പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡൽഹിയിൽ നടന്ന എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

Posted On: 07 AUG 2025 11:09AM by PIB Thiruvananthpuram

എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ ശിവരാജ് സിംഗ് ചൗഹാൻ; എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. സൗമ്യ സ്വാമിനാഥൻ; നിതി ആയോഗ് അംഗം ഡോ. രമേശ് ചന്ദ്; സ്വാമിനാഥൻ കുടുംബത്തിലെ നിരവധി അംഗങ്ങൾ ഇവിടെ സന്നിഹിതരാണെന്ന് ഞാൻ കാണുന്നു - അവർക്കും എന്റെ ആദരപൂർവ്വകമായ ആശംസകൾ നേരുന്നു. കൂടാതെ ഇവിടെ എത്തിയിട്ടുള്ള  ശാസ്ത്രജ്ഞരേ,  മറ്റ് വിശിഷ്ടാതിഥികളേ,മഹതികളേ,മാന്യരേ!

ഒരു പ്രത്യേക കാലഘട്ടത്തിലോ ഒരു പ്രത്യേക ഭൂപ്രകൃതിയിലോ  മാത്രം ഒതുങ്ങി നിൽക്കാത്ത തരത്തിലെ  സംഭാവനകൾ  നൽകിയ  ചില വ്യക്തിത്വങ്ങളുണ്ട് . പ്രൊഫസർ എം.എസ്. സ്വാമിനാഥൻ അത്തരമൊരു പ്രമുഖ ശാസ്ത്രജ്ഞനായിരുന്നു, ഭാരത മാതാവിന്റെ  സമർപ്പിത പുത്രൻ. അദ്ദേഹം ശാസ്ത്രത്തെ പൊതുസേവനത്തിനുള്ള ഒരു മാധ്യമമാക്കി മാറ്റി. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. വരും നൂറ്റാണ്ടുകളിൽ ഭാരതത്തിന്റെ നയങ്ങളെയും മുൻഗണനകളെയും രൂപപ്പെടുത്തുന്നതിൽ തുടരുന്ന ഒരു ബോധം അദ്ദേഹം ഉണർത്തി.

സ്വാമിനാഥൻ ശതാബ്ദി ആഘോഷ വേളയിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു.

സുഹൃത്തുക്കളേ,

ഇന്ന്, ഓഗസ്റ്റ് 7, ദേശീയ കൈത്തറി ദിനം കൂടിയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, രാജ്യമെമ്പാടും കൈത്തറി മേഖലയ്ക്ക് പുതിയ അംഗീകാരവും ശക്തിയും ലഭിച്ചു. ഈ ദേശീയ കൈത്തറി ദിനത്തിൽ നിങ്ങൾക്കും കൈത്തറി മേഖലയുമായി ബന്ധപ്പെട്ടവർക്കും എന്റെ ആശംസകൾ അറിയിക്കുന്നു.

