പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഓഗസ്റ്റ് 6-ന് കർത്തവ്യ ഭവൻ ഉദ്ഘാടനം ചെയ്യും

വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരിടത്ത് കേന്ദ്രീകരിക്കുന്നതിലൂടെ, കർത്തവ്യ ഭവൻ, കാര്യക്ഷമത, നവീനാശയം, സഹകരണം എന്നിവ പരിപോഷിപ്പിയ്ക്കും

പുതിയ മന്ദിരം ആധുനിക ഭരണനിർവഹണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് മാതൃകയാകും

മാലിന്യം പുറത്തേക്ക് വിടാത്ത രീതിയിലുള്ള പരിപാലനം, കെട്ടിടത്തിനുള്ളിൽത്തന്നെയുള്ള ഖരമാലിന്യ സംസ്കരണം, പുനരുപയോഗം ചെയ്ത നിർമ്മാണ വസ്തുക്കളുടെ ഉപയോഗം എന്നിവയിലൂടെ ഇത് പരിസ്ഥിതി അവബോധം വളർത്തും

മന്ദിരത്തിൽ ഊർജ്ജ കാര്യക്ഷമതയ്ക്കും ജലസംരക്ഷണത്തിനും ഊന്നൽ


Posted On: 04 AUG 2025 5:44PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 6-ന് ഉച്ചയ്ക്ക് 12:15-ഓടെ ഡൽഹിയിലെ കർത്തവ്യപഥ്‌ സന്ദർശിക്കുകയും കർത്തവ്യ ഭവന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും. തുടർന്ന്, വൈകുന്നേരം 6:30-ഓടെ കർത്തവ്യപഥിൽ നടക്കുന്ന പൊതുപരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ആധുനികവും കാര്യക്ഷമവും പൗര കേന്ദ്രീകൃതവുമായ ഭരണം എന്ന പ്രധാനമന്ത്രിയുടെ ദർശനത്തോടുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയിലെ ഒരു പ്രധാന നാഴികക്കല്ലായി കർത്തവ്യ ഭവൻ അടയാളപ്പെടുത്തപ്പെടുന്നു. സെൻട്രൽ വിസ്തയുടെ വിശാലമായ പരിവർത്തനത്തിന്റെ ഭാഗമാണ് കർത്തവ്യ ഭവൻ- 03. ഭരണപരമായ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും അതിവേഗ ഭരണം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള, വരാനിരിക്കുന്ന നിരവധി പൊതു സെൻട്രൽ സെക്രട്ടേറിയറ്റ് മന്ദിരങ്ങളിൽ ആദ്യത്തേതാണിത്.

ഗവണ്മെന്റിന്റെ വിശാലമായ ഭരണപരിഷ്കരണ അജണ്ടയുടെ ഭാഗമാണ് ഈ പദ്ധതി. മന്ത്രാലയങ്ങളെ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുന്നതിലൂടെയും  അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെയും പൊതു സെൻട്രൽ സെക്രട്ടേറിയറ്റ് മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുകയും നയരൂപീകരണം വേഗത്തിലാക്കുകയും പ്രതികരണശേഷിയുള്ള ഭരണപരമായ ഒരു അന്തരീക്ഷം വളർത്തുകയും ചെയ്യും.

ഇപ്പോൾ, പല പ്രധാന മന്ത്രാലയങ്ങളും പ്രവർത്തിക്കുന്നത് 1950-നും 1970-നും ഇടയിൽ നിർമ്മിച്ച ശാസ്ത്രി ഭവൻ, കൃഷി ഭവൻ, ഉദ്യോഗ് ഭവൻ, നിർമ്മാൺ ഭവൻ തുടങ്ങിയ കാലഹരണപ്പെട്ടതും കാര്യക്ഷമമല്ലാത്തതുമായ കെട്ടിടങ്ങളിലാണ്. പുതിയ സൗകര്യങ്ങൾ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമുള്ള ചെലവ് കുറയ്ക്കുകയും ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയും ജീവനക്കാരുടെ ക്ഷേമം, മൊത്തത്തിലുള്ള സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യും.

നിലവിൽ ഡൽഹിയുടെ പലഭാഗങ്ങളിലുമായി പ്രവർത്തിക്കുന്ന വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരുമിച്ച് കൊണ്ടുവന്ന് കാര്യക്ഷമത, നവീകരണം, സഹകരണം എന്നിവ വർദ്ധിപ്പിക്കുന്നതിനായാണ് കർത്തവ്യ ഭവൻ- 03 രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ട് ബേസ്‌മെന്റുകളും ഏഴ് നിലകളിലുമായി (ഗ്രൗണ്ട് + 6 നിലകൾ) ഏകദേശം 1.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു അത്യാധുനിക ഓഫീസ് സമുച്ചയമാണിത്. ഇതിൽ ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഗ്രാമവികസന മന്ത്രാലയം, എംഎസ്എംഇ, ഡിഒപിടി (DoPT), പെട്രോളിയം & പ്രകൃതിവാതകം, പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറുടെ ഓഫീസ് (പിഎസ്എ) എന്നിവ പ്രവർത്തിക്കും. 

