പ്രധാനമന്ത്രിയുടെ ഓഫീസ്
തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലെ ആദി തിരുവാതിരൈ ഉത്സവത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
Posted On:
27 JUL 2025 5:15PM by PIB Thiruvananthpuram
വണക്കം ചോള മണ്ഡലം,
ഏറ്റവും ആദരണീയരായ ആദീനം മഠാധിപതികൾ, ചിന്മയ മിഷൻ സ്വാമികൾ, തമിഴ്‌നാട് ഗവർണർ ആർ എൻ രവി ജി, എൻ്റെ ക്യാബിനറ്റ് സഹപ്രവർത്തകൻ ഡോ. എൽ മുരുകൻ ജി, പ്രാദേശിക എംപി തിരുമാവളവൻ ജി, വേദിയിൽ സന്നിഹിതരായിരുന്ന തമിഴ്‌നാട് മന്ത്രിമാർ, പാർലമെൻ്റിലെ എൻ്റെ സഹപ്രവർത്തകൻ ശ്രീ ഇളയരാജാജി,ഒതുവർകളെ(ശിവ സ്തുതികൾ പാടുന്ന ശൈവർകൾ)ഭക്തജനങ്ങളെ, വിദ്യാർത്ഥികളെ,സാംസ്കാരിക ചരിത്രകാരൻമാരെ,എൻ്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ! നമഃ ശിവായ
नम: शिवाय वाळघा, नादन ताळ वाळघा, इमैइ पोळुदुम्, येन नेन्जिल् नींगादान ताळ वाळघा!!
നായനാർ നാഗേന്ദ്രന്റെ പേര് പറയുമ്പോഴെല്ലാം, ചുറ്റുമുള്ള ആവേശത്തിന്റെ അന്തരീക്ഷം പെട്ടെന്ന് മാറുന്നത് ഞാൻ ശ്രദ്ധിച്ചു.
സുഹൃത്തുക്കളേ,
ഒരു തരത്തിൽ പറഞ്ഞാൽ, രാജരാജന്റെ ആദരണീയമായ സ്ഥലമാണിത്. ആ വിശ്വാസഭൂമിയിൽ, ഇളയരാജ നമ്മളെയെല്ലാം ശിവഭക്തിയിൽ മുക്കിയ രീതി, അത് സാവന മാസമാകട്ടെ, രാജരാജന്റെ വിശ്വാസഭൂമിയാകട്ടെ, ഇളയരാജയുടെ തപസ്സാകട്ടെ, എന്തൊരു അത്ഭുതകരമായ അന്തരീക്ഷം, വളരെ അതിശയകരമായ അന്തരീക്ഷം അത് സൃഷ്ടിക്കുന്നു.മാത്രമല്ല ഞാൻ കാശിയുടെ എംപിയാണ്, ഓം നമഃ ശിവായ എന്ന് കേൾക്കുമ്പോൾ എനിക്ക് രോമാഞ്ചം വരും.
സുഹൃത്തുക്കളേ,
ശിവദർശനത്തിന്റെ അത്ഭുതകരമായ ഊർജ്ജം, ശ്രീ ഇളയരാജയുടെ സംഗീതം, ഒതുവർകളുടെ കീർത്തനം, ഈ ആത്മീയാനുഭവം ആത്മാവിനെ ശരിക്കും കീഴടക്കുന്നു.
സുഹൃത്തുക്കളേ,
പവിത്രമായ സാവന മാസത്തിലും ബൃഹദീശ്വര ശിവക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചതിന്റെ ആയിരം വർഷത്തെ ചരിത്ര മുഹൂർത്തത്തിലും, ഇത്രയും അത്ഭുതകരമായ ഒരു സമയത്ത് ഭഗവാൻ ബൃഹദീശ്വര ശിവന്റെ പാദത്തിങ്കൽ സന്നിഹിതനാകാനും അദ്ദേഹത്തെ ആരാധിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചു. 140 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിനും,ഇന്ത്യയുടെ തുടർച്ചയായ പുരോഗതിക്കും വേണ്ടി ഞാൻ ഈ ചരിത്ര ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു. എല്ലാവർക്കും ഭഗവാൻ ശിവന്റെ അനുഗ്രഹം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,नम: पार्वती पतये हर हर महादेव!
