ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ പാര്‍ലമെൻ്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു
Posted On:
19 AUG 2025 9:43PM by PIB Thiruvananthpuram
ദുരന്തനിവാരണവും ശേഷിവികസനവും എന്ന വിഷയത്തില്‍ ന്യൂഡൽഹിയിൽ ഇന്ന് നടന്ന ആഭ്യന്തര മന്ത്രാലയത്തിൻ്റെ പാര്‍ലമെൻ്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു.യോഗത്തിൽ ആഭ്യന്തര സഹമന്ത്രിമാരായ ശ്രീ നിത്യാനന്ദ് റായ്,ശ്രീ ബണ്ടി സഞ്ജയ് കുമാർ,കമ്മിറ്റി അംഗങ്ങൾ,കേന്ദ്ര ആഭ്യന്തര സെക്രട്ടറി തുടങ്ങിയവരോടൊപ്പം ആഭ്യന്തര മന്ത്രാലയം,ദേശീയ ദുരന്തനിവാരണ അതോറിറ്റി (NDMA),ദേശീയ ദുരന്തനിവാരണ സേന(NDRF),ഡയറക്ടർ ജനറൽ (ഫയർ സർവീസസ്, സിവിൽ ഡിഫൻസ്,ഹോം ഗാർഡ്സ്), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെൻ്റ് (NIDM) എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
2014-ന് മുമ്പ് ദുരന്തനിവാരണത്തിന് ദുരിതാശ്വാസ കേന്ദ്രീകൃത സമീപനമായിരുന്നു ഉണ്ടായിരുന്നതെന്ന് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു.എന്നാൽ ഇപ്പോൾ സമീപനത്തിലും തന്ത്രത്തിലും മാറ്റം വരുത്തി രക്ഷാ കേന്ദ്രീകൃത സമീപനമാക്കി മാറ്റാൻ മോദി സർക്കാരിന് കഴിഞ്ഞു.ശേഷി വികസനം,വേഗത,കാര്യക്ഷമത,കൃത്യത എന്നീ നാല് സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് സർക്കാരിൻ്റെ ദുരന്ത പ്രതികരണ നയം എന്നും അദ്ദേഹം പറഞ്ഞു. ഇതിൻ്റെ ഫലമായി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതില്‍ ജീവഹാനി തടയാന്‍ സാധിച്ചു.1999 ല്‍ ഒഡീഷയില്‍ ഉണ്ടായ സൂപ്പർ സൈക്ലോണിൽ 10,000 പേരുടെ ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍,2023 ൽ ഗുജറാത്തിലുണ്ടായ ബിപര്‍ജോയ് ചുഴലിക്കാറ്റിലും,2024 ൽ ഒഡീഷയിലുണ്ടായ ഡാന ചുഴലിക്കാറ്റിലും യാതൊരു ജീവഹാനിയും സംഭവിച്ചില്ല എന്നത് ഗണ്യമായ പ്രതിരോധത്തിൻ്റെ തെളിവാണ്.
ദുരന്തനിവാരണ മേഖലയിൽ സർക്കാരിൻ്റെ ശ്രമങ്ങളുടെ ഫലമായി ചുഴലിക്കാറ്റുകൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിൽ 98 ശതമാനം കുറവും ഉഷ്ണതരംഗങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിൽ ഗണ്യമായ കുറവും ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. നിരവധി സംസ്ഥാനങ്ങളിൽ അടുത്തിടെയുണ്ടായ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള ദുരന്തങ്ങളേക്കുറിച്ച് പരാമർശിച്ച അദ്ദേഹം, അത്തരം ദുരന്തങ്ങളെ നേരിടുന്നതിനായി പ്രത്യേക പ്രതിരോധ തന്ത്രം രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
സാമ്പത്തികവും സ്ഥാപനപരവും ഘടനാപരവുമായ ശക്തിപ്പെടുത്തലിനോടൊപ്പം ദുരന്തനിവാരണ മേഖലയിൽ ബഹുമുഖ സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ 10 ഇന അജണ്ടയുടെ അടിസ്ഥാനത്തിൽ 2024 ൽ ദുരന്തനിവാരണ (ഭേദഗതി) ബിൽ കൊണ്ടുവന്നു. ഇത് സുതാര്യത,ഉത്തരവാദിത്തം,കാര്യക്ഷമത,ഏകോപനം എന്നിവ മുന്‍നിര്‍ത്തിയാണ് തയ്യാറാക്കിയത്. ജില്ലാ, ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ ദുരന്ത നിവാരണത്തെക്കുറിച്ച് അവബോധം വളർത്തേണ്ടതിൻ്റെ ആവശ്യകത കേന്ദ്ര ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞു.
2004 മുതൽ 2014 വരെ ദേശീയ ദുരന്ത പ്രതികരണ നിധി(NDRF)ക്കും സംസ്ഥാന ദുരന്ത പ്രതികരണ നിധി(SDRF)ക്കുമായി 66,000 കോടി രൂപയാണ് അനുവദിച്ചത്.എന്നാൽ 2014–2024 കാലയളവില്‍ അത് മൂന്നിരട്ടിയോളം വര്‍ദ്ധിച്ച് 2 ലക്ഷം കോടി രൂപയായതായും അദ്ദേഹം പറഞ്ഞു. 2021–22 മുതല്‍ 2025–26 വരെയുള്ള കാലയളവില്‍ SDRF-ന് 1,28,122 കോടി രൂപയും ,NDRF ന് 54,770 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ 2021-22 മുതൽ 2025-26 വരെയുള്ള കാലയളവിൽ ദേശീയ ദുരന്ത ലഘൂകരണ നിധിക്ക് (NDMF) 13,693 കോടി രൂപയും സംസ്ഥാന ദുരന്ത ലഘൂകരണ നിധിക്ക് (SDMF) 32,031 കോടി രൂപയും കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് ശ്രീ ഷാ അറിയിച്ചു.
ദുരന്തബാധിത സംസ്ഥാനങ്ങളിലേക്ക് ഇൻ്റര്‍-മിനിസ്ടീരിയല്‍ സെൻട്രൽ ടീമിനെ അയയ്ക്കാൻ എടുക്കുന്ന ശരാശരി സമയം 96 ദിവസത്തിൽ നിന്ന് 8 ദിവസമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും
കഴിഞ്ഞ 10 വർഷത്തിനിടെ 83 ടീമിനെ ശരാശരി 8 ദിവസം കൊണ്ട് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും ശ്രീ അമിത് ഷാ അറിയിച്ചു. സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും നയരൂപീകരണത്തിലും NDMA പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ നടത്തുമ്പോൾ താഴെത്തട്ടിൽ NDRF നന്നായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ചുഴലിക്കാറ്റ് അപകടസാധ്യത ലഘൂകരണ പദ്ധതി (NCRMP)ക്ക് കീഴിൽ വിവിധോദ്ദേശ ചുഴലിക്കാറ്റ് അഭയകേന്ദ്രങ്ങൾ നിർമ്മിക്കുകയും 92,995 സാമൂഹ്യ സന്നദ്ധപ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ചുഴലിക്കാറ്റ് ലഘൂകരണത്തിൽ പരിശീലനം നല്കുകയും 5 തീരദേശ സംസ്ഥാനങ്ങളിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
ആപദാ മിത്ര പദ്ധതിയും യുവ ആപദാ മിത്ര പദ്ധതിയും നടപ്പിലാക്കിയതോടെ സാമൂഹിക തലത്തിൽ ശേഷി വികസിപ്പിക്കുന്നതിനും ദുരന്തസമയത്ത് സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിനും സർക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. വിവിധ ദുരന്തങ്ങളിൽ ഉടനടി പ്രതികരണം നല്കുന്നതിനായി 350 ദുരന്തസാധ്യത ജില്ലകളിലായി ഒരു ലക്ഷം സാമൂഹ്യ സന്നദ്ധപ്രവർത്തകർക്ക് ആപ്ദാ മിത്ര പദ്ധതിക്ക് കീഴിൽ പരിശീലനം നൽകിയിട്ടുണ്ട്. പുതിയ ഫയർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും സംസ്ഥാന പരിശീലന കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുന്നതിനും ശേഷി വർദ്ധിപ്പിക്കുന്നതിനും 5,000 കോടി രൂപയുടെ പദ്ധതിയും സർക്കാർ ആരംഭിച്ചിട്ടുണ്ട്.
