പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ അഹമ്മദാബാദിൽ 5400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു
സുദർശന ചക്രധാരി മോഹനും ചർക്കധാരി മോഹനും കാണിച്ച പാത പിന്തുടർന്ന് ഇന്ത്യ ഇന്നു കൂടുതൽ കരുത്താർജിക്കുന്നു: പ്രധാനമന്ത്രി
ഇന്നു ഭീകരരും അവരുടെ സൂത്രധാരരും എവിടെ ഒളിച്ചിരുന്നാലും അവരെ രക്ഷപ്പെടാൻ അനുവദിക്കില്ല: പ്രധാനമന്ത്രി
ചെറുകിട സംരംഭകർക്കും കർഷകർക്കും കന്നുകാലി പരിപാലകർക്കും ഒരുതരത്തിലും കോട്ടം സംഭവിക്കാൻ നമ്മുടെ ഗവണ്മെന്റ് അനുവദിക്കില്ല: പ്രധാനമന്ത്രി
ഇന്ന്, ഗുജറാത്തിന്റെ മണ്ണിൽ എല്ലാത്തരം വ്യവസായങ്ങളും വികസിക്കുന്നു: പ്രധാനമന്ത്രി
നവ-മധ്യവർഗത്തിനും മധ്യവർഗത്തിനും കരുത്തുപകരാനുള്ള നമ്മുടെ നിരന്തരമായ ശ്രമമാണിത്: പ്രധാനമന്ത്രി
വ്യാപാരസമൂഹമോ മറ്റു കുടുംബങ്ങളോ ഏതുമാകട്ടെ, ഈ ദീപാവലിയിൽ, ഏവർക്കും സന്തോഷത്തിന്റെ ഇരട്ടിബോണസ് ലഭിക്കും: പ്രധാനമന്ത്രി
ആഘോഷവേളയിൽ വാങ്ങുന്ന സാധനങ്ങളും സമ്മാനങ്ങളും വീട്ടിൽ അലങ്കാരത്തിനായി എത്തിക്കുന്ന സാമഗ്രികളും ഇന്ത്യൻ നിർമിതമായിരിക്കണം: പ്രധാനമന്ത്രി
Posted On:
25 AUG 2025 9:04PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ അഹമ്മദാബാദിൽ 5400 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയും നാടിനു സമർപ്പിക്കുകയും ചെയ്തു. ഗണേശോത്സവത്തിന്റെ ആവേശത്താൽ രാജ്യമാകെ മുഴുകിയിരിക്കുകയാണെന്നു സമ്മേളനത്തെ അഭിസംബോധനചെയ്തു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗണപതി ബപ്പയുടെ അനുഗ്രഹത്താൽ, ഗുജറാത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട നിരവധി വികസനപദ്ധതികളുടെ ശുഭകരമായ തുടക്കമാണ് ഇന്ന് എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നിരവധി പദ്ധതികൾ ജനങ്ങളുടെ കാൽക്കൽ സമർപ്പിക്കാൻ തനിക്കു ഭാഗ്യം ലഭിച്ചുവെന്നും ഈ വികസനസംരംഭങ്ങൾക്ക് എല്ലാ പൗരന്മാരെയും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഈ മൺസൂൺ കാലത്ത്, ഗുജറാത്തിലെ പല പ്രദേശങ്ങളിലും കനത്ത മഴയും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മേഘവിസ്ഫോടനവും അനുഭവപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി, ദുരിതബാധിതരായ കുടുംബങ്ങൾക്കു ശ്രീ മോദി അനുശോചനം അറിയിച്ചു. പ്രകൃതിയുടെ ഈ കോപം രാജ്യത്തിനാകെ വെല്ലുവിളിയായിത്തീർന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രഗവണ്മെന്റ് എല്ലാ സംസ്ഥാന ഗവണ്മെന്റുകളുമായും സഹകരിച്ചു രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസപ്രവർത്തനങ്ങളിലും സജീവമായി ഏർപ്പെട്ടിരിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു.