സുഹൃത്തുക്കളേ,
ഞാൻ ഇവിടെ നേരത്തെ എത്തിയിരുന്നു ,എന്നാൽ നിങ്ങളുടെ മുന്നിൽ എത്താൻ വൈകി,കാരണം ഇന്ത്യാ ഗവൺമെന്റിന്റെ സാംസ്കാരിക മന്ത്രാലയം ഒരുക്കിയ അത്ഭുതകരമായ പ്രദർശനം കാണാൻ അല്പം സമയം ചിലവഴിച്ചു.സുഹൃത്തുക്കളേ,ആ പ്രദർശനം വിജ്ഞാനപ്രദവും പ്രചോദനാത്മകവുമാണ്. ആയിരം വർഷങ്ങൾക്ക് മുമ്പ് നമ്മുടെ പൂർവ്വികർ മനുഷ്യക്ഷേമത്തിന് എങ്ങനെ മാർഗനിർദേശം നൽകിയെന്ന് അറിയുന്നതിൽ നമുക്കെല്ലാവർക്കും അഭിമാനമുണ്ട്. അത് വളരെ വലുതും, വളരെ വിപുലവും, വളരെ ഗംഭീരവുമായിരുന്നു, കഴിഞ്ഞ ആഴ്ച മുതൽ ആയിരക്കണക്കിന് ആളുകൾ ഈ പ്രദർശനം കാണാൻ വരുന്നുണ്ടെന്ന് അധികൃതർ എന്നോട് പറഞ്ഞു. ഇത് കാണേണ്ടതാണ്, എല്ലാവരോടും തീർച്ചയായും ഇത് കാണണമെന്ന് ഞാൻ പറയും.
സുഹൃത്തുക്കളെ,
ചിന്മയ മിഷന്റെ ശ്രമഫലമായി ഇന്ന് എനിക്ക് തമിഴ് ഗീതയുടെ ആൽബം ഇവിടെ പുറത്തിറക്കാനുള്ള അവസരം ലഭിച്ചു. പൈതൃകം സംരക്ഷിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിനും ഈ ശ്രമം ഊർജ്ജം പകരുന്നു. ഈ ശ്രമത്തിൽ പങ്കാളികളായ എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ചോള രാജാക്കന്മാർ ശ്രീലങ്ക, മാലിദ്വീപ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്ക് നയതന്ത്ര, വ്യാപാര ബന്ധങ്ങൾ വികസിപ്പിച്ചു.നോക്കൂ, മാലിദ്വീപിൽ നിന്ന് ഇന്നലെ തിരിച്ചെത്തിയ ഞാൻ ഇന്ന് തമിഴ്‌നാട്ടിലെ ഈ പരിപാടിയുടെ ഭാഗമായതും യാദൃശ്ചികമാണ്,
നമ്മുടെ ഗ്രന്ഥങ്ങളിൽ പറയുന്നത് ശിവഭക്തർ ശിവനിൽ ലയിച്ചുകൊണ്ട് ശിവനെപ്പോലെ അമർത്യരാകുന്നു എന്നാണ്. അതുകൊണ്ടാണ് ശിവനോടുള്ള സമ്പൂർണ്ണ ഭക്തിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ചോള പൈതൃകം ഇന്ന് അമർത്യമായി മാറിയിരിക്കുന്നത്. രാജരാജ ചോള, രാജേന്ദ്ര ചോള, ഈ പേരുകൾ ഇന്ത്യയുടെ സ്വത്വത്തിന്റെയും അഭിമാനത്തിന്റെയും പര്യായങ്ങളാണ്. ചോള സാമ്രാജ്യത്തിന്റെ ചരിത്രവും പൈതൃകവും ഇന്ത്യയുടെ യഥാർത്ഥ ശക്തിയുടെ പ്രഖ്യാപനമാണ്. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന നമ്മുടെ ആ സ്വപ്നത്തിനുള്ള പ്രചോദനമാണിത്. ഈ പ്രചോദനത്തോടെ, മഹാനായ രാജേന്ദ്ര ചോളന് ഞാൻ എന്റെ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നിങ്ങളെല്ലാവരും ആദി തിരുവാതിരൈ ഉത്സവം ആഘോഷിച്ചു. ഇന്ന്, ഈ മഹത്തായ പരിപാടിയോടെ ഇത് പര്യവസാനിക്കുന്നു. ഇതിന് സംഭാവനയേകിയ എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ചോള സാമ്രാജ്യം ഇന്ത്യയുടെ സുവർണ്ണ കാലഘട്ടങ്ങളിലൊന്നായിരുന്നുവെന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു. ഈ കാലഘട്ടം അതിന്റെ തന്ത്രപരമായ ശക്തിയാൽ തിരിച്ചറിയപ്പെടുന്നു. ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയുടെ പാരമ്പര്യവും ചോള സാമ്രാജ്യം മുന്നോട്ട് കൊണ്ടുപോയി. ജനാധിപത്യത്തിന്റെ പേരിൽ ബ്രിട്ടന്റെ മാഗ്ന കാർട്ടയെക്കുറിച്ച് ചരിത്രകാരന്മാർ സംസാരിക്കുന്നു, എന്നാൽ നൂറ്റാണ്ടുകൾക്ക് മുമ്പ്, കുടവോലൈ അമായിയിൽ നിന്ന് ജനാധിപത്യ സംവിധാനത്തിലൂടെ ചോള സാമ്രാജ്യത്തിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇന്ന് ലോകമെമ്പാടും ജല മാനേജ്മെന്റിനെയും പരിസ്ഥിതി സംരക്ഷണത്തെയും കുറിച്ച് വളരെയധികം ചർച്ചകൾ നടക്കുന്നുണ്ട്. നമ്മുടെ പൂർവ്വികർ വളരെ മുമ്പുതന്നെ അവയുടെ പ്രാധാന്യം മനസ്സിലാക്കിയിരുന്നു. മറ്റ് സ്ഥലങ്ങൾ കീഴടക്കിയ ശേഷം സ്വർണ്ണമോ വെള്ളിയോ കന്നുകാലികളോ തിരികെ കൊണ്ടുവന്നിരുന്ന നിരവധി രാജാക്കന്മാരെക്കുറിച്ച് നമ്മൾ കേൾക്കുന്നു. എന്നാൽ നോക്കൂ, രാജേന്ദ്ര ചോളൻ ഗംഗാ ജലം കൊണ്ടുവന്നതിന് പേരുകേട്ടവനാണ്, അദ്ദേഹം വടക്കേ ഇന്ത്യയിൽ നിന്ന് ഗംഗാ ജലം കൊണ്ടുവന്ന് തെക്ക് ഭാഗത്ത് സ്ഥാപിച്ചു."गङ्गा जलमयम् जयस्तम्बम",അതായത് ഗംഗാജലം ചോള ഗംഗാ യേരി, ചോള ഗംഗാ തടാകം, എന്നിവിടങ്ങളിൽ നിക്ഷേപിച്ചു.ഇന്ന് ഇത് പൊന്നേരി തടാകം എന്നറിയപ്പെടുന്നു.
