പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി


യുക്രൈൻ സംഘർഷം പരിഹരിക്കുന്നതിനുള്ള സമീപകാല ശ്രമങ്ങളെക്കുറിച്ചു നേതാക്കൾ അഭിപ്രായങ്ങൾ കൈമാറി​

സമാധാനവും സ്ഥിരതയും എത്രയുംവേഗം പുനഃസ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ അചഞ്ചലമായ പിന്തുണ പ്രധാനമന്ത്രി മോദി ആവർത്തിച്ചു

വ്യാപാരവും സാങ്കേതികവിദ്യയും സുസ്ഥിരതയുമുൾപ്പെടെ, പ്രധാന മേഖലകളിലെ ഉഭയകക്ഷിബന്ധത്തിനു കരുത്തേകാനുള്ള വഴികളും നേതാക്കൾ ചർച്ചചെയ്തു

Posted On: 27 AUG 2025 8:32PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബുമായി ടെലിഫോൺ സംഭാഷണം നടത്തി.

യുക്രൈൻ സംഘർഷം പരിഹരിക്കുന്നതിനായി യൂറോപ്പ്, അമേരിക്ക, യുക്രൈൻ എന്നീ രാജ്യങ്ങളിലെ നേതാക്കൾ അടുത്തിടെ വാഷിങ്ടണിൽ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിലയിരുത്തൽ പ്രസിഡന്റ് സ്റ്റബ്ബ് പങ്കുവച്ചു.

സംഘർഷം സമാധാനപരമായി പരിഹരിക്കാനും സമാധാനവും സ്ഥിരതയും എത്രയുംവേഗം പുനഃസ്ഥാപിക്കാനുമുള്ള ഇന്ത്യയുടെ അചഞ്ചലമായ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചു.

ഇരുനേതാക്കളും ഇന്ത്യ-ഫിൻലൻഡ് ഉഭയകക്ഷിബന്ധത്തിലെ പുരോഗതി അവലോകനംചെയ്തു. ക്വാണ്ടം സാങ്കേതികവിദ്യകൾ, 6G, നിർമിതബുദ്ധി, സൈബർ സുരക്ഷ, സുസ്ഥിരത എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന മേഖലകളിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത നേതാക്കൾ ആവർത്തിച്ചു.

പരസ്പരപ്രയോജനകരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ എത്രയുംവേഗം പൂർത്തീകരിക്കുന്നതിനുള്ള ഫിൻലൻഡിന്റെ പിന്തുണ പ്രസിഡന്റ് സ്റ്റബ്ബ് ആവർത്തിച്ചു. 2026-ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന നിർമിതബുദ്ധി സ്വാധീന ഉച്ചകോടിയുടെ വിജയത്തിനു പിന്തുണയേകുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

ഏറ്റവുമടുത്ത അവസരത്തിൽ ഇന്ത്യ സന്ദർശിക്കാൻ പ്രസിഡന്റ് സ്റ്റബ്ബിനെ പ്രധാനമന്ത്രി ക്ഷണിച്ചു. ബന്ധം തുടർന്നുകൊണ്ടുപോകാൻ ഇരുനേതാക്കളും ധാരണയായി.

 

-SK-


(Release ID: 2161395)