ഗുജറാത്ത് രണ്ടു മോഹനന്മാരുടെ നാടാണെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ആദ്യത്തെ മോഹൻ സുദർശനചക്രധാരിയായ ദ്വാരകാധീശൻ ശ്രീകൃഷ്ണനാണെന്നു പരാമർശിച്ചു. രണ്ടാമൻ സാബർമതിയുടെ ചർക്കധാരിയായ ആദരണീയ ബാപ്പുവാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. “സുദർശനചക്രധാരി മോഹൻ, ചർക്കധാരി മോഹൻ എന്നിവർ കാട്ടിത്തന്ന പാത പിന്തുടർന്നാണ് ഇന്ത്യ ഇന്നു കൂടുതൽ കരുത്താർജിക്കുന്നത്” - ശ്രീ മോദി പറഞ്ഞു. സുദർശനചക്രധാരി മോഹൻ രാഷ്ട്രത്തെയും സമൂഹത്തെയും എങ്ങനെ സംരക്ഷിക്കാമെന്നു നമ്മെ പഠിപ്പിച്ചുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നീതിയുടെയും സുരക്ഷയുടെയും പ്രതീകമാണു സുദർശനചക്രമെന്നും പാതാളത്തിന്റെ ആഴങ്ങളിൽപ്പോലും ശത്രുക്കളെ ശിക്ഷിക്കാൻ അതിനു ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ ഇന്ത്യയുടെ തീരുമാനങ്ങളിൽ ഈ മനോഭാവം പ്രതിഫലിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്നു ഭീകരരും അവരുടെ സൂത്രധാരരും എവിടെ ഒളിച്ചിരുന്നാലും അവരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പഹൽഗാം ആക്രമണത്തിന് ഇന്ത്യ എങ്ങനെ മറുപടി നൽകിയെന്നതിനു ലോകം സാക്ഷ്യംവഹിച്ചതായി ശ്രീ മോദി പറഞ്ഞു. സുദർശനചക്രധാരി മോഹനിൽനിന്നുള്ള പ്രചോദനത്താൽ, ഇന്ത്യയുടെ സായുധസേനയുടെ വീര്യത്തിന്റെയും രാജ്യത്തിന്റെ ദൃഢനിശ്ചയത്തിന്റെയും പ്രതീകമായാണ് “ഓപ്പറേഷൻ സിന്ദൂർ” നിലകൊള്ളുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വദേശിയിലൂടെ ഇന്ത്യയുടെ അഭിവൃദ്ധിയുടെ പാത കാണിച്ചുതന്ന ചർക്കധാരി മോഹന്റെ, ആദരണീയ ബാപ്പുവിന്റെ, പൈതൃകം ചൂണ്ടിക്കാട്ടി, ബാപ്പുവിന്റെ പേരിൽ പതിറ്റാണ്ടുകളായി അധികാരം ആസ്വദിച്ച പാർട്ടിയുടെ പ്രവർത്തനങ്ങൾക്കും നിഷ്ക്രിയത്വത്തിനും സാക്ഷിയാണു സാബർമതി ആശ്രമമെന്നു പ്രധാനമന്ത്രി പറഞ്ഞു. സ്വദേശി എന്ന മന്ത്രം ഉപയോഗിച്ച് ആ പാർട്ടി എന്താണു ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. അറുപതുമുതൽ അറുപത്തിയഞ്ചു വർഷംവരെ രാജ്യം ഭരിച്ച പാർട്ടി ഇന്ത്യയെ വിദേശരാജ്യങ്ങളെ ആശ്രയിച്ചു നിർത്തിയതിനെ വിമർശിച്ച ശ്രീ മോദി, ഇറക്കുമതിയിൽ കൃത്രിമം കാണിക്കാനും അഴിമതി സാധ്യമാക്കാനും വേണ്ടിയാണ് ഇതു ചെയ്തതെന്ന് ആരോപിച്ചു. ഇന്ന് ഇന്ത്യ വികസിത രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയായി സ്വയംപര്യാപ്തതയെ മാറ്റിയിട്ടുണ്ടെന്നു പ്രധാനമന്ത്രി പ്രസ്താവിച്ചു. കർഷകർ, മത്സ്യത്തൊഴിലാളികൾ, കന്നുകാലിപരിപാലകർ, സംരംഭകർ എന്നിവരുടെ ശക്തിയിലൂടെ ഇന്ത്യ ഈ പാതയിൽ അതിവേഗം പുരോഗമിക്കുന്നുവെന്നു പറഞ്ഞ ശ്രീ മോദി, ഗുജറാത്തിൽ ധാരാളം കന്നുകാലിപരിപാലകരുണ്ടെന്നു വ്യക്തമാക്കി. ഇന്ത്യയുടെ ക്ഷീരമേഖല ശക്തിയുടെ ഉറവിടമാണെന്നും ഈ മേഖലയിൽ രാജ്യം സ്വയംപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സ്വാർഥതാൽപ്പര്യത്താൽ നയിക്കപ്പെടുന്ന രാഷ്ട്രീയത്തിനാണു ലോകം സാക്ഷ്യം വഹിക്കുന്നതെന്നു പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി. ചെറുകിട സംരംഭകരുടെയും കടയുടമകളുടെയും കർഷകരുടെയും കന്നുകാലിപരിപാലകരുടെയും ക്ഷേമമാണു തനിക്ക് ഏറ്റവും പ്രധാനമെന്ന് അഹമ്മദാബാദിന്റെ മണ്ണിൽനിന്നു ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു. ചെറുകിട സംരംഭകരുടെയും കർഷകരുടെയും കന്നുകാലിപരിപാലകരുടെയും താൽപ്പര്യങ്ങൾക്കു കോട്ടം വരുത്താൻ തന്റെ ഗവണ്മെന്റ് അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.
