പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി സെപ്റ്റംബർ 2-നു ന്യൂഡൽഹിയിലെ യശോഭൂമിയിൽ ‘സെമിക്കോൺ ഇന്ത്യ - 2025’ ഉദ്ഘാടനം ചെയ്യും
‘സെമിക്കോൺ ഇന്ത്യ’യിൽ സെപ്റ്റംബർ 3-ന് CEO-മാരുടെ വട്ടമേശ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും
‘സെമിക്കോൺ ഇന്ത്യ – 2025’ ഇന്ത്യയിലെ കരുത്തുറ്റതും സുസ്ഥിരവുമായ സെമികണ്ടക്ടർ ആവാസവ്യവസ്ഥയ്ക്ക് ഉത്തേജനമേകും
സമ്മേളനം സെമികണ്ടക്ടർ ഫാബുകൾ, അഡ്വാൻസ്ഡ് പാക്കേജിങ്, നിർമിതബുദ്ധി, ഗവേഷണവും വികസനവും, സ്മാർട് മാനുഫാക്ചറിങ്, നിക്ഷേപ അവസരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും
48-ലധികം രാജ്യങ്ങളിൽനിന്നുള്ള 2500-ലധികം പ്രതിനിധികൾ പങ്കെടുക്കും
Posted On:
01 SEP 2025 3:30PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ രണ്ടിനു രാവിലെ പത്തിനു ന്യൂഡൽഹിയിലെ യശോഭൂമിയിൽ ‘സെമികോൺ ഇന്ത്യ – 2025’ ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയ്ക്ക് ഉത്തേജനം പകരുക എന്ന ലക്ഷ്യത്തോടെയാണു സമ്മേളനം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ മൂന്നിനു രാവിലെ 9.30നു നടക്കുന്ന സമ്മേളനത്തിലും CEO-മാരുടെ വട്ടമേശസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
സെപ്റ്റംബർ രണ്ടുമുതൽ നാലുവരെ നടക്കുന്ന മൂന്നുദിവസത്തെ സമ്മേളനം ഇന്ത്യയിൽ കരുത്തുറ്റതും പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ സെമികണ്ടക്ടർ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ‘സെമിക്കോൺ ഇന്ത്യ’ പദ്ധതിയുടെ പുരോഗതി, സെമിക്കോൺ ഫാബ്, അഡ്വാൻസ്ഡ് പാക്കേജിങ് പ്രോജക്ടുകൾ, അടിസ്ഥാനസൗകര്യസന്നദ്ധത, സ്മാർട് മാനുഫാക്ചറിങ്, ഗവേഷണ-വികസന നൂതനത്വം, നിർമിതബുദ്ധി, നിക്ഷേപ അവസരങ്ങൾ, സംസ്ഥാനതല നയനിർവഹണം തുടങ്ങിയ വിഷയങ്ങളിൽ വിവിധ സെഷനുകൾ സമ്മേളനത്തിന്റെ ഭാഗമാകും. കൂടാതെ, രൂപകൽപ്പനബന്ധിത ആനുകൂല്യ (DLI) പദ്ധതിയുടെ കീഴിലുള്ള സംരംഭങ്ങൾ, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വളർച്ച, അന്താരാഷ്ട്ര സഹകരണം, ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയ്ക്കുള്ള ഭാവിമാർഗരേഖ എന്നിവയും പരിപാടിയിൽ അവതരിപ്പിക്കും.
48-ലധികം രാജ്യങ്ങളിൽ നിന്നുള്ള 2500-ലധികം പ്രതിനിധികൾ, 50-ലധികം ആഗോള നേതാക്കളുൾപ്പെടെ 150-ലധികം പ്രഭാഷകർ, 350-ലധികം പ്രദർശകർ തുടങ്ങി 20,750-ലധികം പേർ പങ്കെടുക്കും. ആറുരാജ്യങ്ങളിലെ വട്ടമേശ ചർച്ചകൾ, രാജ്യങ്ങളുടെ പവലിയനുകൾ, തൊഴിൽശേഷി വികസനത്തിനും സ്റ്റാർട്ടപ്പുകൾക്കുമായുള്ള പ്രത്യേക പവലിയനുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന സെമിക്കോൺ സമ്മേളനങ്ങൾ, സെമികണ്ടക്ടർ മേഖലയിലെ സാങ്കേതിക പുരോഗതി പരമാവധി പ്രയോജനപ്പെടുത്തുന്നതിനും വിവിധ രാജ്യങ്ങളുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള നയങ്ങൾ വികസിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നവയാണ്. സെമികണ്ടക്ടർ രൂപകൽപ്പന, നിർമാണം, സാങ്കേതികവിദ്യ വികസനം എന്നിവയുടെ കേന്ദ്രമായി ഇന്ത്യയെ ഉയർത്തിക്കാട്ടുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനു ശക്തിപകരുന്നതിനായി, 2022-ൽ ബെംഗളൂരുവിലും 2023-ൽ ഗാന്ധിനഗറിലും 2024-ൽ ഗ്രേറ്റർ നോയിഡയിലും സമ്മേളനങ്ങൾ സംഘടിപ്പിച്ചിരുന്നു.
***
SK
(Release ID: 2162696)
Visitor Counter : 2
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali-TR
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada