണ് നൽകിയിരിക്കുന്നത്. 12 അല്ലെങ്കില്‍ 18 ശതമാനമായിരുന്ന ചീസ്, നംകീൻ, വെണ്ണ, പാസ്ത എന്നിവയുടെ ജിഎസ്ടി  5  ശതമാനമായി  കുറച്ചു. ജാം, ജെല്ലികൾ, യീസ്റ്റ്, ഭുജിയ, പഴത്തിന്റെ പൾപ്പോ ജ്യൂസോ അടങ്ങിയ പാനീയങ്ങൾ എന്നിവയ്ക്ക് ഇപ്പോൾ 5% ജിഎസ്ടി മാത്രമേയുള്ളൂ. ചോക്ലേറ്റുകൾ, കോൺ ഫ്ലേക്സ്, ഐസ്ക്രീമുകൾ, പേസ്ട്രികൾ, കേക്കുകൾ, ബിസ്കറ്റുകൾ, കാപ്പി എന്നിവയുടെ നികുതിയും 18% -ത്തിൽ നിന്ന് 5% ആയി കുറച്ചു.

കുറഞ്ഞ ജിഎസ്ടി നിരക്കുകൾ വീടുകളിലെ ഭക്ഷ്യ ചെലവുകൾ കുറയ്ക്കുകയും അർധ-നഗര, ഗ്രാമീണ മേഖലകളില്‍ ഉല്പന്നങ്ങളുടെ ആവശ്യകത വർധിപ്പിക്കുകയും ഭക്ഷ്യ സംസ്കരണ, ക്ഷീര സഹകരണ മേഖലകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് ഭക്ഷ്യ സംസ്കരണ മേഖലയ്ക്കും പാൽ സംസ്കരണ സഹകരണ സംഘങ്ങള്‍ക്കും  സ്വകാര്യ പാലുല്പാദക കേന്ദ്രങ്ങള്‍ക്കും കൂടുതൽ ഉണർവ് നൽകുകയും കർഷക വരുമാനം വർധിപ്പിക്കുകയും ചെയ്യും.

 ഇതിന് പുറമെ പായ്ക്ക് ചെയ്യുന്ന കടലാസ്, കാര്‍ഡ്ബോഡ് കൂടുകള്‍,   പെട്ടികൾ എന്നിവയുടെ ജിഎസ്ടി 5% ആയി കുറച്ചത് സഹകരണ സ്ഥാപനങ്ങൾക്കും ഭക്ഷ്യ ഉല്പാദകർക്കും പാക്കേജിങ് - ചരക്കുനീക്ക ചെലവുകൾ കുറയ്ക്കാൻ സഹായകമാവും. .

1800 സിസിയിൽ താഴെയുള്ള ട്രാക്ടറുകളുടെ ജിഎസ്ടി 5% ആയി കുറച്ചത് അവ കൂടുതൽ താങ്ങാവുന്ന വിലയിലുള്ളതാക്കും. കാലിത്തീറ്റ കൃഷി, തീറ്റ കൊണ്ടുപോകൽ, കാർഷികോല്പന്നങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയ്ക്കും ട്രാക്ടര്‍ ഉപയോഗിക്കാമെന്നതിനാല്‍  വിള കർഷകർക്ക് പുറമെ  മൃഗസംരക്ഷണ, സമ്മിശ്ര കാർഷിക മേഖലയിലെ കർഷകർക്കും ഇത് പ്രയോജനപ്പെടും. കൂടാതെ ട്രാക്ടറിന്റെ ടയറുകളും ട്യൂബുകളും, ഹൈഡ്രോളിക് പമ്പുകൾ, മറ്റുഭാഗങ്ങൾ എന്നിവയുടെ നികുതി 18% ൽ നിന്ന് 5% ആയി കുറച്ചത് ചെലവുകൾ വീണ്ടും കുറയ്ക്കുന്നു. ഇത് കാർഷിക മേഖലയിലെ നിരവധി സഹകരണ സ്ഥാപനങ്ങൾക്ക് നേരിട്ട് പ്രയോജനം ചെയ്യും.