സുഹൃത്തുക്കളേ,

ഡോ. സ്വാമിനാഥനുമായുള്ള എന്റെ ബന്ധം വർഷങ്ങൾ പഴക്കമുള്ളതാണ്. ഗുജറാത്തിലെ മുൻകാല സാഹചര്യങ്ങളെക്കുറിച്ച് പലർക്കും അറിയാം - വരൾച്ചയും ചുഴലിക്കാറ്റും കാരണം അവിടത്തെ കൃഷി പലപ്പോഴും കടുത്ത വെല്ലുവിളികളെ നേരിട്ടിരുന്നു, കച്ച് മരുഭൂമി ക്രമാനുഗതമായി വികസിച്ചുകൊണ്ടിരുന്നു. ഞാൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത്, സോയിൽ ഹെൽത്ത് കാർഡ് പദ്ധതിയിൽ ഞങ്ങൾ പ്രവർത്തിക്കാൻ തുടങ്ങി. പ്രൊഫസർ സ്വാമിനാഥൻ ഈ സംരംഭത്തിൽ വളരെയധികം താല്പര്യം കാണിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമായി ഓർക്കുന്നു. അദ്ദേഹം ഉദാരമായി തന്റെ നിർദ്ദേശങ്ങൾ നൽകുകയും ഞങ്ങളെ നയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സംഭാവനകൾ ഈ ശ്രമത്തിന്റെ വിജയത്തിന് വളരെയധികം സഹായിച്ചു. ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ തമിഴ്‌നാട്ടിലെ അദ്ദേഹത്തിന്റെ ഗവേഷണ ഫൗണ്ടേഷൻ  കേന്ദ്രം സന്ദർശിച്ചത്. 2017 ൽ, അദ്ദേഹത്തിന്റെ 'ദി ക്വസ്റ്റ് ഫോർ എ വേൾഡ് വിത്തൗട്ട് ഹംഗർ' എന്ന പുസ്തകം പുറത്തിറക്കാൻ എനിക്ക് അവസരം ലഭിച്ചു. 2018ൽ,വാരണസിയിൽ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റീജിയണൽ സെന്റർ ഉദ്ഘാടനം ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ  ഞങ്ങൾ വീണ്ടും പ്രയോജനപ്പെടുത്തി.അദ്ദേഹവുമായുള്ള ഓരോ കൂടിക്കാഴ്ചയും എനിക്ക് ഒരു പഠനാനുഭവമായിരുന്നു. "ശാസ്ത്രം കണ്ടെത്തൽ മാത്രമല്ല, വിതരണവുമാണ്" എന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു, തന്റെ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം ഇത് തെളിയിച്ചു. അദ്ദേഹം ഗവേഷണത്തിൽ മാത്രം ഒതുങ്ങിയില്ല; പുതിയ കാർഷിക രീതികൾ സ്വീകരിക്കാൻ കർഷകരെ പ്രചോദിപ്പിക്കുകയും ചെയ്തു. ഇന്നും ഭാരതത്തിന്റെ കാർഷിക മേഖലയിലുടനീളം അദ്ദേഹത്തിന്റെ സമീപനങ്ങളും ആശയങ്ങളും ദൃശ്യമാണ്. യഥാർത്ഥ അർത്ഥത്തിൽ അദ്ദേഹം ഭാരത മാതാവിന്റെ രത്നമായിരുന്നു. ഡോ. സ്വാമിനാഥന് ഭാരതരത്നം നൽകാൻ ഞങ്ങളുടെ സർക്കാരിന് അവസരം ലഭിച്ചത് എന്റെ ബഹുമതിയായി ഞാൻ കരുതുന്നു.

സുഹൃത്തുക്കളേ,

ഭക്ഷ്യ ഉൽപാദനത്തിൽ ഭാരതത്തെ സ്വയംപര്യാപ്തമാക്കുക എന്ന ദൗത്യം ഡോ. സ്വാമിനാഥൻ ആരംഭിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ സ്വത്വം ഹരിത വിപ്ലവത്തിനപ്പുറത്തേക്ക് വ്യാപിച്ചു. കൃഷിയിൽ വർദ്ധിച്ചുവരുന്ന രാസവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചും ഏകവിള കൃഷിയുടെ അപകടസാധ്യതകളെക്കുറിച്ചും അദ്ദേഹം കർഷകരിൽ അവബോധം വളർത്തി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ധാന്യ ഉൽപാദനം വർദ്ധിപ്പിക്കാൻ അദ്ദേഹം പ്രവർത്തിച്ചപ്പോൾ, പരിസ്ഥിതിയെയും ഭൂമി മാതാവിനെയും കുറിച്ച് അദ്ദേഹത്തിന് ഒരുപോലെ ആശങ്കയുണ്ടായിരുന്നു. ഇവ രണ്ടും തമ്മിൽ സന്തുലനം  സൃഷ്ടിക്കുന്നതിനും ഈ വെല്ലുവിളികളെ നേരിടുന്നതിനും, അദ്ദേഹം ഹരിത വിപ്ലവം എന്ന ആശയം അവതരിപ്പിച്ചു. ഗ്രാമീണ സമൂഹങ്ങളെയും കർഷകരെയും ശാക്തീകരിക്കാൻ കഴിയുന്ന 'ജൈവ ഗ്രാമങ്ങൾ' എന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു. 'സമൂഹ വിത്ത് ബാങ്കുകൾ', 'അവസര വിളകൾ' തുടങ്ങിയ ആശയങ്ങൾ അദ്ദേഹം പ്രചരിപ്പിച്ചു.