“സ്വയംപര്യാപ്ത ഇന്ത്യ യജ്ഞത്തിനു ഗുജറാത്ത് വലിയ ഗതിവേഗം പകരുന്നു. രണ്ടുപതിറ്റാണ്ടിന്റെ സമർപ്പിത പരിശ്രമത്തിന്റെ ഫലമാണ് ഈ പുരോഗതി” - ശ്രീ മോദി പറഞ്ഞു. ഇന്നത്തെ യുവാക്കൾ ഈ മേഖലയിൽ കർഫ്യൂ പതിവായിരുന്ന ദിനങ്ങൾ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പു വാണിജ്യ-വ്യാപാരങ്ങൾ നടത്തുന്നതു വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് അനുസ്മരിച്ച പ്രധാനമന്ത്രി, അശാന്തിയുടെ അന്തരീക്ഷമായിരുന്നു അതെന്നും ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഇന്ന് അഹമ്മദാബാദ് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ മാറ്റം സാധ്യമാക്കിയതു ജനങ്ങളാണെന്ന് അദ്ദേഹം പ്രകീർത്തിച്ചു.
ഗുജറാത്തിൽ സ്ഥാപിതമായ സമാധാനത്തിന്റെയും സുരക്ഷയുടെയും അന്തരീക്ഷം സംസ്ഥാനത്തുടനീളം മികച്ച ഫലങ്ങൾ നൽകുന്നുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, “ഇന്ന്, ഗുജറാത്തിൽ എല്ലാത്തരം വ്യവസായങ്ങളും വികസിക്കുന്നു” എന്നു വ്യക്തമാക്കി. ഗുജറാത്ത് ഉൽപ്പാദനകേന്ദ്രമായി ഉയർന്നുവരുന്നതിൽ സംസ്ഥാനമാകെ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദാഹോദിലെ റെയിൽ ഫാക്ടറിയിൽ കരുത്തുറ്റ ഇലക്ട്രിക് ലോക്കോമോട്ടീവ് എൻജിനുകൾ നിർമിക്കുന്നുവെന്ന്, സമീപകാല ദാഹോദ് സന്ദർശനം അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ നിർമിച്ച മെട്രോ കോച്ചുകൾ ഇപ്പോൾ മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നുണ്ടെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. ഗുജറാത്ത് മോട്ടോർ സൈക്കിളുകളുടെയും കാറുകളുടെയും വലിയ തോതിലുള്ള ഉൽപ്പാദനത്തിനു സാക്ഷ്യം വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാന ദേശീയ-അന്തർദേശീയ കമ്പനികൾ സംസ്ഥാനത്തു നിർമാണശാലകൾ സ്ഥാപിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത് ഇതിനകം വിവിധ വിമാനഘടകങ്ങൾ നിർമിച്ചു കയറ്റുമതി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. വഡോദര ഇപ്പോൾ ഗതാഗത വിമാനങ്ങളുടെ നിർമാണം ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഗുജറാത്ത് വൈദ്യുത വാഹന നിർമാണത്തിന്റെ പ്രധാന കേന്ദ്രമായി മാറുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി, വൈദ്യുത വാഹന നിർമാണത്തിൽ സുപ്രധാന സംരംഭത്തിനു തുടക്കംകുറിക്കുന്ന ഹൻസൽപുർ നാളെ സന്ദർശിക്കുമെന്ന വിവരം പങ്കുവച്ചു. സെമികണ്ടക്ടറുകളില്ലാതെ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമിക്കാൻ കഴിയില്ലെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, സെമികണ്ടക്ടർ മേഖലയിൽ ഗുജറാത്ത് പ്രമുഖ നാമമായി മാറാൻ ഒരുങ്ങുകയാണെന്നു പ്രസ്താവിച്ചു. തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയിൽ ഗുജറാത്ത് സവിശേഷ സ്ഥാനത്താണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മരുന്നുകളും വാക്സിനുകളും ഉൾപ്പെടെ ഔഷധ ഉൽപ്പാദനമേഖലയിൽ രാജ്യത്തിന്റെ കയറ്റുമതിയുടെ മൂന്നിലൊന്നും ഗുജറാത്തിൽനിന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“സൗരോർജം, പവനോർജം, ആണവോർജം എന്നീ മേഖലകളിൽ ഇന്ത്യ അതിവേഗം മുന്നേറുകയാണ്. ഈ പുരോഗതിയിൽ ഗുജറാത്തിന്റെ സംഭാവന വളരെയധികമാണ്” – പ്രധാനമന്ത്രി പറഞ്ഞു. ഹരിതോർജത്തിന്റെയും പെട്രോകെമിക്കലുകളുടെയും പ്രധാന കേന്ദ്രമായി