സുഹൃത്തുക്കളേ,
രാജേന്ദ്ര ചോളൻ ഗംഗൈ-കൊണ്ടച്ചോളപുരം ക്ഷേത്രവും സ്ഥാപിച്ചു. ഈ ക്ഷേത്രം ഇപ്പോഴും ലോകത്തിന്റെ ഒരു വാസ്തുവിദ്യാ അത്ഭുതമായി തുടരുന്നു. കാവേരി മാതാവിന്റെ ഈ ഭൂമിയിൽ ഗംഗാ ഉത്സവം ആഘോഷിക്കുന്നത് ചോള സാമ്രാജ്യത്തിന്റെ വരദാനം കൂടിയാണ്. ആ ചരിത്ര സംഭവത്തിന്റെ ഓർമ്മയ്ക്കായി, ഇന്ന് വീണ്ടും കാശിയിൽ നിന്ന് ഗംഗാ ജലം ഇവിടെ കൊണ്ടുവന്നതിൽ ഞാൻ വളരെ സന്തോഷിക്കുന്നു.അല്പം മുൻപ്, ഞാൻ ഇവിടെ പൂജ നടത്താൻ പോയപ്പോൾ, പാരമ്പര്യമനുസരിച്ച് ആചാരങ്ങൾ പൂർത്തിയാക്കി, ഗംഗാ ജലം കൊണ്ടാണ് അഭിഷേകം നടത്തിയത്, ഞാൻ കാശിയുടെ ഒരു ജനപ്രതിനിധിയാണ്, ഗംഗാ മാതാവുമായി എനിക്ക് ഒരു അടുത്ത ബന്ധമുണ്ട്. ചോള രാജാക്കന്മാരുടെ ഈ പ്രവൃത്തികളും അവരുമായി ബന്ധപ്പെട്ട ഈ സംഭവങ്ങളും 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന മഹായജ്ഞത്തിന് പുതിയ ഊർജ്ജവും പുതിയ ശക്തിയും പുതിയ ഗതിവേഗവും നൽകുന്നു.
സഹോദരീ സഹോദരന്മാരേ,
ചോള രാജാക്കന്മാർ ഇന്ത്യയെ സാംസ്കാരിക ഐക്യത്തിന്റെ നൂലിൽ ബന്ധിപ്പിച്ചിരുന്നു. ഇന്ന് ഞങ്ങളുടെ സർക്കാർ ചോള കാലഘട്ടത്തിലെ അതേ ആശയങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു. കാശി തമിഴ് സംഗമം, സൗരാഷ്ട്ര തമിഴ് സംഗമം തുടങ്ങിയ പരിപാടികളിലൂടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഐക്യത്തിന്റെ നൂലുകൾ നാം ശക്തിപ്പെടുത്തുകയാണ്. ഗംഗൈ-കൊണ്ടച്ചോളപുരം പോലുള്ള തമിഴ്‌നാട്ടിലെ പുരാതന ക്ഷേത്രങ്ങളും എ.എസ്.ഐ(A S I,Archaeological Survey of India)വഴി സംരക്ഷിക്കപ്പെടുന്നു. രാജ്യത്തിന്റെ പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ, നമ്മുടെ ശിവാധീനത്തിലെ സന്യാസിമാർ ആ പരിപാടിക്ക് ആത്മീയ നേതൃത്വം നൽകിയിരുന്നു, അവരെല്ലാം ഇവിടെയുണ്ട്. തമിഴ് സംസ്കാരവുമായി ബന്ധപ്പെട്ട പവിത്രമായ സെങ്കോൽ(ചെങ്കോൽ)പാർലമെന്റിൽ സ്ഥാപിച്ചിട്ടുണ്ട്. ഇന്നും ആ നിമിഷം ഓർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു.