സുഹൃത്തുക്കളേ,

കാലാവസ്ഥാ വ്യതിയാനം, പോഷകാഹാരം തുടങ്ങിയ വെല്ലുവിളികൾക്കുള്ള പരിഹാരം നമ്മൾ തമസ്കരിച്ച വിളകളിലാണ് എന്ന് ഡോ. സ്വാമിനാഥൻ വിശ്വസിച്ചു. വരൾച്ചയെ ചെറുക്കുന്നതിലും മണ്ണിലെ ലവണാംശം ഉറപ്പുവരുത്തുന്നതിലുമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ആരും അധികം  പ്രാധാന്യം നൽകാത്ത ഒരു കാലഘട്ടത്തിലാണ് അദ്ദേഹം തിനയെക്കുറിച്ചും 'ശ്രീ അന്ന' യെ കുറിച്ചും  പഠനം ആരംഭിച്ചത് - . വർഷങ്ങൾക്ക് മുമ്പ്, കണ്ടൽക്കാടുകളുടെ ജനിതക സവിശേഷതകൾ നെല്ലിലേക്ക് മാറ്റണമെന്ന് ഡോ. സ്വാമിനാഥൻ ശുപാർശ ചെയ്തിരുന്നു, അങ്ങനെ വിളകൾക്ക്   കാലാവസ്ഥാ വ്യതിയാനത്തെ  കൂടുതൽ പ്രതിരോധിക്കാൻ കഴിയും . ഇന്ന്, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അദ്ദേഹം തന്റെ ചിന്തയിൽ എത്രത്തോളം മുന്നിലാണെന്ന് നമുക്ക് മനസ്സിലാകും.

സുഹൃത്തുക്കളേ,

ഇന്ന്, ജൈവവൈവിധ്യം ഒരു ആഗോള ആശങ്കയാണ്, ലോകമെമ്പാടുമുള്ള സർക്കാരുകൾ അത് സംരക്ഷിക്കാൻ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ ഡോ. സ്വാമിനാഥൻ ഒരു പടി കൂടി മുന്നോട്ട് പോയി 'ജൈവ സന്തോഷം' എന്ന ആശയം നമുക്ക് നൽകി. ഇന്ന്, ആ ആശയം ആഘോഷിക്കാനാണ്  നമ്മൾ ഇവിടെ കൂടിയിരിക്കുന്നത്. ജൈവവൈവിധ്യത്തിന്റെ ശക്തി പ്രാദേശിക സമൂഹങ്ങളുടെ ജീവിതത്തിൽ ഗണ്യമായ പരിവർത്തനം വരുത്തുമെന്ന് ഡോ. സ്വാമിനാഥൻ പറയാറുണ്ടായിരുന്നു; പ്രാദേശിക വിഭവങ്ങളുടെ ഉപയോഗത്തിലൂടെ, പുതിയ ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന്. അദ്ദേഹത്തിന്റെ സ്വഭാവത്തിന് അനുസൃതമായി, അദ്ദേഹം തന്റെ ആശയങ്ങൾ അടിസ്ഥാനപരമായി നടപ്പിലാക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു. തന്റെ ഗവേഷണ അടിത്തറയിലൂടെ, പുതിയ കണ്ടെത്തലുകളുടെ നേട്ടങ്ങൾ കർഷകരിലേക്ക് എത്തിക്കാൻ അദ്ദേഹം നിരന്തരം പരിശ്രമിച്ചു. നമ്മുടെ ചെറുകിട കർഷകർ, മത്സ്യത്തൊഴിലാളികൾ, നമ്മുടെ ഗോത്ര സമൂഹങ്ങൾ - എല്ലാവരും അദ്ദേഹത്തിന്റെ ശ്രമങ്ങളിൽ നിന്ന് വളരെയധികം പ്രയോജനം നേടിയിട്ടുണ്ട്.