പുതിയ മന്ദിരം ആധുനിക ഭരണനിർവഹണത്തിന് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾക്ക് മാതൃകയായിരിക്കും. വിവരസാങ്കേതികവിദ്യാ സജ്ജവും സുരക്ഷിതവുമായ പ്രവൃത്തിയിടങ്ങൾ, ഐഡി കാർഡ് അധിഷ്ഠിത സംവിധാനങ്ങൾ, സംയോജിത ഇലക്ട്രോണിക് നിരീക്ഷണം, കേന്ദ്രീകൃത കമാൻഡ് സംവിധാനം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. ഇരട്ട ഗ്ലാസ് പാളികളാൽ സജ്ജമാക്കിയ മുൻഭാഗം (double-glazed façades) മേൽക്കൂരയിലെ സൗരോർജ്ജ പാനലുകൾ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വാട്ടർ ഹീറ്റിംഗ്, അത്യാധുനിക HVAC  (ഹീറ്റിംഗ്, വെന്റിലേഷൻ, എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ), മഴവെള്ള സംഭരണം എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ ജിആർഐഎച്ച്എ-4 റേറ്റിംഗ് ലക്ഷ്യമിടുന്ന ഈ കെട്ടിടം സുസ്ഥിരതയിൽ മുൻപന്തിയിലായിരിക്കും. മാലിന്യം ഒട്ടും തന്നെ പുറന്തള്ളപ്പെടാത്ത തരത്തിലുള്ള മാലിന്യ  നിർമ്മാർജ്ജന സംവിധാനം, കട്ടിടത്തിനുള്ളിൽത്തന്നെയുള്ള ഖരമാലിന്യ സംസ്കരണം, ഇ-വാഹനം ചാർജ് ചെയ്യാനുള്ള സ്റ്റേഷനുകൾ, പുനരുപയോഗം ചെയ്ത നിർമ്മാണ സാമഗ്രികളുടെ വ്യാപകമായ ഉപയോഗം എന്നിവയിലൂടെ ഇത് പരിസ്ഥിതി അവബോധം വളർത്തും.

മാലിന്യ രഹിത ക്യാമ്പസ് എന്ന നിലയിൽ, കർത്തവ്യ ഭവൻ മലിനജലം സംസ്കരിച്ച് പുനരുപയോഗിക്കുന്നതിലൂടെ ജല ആവശ്യകതയുടെ ഏറിയ പങ്കും നിറവേറ്റുന്നു. കെട്ടിടത്തിലെ കൊത്തുപണികളിലും പേവിംഗ് ബ്ലോക്കുകളിലും പുനരുപയോഗ നിർമ്മാണ വസ്തുക്കളും, പൊളിക്കൽ അവശിഷ്ടങ്ങളും ഉപയോഗിച്ചിരിക്കുന്നു. മേൽമണ്ണിന്റെ ഉപയോഗവും ഭാരവും കുറയ്ക്കുന്നതിന് കനം കുറഞ്ഞ പാർട്ടീഷനുകൾ ഉപയോഗിച്ചിരിക്കുന്നു. കൂടാതെ, കെട്ടിടത്തിനുള്ളിൽവച്ചുതന്നെയുള്ള ഖരമാലിന്യ സംസ്കരണ സംവിധാനവും ഇവിടെയുണ്ട്.

ഊർജ്ജ ഉപഭോഗം 30% കുറയ്ക്കുന്ന രീതിയിലാണ് മന്ദിരം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കെട്ടിടത്തിൽ തണുപ്പ് നിലനിർത്താനും പുറത്തുനിന്നുള്ള ശബ്ദങ്ങൾ കുറയ്ക്കാനും പ്രത്യേക ഗ്ലാസ് ജനലുകളുണ്ട്. ഊർജ്ജം ലാഭിക്കുന്ന എൽഇഡി ലൈറ്റുകൾ, ആവശ്യമില്ലാത്തപ്പോൾ ലൈറ്റുകൾ ഓഫാകാൻ സഹായിക്കുന്ന സെൻസറുകൾ, വൈദ്യുതി ലാഭിക്കുന്ന സ്മാർട്ട് ലിഫ്റ്റുകൾ, വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനുള്ള നൂതന സംവിധാനം എന്നിവയെല്ലാം ഊർജ്ജ സംരക്ഷണത്തിന് സഹായകരമാണ്. കർത്തവ്യ ഭവൻ-03-ന്റെ മേൽക്കൂരയിലെ സൗരോർജ്ജ പാനലുകൾ പ്രതിവർഷം 5.34 ലക്ഷം യൂണിറ്റിലധികം വൈദ്യുതി ഉത്പാദിപ്പിക്കും. സൗരോർജ്ജ വാട്ടർ ഹീറ്ററുകൾ പ്രതിദിന ചൂടുവെള്ള ആവശ്യകതയുടെ നാലിലൊന്നിലധികം നിറവേറ്റുന്നു. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിംഗ് സ്റ്റേഷനുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

*** 

SK


(Release ID: 2152291)