സുഹൃത്തുക്കളേ,
ചിദംബരത്തെ നടരാജ ക്ഷേത്രത്തിലെ ചില ദീക്ഷിതരെ ഞാൻ ഇപ്പോൾ കണ്ടുമുട്ടി. ശിവനെ നടരാജ രൂപത്തിൽ ആരാധിക്കുന്ന ഈ ദിവ്യ ക്ഷേത്രത്തിലെ പുണ്യപ്രസാദം അവർ എനിക്ക് സമ്മാനിച്ചു. നടരാജന്റെ ഈ രൂപം നമ്മുടെ തത്ത്വചിന്തയുടെയും ശാസ്ത്രീയ വേരുകളുടെയും പ്രതീകമാണ്. ഡൽഹിയിലെ ഭാരത് മണ്ഡപത്തിന്റെ ഭംഗി വർദ്ധിപ്പിക്കാൻ ഭഗവാൻ നടരാജന് സമാനമായ ആനന്ദ താണ്ഡവ വിഗ്രഹവും പ്രവർത്തിക്കുന്നു. ജി-20 സമ്മേളന വേളയിൽ ഈ ഭാരത് മണ്ഡപത്തിൽ, ലോകമെമ്പാടുമുള്ള പ്രമുഖ നേതാക്കൾ ഒത്തുചേർന്നിരുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ സാംസ്കാരിക രൂപീകരണത്തിൽ നമ്മുടെ ശൈവ പാരമ്പര്യം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ചോള ചക്രവർത്തിമാരായിരുന്നു ഈ പാരമ്പര്യത്തിൻ്റെ പ്രധാന ശില്പികൾ. അതുകൊണ്ടാണ് ഇന്നും തമിഴ്‌നാട് ശൈവ പാരമ്പര്യത്തിന്റെ ജീവിക്കുന്ന കേന്ദ്രങ്ങളിൽ വളരെ പ്രധാനപ്പെട്ടതായി നിലകൊള്ളുന്നത് . മഹാനായ നായനാർ സന്യാസിമാരുടെ പാരമ്പര്യം, അവരുടെ ഭക്തി സാഹിത്യം, തമിഴ് സാഹിത്യം, നമ്മുടെ ആദരണീയരായ ആധീനന്മാരുടെ പങ്ക് എന്നിവ സാമൂഹികവും ആത്മീയവുമായ മേഖലയിൽ ഒരു പുതിയ യുഗത്തിന് ജന്മം നൽകിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഇന്ന് ലോകം അസ്ഥിരത, അക്രമം, പരിസ്ഥിതി തുടങ്ങിയ പ്രശ്നങ്ങളുമായി മല്ലിടുമ്പോൾ, ശൈവ തത്വങ്ങൾ നമുക്ക് പരിഹാരങ്ങൾ കാണിച്ചുതരുന്നു. തിരുമൂലർ എഴുതിയത് കാണുക - “अन्बे शिवम्”, അതായത്, സ്നേഹമാണ് ശിവൻ. സ്നേഹമാണ് ശിവൻ! ഇന്ന് ലോകം ഈ ആശയം സ്വീകരിച്ചാൽ, മിക്ക പ്രതിസന്ധികളും സ്വാഭാവികമായും പരിഹരിക്കപ്പെടും. ഇന്ന് ഇന്ത്യ, ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി എന്ന രൂപത്തിൽ ഈ ആശയത്തെ മുന്നോട്ട് കൊണ്ടുപോകുന്നു.