സുഹൃത്തുക്കളെ,

ഇന്ന്, പ്രൊഫസർ സ്വാമിനാഥൻ്റെ പൈതൃകത്തെ ആദരിക്കുന്നതിനായി 'എം. എസ്.സ്വാമിനാഥൻ അവാർഡ് ഫോർ ഫുഡ് ആൻഡ് പീസ്' ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ മേഖലയിൽ നിർണായക സംഭാവനകൾ നൽകിയ വികസ്വര രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് ഈ അന്താരാഷ്ട്ര അവാർഡ് നൽകും. ഭക്ഷണവും സമാധാനവും - ഇവ രണ്ടും തമ്മിലുള്ള ബന്ധം ദാർശനികം മാത്രമല്ല, ആഴത്തിൽ പ്രായോഗികവുമാണ്. നമ്മുടെ ഉപനിഷത്തുകളിൽ ഇങ്ങനെ പറയുന്നു: अन्नम् न निन्द्यात्, तद् व्रतम्। प्राणो वा अन्नम्। शरीरम् अन्नादम्। प्राणे शरीरम् प्रतिष्ठितम्।(അന്നം ന നിന്ദ്യാത്, തദ് വ്രതം. പ്രാണോ വാ അന്നം. ശരീരം അന്നദം. പ്രാണേ ശരീരം പ്രതിഷ്ഠിതം). അതായത്, ഒരാൾ ഭക്ഷണത്തെ അനാദരിക്കരുത്. ഭക്ഷണം ജീവിതത്തെ പിന്തുണയ്ക്കുന്നു.

അതുകൊണ്ട് സുഹൃത്തുക്കളേ,

ഭക്ഷ്യ പ്രതിസന്ധി ഉണ്ടായാൽ, ജീവിത പ്രതിസന്ധിയും ഉണ്ടാകും. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാകുമ്പോൾ, ആഗോളതലത്തിൽ അശാന്തി സ്വാഭാവികമായും ഉടലെടുക്കും. അതുകൊണ്ടാണ് എം. എസ്. സ്വാമിനാഥൻ്റെ പേരിൽ ഏർപ്പെടുത്തിയ  ഭക്ഷണത്തിനും സമാധാനത്തിനുമുള്ള അവാർഡ് അത്യന്താപേക്ഷിതമാകുന്നത്. ഈ അവാർഡ് ലഭിച്ച ആദ്യ നൈജീരിയൻ ശാസ്ത്രജ്ഞൻ പ്രൊഫസർ അഡെമോള അഡെനെലെയെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യൻ കാർഷിക മേഖല വലിയ ഉയരങ്ങളിലെത്തിയിട്ടുണ്ട്, ഡോ. സ്വാമിനാഥൻ എവിടെയായിരുന്നാലും അദ്ദേഹം അഭിമാനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന്, പാൽ, പയർവർഗ്ഗങ്ങൾ, ചണം എന്നിവയുടെ ഉത്പാദനത്തിൽ ഭാരതം ഒന്നാം സ്ഥാനത്താണ്. അരി, ഗോതമ്പ്, പരുത്തി, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഉത്പാദനത്തിൽ ഭാരതം  രണ്ടാം സ്ഥാനത്താണ്. ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യ ഉൽപ്പാദന രാഷ്ട്രം കൂടിയാണ് ഭാരതം . കഴിഞ്ഞ വർഷം ഭാരതം  അതിന്റെ ഏറ്റവും ഉയർന്ന ഭക്ഷ്യധാന്യ ഉൽപാദനം രേഖപ്പെടുത്തി. എണ്ണക്കുരുക്കളിലും നാം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. സോയാബീൻ, കടുക്, നിലക്കടല എന്നിവയുടെ ഉത്പാദനം റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു.

