മന്ത്രിസഭ
azadi ka amrit mahotsav

​2030-ലെ കോമൺ‌വെൽത്ത് ഗെയിംസിന്റെ (CWG) ബിഡ് സമർപ്പണത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


2030-ലെ CWG ബിഡ് അംഗീകരിക്കപ്പെട്ടാൽ, ഗുജറാത്ത് ഗവണ്മെന്റിനുള്ള ആതിഥേയ സഹകരണ കരാർ, ധനസഹായത്തിനുള്ള അനുമതി എന്നിവയിൽ ഒപ്പുവയ്ക്കുന്നതിനും മന്ത്രിസഭാംഗീകാരം

ലോകോത്തര സ്റ്റേഡിയങ്ങൾ, അത്യാധുനിക പരിശീലന സൗകര്യങ്ങൾ, ആവേശകരമായ കായിക സംസ്കാരം എന്നിവയുള്ള മികച്ച ആതിഥേയ നഗരമാണ് അഹമ്മദാബാദ്

ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയം, 2023ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനു വിജയകരമായി ആതിഥേയത്വം വഹിച്ച് ഇതിനകം കഴിവു തെളിയിച്ചു

72 രാജ്യങ്ങളിൽനിന്നു വൻതോതിലുള്ള പങ്കാളിത്തത്തിനു മത്സരങ്ങൾ സാക്ഷ്യംവഹിക്കും

കായികരംഗത്തിനപ്പുറം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിനോദസഞ്ചാരം വളർത്തുന്നതിനും വൈവിധ്യമാർന്ന മേഖലകളിൽ പ്രൊഫഷണൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പരിപാടി സഹായിക്കും

Posted On: 27 AUG 2025 3:38PM by PIB Thiruvananthpuram

2030-ലെ കോമൺ‌വെൽത്ത് ഗെയിംസിനു (CWG) ബിഡ് സമർപ്പിക്കാനുള്ള യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ നിർദേശത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽനിന്നും വകുപ്പുകളിൽനിന്നും അധികൃതരിൽനിന്നുമുള്ള അവശ്യംവേണ്ട ഉറപ്പുകൾസഹിതം ആതിഥേയ സഹകരണ കരാറിൽ (HCA) ഒപ്പിടാൻ തീരുമാനമായി. ബിഡ് അംഗീകരിക്കപ്പെട്ടാൽ ഗുജറാത്ത് ഗവണ്മെന്റിന് ആവശ്യമായ ധനസഹായം അനുവദിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.

72 രാജ്യങ്ങളിൽനിന്നുള്ള കായികതാരങ്ങൾ കോമൺ‌വെൽത്ത് ഗെയിംസിൽ പങ്കെടുക്കും. ഗെയിംസിനിടയിൽ ഇന്ത്യ സന്ദർശിക്കുന്ന നിരവധി കായികതാരങ്ങൾ, പരിശീലകർ, സാങ്കേതിക ഉദ്യോഗസ്ഥർ, വിനോദസഞ്ചാരികൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ പങ്കാളിത്തവും ഇതിൽ ഉൾപ്പെടും. ഇതു പ്രാദേശിക വ്യാപാരങ്ങൾക്കു പ്രയോജനമേകുകയും വരുമാനം വർധിപ്പിക്കുകയും ചെയ്യും.

ലോകോത്തര സ്റ്റേഡിയങ്ങൾ, അത്യാധുനിക പരിശീലനസൗകര്യങ്ങൾ, ആവേശകരമായ കായിക സംസ്കാരം എന്നിവയുള്ള മികച്ച ആതിഥേയ നഗരമാണ് അഹമ്മദാബാദ്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയം 2023-ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനു വിജയകരമായി ആതിഥേയത്വം വഹിച്ച് ഇതിനകം കഴിവു തെളിയിച്ചിട്ടുണ്ട്.

കായികമത്സരങ്ങൾക്ക് അതീതമായി, CWC ഇന്ത്യയിൽ നടത്തുന്നതു തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിനോദസഞ്ചാരം വളർത്തുന്നതിനും വൈവിധ്യമാർന്ന മേഖലകളിൽ പ്രൊഫഷണൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കും. ദശലക്ഷക്കണക്കിനു യുവകായികതാരങ്ങൾക്കു പ്രചോദനമേകുംവിധം ശാശ്വതമായ സ്വാധീനം ചെലുത്തുകയും ചെയ്യും. ഇതിനുപുറമെ, കായികശാസ്ത്രം, പരിപാടി നടത്തിപ്പും കൈകാര്യംചെയ്യലും, ചരക്കുനീക്ക-ഗതാഗത ഏകോപനം, പ്രക്ഷേപണവും മാധ്യമങ്ങളും, വിവരസാങ്കേതികവിദ്യയും ആശയവിനിമയവും, പൊതുജനസമ്പർക്കവും ആശയവിനിമയവും തുടങ്ങി നിരവധി മേഖലകളിൽ പ്രൊഫഷണലുകൾക്ക് അവസരങ്ങൾ ലഭിക്കും.

ആഗോളപ്രാധാന്യമുള്ള ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതു ശക്തമായ ദേശീയ അഭിമാനവും ഐക്യവും വളർത്തും. ഇതു ദേശീയ അനുഭവം പങ്കിടുന്നതിനുള്ള അവസരമൊരുക്കുകയും രാജ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും. പുതുതലമുറയിലെ കായികതാരങ്ങൾക്കു കായികരംഗം ജീവിതോപാധിയായി പരിഗണിക്കാനും എല്ലാ തലങ്ങളിലും കായികരംഗത്തു കൂടുതൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും ഇതു പ്രചോദനമേകും.

***

SK


(Release ID: 2161237)