ആഭ്യന്തരകാര്യ മന്ത്രാലയം
130-ാം ഭരണഘടന ഭേദഗതി ബിൽ-2025, കേന്ദ്ര ഭരണ പ്രദേശ (ഭേദഗതി) ബിൽ-2025, ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ, 2025 എന്നിവ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു.
Posted On:
20 AUG 2025 7:40PM by PIB Thiruvananthpuram
130-ാം ഭരണഘടന ഭേദഗതി ബിൽ-2025, കേന്ദ്ര ഭരണ പ്രദേശ (ഭേദഗതി) ബിൽ-2025, ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ, 2025 എന്നിവ എന്നിവ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു.
രാജ്യത്തെ രാഷ്ട്രീയരംഗത്ത് വർദ്ധിച്ചു വരുന്ന അഴിമതിക്കെതിരെ പോരാടാനുള്ള മോദി സർക്കാരിന്റെ പ്രതിബദ്ധതയും പൊതുജനാഭിപ്രായവും കണക്കിലെടുത്ത്, ലോക്‌സഭാ സ്പീക്കറുടെ സമ്മതത്തോടെ ഇന്ന് പാർലമെന്റിൽ ഒരു ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ചതായിവിഷയത്തെക്കുറിച്ചുള്ള നിരവധി 'എക്സ്' പോസ്റ്റുകളിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്ര, സംസ്ഥാന സർക്കാരുകളിലെ മന്ത്രിമാർ തുടങ്ങി പ്രധാനപ്പെട്ട ഭരണഘടനാ ചുമതലകൾ വഹിക്കുന്ന വ്യക്തികൾ ജയിൽ വാസമനുഷ്ഠിക്കേണ്ട സാഹചര്യമുണ്ടായാൽ സർക്കാരിന്റെ ഭാഗമായി തുടരാനാകില്ലെന്ന് ബിൽ ഉറപ്പാക്കുന്നു. പൊതുജീവിതത്തിലെ ധാർമ്മിക നിലവാരം ഉയർത്തുകയും രാഷ്ട്രീയത്തിൽ സത്യസന്ധത കൊണ്ടുവരികയുമാണ് ബില്ലിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മൂന്ന് ബില്ലുകളിലൂടെ ഉരുത്തിരിയുന്ന നിയമങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു:
അറസ്റ്റിലാവുകയോ ജയിലിലാവുകയോ ചെയ്യുന്ന ഒരു വ്യക്തിക്കും പ്രധാനമന്ത്രിയായോ, മുഖ്യമന്ത്രിയായോ, കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ മന്ത്രിയായോ തുടരാൻ കഴിയില്ല.
ഭരണഘടനയ്ക്ക് രൂപം നൽകിയപ്പോൾ, അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ധാർമ്മികതയുടെ പേരിൽ രാജിവയ്ക്കാൻ തയാറാകാത്ത രാഷ്ട്രീയ നേതാക്കൾ ഭാവിയിൽ ഉണ്ടാകാനിടയുണ്ടെന്ന് ഭരണഘടനാ ശിൽപികൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിമാരും മന്ത്രിമാരും രാജിവയ്ക്കാതെ ജയിലിൽ കിടന്നു കൊണ്ട് അധാർമ്മികമായി സർക്കാരിനെ നയിക്കുന്ന ആശ്ചര്യജനകമായ സാഹചര്യം സമീപ കാലത്ത് രാജ്യത്ത് സംജാതമായിട്ടുണ്ട്.
കുറ്റാരോപിതനായ ഒരു രാഷ്ട്രീയപ്രവർത്തകന് അറസ്റ്റ് ചെയ്യപ്പെട്ട് 30 ദിവസത്തിനുള്ളിൽ കോടതിയിൽ നിന്ന് ജാമ്യം തേടാൻ അനുവദിക്കുന്ന വ്യവസ്ഥ ഈ ബില്ലിൽ ഉൾപ്പെടുന്നു. 30 ദിവസത്തിനുള്ളിൽ ജാമ്യം ലഭിച്ചില്ലെങ്കിൽ, 31-ാം ദിവസം, കേന്ദ്രത്തിൽ പ്രധാനമന്ത്രിയോ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരോ അവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യും; അല്ലാത്തപക്ഷം, അവർ തങ്ങളുടെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ നിന്ന് നിയമപരമായി അയോഗ്യരാക്കപ്പെടും. നിയമനടപടികൾക്ക് ശേഷം ജാമ്യം ലഭിച്ചാൽ, അവർക്ക് വീണ്ടും സ്ഥാനം ഏറ്റെടുക്കാം.