സുഹൃത്തുക്കളേ,

നമുക്ക് , നമ്മുടെ കർഷകരുടെ ക്ഷേമം എന്നത്, ഏറ്റവും ഉയർന്ന മുൻഗണനാ വിഷയമാണ് . ഭാരതം ഒരിക്കലും അതിന്റെ കർഷകരുടെയും, കന്നുകാലി വളർത്തുന്നവരുടെയും, മത്സ്യത്തൊഴിലാളികളുടെയും താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. വ്യക്തിപരമായി എനിക്ക് വളരെ വലിയ വില നൽകേണ്ടിവരുമെന്ന് എനിക്കറിയാം, പക്ഷേ ഞാൻ അതിന് തയ്യാറാണ്. എന്റെ രാജ്യത്തെ കർഷകർക്കും, എന്റെ രാജ്യത്തെ മത്സ്യത്തൊഴിലാളികൾക്കും, എന്റെ രാജ്യത്തെ കന്നുകാലി വളർത്തുന്നവർക്കും,ക്ഷേമം ഉറപ്പാക്കുന്നതിൽ  ഭാരതം ഇന്ന് സജ്ജമാണ്. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും, അവരുടെ കാർഷിക ചെലവുകൾ കുറയ്ക്കുന്നതിനും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുന്നതിനും ഞങ്ങൾ നിരന്തരം പ്രവർത്തിക്കുന്നു.

സുഹൃത്തുക്കളേ,

കർഷകരുടെ ശക്തിയെ രാജ്യത്തിന്റെ പുരോഗതിയുടെ അടിത്തറയായി നമ്മുടെ സർക്കാർ കണക്കാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് സമീപ വർഷങ്ങളിൽ രൂപീകരിച്ച നയങ്ങൾ സഹായം നൽകുക മാത്രമല്ല, കർഷകരിൽ വിശ്വാസം വളർത്താനും ശ്രമിച്ചത്. പിഎം-കിസാൻ സമ്മാൻ നിധിയിലൂടെ നൽകുന്ന നേരിട്ടുള്ള സാമ്പത്തിക സഹായം ചെറുകിട കർഷകരെ ആത്മവിശ്വാസത്തോടെ ശാക്തീകരിച്ചിട്ടുണ്ട്. പിഎം ഫസൽ ബീമ യോജന അവർക്ക് അപകടങ്ങളിൽ നിന്ന് സംരക്ഷണം നൽകി. ജലസേചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയിലൂടെ പരിഹരിക്കപ്പെട്ടു. 10,000 എഫ്പിഒകളുടെ(FPO ,Farmer Producer Organization,കർഷകർ ഒരുമിച്ച് ചേർന്ന് രൂപീകരിക്കുന്ന ഒരു കൂട്ടായ്മ) സൃഷ്ടി ചെറുകിട കർഷകരുടെ കൂട്ടായ ശക്തി വർദ്ധിപ്പിച്ചു. സഹകരണ സ്ഥാപനങ്ങൾക്കും സ്വയം സഹായ ഗ്രൂപ്പുകൾക്കും സാമ്പത്തിക സഹായം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ആക്കം നൽകി. ഇ-നാമിന്(e-NAM,e-National Agriculture Market, is a pan-India electronic trading portal)നന്ദി, കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് എളുപ്പമായി. പിഎം കിസാൻ സമ്പതാ  യോജന പുതിയ ഭക്ഷ്യ സംസ്കരണ യൂണിറ്റുകളുടെയും സംഭരണ അടിസ്ഥാന സൗകര്യങ്ങളുടെയും സ്ഥാപനം ത്വരിതപ്പെടുത്തി. അടുത്തിടെ, പിഎം ധൻ ധന്യ യോജനയ്ക്കും അംഗീകാരം ലഭിച്ചു. ഈ പദ്ധതി പ്രകാരം, കൃഷി പിന്നാക്കം നിൽക്കുന്ന 100 ജില്ലകളെ തിരഞ്ഞെടുത്തു. ഈ ജില്ലകളിലെ കർഷകർക്ക് അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക സഹായവും നൽകുന്നതിലൂടെ, കൃഷിയിൽ പുതിയൊരു ആത്മവിശ്വാസം വളർത്തിയെടുക്കുന്നു.