സുഹൃത്തുക്കളേ,
ഇന്ന് ഇന്ത്യ വികസനത്തിന്റെയും പൈതൃകത്തിന്റെയും മന്ത്രത്തിൽ മുന്നേറുകയാണ്. ഇന്നത്തെ ഇന്ത്യ അതിന്റെ ചരിത്രത്തിൽ അഭിമാനിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, രാജ്യത്തിന്റെ പൈതൃക സംരക്ഷണത്തിനായി നാം ദൗത്യനിർവ്വഹണത്തിലാണ് പ്രവർത്തിച്ചത്. വിദേശീയരാൽ മോഷ്ടിക്കപ്പെട്ട് വിറ്റുപോയ രാജ്യത്തിന്റെ പുരാതന പ്രതിമകളും പുരാവസ്തുക്കളും അവിടെനിന്ന് തിരികെ കൊണ്ടുവന്നു. 2014 മുതൽ, ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്ന് 600-ലധികം പുരാതന പുരാവസ്തുക്കളും ശിൽപങ്ങളും ഇന്ത്യയിലേക്ക് തിരിച്ചെത്തി. ഇതിൽ 36 എണ്ണം പ്രത്യേകിച്ച് നമ്മുടെ തമിഴ്‌നാട്ടിൽ നിന്നുള്ളതാണ്. ഇന്ന്, നടരാജൻ, ലിംഗോദ്ഭവം, ദക്ഷിണാമൂർത്തി, അർദ്ധനാരീശ്വരൻ, നന്ദികേശ്വരൻ, ഉമാ പരമേശ്വരി, പാർവതി, സംബന്ധർ തുടങ്ങിയ നിരവധി പ്രധാന പൈതൃകങ്ങൾ ഈ നാടിന്റെ ഭംഗി വീണ്ടും വർദ്ധിപ്പിക്കുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ പൈതൃകവും ശൈവ തത്ത്വചിന്തയുടെ സ്വാധീനവും ഇനി ഇന്ത്യയിലോ ഈ ഭൂമിയിലോ മാത്രമായി പരിമിതപ്പെടുന്നില്ല. ഇന്ത്യ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി കാലുകുത്തിയപ്പോൾ, ചന്ദ്രന്റെ ആ ബിന്ദുവിനെ നമ്മൾ ശിവശക്തി എന്ന് നാമകരണം ചെയ്തു. ചന്ദ്രന്റെ ആ പ്രധാന ഭാഗം ഇപ്പോൾ ശിവ-ശക്തി എന്ന പേരിലാണ് അറിയപ്പെടുന്നത്.
സുഹൃത്തുക്കളേ,
ചോള കാലഘട്ടത്തിൽ ഇന്ത്യ കൈവരിച്ച സാമ്പത്തികവും തന്ത്രപരവുമായ പുരോഗതിയുടെ ഉന്നതികൾ ഇന്നും നമ്മുടെ പ്രചോദനമാണ്. രാജരാജ ചോളൻ ശക്തമായ ഒരു നാവികസേന സൃഷ്ടിച്ചു. രാജേന്ദ്ര ചോളൻ അതിനെ കൂടുതൽ ശക്തിപ്പെടുത്തി. അദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി ഭരണ പരിഷ്കാരങ്ങളും നടപ്പിലാക്കി. അദ്ദേഹം പ്രാദേശിക ഭരണ സംവിധാനത്തെ ശക്തിപ്പെടുത്തി. ശക്തമായ ഒരു റവന്യു സംവിധാനം നടപ്പിലാക്കി. വ്യാപാര വികസനം, കടൽ പാതകളുടെ ഉപയോഗം, കലയുടെയും സംസ്കാരത്തിന്റെയും പ്രോത്സാഹനവും വ്യാപനവും,എന്നുവേണ്ട എല്ലാ ദിശകളിലും ഇന്ത്യ അതിവേഗം പുരോഗമിക്കുകയായിരുന്നു.
സുഹൃത്തുക്കളേ,
ചോള സാമ്രാജ്യം ഒരു പുതിയ ഇന്ത്യയുടെ സൃഷ്ടിപ്പിനായുള്ള ഒരു പുരാതന രൂപരേഖ പോലെയാണ്. ഒരു വികസിത രാഷ്ട്രമാകണമെങ്കിൽ, നാം ഐക്യത്തിന് ഊന്നൽ നൽകണമെന്ന് അത് നമ്മോട് പറയുന്നു. നമ്മുടെ നാവികസേനയെയും പ്രതിരോധ സേനയെയും ശക്തിപ്പെടുത്തണം. പുതിയ അവസരങ്ങൾ നാം പര്യവേക്ഷണം ചെയ്യണം. ഇതിനെല്ലാം പുറമേ, നമ്മുടെ മൂല്യങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. ഇന്ന് ഈ പ്രചോദനത്തോടെയാണ് രാജ്യം മുന്നോട്ട് പോകുന്നത് എന്നതിൽ ഞാൻ സംതൃപ്തനാണ്.