ഗുജറാത്ത് വളർന്നുവരികയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പെട്രോകെമിക്കൽ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഗുജറാത്ത് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക് വ്യവസായം, സിന്തറ്റിക് ഫൈബർ, വളങ്ങൾ, മരുന്നുകൾ, പെയിന്റ് വ്യവസായം, സൗന്ദര്യവർധകവസ്തുക്കൾ എന്നിവയെല്ലാം പെട്രോകെമിക്കൽ മേഖലയെ വളരെയധികം ആശ്രയിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഗുജറാത്തിൽ പരമ്പരാഗത വ്യവസായങ്ങൾ വികസിക്കുകയും പുതിയ വ്യവസായങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്യുന്നുവെന്നും വ്യക്തമാക്കി. ഈ ശ്രമങ്ങളെല്ലാം സ്വയംപര്യാപ്ത ഇന്ത്യ യജ്ഞത്തിനു കരുത്തേകുന്നുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഈ വളർച്ച ഗുജറാത്തിലെ യുവാക്കൾക്കു നിരന്തരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യവസായമോ കൃഷിയോ വിനോദസഞ്ചാരമോ ഏതുമാകട്ടെ, എല്ലാ മേഖലകൾക്കും മികച്ച സമ്പർക്കസൗകര്യം അനിവാര്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 20-25 വർഷത്തിനിടയിൽ ഗുജറാത്തിന്റെ സമ്പർക്കസൗകര്യം സമ്പൂർണപരിവർത്തനത്തിനു വിധേയമായിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ന്, നിരവധി റോഡ്-റെയിൽ അനുബന്ധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർദാർ പട്ടേൽ റിങ് റോഡ് എന്നറിയപ്പെടുന്ന ചാക്രിക റോഡ് ഇപ്പോൾ വീതികൂട്ടുകയാണെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇത് ആറുവരിപ്പാതയായി വികസിപ്പിക്കുകയാണെന്നു പറഞ്ഞു. നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കു കുറയ്ക്കാൻ ഈ വികസനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിരംഗാം-ഖുദാദ്-രാംപുര റോഡിന്റെ വീതികൂട്ടൽ മേഖലയിലെ കർഷകർക്കും വ്യവസായങ്ങൾക്കും ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതുതായി നിർമിച്ച അടിപ്പാതകളും റെയിൽവേ മേൽപ്പാലങ്ങളും നഗരത്തിന്റെ ചലനക്ഷമത കൂടുതൽ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പഴയ ചുവന്ന നിറമുള്ള ബസുകൾ മാത്രം ഈ മേഖലയിൽ സർവീസ് നടത്തിയിരുന്ന കാലമുണ്ടായിരുന്നുവെന്ന് ഓർമിപ്പിച്ച ശ്രീ മോദി, ഇന്നു BRTS ജൻമാർഗും എസി-വൈദ്യുത ബസുകളും ആധുനിക സൗകര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി. മെട്രോ റെയിൽ ശൃംഖലയും അതിവേഗം വികസിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അഹമ്മദാബാദിലെ ജനങ്ങളുടെ യാത്രാസുഖം ഉറപ്പാക്കാൻ ഇതിനായിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ഓരോ നഗരവും പ്രധാന വ്യാവസായിക ഇടനാഴിയാൽ ചുറ്റപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, പത്തുവർഷം മുമ്പുവരെ തുറമുഖങ്ങൾക്കും അത്തരം വ്യാവസായിക മേഖലകൾക്കുമിടയിൽ മതിയായ റെയിൽഗതാഗതസൗകര്യത്തിന്റെ അഭാവമുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2014-ൽ പ്രധാനമന്ത്രിയായതിനുശേഷം ഗുജറാത്തിൽ ഈ പ്രശ്നം പരിഹരിക്കാൻ ശ്രമമാരംഭിച്ചതായി ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ പതിനൊന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളം ഏകദേശം 3000 കിലോമീറ്റർ പുതിയ റെയിൽ പാതകൾ സ്ഥാപിച്ചതായി ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഗുജറാത്തിലെ റെയിൽ ശൃംഖല ഇപ്പോൾ സമ്പൂർണമായി