കൃഷി മന്ത്രാലയം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കർഷക സുരക്ഷയും വിള ഇൻഷുറൻസ് തുക വിതരണവുമായി ബന്ധപ്പെട്ട സുപ്രധാന പരിപാടി നാളെ രാജസ്ഥാനിൽ
Posted On:
10 AUG 2025 3:35PM by PIB Thiruvananthpuram
കർഷക സൗഹൃദ നയങ്ങളും സാങ്കേതികവിദ്യാധിഷ്ഠിത സുതാര്യ സംവിധാനങ്ങളും കേന്ദ്ര സർക്കാർ ശക്തിപ്പെടുത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണ നേതൃത്വത്തിൽ നടപ്പാക്കിയ പ്രധാനമന്ത്രി ഫസൽ ബീമ യോജനയ്ക്ക് കീഴിൽ ചരിത്രപരമായ വിള ഇൻഷുറൻസ് തുക വിതരണ പരിപാടി 2025 ഓഗസ്റ്റ് 11 ന് രാജസ്ഥാനിലെ ജുൻജുനുവിൽ സംഘടിപ്പിക്കും. കേന്ദ്ര കാര്‍ഷിക - കർഷകക്ഷേമ ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ ഭജൻലാൽ ശർമ മുഖ്യാതിഥിയാകും.
കേന്ദ്ര കാര്‍ഷിക - കർഷകക്ഷേമ സഹമന്ത്രി ശ്രീ ഭഗീരഥ് ചൗധരി, രാജസ്ഥാൻ കൃഷിമന്ത്രി ഡോ. കിരോഡി ലാൽ മീണ, പ്രാദേശിക ജനപ്രതിനിധികൾ, കർഷക നേതാക്കൾ, മന്ത്രാലയത്തിലെയും സംസ്ഥാന സർക്കാരിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങില്‍ വിശിഷ്ടാതിഥികളാകും. ഓഗസ്റ്റ് 11 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് ജുൻജുനു എയർസ്ട്രിപ്പിൽ നടക്കുന്ന പരിപാടിയിൽ ജുൻജുനു, സിക്കാർ, ജയ്പൂർ, കോട് പുത്ലി-ബെഹ്‌റോർ എന്നിവിടങ്ങളിലെയും മറ്റ് ജില്ലകളിലെയും നിരവധി കർഷകര്‍ പങ്കെടുക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് കർഷകർ ഓണ്‍ലൈനായി പരിപാടിയുടെ ഭാഗമാകും.
ഗ്രാമീണ ഇന്ത്യയിലെ കോടിക്കണക്കിന് കർഷകരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നേതൃത്വം നല്‍കുന്ന സുപ്രധാന സംരംഭത്തിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി വിള ഇൻഷുറൻസ് തുകയായി 3,200 കോടിയിലധികം രൂപ ഓഗസ്റ്റ് 11 ന് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) വഴി 30 ലക്ഷത്തിലധികം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡിജിറ്റലായി കൈമാറും. ഇതിൽ 1,100 കോടിയിലധികം രൂപ രാജസ്ഥാനിലെ ഏഴു ലക്ഷത്തിലധികം കർഷകർക്കാണ് വിതരണം ചെയ്യുന്നത്.
സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തുന്ന ഇന്‍ഷുറന്‍സ് തുക വിതരണത്തില്‍ മധ്യപ്രദേശിലെ കർഷകർക്ക് 1,156 കോടി രൂപയും രാജസ്ഥാനില്‍ 1,121 കോടി രൂപയും ഛത്തീസ്ഗഡില്‍ 150 കോടി രൂപയും മറ്റ് സംസ്ഥാനങ്ങളിലെ കർഷകർക്ക് 773 കോടി രൂപയും നേരിട്ട് ലഭിക്കുമെന്ന് ശ്രീ ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.
സാങ്കേതികവിദ്യയും സുതാര്യതയുമാണ് ഈ പദ്ധതിയുടെ പ്രധാന തലങ്ങളെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കർഷകർക്ക് സമയബന്ധിതമായി ലഭിക്കുന്ന വിള ഇൻഷുറൻസ് തുക അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും കാര്‍ഷിക നിക്ഷേപത്തിലെ ആത്മവിശ്വാസം വർധിപ്പിക്കുകയും കൃഷിയിലെ അനിശ്ചിതത്വങ്ങള് നേരിടാന്‍ ശേഷി വർധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കർഷക താൽപര്യം പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ ലളിതമായ നഷ്ടപരിഹാര വിതരണ സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്നും സംസ്ഥാന വിഹിതം കാത്തിരിക്കാതെ കേന്ദ്ര സബ്‌സിഡി മാത്രം അടിസ്ഥാനമാക്കി ആനുപാതികമായി തുക നല്‍കാനാവുമെന്നും കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു. 2025-ലെ ഖാരിഫ് കാലയളവ് മുതൽ സംസ്ഥാന സർക്കാർ സബ്‌സിഡി വിഹിതം നല്‍കുന്നത് വൈകിയാൽ 12% പിഴ ഈടാക്കുമെന്നും സമാനമായി ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് വൈകിയാൽ കർഷകർക്ക് 12% പിഴത്തുക ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
2016-ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പദ്ധതിയ്ക്ക് തുടക്കം കുറിച്ചതുമുതല്‍ ലഭിച്ച 78 കോടിയിലധികം കർഷക അപേക്ഷകളില്‍ 1.83 ലക്ഷം കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തുവെന്നും അതേസമയം കർഷകർ വരിസംഖ്യയായി അടച്ചത് കേവലം 35,864 കോടി രൂപ മാത്രമാണെന്നും ശ്രീ ശിവരാജ് സിങ് പറഞ്ഞു. ഇതിനർത്ഥം പ്രീമിയത്തിന്റെ 5 മടങ്ങിലധികം ശരാശരി നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നുവെന്നാണ്. സർക്കാരിന്റെ കർഷക സൗഹൃദ നയമാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യെസ്-ടെക്, വിന്‍ഡ്സ് പോർട്ടൽ, എഐഡിഇ മൊബൈൽ ആപ്പ്, കൃഷി രക്ഷക് പോർട്ടൽ, ഹെൽപ്പ്‌ലൈൻ നമ്പർ 14447 തുടങ്ങി നിരവധി സാങ്കേതിക സംവിധാനങ്ങള്‍ സമീപ വർഷങ്ങളിൽ നടപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നഷ്ടപരിഹാരത്തുക വിതരണത്തിന്റെ വേഗവും സുതാര്യതയും മെച്ചപ്പെടുത്തുന്നതിലുപരി കാലാവസ്ഥാ വിവരങ്ങളുടെ കൃത്യത വർധിപ്പിക്കാനും കർഷകർക്ക് ഗ്രാമീണതലത്തിൽ രജിസ്ട്രേഷൻ സൗകര്യങ്ങൾക്കും ഇത് വഴിയൊരുക്കി. പ്രധാനമന്ത്രി ഫസൽ ബീമ യോജന കർഷകരുടെ കഠിനാധ്വാനത്തിന് ശക്തി പകരുകയും സ്വാശ്രയ ഭാരതം കെട്ടിപ്പടുക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിന് കരുത്തേകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
****************
(Release ID: 2154910)