സുഹൃത്തുക്കളേ,

21-ാം നൂറ്റാണ്ടിലെ ഭാരതം, ഒരു വികസിത രാഷ്ട്രമാകാൻ പൂർണ്ണ സമർപ്പണത്തോടെ പ്രവർത്തിക്കുന്നു. എല്ലാ വർഗ്ഗങ്ങളുടെയും, എല്ലാ തൊഴിലുകളുടെയും സംഭാവനയിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ കഴിയൂ. ഡോ. സ്വാമിനാഥനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നമ്മുടെ ശാസ്ത്രജ്ഞർക്ക് ഇപ്പോൾ ചരിത്രം സൃഷ്ടിക്കാൻ വീണ്ടും ഒരു അവസരം ലഭിച്ചു. മുൻ തലമുറയിലെ ശാസ്ത്രജ്ഞർ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി - ഇപ്പോൾ പോഷകാഹാര സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ജൈവ-പോഷകാഹാര സമ്പുഷ്ടമായ വിളകൾ വലിയ തോതിൽ പ്രോത്സാഹിപ്പിക്കണം. രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിലും പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിലും നാം കൂടുതൽ അടിയന്തിരത പ്രകടിപ്പിക്കേണ്ടതുണ്ട്.

സുഹൃത്തുക്കളേ,

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാം. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന പരമാവധി വിളകൾ നാം വികസിപ്പിച്ചെടുക്കണം. വരൾച്ചയെ പ്രതിരോധിക്കുന്ന, ചൂടിനെ പ്രതിരോധിക്കുന്ന, വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വിളകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. വിള ഭ്രമണത്തെക്കുറിച്ചും ഏതൊക്കെ വിളകളാണ് ഏത് മണ്ണിന്റെ തരങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് തിരിച്ചറിയുന്നതിനെക്കുറിച്ചും കൂടുതൽ ഗവേഷണം ആവശ്യമാണ്. ഇതോടൊപ്പം, താങ്ങാനാവുന്ന മണ്ണ് പരിശോധനാ ഉപകരണങ്ങളും പോഷക പരിപാലനത്തിന്റെ ഫലപ്രദമായ രീതികളും നാം വികസിപ്പിക്കണം.

സുഹൃത്തുക്കളേ,

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സൂക്ഷ്മ ജലസേചന മേഖലയിൽ നമ്മൾ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഡ്രിപ്പ് സിസ്റ്റങ്ങളും കൃത്യതയുള്ള ജലസേചനവും കൂടുതൽ വ്യാപകവും ഫലപ്രദവുമാക്കണം. ഉപഗ്രഹ ഡാറ്റ, AI, മെഷീൻ ലേണിംഗ് എന്നിവ സംയോജിപ്പിക്കാൻ നമുക്ക് കഴിയുമോ? വിള വിളവ് പ്രവചിക്കാനും കീടങ്ങളെ നിരീക്ഷിക്കാനും വിതയ്ക്കുന്നതിന് വഴികാട്ടാനും കഴിയുന്ന ഒരു സംവിധാനം നമുക്ക് വികസിപ്പിക്കാൻ കഴിയുമോ? അത്തരമൊരു തത്സമയ തീരുമാന പിന്തുണാ സംവിധാനം എല്ലാ ജില്ലകളിലും ലഭ്യമാക്കാൻ കഴിയുമോ? നിങ്ങളെല്ലാവരും കാർഷിക-സാങ്കേതിക സ്റ്റാർട്ടപ്പുകളെ തുടർന്നും നയിക്കണം. ഇന്ന്, കാർഷിക മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ധാരാളം നൂതന ആശയങ്ങളുമായി  യുവാക്കൾ പ്രവർത്തിക്കുന്നു. നിങ്ങളുടെ അനുഭവപരിചയത്തോടെ, നിങ്ങൾ അവരെ തുടർന്നും നയിക്കുകയാണെങ്കിൽ, അവർ വികസിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ കൂടുതൽ സ്വാധീനം ചെലുത്തുന്നതും കൂടുതൽ ഉപയോക്തൃ സൗഹൃദവുമാകും.

