പ്രധാനമന്ത്രിയുടെ ഓഫീസ്
ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ വീഡിയോ സന്ദേശത്തിന്റെ മലയാളം പരിഭാഷ
Posted On:
23 AUG 2025 12:13PM by PIB Thiruvananthpuram
കാബിനറ്റ് സഹപ്രവർത്തകരേ, ഐഎസ്ആർഒയിലെയും ബഹിരാകാശ മേഖലയിലെയും ശാസ്ത്രജ്ഞരേ, എഞ്ചിനീയർമാരേ, എന്റെ പ്രിയപ്പെട്ട നാട്ടുകാരേ!
ദേശീയ ബഹിരാകാശ ദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ഊഷ്മളമായ ആശംസകൾ. ഈ വർഷത്തെ ബഹിരാകാശ ദിനത്തിന്റെ പ്രമേയം 'ആര്യഭട്ട മുതൽ ഗഗൻയാൻ വരെ: പുരാതന ജ്ഞാനം മുതൽ അനന്ത സാധ്യതകൾ വരെ' എന്നതാണ്. ഇത് ഭൂതകാലത്തിന്റെ ആത്മവിശ്വാസത്തെയും ഭാവിയുടെ ദൃഢനിശ്ചയത്തെയും ഉൾക്കൊള്ളുന്നു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ, ദേശീയ ബഹിരാകാശ ദിനം നമ്മുടെ യുവാക്കൾക്ക് ആവേശത്തിന്റെയും പ്രചോദനത്തിന്റെയും അവസരമായി മാറിയത് ഇന്ന് നമ്മൾ കാണുന്നു. ഇത് തീർച്ചയായും രാജ്യത്തിന് വളരെയധികം അഭിമാനകരമായ കാര്യമാണ്. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട എല്ലാവർക്കും, നമ്മുടെ ശാസ്ത്രജ്ഞർക്കും, ദേശീയ ബഹിരാകാശ ദിനത്തിൽ എല്ലാ യുവാക്കൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. അടുത്തിടെ, ഭാരതം 'ജ്യോതിശാസ്ത്രത്തിലും(Astronomy) ജ്യോതിർഭൗതികത്തിലും(Astrophysics) അന്താരാഷ്ട്ര ഒളിമ്പ്യാഡ്' സംഘടിപ്പിച്ചു. ഈ മത്സരത്തിൽ, ലോകമെമ്പാടുമുള്ള 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 300 യുവാക്കൾ പങ്കെടുത്തു. നമ്മുടെ ഇന്ത്യൻ യുവാക്കളും മെഡലുകൾ നേടി. ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ ഉയർന്നുവരുന്ന നേതൃത്വത്തിന്റെ പ്രതീകമാണ് ഈ ഒളിമ്പ്യാഡ്.
സുഹൃത്തുക്കളേ,
നമ്മുടെ യുവാക്കളിൽ ബഹിരാകാശത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനായി, ഇന്ത്യൻ ബഹിരാകാശ ഹാക്കത്തോൺ, റോബോട്ടിക്സ് ചലഞ്ച് തുടങ്ങിയ സംരംഭങ്ങളും ഐഎസ്ആർഒ ആരംഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഈ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും വിജയികളെയും ഞാൻ ഊഷ്മളമായി അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ബഹിരാകാശ മേഖലയിൽ, ഒന്നിനുപുറകെ ഒന്നായി നാഴികക്കല്ലുകൾ കൈവരിക്കുന്നത് ഇപ്പോൾ ഭാരതത്തിനും നമ്മുടെ ശാസ്ത്രജ്ഞർക്കും സർവ്വസാധാരണമായി മാറിയിരിക്കുന്നു. വെറും രണ്ട് വർഷം മുമ്പ്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ചരിത്രത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറി. ബഹിരാകാശത്ത് ഡോക്കിംഗ് ചെയ്യാനും അൺഡോക്ക് ചെയ്യാനും കഴിവുള്ള ലോകത്തിലെ നാലാമത്തെ രാജ്യമായും നാം മാറി. മൂന്ന് ദിവസം മുമ്പ്, ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ കാണാൻ എനിക്ക് അവസരം ലഭിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ത്രിവർണ്ണ പതാക ഉയർത്തിയതിലൂടെ, അദ്ദേഹം ഓരോ ഇന്ത്യക്കാരനെയും അഭിമാനത്താൽ നിറച്ചു. ആ ത്രിവർണ്ണ പതാക, ആ നിമിഷം, ആ അനുഭവം, വാക്കുകൾക്ക് അതീതമായിരുന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷുവുമായുള്ള എന്റെ സംഭാഷണത്തിൽ, നവഭാരതത്തിലെ യുവാക്കളുടെ അതിരറ്റ ധൈര്യവും അനന്തമായ സ്വപ്നങ്ങളും ഞാൻ കണ്ടു. ഈ സ്വപ്നങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന്, ഭാരതത്തിനായി ഒരു ബഹിരാകാശയാത്രികരുടെ പട്ടിക കൂടി നാം ഒരുക്കുകയാണ്. ഈ ബഹിരാകാശ ദിനത്തിൽ, ഈ ബഹിരാകാശയാത്രികരുടെ പട്ടികയിൽ ചേരാനും ഭാരതത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാനും എന്റെ യുവ സുഹൃത്തുക്കളെ ഞാൻ ക്ഷണിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന് ഭാരതം സെമി-ക്രയോജനിക് എഞ്ചിൻ, ഇലക്ട്രിക് പ്രൊപ്പൽഷൻ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ അതിവേഗം മുന്നേറുകയാണ്. വളരെ വേഗം, നമ്മുടെ എല്ലാ ശാസ്ത്രജ്ഞരുടെയും കഠിനാധ്വാനത്തിലൂടെ, ഭാരതം ഗഗൻയാൻ വിക്ഷേപിക്കും, വരും വർഷങ്ങളിൽ ഭാരതം സ്വന്തമായി ഒരു ബഹിരാകാശ നിലയം നിർമ്മിക്കും. നമ്മൾ ഇതിനകം ചന്ദ്രനിലും ചൊവ്വയിലും എത്തിയിട്ടുണ്ട്. ഇനി മനുഷ്യരാശിയുടെ ഭാവിക്കായുള്ള നിരവധി സുപ്രധാന നിഗൂഢതകൾ മറഞ്ഞിരിക്കുന്ന ബഹിരാകാശ മേഖലകളിലേക്ക് നാം കൂടുതൽ ആഴത്തിൽ കടക്കണം. ഗാലക്സികൾക്കപ്പുറമാണ് നമ്മുടെ ചക്രവാളം !
സുഹൃത്തുക്കളേ,
ബഹിരാകാശത്തിന്റെ അനന്തമായ വിസ്തൃതി നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നു, ഒരു നാഴികക്കല്ലും ഒരിക്കലും അന്തിമ ലക്ഷ്യസ്ഥാനമല്ല. ബഹിരാകാശ മേഖലയിൽ പോലും, നയത്തിന്റെ തലത്തിൽ, ഒരിക്കലും ഒരു അന്തിമ വിരാമം ഉണ്ടാകരുത് എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ചുവപ്പുകോട്ടയുടെ കൊത്തളത്തിൽ നിന്ന് പ്രസംഗിക്കവേ ,'പരിഷ്ക്കരിക്കുക, പ്രകടനം നടത്തുക, പരിവർത്തനം ചെയ്യുക' എന്നതാണ് നമ്മുടെ പാത എന്ന് ഞാൻ പറഞ്ഞത്. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിൽ, ബഹിരാകാശ മേഖലയിൽ ഭാരതം ഒന്നിനുപുറകെ ഒന്നായി പ്രധാന പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. നമ്മുടെ രാജ്യത്ത് ബഹിരാകാശം പോലുള്ള ഭാവി മേഖലകൾ എണ്ണമറ്റ നിയന്ത്രണങ്ങളാൽ ബന്ധിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. നമ്മൾ ആ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യയിൽ സ്വകാര്യ മേഖലയ്ക്ക് പങ്കാളിത്തം നൽകാൻ നമ്മൾ അനുവദിച്ചു. ഇന്ന്, ബഹിരാകാശ സാങ്കേതികവിദ്യയിൽ നവീകരണത്തിന്റെയും ത്വരിതപ്പെടുത്തലിന്റെയും എഞ്ചിനുകളായി 350-ലധികം സ്റ്റാർട്ടപ്പുകൾ ഉയർന്നുവന്നിട്ടുണ്ട്. ഈ പരിപാടിയിൽ തന്നെ അവരുടെ ശക്തമായ സാന്നിധ്യം കാണാൻ കഴിയും. നമ്മുടെ സ്വകാര്യ മേഖല നിർമ്മിച്ച ആദ്യത്തെ പിഎസ്എൽവി റോക്കറ്റ് ഉടൻ വിക്ഷേപിക്കും. ഭാരതത്തിന്റെ ആദ്യത്തെ സ്വകാര്യ ആശയവിനിമയ ഉപഗ്രഹം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതിലും എനിക്ക് സന്തോഷമുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ, ഒരു ഭൂമി നിരീക്ഷണ ഉപഗ്രഹ സമൂഹം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. ബഹിരാകാശ മേഖലയിൽ ഭാരതത്തിലെ യുവാക്കൾക്ക് എത്രമാത്രം അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുവെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയും.
സുഹൃത്തുക്കളേ,
ഓഗസ്റ്റ് 15 ന് ചുവപ്പുകോട്ടയുടെ കൊത്തളത്തിൽ നിന്ന്, ഭാരതം സ്വയംപര്യാപ്തമാകേണ്ട നിരവധി മേഖലകളെക്കുറിച്ച് ഞാൻ സംസാരിച്ചു. ഓരോ മേഖലയും അവരുടേതായ ലക്ഷ്യങ്ങൾ നിശ്ചയിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ഇന്ന്, ബഹിരാകാശ ദിനത്തിൽ, നമ്മുടെ ബഹിരാകാശ സ്റ്റാർട്ടപ്പുകളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബഹിരാകാശ മേഖലയിൽ അഞ്ച് യൂണികോണുകൾ(1 ബില്യൺ ഡോളറോ അതിൽ കൂടുതലോ വിലമതിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു സ്റ്റാർട്ടപ്പ് കമ്പനിയെയാണ്,സാമ്പത്തിക ലോകത്ത്, ഒരു യൂണികോൺ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്) സൃഷ്ടിക്കാൻ നമുക്ക് ലക്ഷ്യമിടാൻ കഴിയുമോ? നിലവിൽ, ഇന്ത്യൻ മണ്ണിൽ നിന്ന് പ്രതിവർഷം അഞ്ചോ ആറോ പ്രധാന വിക്ഷേപണങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എല്ലാ വർഷവും അമ്പത് റോക്കറ്റുകൾ വിക്ഷേപിക്കുന്ന ഒരു ഘട്ടത്തിലെത്തുന്നതിന് സ്വകാര്യ മേഖല നേതൃത്വം നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആഴ്ചയിൽ ഒന്ന്! ഇതിനായി, രാഷ്ട്രം ആവശ്യപ്പെടുന്ന അടുത്ത തലമുറ പരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ള ഉദ്ദേശ്യവും ഇച്ഛാശക്തിയും സർക്കാരിനുണ്ട്. ഓരോ ഘട്ടത്തിലും സർക്കാർ നിങ്ങളോടൊപ്പം നിൽക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.
സുഹൃത്തുക്കളേ,
ശാസ്ത്ര പര്യവേഷണത്തിനുള്ള ഒരു മാധ്യമമായി മാത്രമല്ല, ജീവിതം എളുപ്പമാക്കുന്നതിനുള്ള ഒരു ഉപകരണമായും ഭാരതം ബഹിരാകാശ സാങ്കേതികവിദ്യയെ കണക്കാക്കുന്നു. ഇന്ന്, ബഹിരാകാശ സാങ്കേതികവിദ്യ ഭാരതത്തിലെ ഭരണത്തിന്റെ അവിഭാജ്യ ഘടകമായി മാറുകയാണ്. ഫസൽ ബീമ യോജനയിലെ ഉപഗ്രഹ അധിഷ്ഠിത വിലയിരുത്തൽ, ഉപഗ്രഹങ്ങൾ വഴി മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന വിവരങ്ങളും സുരക്ഷയും, ദുരന്തനിവാരണവും, പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിലെ ജിയോസ്പേഷ്യൽ ഡാറ്റയുടെ ഉപയോഗം എന്തിലായാലും, ബഹിരാകാശത്ത് ഭാരതത്തിന്റെ പുരോഗതി രാജ്യത്തെ സാധാരണ പൗരന്മാരുടെ ജീവിതം എളുപ്പമാക്കുന്നു. ഈ ദിശയിൽ, കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി ഇന്നലെ 'നാഷണൽ മീറ്റ് 2.0' സംഘടിപ്പിച്ചു. ഭാവിയിലും ഇത്തരം ശ്രമങ്ങൾ തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ പൗരന്മാരുടെ സേവനത്തിനായി പുതിയ പരിഹാരങ്ങളും നൂതനാശയങ്ങളും സൃഷ്ടിക്കാൻ നമ്മുടെ ബഹിരാകാശ സ്റ്റാർട്ടപ്പുകളോട് ഞാൻ അഭ്യർത്ഥിക്കുന്നു. വരും കാലങ്ങളിൽ, ഭാരതത്തിന്റെ ബഹിരാകാശ യാത്ര പുതിയ ഉയരങ്ങളിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ആത്മവിശ്വാസത്തോടെ, ദേശീയ ബഹിരാകാശ ദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു.
നന്ദി!
****
(Release ID: 2160672)
Visitor Counter : 16
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada