രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതൃത്വം നൽകും

Posted On: 13 AUG 2025 7:13PM by PIB Thiruvananthpuram

ഡൽഹിയിലെ പ്രശസ്തമായ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2025 ഓഗസ്റ്റ് 15 ന് രാഷ്ട്രം 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കും.  അദ്ദേഹം ദേശീയ പതാക ഉയർത്തുകയും ചരിത്ര സ്മാരകത്തിൻ്റെ കൊത്തളത്തിൽ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.  2047-ഓടെ വികസിത ഭാരതമെന്ന ഗവൺമെന്റിന്റെ ദർശനം സാക്ഷാത്കരിക്കാന്‍ രാജ്യം വലിയ മുന്നേറ്റം നടത്തുന്ന പശ്ചാത്തലത്തില്‍  ‘നവഭാരത’മാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പ്രമേയം.  സമ്പന്നവും സുരക്ഷിതവും ധീരവുമായ നവഭാരതത്തിന്റെ തുടരുന്ന ഉയർച്ച സ്മരിക്കാനും പുരോഗതിയുടെ പാതയിൽ കൂടുതൽ മുന്നേറ്റത്തിന് നവോന്മേഷം പകരാനും ദിനാഘോഷം വേദിയൊരുക്കും.  

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങ്

ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ രാജ്യരക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിങ്,  രക്ഷാ രാജ്യമന്ത്രി ശ്രീ സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങ് എന്നിവർ ചേര്‍ന്ന് സ്വീകരിക്കും. ഡല്‍ഹി മേഖല ജനറൽ ഓഫീസർ കമാൻഡിംഗ് (ജിഒസി)  ലെഫ്റ്റനന്റ് ജനറൽ ഭവ്‌നിഷ് കുമാറിനെ പ്രതിരോധ സെക്രട്ടറി പ്രധാനമന്ത്രിയ്ക്ക് പരിചയപ്പെടുത്തും. തുടർന്ന് ഡൽഹി മേഖല ജനറൽ ഓഫീസർ കമാൻഡിംഗ്,  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സല്യൂട്ട് ബേസിലേക്ക് ആനയിക്കും. അവിടെ സംയുക്ത സേന വിഭാഗവും  ഡൽഹി പോലീസ് ഗാർഡും ചേർന്നു  പ്രധാനമന്ത്രിക്ക് സല്യൂട്ട് നൽകും, തുടർന്ന്  പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കുകയും ചെയ്യും.


പ്രധാനമന്ത്രിയുടെ ഗാർഡ് ഓഫ് ഓണർ സംഘത്തിൽ 96 പേര്‍‍ (ഒരു ഉദ്യോഗസ്ഥനും കരസേന, നാവികസേന, വ്യോമസേന, ഡൽഹി പോലീസ് എന്നിവയിലെ  24 വീതം പേരും) ഉൾപ്പെടുന്നു. ഇന്ത്യൻ വ്യോമസേനയാണ് ഈ വർഷം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഗാർഡ് ഓഫ് ഓണറിന്  വിങ് കമാൻഡർ എ.എസ്. സെഖോൺ നേതൃത്വം നൽകും.  കരസേനാ സംഘത്തെ സംഘത്തെ മേജർ അർജുൻ സിങും നാവികസേന സംഘത്തെ ലെഫ്റ്റനന്റ് കമാൻഡർ കോമൾദീപ് സിങും വ്യോമസേന സംഘത്തെ സേനാവിഭാഗം മേധാവി രാജൻ അറോറയും നയിക്കും. അഡീഷണൽ ഡിസിപി ശ്രീ രോഹിത് രാജ്ബീർ സിങാണ് ഡൽഹി പോലീസ് സംഘത്തെ നയിക്കുക.


ഗാർഡ് ഓഫ് ഓണർ പരിശോധിച്ച ശേഷം പ്രധാനമന്ത്രി ചുവപ്പ് കോട്ടയുടെ  കൊത്തളത്തിലേക്ക് പോകും. അവിടെ  പ്രധാനമന്ത്രിയെ രാജ്യരക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിങ്, രക്ഷാ രാജ്യമന്ത്രി ശ്രീ സഞ്ജയ് സേത്ത്, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേന മേധാവി  ഉപേന്ദ്ര ദ്വിവേദി, നാവികസേന മേധാവി  അഡ്മിറൽ ദിനേശ് കെ ത്രിപാഠി, വ്യോമസേന മേധാവി  എയർ ചീഫ് മാർഷൽ എ പി സിങ് എന്നിവർ വരവേല്‍ക്കും. തുടർന്ന് ദേശീയ പതാക ഉയർത്തുന്നതിനായി ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് പ്രധാനമന്ത്രിയെ കൊത്തളത്തിലെ വേദിയിലേക്ക് നയിക്കും.


ഫ്ലൈയിംഗ് ഓഫീസർ റഷിക ശർമ  ദേശീയ പതാക ഉയർത്തുന്നതിൽ പ്രധാനമന്ത്രിയെ സഹായിക്കും. ആ സമയത്ത്, 1721 ഫീൽഡ് ബാറ്ററിയുടെ (സെറിമോണിയൽ) ധീരന്മാരായ ഗണ്ണർമാർ 21 ഗൺ സല്യൂട്ട് മുഴക്കും. തദ്ദേശീയമായ 105 എംഎം ലൈറ്റ് ഫീൽഡ് തോക്കുകളേന്തുന്ന സെറിമോണിയൽ ബാറ്ററിയെ മേജർ പവൻ സിങ് ഷെഖാവത്ത് നയിക്കും. നായിബ് സുബേദാർ (ഗണ്ണറിയിലെ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ) അനുതോഷ് സർക്കാര്‍ ഗൺ പൊസിഷൻ ഓഫീസറാകും.  


പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന സമയത്ത് കര, നാവിക, വ്യോമ സേനകളിൽ നിന്നുള്ള ഓരോ ഓഫീസർമാരും 32 മറ്റ് റാങ്കുകാരും, ഡൽഹി പോലീസിലെ 128 ഉദ്യോഗസ്ഥരും അടങ്ങുന്ന ദേശീയ പതാക ഗാർഡ് രാഷ്ട്രീയ സല്യൂട്ട് സമർപ്പിക്കും. ഇന്റർ-സർവീസസ് ഗാർഡിന്റെയും പോലീസ് ഗാർഡിന്റെയും കമാൻഡറായി വിങ് കമാൻഡർ തരുൺ ഡാഗർ ചുമതല വഹിക്കും.  


ദേശീയ പതാക ഗാർഡിലെ സൈനിക സംഘത്തെ മേജർ പ്രകാശ് സിങും നാവികസേന സംഘത്തെ ലെഫ്റ്റനന്റ് കമാൻഡർ മുഹമ്മദ് പർവേജും വ്യോമസേന സംഘത്തെ സേനാവിഭാഗം മേധാവി വി വി ശരവണും നയിക്കും. അഡീഷണൽ ഡിസിപി ശ്രീ അഭിമന്യു പോസ്‍വാളാണ് ഡൽഹി പോലീസ് സംഘത്തെ നയിക്കുക.

പതാക ഉയർത്തിയാലുടൻ  ത്രിവർണ പതാകക്ക്  'രാഷ്ട്രീയ സല്യൂട്ട്' നൽകും.  ജെസിഒയും 25 ഇതര റാങ്കുകാരുമടങ്ങുന്ന വ്യോമസേനാ വാദ്യസംഘം ദേശീയ പതാക ഉയർത്തുമ്പോഴും 'രാഷ്ട്രീയ സല്യൂട്ട്' നല്‍കുമ്പോഴും ദേശീയഗാനം ആലപിക്കും. ജൂനിയർ വാറന്റ് ഓഫീസർ എം ദേക വാദ്യസംഘത്തെ നയിക്കും. ചരിത്രത്തിലാദ്യമായി 11 അഗ്നിവീർ വായു സൈനികര്‍ ദേശീയഗാനം ആലപിക്കുന്ന സംഘത്തിന്റെ ഭാഗമാകും.

പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയ ഉടൻ  വ്യോമസേനയുടെ രണ്ട് എംഐ-17 ഹെലികോപ്റ്ററുകൾ വേദിയിൽ പുഷ്പവൃഷ്ടി നടത്തും. ഇതിലൊരു ഹെലികോപ്റ്റര്‍ ദേശീയ പതാകയും രണ്ടാമത്തേത്  'ഓപ്പറേഷൻ സിന്ദൂർ' ചിത്രീകരിക്കുന്ന പതാകയും വഹിക്കും.  വിങ് കമാൻഡർ വിനയ് പൂനിയയും വിങ് കമാൻഡർ ആദിത്യ ജയ്‌സ്വാളുമാണ്  ഹെലികോപ്റ്ററുകളുടെ ക്യാപ്റ്റന്മാര്‍.
 

ഓപ്പറേഷൻ സിന്ദൂർ

ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം ആഘോഷിക്കും. ഗ്യാൻപഥിലെ വ്യൂ കട്ടറിൽ  ഓപ്പറേഷൻ സിന്ദൂർ ലോഗോ പതിപ്പിക്കും.  പുഷ്പാലങ്കാരവും ദൗത്യത്തെ അടിസ്ഥാനമാക്കിയായിരിക്കും.

ക്ഷണക്കത്തുകളിലും ഓപ്പറേഷൻ സിന്ദൂർ ലോഗോ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ‘നവഭാരത'ത്തിന്റെ ഉദയം ചിത്രീകരിക്കുന്ന ചെനാബ് പാലത്തിന്റെ മുദ്രയും ഇതില്‍ കാണാം.  


ജ്ഞാൻപഥിൽ 'നവഭാരത' രൂപീകരണം


പുഷ്പവൃഷ്ടിക്ക് ശേഷം പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. അഭിസംബോധന ഉപസംഹരിക്കുമ്പോള്‍ നാഷണൽ കേഡറ്റ് കോർപ്‌സ് (എൻസിസി) അംഗങ്ങളും 'മൈ-ഭാരത്' വളണ്ടിയർമാരും  ദേശീയഗാനം ആലപിക്കും.  ആൺകുട്ടികളും പെൺകുട്ടികളുമടക്കം 2,500 കേഡറ്റുകളും (കരസേന, നാവികസേന, വ്യോമസേന)  'മൈ-ഭാരത്' വളണ്ടിയർമാരും ആഘോഷങ്ങളിൽ പങ്കെടുക്കും.  ജ്ഞാൻപഥിൽ ചെങ്കോട്ടയുടെ കൊത്തളത്തിന്  എതിർവശത്തായി ഇരിക്കുന്ന ഇവര്‍‌ 'നവഭാരത' ലോഗോ രൂപീകരിക്കും.  

വിശിഷ്ടാതിഥികൾ

ചെങ്കോട്ടയിലെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ വിവിധ മേഖലകളിലെ  5,000-ത്തോളം വിശിഷ്ടാതിഥികള്‍ക്ക് ക്ഷണമുണ്ട്.

കൂടുതൽ വിവരങ്ങൾ ഈ ലിങ്കില്‍:
 
SKY
 
********

(Release ID: 2156251)