വൈദ്യുതവൽക്കരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കി. ഗുജറാത്തിനായി ഇന്നു പ്രഖ്യാപിച്ച റെയിൽവേ പദ്ധതികൾ കർഷകർക്കും വ്യവസായങ്ങൾക്കും തീർഥാടകർക്കും ഒരുപോലെ ഗുണകരമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നഗരങ്ങളിലെ പാവപ്പെട്ടവർക്ക് അന്തസ്സുള്ള ജീവിതം ഉറപ്പാക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ ശ്രീ മോദി, ഇതിന്റെ തെളിവായി സബർമതിയുടെ തീരത്തെ ചേരി പ്രദേശമായിരുന്ന രാമപിർ നോ ടെക്രോയുടെ പരിവർത്തനത്തെ ചൂണ്ടിക്കാട്ടി. മഹാനായ ബാപ്പു എപ്പോഴും ദരിദ്രരുടെ അന്തസ്സിന് ഏറെ പ്രാധാന്യം നൽകിയിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സബർമതി ആശ്രമത്തിന് സമീപം പുതുതായി നിർമ്മിച്ച വീടുകൾ ഈ ദർശനത്തിന്റെ പ്രത്യക്ഷമായ ഉദാഹരണമായി നിലകൊള്ളുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ദരിദ്രർക്ക് 1,500 വീടുകൾ ലഭ്യമാക്കുന്നതിലൂടെ യാഥാർഥ്യമാകുന്നത്, എണ്ണമറ്റ പുതിയ സ്വപ്നങ്ങളുടെ അടിത്തറയാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. ഈ നവരാത്രിയിലും ദീപാവലിയിലും ഈ വീടുകളിൽ താമസിക്കുന്നവർ വർദ്ധിച്ച സന്തോഷത്തിൽ ആയിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സംരംഭത്തോടൊപ്പം, പൂജനീയ ബാപ്പുവിന് ഒരു യഥാർത്ഥ ആദരാഞ്ജലിയായി ബാപ്പുവിന്റെ ആശ്രമത്തിന്റെ നവീകരണവും നടക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിക്കൽ വിജയകരമായി പൂർത്തിയാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം സബർമതി ആശ്രമത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടരാൻ കഴിഞ്ഞുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റാച്യു ഓഫ് യൂണിറ്റി - ഏകതാ പ്രതിമ -രാജ്യത്തിനും ലോകത്തിനും പ്രചോദനമായി മാറിയതുപോലെ, സബർമതി ആശ്രമത്തിന്റെ പുനരുദ്ധാരണം പൂർത്തിയായിക്കഴിഞ്ഞാൽ, അത് സമാധാനത്തിന്റെ ഏറ്റവും വലിയ ആഗോള പ്രതീകമായി മാറുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തന്റെ വാക്കുകൾ യാഥാർഥ്യമാകുമെന്നും, നവീകരണം പൂർത്തിയായ സബർമതി ആശ്രമം ലോക സമാധാനത്തിന്റെ ഏറ്റവും വലിയ പ്രചോദനവും മാതൃകയും ആയി ഉയർന്നുവരുമെന്നും ശ്രീ മോദി പറഞ്ഞു.
"തൊഴിലാളി കുടുംബങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുക എന്നത് തന്റെ സർക്കാരിന്റെ പ്രധാന ദൗത്യമാണ്", പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ചേരി നിവാസികൾക്കായി സ്ഥിരവും സുരക്ഷിതവുമായ പാർപ്പിടെ സമുച്ഛയങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വർഷങ്ങൾക്ക് മുമ്പ് ഏറ്റെടുത്തിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വർഷങ്ങളായി, ചേരികൾക്ക് പകരം മാന്യമായ താമസസ്ഥലങ്ങൾ നിർമ്മിച്ച് അത്തരം നിരവധി ഭവന പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും ഈ കാമ്പെയ്ൻ തുടരുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