ഏതെങ്കിലും ഒരു മന്ത്രിയോ മുഖ്യമന്ത്രിയോ എന്തിന് പ്രധാനമന്ത്രി തന്നെയും ജയിലിൽ കിടന്നു കൊണ്ട് സർക്കാരിനെ നയിക്കുന്നത് ഉചിതമാണോ എന്ന് രാജ്യത്തെ ജനങ്ങൾ തീരുമാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പ്രസ്താവിച്ചു. ഒരു വശത്ത്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, താൻ കൂടി നിയമത്തിന്റെ പരിധിയിൽ വരുന്നതിനായി ഭരണഘടനാ ഭേദഗതി മുന്നോട്ടു വച്ചതായും മറുവശത്ത്, പ്രധാന പ്രതിപക്ഷ പാർട്ടിയുടെ നേതൃത്വത്തിലുള്ള മുഴുവൻ പ്രതിപക്ഷവും നിയമത്തിന്റെ പരിധിക്ക് പുറത്ത് തുടരാനും സർക്കാരുകളെ ജയിലിൽ നിന്ന് നയിക്കാനും അധികാരത്തിൽ കടിച്ചുതൂങ്ങാനും ആഗ്രഹിക്കുന്നതിനാൽ അതിനെ എതിർക്കുന്നതായും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത്, ആദരണീയമായ ഈ സഭയിൽ, അന്നത്തെ പ്രധാനമന്ത്രി 39-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ പ്രധാനമന്ത്രിക്ക് പ്രത്യേക പദവികൾ അനുവദിച്ചുകൊടുത്തതും, അവർക്കെതിരെ ഒരു നിയമനടപടിയും സ്വീകരിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കിയതും രാജ്യം ഓർക്കുന്നതായി ശ്രീ അമിത് ഷാ പറഞ്ഞു. ഭരണഘടനാ ഭേദഗതികളിലൂടെ പ്രധാനമന്ത്രിയെ നിയമത്തിന് മുകളിൽ പ്രതിഷ്ഠിക്കാൻ ശ്രമിച്ച പ്രധാന പ്രതിപക്ഷ കക്ഷിയുടെ പ്രവർത്തന സംസ്‌ക്കാരത്തെയും നയത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു. മറുവശത്ത്, നമ്മുടെ സ്വന്തം സർക്കാരിന്റെ പ്രധാനമന്ത്രിയെയും മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരിക എന്നതാണ് നമ്മുടെ പാർട്ടിയുടെ നയം.
പ്രധാന പ്രതിപക്ഷ കക്ഷിയുടെ ഒരു നേതാവ് ഇന്ന് സഭയിൽ തന്നെക്കുറിച്ച് വ്യക്തിപരമായ ഒരു പരാമർശം നടത്തിയതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു, പ്രധാന പ്രതിപക്ഷ കക്ഷി കെട്ടിച്ചമച്ച കേസിൽ തന്നെ വ്യാജമായി പ്രതിചേർത്ത് അറസ്റ്റ് ചെയ്തപ്പോൾ, താൻ രാജിവച്ചില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. അറസ്റ്റിന് മുമ്പ് താൻ രാജിവച്ചിരുന്നുവെന്നും ജാമ്യത്തിൽ പുറത്തിറങ്ങിയതിനുശേഷവും കോടതി പൂർണ്ണമായും കുറ്റവിമുക്തനാക്കുന്നതുവരെ ഒരു ഭരണഘടനാ പദവിയും ഏറ്റെടുത്തിട്ടില്ലെന്നും പ്രധാന പ്രതിപക്ഷ കക്ഷിയെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ശ്രീ ഷാ കൂട്ടിച്ചേർത്തു. രാഷ്ട്രീയ പകപോക്കലിന്റെ പേരിലായിരുന്നു കേസെന്ന് ചൂണ്ടിക്കാട്ടി കോടതി അത് തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം പാർട്ടിയും എൻഡിഎയും എല്ലായ്‌പ്പോഴും ധാർമ്മിക മൂല്യങ്ങളുടെ വക്താക്കളാണെന്ന് ശ്രീ അമിത് ഷാ വ്യക്തമാക്കി. ഈ ബിൽ പാർലമെന്റിന്റെ സംയുക്ത പാർലമെന്ററി സമിതി (JPC) മുമ്പാകെ വയ്ക്കുമെന്നും, വിശദമായി ചർച്ച ചെയ്യുമെന്നും തുടക്കം മുതൽ തന്നെ വ്യക്തമായിരുന്നുവെന്ന് ശ്രീ ഷാ പറഞ്ഞു. എന്നാൽ, ലജ്ജയും മാന്യതയും ഉപേക്ഷിച്ച്, അഴിമതിക്കാരായ വ്യക്തികളെ സംരക്ഷിക്കുന്നതിനായി പ്രതിപക്ഷ സഖ്യം അപമര്യാദയായി പെരുമാറി ബില്ലിനെ എതിർക്കുകയും തദ്വാരാ പൊതുജനങ്ങൾക്ക് മുന്നിൽ സ്വയം തുറന്നുകാട്ടപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
*************************
(Release ID: 2158746)