ജിഎസ്ടി നിരക്കുകൾ കുറച്ചത് രാസവള നിർമാണ മേഖലയ്ക്കും ഏറെ സഹായകമായി. അമോണിയ, സൾഫ്യൂരിക് ആസിഡ്, നൈട്രിക് ആസിഡ് തുടങ്ങിയ പ്രധാന രാസവള നിർമാണ വസ്തുക്കളുടെ ജിഎസ്ടി 18% ത്തിൽ നിന്ന് 5% ആയി കുറച്ചത് വിപരീത നികുതി  ഘടനയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും രാസവള കമ്പനികളുടെ ഉത്പാദനച്ചെലവ് കുറയ്ക്കുകയും വിത്തുവിതയ്ക്കുന്ന കാലയളവില്‍ വില വർധനയില്ലാതെ കർഷകർക്ക് താങ്ങാവുന്ന നിരക്കില്‍  രാസവളങ്ങൾ ലഭ്യമാക്കുകയും ചെയ്യും. ഇത് കാർഷിക മേഖലയിലെ നിരവധി സഹകരണ സംഘങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യും.

അതുപോലെ ജൈവോല്പന്നങ്ങൾക്ക് വിലക്കുറവ് നൽകി പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ കൃഷിരീതികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 12 ബയോ-കീടനാശിനികളുടെയും ചില സൂക്ഷ്മ പോഷകങ്ങളുടെയും ജിഎസ്ടി 12% -ത്തിൽ നിന്ന് 5% ആയി കുറച്ചു.  മണ്ണിന്റെ ആരോഗ്യവും വിളകളുടെ ഗുണമേന്മയും  ഉറപ്പാക്കുന്നതിന്  രാസകീടനാശിനികളിൽ നിന്ന് ജൈവ-കീടനാശിനികളിലേക്ക് മാറാൻ കർഷകരെ  പ്രോത്സാഹിപ്പിക്കുന്ന ഈ നടപടി ചെറുകിട ജൈവ കർഷകർക്കും കർഷോല്പാദക സംഘടങ്ങൾക്കും (എഫ്‌പി‌ഒകൾ) നേരിട്ട് നേട്ടമുണ്ടാക്കും.  ഈ മാറ്റവും കാർഷിക മേഖലയിലെ നിരവധി സഹകരണ സ്ഥാപനങ്ങൾക്ക് പ്രയോജനം ചെയ്യും.

 ട്രക്കുകളും ഉല്പന്ന വിതരണ വാഹനങ്ങളുമടക്കം  വാണിജ്യ ചരക്കുവാഹനങ്ങളുടെ ജിഎസ്ടി 28% ത്തിൽ നിന്ന് 18% ആയി കുറച്ചത് രാജ്യത്തെ ചരക്കുകളുടെ 65 മുതല്‍ 70% വരെ കൊണ്ടുപോകുന്ന ഈ വാഹനങ്ങളുടെ മൂലധനച്ചെലവ് കുറയ്ക്കുകയും അതുവഴി ടൺ-കിലോമീറ്ററിന്റെ ചരക്കുകൂലി കുറയുകയും കാർഷിക രംഗത്തെ ചരക്കുനീക്കം കൂടുതൽ ചെലവ് കുറഞ്ഞതാക്കുകയും ചെയ്യുന്നു. ഇത്  കയറ്റുമതി മത്സരക്ഷമത വർധിപ്പിക്കാനും  വഴിയൊരുക്കുന്നു. ചരക്കുവാഹനങ്ങളുടെ തേഡ്-പാര്‍ട്ടി ഇൻഷുറൻസ് ജിഎസ്ടി 12% -ത്തിൽ നിന്ന് 5% ആയി കുറച്ചതും ഈ മേഖലയ്ക്ക് കൂടുതൽ സഹായകമാകും.

*****************


(Release ID: 2164401) Visitor Counter : 2