അവഗണിക്കപ്പെടുന്നവരെയാണ് താൻ ആരാധിക്കുന്നതെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, നഗരത്തിലെ ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നത് തന്റെ സർക്കാരിന്റെ പ്രധാന മുൻഗണനയാണെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി. മുമ്പ് തെരുവ് കച്ചവടക്കാരും, വഴി വാണിഭക്കാരും ,തൊഴിലാളികളും അവഗണിക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരെ പിന്തുണയ്ക്കുന്നതിനായി, സർക്കാർ പ്രധാനമന്ത്രി സ്വനിധി പദ്ധതി ആരംഭിച്ചകാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പദ്ധതി പ്രകാരം, രാജ്യത്തുടനീളമുള്ള ഏകദേശം എഴുപത് ലക്ഷം തെരുവ് കച്ചവടക്കാർക്കും, വണ്ടി വലിക്കുന്നവർക്കും ബാങ്കുകളിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന വിവരം അദ്ദേഹം പങ്കുവെച്ചു. ഗുജറാത്തിലെ ലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് ഈ സംരംഭത്തിലൂടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തെ മറികടന്നുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു, ഇത് ഇന്ത്യയ്ക്ക് അഭിമാനകരമായ ഒരു നേട്ടമാണ്. അതേസമയം ലോകത്തിലെ സാമ്പത്തിക സ്ഥാപനങ്ങൾക്കിടയിൽ ഇത് ചർച്ചാ വിഷയവുമാണ്. രാജ്യത്ത് ഒരു പുതിയ മധ്യവർഗത്തിന്റെ ആവിർഭാവത്തിന് ഈ മാറ്റം കാരണമായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "നവ മധ്യവർഗത്തെയും പരമ്പരാഗത മധ്യവർഗത്തെയും ശാക്തീകരിക്കാൻ ഞങ്ങളുടെ സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നു", ശ്രീ മോദി ഊന്നിപ്പറഞ്ഞു. 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തെ നികുതി രഹിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ജിഎസ്ടി സംവിധാനത്തിൽ സർക്കാർ ഇപ്പോൾ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നുണ്ടെന്നും പ്രഖ്യാപിച്ചു. ഈ പരിഷ്കാരങ്ങൾ ചെറുകിട സംരംഭകരെ പിന്തുണയ്ക്കുകയും നിരവധി ഇനങ്ങളുടെ നികുതി കുറയുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വരുന്ന ദീപാവലിക്ക്, രാജ്യത്തുടനീളമുള്ള വ്യാപാര സമൂഹത്തിനും കുടുംബങ്ങൾക്കും സന്തോഷത്തിന്റെ ഇരട്ടി ബോണസ് ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി പദ്ധതി പ്രകാരം വൈദ്യുതി ബില്ലുകൾ പൂജ്യത്തിലേക്ക് എത്തിക്കാൻ സാധിച്ചുവെന്ന് അടിവരയിട്ട പ്രധാനമന്ത്രി, ഗുജറാത്തിലെ ആറ് ലക്ഷത്തോളം കുടുംബങ്ങൾ ഇതിനകം ഈ പദ്ധതിയിൽ ചേർന്നിട്ടുണ്ടെന്ന് എടുത്തുപറഞ്ഞു. ഗുജറാത്തിലെ ഈ കുടുംബങ്ങൾക്ക് മാത്രം 3,000 കോടിയിലധികം രൂപ സർക്കാർ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഗുണഭോക്താക്കൾക്ക് വൈദ്യുതി ബില്ലുകളിൽ ഗണ്യമായ ലാഭം നേടാൻ കാരണമായതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
അഹമ്മദാബാദ് നഗരം ഇപ്പോൾ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നഗരമായി മാറുകയാണെന്ന് ശ്രീ മോദി പറഞ്ഞു. ഒരുകാലത്ത് ആളുകൾ അഹമ്മദാബാദിനെ "ഗർദാബാദ്" എന്ന് വിളിച്ച് പരിഹസിച്ചിരുന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. അവിടുത്തെ പറക്കുന്ന പൊടിയും ചെളിയും മാലിന്യങ്ങളും എങ്ങനെയാണ് നഗരത്തിന്റെ ദൗർഭാഗ്യമായിരുന്നതെന്ന് ശ്രീ മോദി വിവരിച്ചു. ഇന്ന് അഹമ്മദാബാദ് ശുചിത്വത്തിന്റെ കാര്യത്തിൽ രാജ്യത്തിന് തന്നെ മാതൃകയായി, ദേശീയ അംഗീകാരം നേടി എന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഈ നേട്ടത്തിന് അഹമ്മദാബാദിലെ ഓരോ നിവാസിയുടെയും കൂട്ടായ പരിശ്രമമാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