ദേശീയ,സംസ്ഥാന തലങ്ങളിൽ ആദ്യമായി ലഘൂകരണ ഫണ്ടുകൾ രൂപീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു. 2021-22 മുതൽ 2025-26 വരെയുള്ള കാലയളവിൽ ദേശീയ ദുരന്ത ലഘൂകരണ നിധിക്ക് (NDMF) 13,693 കോടി രൂപയും സംസ്ഥാന ദുരന്ത ലഘൂകരണ നിധിക്ക് (SDMF) 32,031 കോടി രൂപയും കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. NDMF-ന് കീഴിൽ 8072 കോടി രൂപ അനുവദിച്ചുകൊണ്ട് നിരവധി ലഘൂകരണ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
ദുരന്ത മുന്നറിയിപ്പുകള്‍ സമയോചിതമായി ജനങ്ങളിലെത്തിക്കുന്നതില്‍ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.ഇതിനായി നിർമ്മിച്ചിരിക്കുന്ന SACHET ആപ്പ് പരമാവധി പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പും (IMD) കേന്ദ്ര ജല കമ്മീഷനും (CWC) ഇപ്പോൾ വെള്ളപ്പൊക്കത്തിനും ചുഴലിക്കാറ്റിനും 7 ദിവസം മുമ്പ് കൃത്യമായ പ്രവചനം നല്കുന്നു.മുന്നറിയിപ്പുകള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍ ആവശ്യമായ അവസാന ഘട്ട ബന്ധം ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി സംയോജിത മുന്നറിയിപ്പ് സംവിധാനം (Integrated Alert System) അടിസ്ഥാനമാക്കിയ കോമൺ അലർട്ടിംഗ് പ്രോട്ടോക്കോൾ (CAP) നടപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ
SMS വഴിയുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ,തീരദേശ സൈറണ്‍ തുടങ്ങിയ മാര്‍ഗങ്ങളിലും മുന്നറിയിപ്പുകള്‍ കൈമാറുന്നു. ദുരന്തങ്ങളെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന SACHET ആപ്പിൻ്റെ പ്രചാരണം ശക്തിപ്പെടുത്താൻ ആഭ്യന്തര മന്ത്രി ആഹ്വാനം ചെയ്തു.
ദുരന്തനിവാരണവും ശേഷി വർദ്ധനവും പോലുള്ള ഒരു പ്രധാന വിഷയം യോഗത്തിൽ ഉന്നയിച്ചതിനും വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകിയതിനും കേന്ദ്ര ആഭ്യന്തര മന്ത്രി കമ്മിറ്റി അംഗങ്ങൾക്ക് നന്ദി പറഞ്ഞു. ദുരന്തനിവാരണ മേഖലയിൽ സർക്കാർ സ്വീകരിച്ച സുപ്രധാന നടപടികളെ അംഗങ്ങൾ അഭിനന്ദിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനങ്ങൾക്ക് നൽകിയ ദുരന്ത സഹായ നിധി,ദുരന്തവുമായി ബന്ധപ്പെട്ട ആപ്പ്, മാർഗ്ഗനിർദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാ എം.പിമാർക്കും അയയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.
******
(Release ID: 2158229)