രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യൻ ഫോറിൻ സർവീസിലെ ഓഫീസർ ട്രെയിനികൾ രാഷ്ട്രപതിയെ സന്ദർശിച്ചു

Posted On: 19 AUG 2025 1:56PM by PIB Thiruvananthpuram
ഇന്ത്യൻ ഫോറിൻ സർവീസിലെ (2024 ബാച്ച്) ഓഫീസർ ട്രെയിനികൾ ഇന്ന് (ഓഗസ്റ്റ് 19, 2025) രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ, രാഷ്ട്രപതി ഭവനിൽ സന്ദർശിച്ചു.

ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത രാഷ്ട്രപതി ഇന്ത്യൻ ഫോറിൻ  സർവീസിന്റെ ഭാഗമായതിൽ  ഓഫീസർമാരെ അഭിനന്ദിച്ചു. നമ്മുടെ സാംസ്‌കാരിക ജ്ഞാനത്തിന്റെ മൂല്യങ്ങൾ - സമാധാനം, ബഹുസ്വരത, അഹിംസ, സംഭാഷണം എന്നിവ സേവനയാത്രയിലുടനീളം കൂടെ കരുതണമെന്ന്  രാഷ്ട്രപതി ഓഫീസർമാരോട് പറഞ്ഞു. അതേസമയം, അവർ ഇടപഴകുന്ന വിവിധ സംസ്കാരങ്ങളിൽ നിന്നുമുള്ള ആശയങ്ങൾ, കാഴ്ചപ്പാടുകൾ, ജനങ്ങൾ എന്നിവയോട് സംവേദന ക്ഷമമായിരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. ഭൗമരാഷ്ട്രീയ മാറ്റങ്ങൾ, ഡിജിറ്റൽ വിപ്ലവം, കാലാവസ്ഥാ വ്യതിയാനം, മത്സരപൂർവ്വമായ ബഹുരാഷ്ട്രവാദം തുടങ്ങി ചുറ്റുമുള്ള ലോകത്ത് ദ്രുതഗതിയിലുള്ള മാറ്റങ്ങൾ ദൃശ്യമാണെന്ന് അവർ പറഞ്ഞു. യുവ ഓഫീസർമാരെന്ന നിലയിൽ, അവരുടെ ചടുലതയും സാഹചര്യങ്ങൾക്ക്പൊരുത്തപ്പെട്ട് പ്രവർത്തിക്കാനുള്ള കഴിവും നമ്മുടെ വിജയത്തിന്റെ താക്കോലായിരിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു

 ആഗോളതലത്തിൽ ഉത്തര,ദക്ഷിണ പ്രദേശങ്ങൾ തമ്മിലെ അസമത്വം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, അതിർത്തി കടന്നുള്ള ഭീകരത, അല്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ തുടങ്ങി ഇന്ന്, ലോകം നേരിടുന്ന പ്രധാന വെല്ലുവിളികൾക്കുള്ള പരിഹാര മാർഗ്ഗങ്ങളിൽ ഇന്ത്യ ഒരു അനിവാര്യ ഘടകമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മാത്രമല്ല, ക്രമാനുഗതമായി ഉയർന്നുവരുന്ന സാമ്പത്തിക ശക്തി കൂടിയാണ്. നമ്മുടെ ശബ്ദത്തിന് പ്രാധാന്യമുണ്ട്. നയതന്ത്രജ്ഞർ എന്ന നിലയിൽ, ലോകം ഇന്ത്യയുടെ മുഖമായി പ്രാഥമികമായി വീക്ഷിക്കുന്നത് ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ വാക്കുകളെയും പ്രവൃത്തികളെയും മൂല്യങ്ങളെയുമായിരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

ഇന്നത്തെ കാലത്ത് സാംസ്കാരിക നയതന്ത്രത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ച് രാഷ്ട്രപതി പ്രത്യേകം പരാമർശിച്ചു. മനസ്സുകളിലൂടെയും ആത്മാവിലൂടെയും രൂപപ്പെടുന്ന ബന്ധങ്ങൾ എല്ലായ്പ്പോഴും ശക്തമാണെന്ന് അവർ പറഞ്ഞു. യോഗ, ആയുർവേദം, ചെറുധാന്യങ്ങൾ തുടങ്ങി ഭാരതത്തിന്റെ സംഗീതം, കലാ, ഭാഷ, ആത്മീയ പാരമ്പര്യങ്ങൾ എന്നിവയിലെ കൂടുതൽ സർഗാത്മകവും അഭിലാഷപൂർണ്ണവുമായ ശ്രമങ്ങൾ നമ്മുടെ ഈ വിശാലമായ പൈതൃകത്തെ വിദേശ രാജ്യങ്ങളിൽ ഉയർത്തിക്കൊണ്ടുവരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

നമ്മുടെ നയതന്ത്ര ശ്രമങ്ങൾ നമ്മുടെ ആഭ്യന്തര ആവശ്യകതകളുമായും 2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യവുമായും പൊരുത്തപ്പെടുന്നത് ആയിരിക്കണം എന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ താൽപ്പര്യങ്ങളുടെ സംരക്ഷകരായി മാത്രമല്ല, ഇന്ത്യയുടെ ചൈതന്യത്തിന്റെ അംബാസഡർമാരായും സ്വയം കണക്കാക്കണമെന്ന് രാഷ്ട്രപതി യുവ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു.

രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക-
 
SKY

(Release ID: 2157996)