സബർമതി നദി വരണ്ട അഴുക്കുചാലായിരുന്ന കാലം ഇന്നത്തെ യുവാക്കൾ കണ്ടിട്ടില്ലെന്ന് പരാമർശിച്ച പ്രധാനമന്ത്രി, അഹമ്മദാബാദിലെ ജനങ്ങൾ ഈ സാഹചര്യം മാറ്റാൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് എടുത്തുപറഞ്ഞു. സബർമതി നദീതീരം ഇപ്പോൾ നഗരത്തിന്റെ അഭിമാനം ഉയർത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കങ്കാരിയ തടാകത്തിലെ വെള്ളം മുമ്പ് ദുഷിച്ചതും ദുർഗന്ധം വമിക്കുന്നതുമായ കളകൾ നിറഞ്ഞതും, അതിന്റെ ദുർഗന്ധം കാരണം സമീപത്ത് നടക്കാൻ പോലും ബുദ്ധിമുട്ടായിരുന്നുവെന്നും, ആ പ്രദേശം സാമൂഹ്യ വിരുദ്ധർക്ക് പ്രിയപ്പെട്ട സ്ഥലമായി മാറിയെന്നും ശ്രീ മോദി അനുസ്മരിച്ചു. ഇന്ന് ഈ തടാകം ഏറ്റവും മികച്ച വിനോദ കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് വിനോദവും വിജ്ഞാനാവും ഒത്തുചേരുന്ന ഇടങ്ങളാണ് തടാകത്തിലെ ബോട്ടിംഗും കിഡ്‌സ് സിറ്റിയും എന്ന് അദ്ദേഹം പരാമർശിച്ചു. ഈ വികസനങ്ങളെല്ലാം അഹമ്മദാബാദിന്റെ മാറുന്ന മുഖത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കങ്കാരിയ കാർണിവൽ ഇപ്പോൾ നഗരത്തിന്റെ ഒരു പുതിയ പ്രതീകമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഹമ്മദാബാദ് ഒരു പ്രധാന ടൂറിസം കേന്ദ്രമായി വളർന്നുവരികയാണെന്നും, യുനെസ്കോയുടെ ലോക പൈതൃക നഗരമായി അഹമ്മദാബാദ് അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. ചരിത്രപരമായ കവാടങ്ങളായാലും, സബർമതി ആശ്രമമായാലും, നഗരത്തിന്റെ സമ്പന്നമായ പൈതൃകമായാലും - അഹമ്മദാബാദ് ഇപ്പോൾ ആഗോള ഭൂപടത്തിൽ തിളങ്ങുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരത്തിൽ ആധുനികവും നൂതനവുമായ വിനോദ സഞ്ചാര സൗകര്യങ്ങൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംഗീത ഉത്സവങ്ങളിലും കലാ പ്രകനങ്ങളിലും അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന കേന്ദ്രമായി അഹമ്മദാബാദ് മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ശ്രദ്ധ ആകർഷിച്ച കോൾഡ്‌പ്ലേ യുടെ അവതരണം അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു ലക്ഷം പേർക്ക് ഇരിക്കാവുന്ന അഹമ്മദാബാദിലെ സ്റ്റേഡിയം ഒരു പ്രധാന ആകർഷണമായി മാറിയിട്ടുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. വലിയ തോതിലുള്ള സംഗീത പ്രകടനങ്ങളും പ്രധാന കായിക മത്സരങ്ങളും നടത്താൻ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നവരാത്രി, വിജയദശമി, ധന്തേരസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങളുടെ ഒരു കാലഘട്ടത്തിലേക്ക് നമ്മുടെ രാജ്യം കടക്കുകയാണ്. ഈ ഉത്സവങ്ങൾ സാംസ്കാരിക ആഘോഷങ്ങളായി മാത്രമല്ല, സ്വാശ്രയത്വത്തിന്റെ ഉത്സവങ്ങളായി കാണണമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ആഘോഷവേളകളിൽ വീട്ടിലേക്ക് കൊണ്ടുവരുന്ന എല്ലാ സമ്മാനങ്ങളും അലങ്കാര വസ്തുക്കളും ഇന്ത്യയിൽ നിർമ്മിച്ചതാണെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി ഒരിക്കൽ കൂടിയ ജനങ്ങളോട് അഭ്യർത്ഥിച്ചു. യഥാർത്ഥ സമ്മാനം ഇന്ത്യയിൽ നിർമ്മിച്ചതാണെന്ന് അദ്ദേഹം എല്ലാവരെയും ഓർമ്മിപ്പിച്ചു - ഭാരതീയരുടെ കൈകളാൽ നിർമ്മിച്ചത്. ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾ അഭിമാനത്തോടെ വിൽക്കാൻ അദ്ദേഹം വ്യാപാരികളോട് ആഹ്വനം ചെയ്തു. ചെറുതെങ്കിലും അർത്ഥവത്തായ ഇത്തരം ശ്രമങ്ങളിലൂടെ, ഈ ഉത്സവങ്ങൾ ഇന്ത്യയുടെ സമൃദ്ധിയുടെ മഹത്തായ ആഘോഷങ്ങളായി മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസന സംരംഭങ്ങൾക്ക് എല്ലാ പൗരന്മാരെയും അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.
ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, കേന്ദ്രമന്ത്രി ശ്രീ സി ആർ പാട്ടീൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗത സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ, പ്രധാനമന്ത്രി 1,400 കോടി രൂപയിലധികം രൂപയുടെ ഒന്നിലധികം റെയിൽവേ പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിച്ചു. 530 കോടിയിലധികം രൂപ ചിലവ് വരുന്ന 65 കിലോമീറ്റർ മഹേശന-പാലൻപൂർ റെയിൽ പാത ഇരട്ടിപ്പിക്കൽ, 37 കിലോമീറ്റർ കലോൽ-കാഡി-കറ്റോസൻ റോഡ് റെയിൽ പാതയുടെ ഗേജ് പരിവർത്തനം, 860 കോടിയിലധികം രൂപാ ചിലവഴിച്ച 40 കിലോമീറ്റർ ബെച്രാജി-രാണുജ് റെയിൽ പാത എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബ്രോഡ്-ഗേജ് ശേഷി കൂട്ടിച്ചേർക്കുന്നതിലൂടെ, ഈ പദ്ധതികൾ മേഖലയിലെ സുഗമവും സുരക്ഷിതവും തടസ്സമില്ലാത്തതുമായ കണക്റ്റിവിറ്റി ഉറപ്പാക്കും. ഇത് പ്രാദേശിക സാമ്പത്തിക ഏകീകരണം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ദൈനംദിന യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ബിസിനസുകൾക്കും സുഗമമായ യാത്രാ സൗകര്യം പ്രദാനം ചെയ്യും. കൂടാതെ, കറ്റോസൻ റോഡിനും സബർമതിക്കും ഇടയിലുള്ള പാസഞ്ചർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നത്തിലൂടെ ആധ്യാത്മിക പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ നൽകുകയും താഴെത്തട്ടിൽ സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുകയും ചെയ്യും. ബെച്രാജിയിൽ നിന്നുള്ള കാർ ലോഡഡ് ചരക്ക് ട്രെയിൻ സർവീസ് സംസ്ഥാനത്തെ വ്യാവസായിക കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ചരക്ക് ഗതാഗത ശൃംഖല ശക്തിപ്പെടുത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുക, പ്രാദേശിക വികസനം ത്വരിതപ്പെടുത്തുക എന്നീ കാഴ്ചപ്പാടുകൾ സാക്ഷാത്കരിക്കുന്നതിനായി, പ്രധാനമന്ത്രി വിരാംഗാം-ഖുദാദ്-രാംപുര റോഡിന്റെ വീതി കൂട്ടൽ ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദ്-മെഹ്‌സാന-പാലൻപൂർ റോഡിൽ ആറ് വരി വാഹന അടിപ്പാതകൾ, അഹമ്മദാബാദ്-വിരാംഗാം റോഡിൽ റെയിൽവേ മേൽപ്പാലം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും അദ്ദേഹം തുടക്കമിട്ടു. ഈ സംരംഭങ്ങൾ മേഖലയിലെ വ്യാവസായിക വളർച്ച വർദ്ധിപ്പിക്കുകയും ഗതാഗത കാര്യക്ഷമതയും സാമ്പത്തിക അവസരങ്ങളും മെച്ചപ്പെടുത്തുകയും ചെയ്യും.
സംസ്ഥാനത്തെ വൈദ്യുതി മേഖലയ്ക്ക് വലിയൊരു ഉത്തേജനം നൽകിക്കൊണ്ട്, ഉത്തർ ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡിന് (യുജിവിസിഎൽ) കീഴിൽ അഹമ്മദാബാദ്, മെഹ്സാന, ഗാന്ധിനഗർ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നവീകരിച്ച വിതരണ മേഖലശ്രിംഖലാ പദ്ധതി പ്രകാരം ഊർജ്ജ നഷ്ടം കുറയ്ക്കുക, ശൃംഖല നവീകരിക്കുക, അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. 1000 കോടിയിലധികം രൂപയുടെ പദ്ധതികൾ പ്രതികൂല കാലാവസ്ഥയിലെ വൈദ്യുതി തകരാറുകളും തടസ്സങ്ങളും കുറയ്ക്കുകയും പൊതു സുരക്ഷ, ട്രാൻസ്ഫോർമർ സംരക്ഷണം, വൈദ്യുതി വിതരണ ശൃംഖലയുടെ വിശ്വാസ്യത എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യും.
പിഎംഎവൈ (യു) യുടെ 'ഇൻ സിറ്റു' ചേരി പുനരധിവാസ സംരംഭത്തിന് കീഴിൽ രാമാപിർ നോ ടെക്രോയിലെ സെക്ടർ -3 ൽ സ്ഥിതി ചെയ്യുന്ന ചേരികളുടെ വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഗതാഗതം സുഗമമാക്കുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമായി അഹമ്മദാബാദിന് ചുറ്റുമുള്ള സർദാർ പട്ടേൽ റിംഗ് റോഡിൽ നടപ്പിലാക്കുന്ന പ്രധാന റോഡ് വീതി കൂട്ടൽ പദ്ധതികൾക്കും അദ്ദേഹം തറക്കല്ലിട്ടു. ജല, മലിനജല മാനേജ്മെന്റ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന നഗര അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിട്ടു.
ഭരണപരമായ കാര്യക്ഷമതയും പൊതു സേവന വിതരണവും ശക്തിപ്പെടുത്തുന്നതിനായി, ഗുജറാത്തിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ജന കേന്ദ്രീകൃത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അഹമ്മദാബാദ് വെസ്റ്റിൽ ഒരു പുതിയ സ്റ്റാമ്പ് ആൻഡ് രജിസ്ട്രേഷൻ കെട്ടിടത്തിന്റെ നിർമ്മാണം, ഗുജറാത്തിലുടനീളമുള്ള സുരക്ഷിത ഡാറ്റ മാനേജ്മെന്റും ഡിജിറ്റൽ ഭരണ ശേഷിയും വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു സംസ്ഥാനതല ഡാറ്റാ സ്റ്റോറേജ് സെന്റർ സ്ഥാപിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
-SK-
(Release ID: 2160806)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada