ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

കൂൾസ്കൾപ്റ്റിംഗ് വഴി കൊഴുപ്പ് കുറക്കൽ; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് VLCC ലിമിറ്റഡിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) 3 ലക്ഷം പിഴ ചുമത്തി

ഭാവിയിലെ പരസ്യങ്ങളിൽ കർശനമായ വെളിപ്പെടുത്തൽ നടത്താൻ CCPA ഉത്തരവിട്ടു

Posted On: 23 AUG 2025 12:43PM by PIB Thiruvananthpuram
അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (US-FDA) അംഗീകൃത കൂൾസ്കൾപ്റ്റിംഗ് (CoolSculpting) നടപടിക്രമം അല്ലെങ്കിൽ ഉപകരണം ഉപയോഗിച്ച് ശരീരത്തിലെ കൊഴുപ്പ് കുറക്കൽ, ഭാരം കുറക്കൽ ചികിത്സകളെ സംബന്ധിച്ച തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് VLCC ലിമിറ്റഡിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) 3 ലക്ഷം രൂപ പിഴ ചുമത്തി.

നേരത്തെ, കൂൾസ്കൾപ്റ്റിംഗ് ചികിത്സയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ച കായ ലിമിറ്റഡിന് CCPA 3 ലക്ഷം പിഴ ചുമത്തിയിരുന്നു. "കായയുടെ ശസ്ത്രക്രിയാ രഹിത കൊഴുപ്പ് നീക്കൽ" എന്നും "കൂൾസ്കൾപ്റ്റിംഗിലൂടെ കായ എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കുന്നു" എന്നും അവകാശപ്പെടുന്ന പരസ്യങ്ങളിൽ, ശരീരത്തിലെ വൻതോതിലുള്ള കൊഴുപ്പ് നഷ്ടം സൂചിപ്പിക്കുന്ന, മുമ്പും ശേഷവുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ പോലും കമ്പനി നൽകിയിരുന്നു. ഈ അവകാശവാദങ്ങൾ യഥാർത്ഥ US-FDA അംഗീകാരത്തിന്റെ പരിധി കടക്കുകയും ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സ എന്ന നിലയിൽ നടപടിക്രമത്തെ തെറ്റായി ചിത്രീകരിക്കുകയും ചെയ്തു. കായ ലിമിറ്റഡ് CCPA യുടെ ഉത്തരവ് പാലിച്ചു പിഴ തുക അടയ്ക്കുകയും ചെയ്തു.

സ്ലിമ്മിംഗ്, സൗന്ദര്യവർധന മേഖലയിലെ പരസ്യങ്ങളുമായി ബന്ധപ്പെട്ട പരാതിയിലൂടെയും നിരീക്ഷണത്തിലൂടെയുമാണ്  VLCC ലിമിറ്റഡിന്റെ കാര്യം CCPA യുടെ ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയിൽ, VLCC ഒറ്റ സെഷനിൽ തന്നെ  വൻ തോതിൽ ഭാരം കുറയ്ക്കുകയും തടി കുറയ്ക്കുകയും ചെയ്യുന്നുവെന്ന  അതിശയോക്തി കലർന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നതായി കണ്ടെത്തി. ഇത് കൂൾസ്കൾപ്റ്റിംഗ് ഉപകാരണത്തിന് നൽകിയ യഥാർത്ഥ അനുമതിയെക്കാൾ വളരെ കൂടുതലാണ്. അതുവഴി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു.

VLCC യുടെ പരസ്യങ്ങളിലൂടെ കൂൾസ്കൾപ്റ്റിങ്ങും അനുബന്ധ നടപടിക്രമങ്ങളും  ഭാരം കുറയ്ക്കുന്നതിനും തടി കുറയ്ക്കുന്നതിനുമുള്ള സ്ഥിരമായ ഒരു പരിഹാരമെന്ന നിലയിൽ അവതരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ആരോപണവിധേയമായ ചില അവകാശവാദങ്ങൾ ഇവയാണ്:


* “ഒരു സെഷനിൽ 600 ഗ്രാമും 7 സെന്റിമീറ്ററും വരെ കുറയ്ക്കും”
* “ഒരു സെഷനിൽ 1 സൈസ് സ്ഥിരമായി കുറയ്ക്കും”
* “ഒരു മണിക്കൂറിനുള്ളിൽ ഒരു സൈസ് കുറയ്ക്കും”
* “VLCC നിങ്ങൾക്ക്  നൂതന കൊഴുപ്പ് നിവാരണ ചികിത്സ നൽകുന്നു”

* “ലിപ്പോലേസർ ഉപയോഗിച്ച് ഒരു സെഷനിൽ 6 സെന്റിമീറ്ററും 400 ഗ്രാമും കുറയ്ക്കുന്നു”


 
കൂൾസ്കൾപ്റ്റിംഗ് സ്ഥിരവും ഗണ്യവുമായ  തോതിൽ ശരീരഭാരം കുറയ്ക്കുമെന്ന് ഉപഭോക്താക്കൾക്ക് തെറ്റായ ധാരണ നൽകുന്നതാണ് ഇത്തരം പരസ്യങ്ങൾ. വാസ്തവത്തിൽ, ഈ നടപടിക്രമം ശരീരത്തിന്റെ നിർദ്ദിഷ്ട ഭാഗങ്ങളിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും 30 അല്ലെങ്കിൽ അതിൽ കുറവ് ശരീര ഭാര സൂചിക (BMI) ഉള്ള വ്യക്തികൾക്കും മാത്രമേ അംഗീകരിക്കപ്പെട്ടിട്ടുള്ളൂ.

US-FDA അംഗീകൃത കൂൾസ്കൾപ്റ്റിംഗ് മെഷീനുമായി ബന്ധപ്പെട്ട്, CCPA ഇങ്ങനെ നിരീക്ഷിച്ചു:

* കൈയുടെ മുകൾഭാഗം, മാറിലെ കൊഴുപ്പ്, പുറംഭാഗത്തെ കൊഴുപ്പ്, ബനാന റോൾ, താടിക്ക് താഴെ, തുട, അടിവയർ, പാർശ്വഭാഗം തുടങ്ങിയ ഭാഗങ്ങളിലെ പ്രാദേശിക കൊഴുപ്പ് വീർക്കൽ കുറയ്ക്കുന്നതിന് മാത്രമാണ് സെൽറ്റിക് എസ്തെറ്റിക്സ് നിർമ്മിക്കുന്ന കൂൾസ്കൾപ്റ്റിംഗ് മെഷീനിന് യുഎസ്-എഫ്ഡിഎ അംഗീകാരം നൽകിയിട്ടുള്ളൂ.

* ഇത് ഭാരം കുറയ്ക്കുന്നതിനുള്ള ഒരു ചികിത്സയല്ല.

* US-FDA  യ്ക്ക് സമർപ്പിച്ച ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കൊക്കേഷ്യൻ, ഹിസ്പാനിക്, ആഫ്രിക്കൻ അമേരിക്കൻ വംശജരായ 57 പേർ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ. ഇന്ത്യൻ, ഏഷ്യൻ പ്രാതിനിധ്യം ഇല്ല.

* ഇന്ത്യയിൽ കൂൾസ്കൾപ്റ്റിംഗ് ഉപയോഗിക്കുന്നതിന് US-FDA  പ്രത്യേക അംഗീകാരമൊന്നും നൽകിയിട്ടില്ല.

ഈ നിർണ്ണായക വസ്തുതകൾ ഒഴിവാക്കിയതിലൂടെ, VLCC ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും, 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിക്കുകയും ചെയ്തു.

3 ലക്ഷം രൂപയുടെ പിഴയ്ക്ക് പുറമേ, ഭാവിയിലെ എല്ലാ പരസ്യങ്ങളിലും VLCC ഇനിപ്പറയുന്ന കാര്യങ്ങൾ കർശനമായി പാലിക്കണമെന്ന് CCPA നിർദ്ദേശിച്ചു:

A. പരസ്യങ്ങളിൽ/നിരാകരണങ്ങളിൽ, പ്രാധാന്യത്തോടെ വെളിപ്പെടുത്തുക:

* കൊഴുപ്പ് നീക്കാൻ ലക്ഷ്യമിടുന്ന നിർദ്ദിഷ്ട ശരീരഭാഗങ്ങൾ.

* 30 അല്ലെങ്കിൽ അതിൽ താഴെയുള്ള BMI ഉള്ള വ്യക്തികൾക്ക് മാത്രമേ ഈ നടപടിക്രമം പ്രാവർത്തികമാകൂ.

* US-FDA അംഗീകാരം അനുസരിച്ചുള്ള  ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും.

* ഉപകരണം പരീക്ഷിച്ച ജനവിഭാഗങ്ങൾ ഏതെന്ന്

B. "കൂൾസ്കൾപ്റ്റിംഗ് നടപടിക്രമം ശരീരഭാരം കുറയ്ക്കാനല്ല, കേന്ദ്രീകൃത കൊഴുപ്പ് നിക്ഷേപങ്ങളുടെ ചികിത്സയ്ക്കാണ് ഉപയോഗിക്കുന്നത്" -എന്ന് പരസ്യങ്ങളിലും സമ്മതപത്രങ്ങളിലും എളുപ്പത്തിൽ വായിക്കാവുന്ന രീതിയിൽ വ്യക്തമായി പരാമർശിക്കുക:

C. അവകാശ വാദങ്ങൾ US-FDA അംഗീകരിച്ചതിലേക്കായി പരിമിതപ്പെടുത്തുക.

D. ഇന്ത്യൻ ജനസംഖ്യാപരമായ പരിശോധനയുടെ അഭാവത്തെക്കുറിച്ചും സേവനം ലഭിക്കുന്നതിന് മുമ്പ് ഇന്ത്യയിൽ US-FDA അംഗീകാരത്തിന്റെ അഭാവത്തെക്കുറിച്ചും ഉപഭോക്താക്കളെ അറിയിക്കുക.

E. ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് നിയമപരമായ ബാധ്യതയിൽ നിന്നും ഉത്തരവാദിത്തത്തിൽ നിന്നും രക്ഷപ്പെടാൻ വഴിയൊരുക്കുന്ന അന്യായവും മുൻവിധിയോടെയുള്ളതുമായ കരാർ വ്യവസ്ഥകൾ നിർത്തലാക്കുക.

ഇന്ത്യയിലെ കൂൾസ്കൾപ്റ്റിംഗ് മെഷീനുകൾ ഉപയോഗിക്കുന്ന ബ്യൂട്ടി ക്ലിനിക്കുകൾ, വെൽനസ് സെന്ററുകൾ, സേവന ദാതാക്കൾ എന്നിവർ ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് CCPA മുന്നറിയിപ്പ് നൽകുന്നു.  ലംഘനം ഉണ്ടായാൽ 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കു. അതിൽ പിഴകൾ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിർത്തലാക്കൽ, നിയമനടപടികൾ എന്നിവ ഉൾപ്പെടുന്നു.

ആരോഗ്യം, ക്ഷേമം, സൗന്ദര്യ വ്യവസായം എന്നിവയിലെ തെറ്റിദ്ധരിപ്പിക്കുന്ന, അതിശയോക്തിപരമായ പരസ്യങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള CCPA യുടെ പ്രതിബദ്ധത ഈ ഉത്തരവ് ശക്തിപ്പെടുത്തുന്നു.

കൂൾസ്കൾപ്റ്റിംഗ് വഴി തൽക്ഷണ ഭാരം കുറയ്ക്കൽ അഥവാ സ്ഥിരമായ തടി കുറയ്ക്കൽ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിൽ പ്രലോഭിതരാകാതിരിക്കാനും ജാഗ്രത പാലിക്കാനും ഉപഭോക്താക്കളോട് നിർദ്ദേശിക്കുന്നു.
 
***********************

(Release ID: 2160148)