പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി ചൈനയിലെ ടിയാൻജിനിൽ 25-ാം SCO ഉച്ചകോടിയിൽ പങ്കെടുത്തു

Posted On: 01 SEP 2025 11:53AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചൈനയിലെ ടിയാൻജിനിൽ 2025 ഓഗസ്റ്റ് 31നും സെപ്റ്റംബർ ‌ഒന്നിനും ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) രാഷ്ട്രത്തലവന്മാരുടെ സമിതിയുടെ 25-ാം യോഗത്തിൽ പങ്കെടുത്തു. SCO വികസനതന്ത്രം, ആഗോള ഭരണപരിഷ്കരണം, ഭീകരവിരുദ്ധ നടപടികൾ, സമാധാനവും സുരക്ഷയും, സാമ്പത്തിക-ധനകാര്യ സഹകരണം, സുസ്ഥിരവികസനം എന്നീ വിഷയങ്ങളിൽ ഉച്ചകോടിയിൽ ഫലപ്രദമായ ചർച്ചകൾ നടന്നു.

ഉച്ചകോടിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, SCO ചട്ടക്കൂടിനു കീഴിൽ സഹകരണം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ സമീപനം എടുത്തുകാട്ടി. ഇക്കാര്യത്തിൽ, സുരക്ഷ, സമ്പർക്കസൗകര്യം, അവസരം എന്നീ മൂന്നു സ്തംഭങ്ങൾക്കു കീഴിൽ ഇന്ത്യ കൂടുതൽ മികച്ച നടപടി ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയാണു പുരോഗതിയുടെയും സമൃദ്ധിയുടെയും അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. ഭീകരതയെ അതിന്റെ എല്ലാ ആവിഷ്കാരങ്ങളിലും ചെറുക്കാൻ ഉറച്ചതും നിർണായകവുമായ നടപടി സ്വീകരിക്കാൻ അംഗരാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഭീകരവാദ ധനസഹായത്തിനും തീവ്രവാദവൽക്കരണത്തിനുമെതിരെ ഏകോപിത നടപടിയുടെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി അടിവരയിട്ടു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അംഗരാജ്യങ്ങൾ പ്രകടിപ്പിച്ച ശക്തമായ ഐക്യദാർഢ്യത്തിനു നന്ദി പറഞ്ഞ അദ്ദേഹം, ഭീകരവാദത്തെ നേരിടുന്നതിൽ ഇരട്ടത്താപ്പു പാടില്ലെന്നു വ്യക്തമാക്കി. അതിർത്തികടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ ഉത്തരവാദിത്വത്തോടെ നേരിടാൻ ഈ കൂട്ടായ്മയോട് അദ്ദേഹം ആവശ്യപ്പെട്ടു.

വികസനം മുന്നോട്ടു കൊണ്ടുപോകാനും പരസ്പര വിശ്വാസം വളർത്താനും സമ്പർക്കസൗകര്യത്തിനു നിർണായക പങ്കുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, ചബഹാർ തുറമുഖം, അന്താരാഷ്ട്ര വടക്ക്-തെക്ക് ഗതാഗത ഇടനാഴി തുടങ്ങിയ പദ്ധതികളെ ഇന്ത്യ ശക്തമായി പിന്തുണച്ചുവെന്നു വ്യക്തമാക്കി. സ്റ്റാർട്ടപ്പുകൾ, നൂതനാശയങ്ങൾ, യുവശാക്തീകരണം, പൊതുവായ പൈതൃകം എന്നീ മേഖലകളിൽ സാധ്യതകൾ നിറഞ്ഞ അവസരങ്ങൾ ഉണ്ടെന്നും SCOയുടെ കീഴിൽ അവ പിന്തുടരണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളും സാംസ്കാരിക ധാരണയും വളർത്തിയെടുക്കുന്നതിനായി കൂട്ടായ്മയിൽ നാഗരിക സംഭാഷണവേദിക്കു തുടക്കംകുറിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു.

കൂട്ടായ്മയുടെ പരിഷ്കരണാധിഷ്ഠിത കാര്യപരിപാടിക്കു പ്രധാനമന്ത്രി പിന്തുണ അറിയിച്ചു. ഇക്കാര്യത്തിൽ, സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, സൈബർ സുരക്ഷ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ പരിഷ്കരണത്തിലും കൂട്ടായ്മയ്ക്കു സമാനമായ സമീപനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ ഇവിടെ കാണാം [ലിങ്ക്].

പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഊഷ്മളമായ ആതിഥ്യമര്യാദയ്ക്കു പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഉച്ചകോടിയുടെ വിജയകരമായ സംഘാടനത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചു. SCO-യുടെ അടുത്ത അധ്യക്ഷസ്ഥാനം ഏറ്റെടുത്ത കിർഗിസ്ഥാനെ അദ്ദേഹം അഭിനന്ദിച്ചു. ഉച്ചകോടിയുടെ സമാപനവേളയിൽ, SCO അംഗരാജ്യങ്ങൾ ടിയാൻജിൻ പ്രഖ്യാപനം അംഗീകരിച്ചു.

***

SK


(Release ID: 2162642) Visitor Counter : 2