സുഹൃത്തുക്കളേ,

നമ്മുടെ കർഷകർക്കും കർഷക സമൂഹങ്ങൾക്കും പരമ്പരാഗത അറിവിന്റെ ഒരു നിധിശേഖരമുണ്ട്. പരമ്പരാഗത ഇന്ത്യൻ കാർഷിക രീതികളെ ആധുനിക ശാസ്ത്രവുമായി സമന്വയിപ്പിക്കുന്നതിലൂടെ, സമഗ്രമായ ഒരു വിജ്ഞാന അടിത്തറ സൃഷ്ടിക്കാൻ കഴിയും. വിള വൈവിധ്യവൽക്കരണം ഇന്ന് ഒരു ദേശീയ മുൻഗണനയാണ്. അതിന്റെ പ്രാധാന്യം നമ്മുടെ കർഷകർക്ക് വിശദീകരിക്കണം. അതിന്റെ ഗുണങ്ങൾ എന്താണെന്നും അത് സ്വീകരിക്കാത്തതിന്റെ അനന്തരഫലങ്ങൾ എന്താണെന്നും നാം അവരെ  അറിയിക്കണം. ഈ ദൗത്യത്തിൽ, യഥാർത്ഥ സ്വാധീനം ചെലുത്താൻ ഏറ്റവും അനുയോജ്യരായവർ  നിങ്ങളാണ്.

സുഹൃത്തുക്കളേ,

കഴിഞ്ഞ വർഷം, ഓഗസ്റ്റ് 11 ന് ഞാൻ പുസ കാമ്പസ്((ICAR PUSA=ICARൻ്റെ ന്യൂഡൽഹിയിലെ PUSA-യിൽ സ്ഥിതി ചെയ്യുന്ന Indian Agricultural Research Institute,IARI) സന്ദർശിച്ചപ്പോൾ, കാർഷിക സാങ്കേതികവിദ്യയെ 'ലാബിൽ നിന്ന് ഭൂമിയിലേക്ക്' കൊണ്ടുപോകാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. മെയ്-ജൂൺ മാസങ്ങളിൽ 'വികസിത്  കൃഷി സങ്കൽപ്പ് അഭിയാൻ' ആരംഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ആദ്യമായി, രാജ്യത്തെ 700-ലധികം ജില്ലകളിലായി ഏകദേശം 2,200-ഓളം ശാസ്ത്രജ്ഞരുടെ സംഘങ്ങൾ പങ്കെടുത്തു. 60,000-ത്തിലധികം പരിപാടികൾ നടത്തി, അതിലും പ്രധാനമായി, ഏകദേശം 1.25 കോടി ആശയസമ്പുഷ്ടരായ  കർഷകരുമായി നേരിട്ടുള്ള ഇടപെടൽ സ്ഥാപിച്ചു. കൂടുതൽ കൂടുതൽ കർഷകരിലേക്ക് എത്തിച്ചേരാനുള്ള നമ്മുടെ ശാസ്ത്രജ്ഞരുടെ ഈ ശ്രമം ശരിക്കും പ്രശംസനീയമാണ്.

സുഹൃത്തുക്കളേ,

കൃഷി വെറും വിളകളല്ലെന്നും കൃഷി ജീവിതം തന്നെയാണ് എന്നുമാണ് ഡോ. എം.എസ്. സ്വാമിനാഥൻ നമ്മെ പഠിപ്പിച്ചത്. കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടെയും അന്തസ്സ്, ഓരോ കർഷക സമൂഹത്തിന്റെയും ക്ഷേമം, പ്രകൃതി സംരക്ഷണം - ഇവയാണ് നമ്മുടെ ഗവൺമെന്റിന്റെ കാർഷിക നയത്തിന്റെ ശക്തി. ശാസ്ത്രത്തെയും സമൂഹത്തെയും നാം ഒരുമിച്ച് കൊണ്ടുവരണം, ചെറുകിട കർഷകരുടെ താൽപ്പര്യങ്ങൾ നമ്മുടെ ശ്രമങ്ങളുടെ ഹൃദയത്തിൽ വയ്ക്കണം, വയലുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ ശാക്തീകരിക്കണം. ഡോ. സ്വാമിനാഥന്റെ പ്രചോദനം നമ്മെയെല്ലാം നയിക്കുന്ന ഈ ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം.

ഒരിക്കൽ കൂടി, ഈ പ്രത്യേക അവസരത്തിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

വളരെ നന്ദി.

*****


(Release ID: 2154673)