സുഹൃത്തുക്കളേ,
ഇന്നത്തെ ഇന്ത്യ അതിന്റെ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. അടുത്തിടെ, ഓപ്പറേഷൻ സിന്ദൂറിൽ, ഇന്ത്യയുടെ സുരക്ഷയെയും പരമാധികാരത്തെയും ആരെങ്കിലും ആക്രമിച്ചാൽ ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്ന് ലോകം കണ്ടിട്ടുണ്ട്. ഇന്ത്യയുടെ ശത്രുക്കൾക്ക്, തീവ്രവാദികൾക്ക് ഒരു സ്ഥലവും സുരക്ഷിതമല്ലെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു. ഇന്ന് ഞാൻ ഹെലിപാഡിൽ നിന്ന് 3-4 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഇവിടെ വരുമ്പോൾ, പെട്ടെന്ന് ഒരു വലിയ റോഡ് ഷോ സംഘടിപ്പിക്കുന്നത് ഞാൻ കണ്ടു, എല്ലാവരും ഓപ്പറേഷൻ സിന്ദൂറിനെ വാഴ്ത്തുന്നു. ഓപ്പറേഷൻ സിന്ദൂർ രാജ്യമെമ്പാടും ഒരു പുതിയ അവബോധം ഉണർത്തി, പുതിയ ആത്മവിശ്വാസം സൃഷ്ടിച്ചു, ലോകത്തിന് ഇന്ത്യയുടെ ശക്തിയെ അംഗീകരിക്കേണ്ടി വന്നിരിക്കുന്നു.
സുഹൃത്തുക്കളേ,
രാജേന്ദ്ര ചോളൻ ഗംഗൈ-കൊണ്ടച്ചോളപുരം നിർമ്മിച്ചപ്പോൾ, അതിന്റെ ശിഖരം(ഗോപുരം)തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തേക്കാൾ ചെറുതാക്കി നിലനിർത്തിയെന്ന് നമുക്കെല്ലാവർക്കും അറിയാം. തന്റെ പിതാവ് നിർമ്മിച്ച ക്ഷേത്രം ഏറ്റവും ഉയർന്നതായി നിലനിർത്താൻ അദ്ദേഹം ആഗ്രഹിച്ചു. തന്റെ മഹത്വത്തിനിടയിലും, രാജേന്ദ്ര ചോളൻ വിനയം കാണിച്ചു. ഇന്നത്തെ പുതിയ ഇന്ത്യ ഈ മനോഭാവത്തിൽ മുന്നേറുകയാണ്. നമ്മൾ നിരന്തരം ശക്തരായിക്കൊണ്ടിരിക്കുന്നു, പക്ഷേ നമ്മുടെ ആത്മാവ് ലോക സാഹോദര്യത്തിന്റെയും ലോകക്ഷേമത്തിന്റെയും ആത്മാവാണ്.
സുഹൃത്തുക്കളേ,
എന്റെ പൈതൃകത്തിലുള്ള അഭിമാനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി, ഇന്ന് ഞാൻ ഇവിടെ മറ്റൊരു പ്രതിജ്ഞയെടുക്കുന്നു. വരും കാലങ്ങളിൽ, രാജരാജ ചോളന്റെയും അദ്ദേഹത്തിന്റെ മകനും മഹാനായ ഭരണാധികാരിയുമായ രാജേന്ദ്ര ചോളൻ ഒന്നാമന്റെയും ഗംഭീര പ്രതിമകൾ തമിഴ്നാട്ടിൽ സ്ഥാപിക്കും. ഈ പ്രതിമകൾ നമ്മുടെ ചരിത്രബോധത്തിന്റെ ആധുനിക തൂണുകളായി മാറും.
സുഹൃത്തുക്കളേ,
ഇന്ന് ഡോ. എ. പി. ജെ. അബ്ദുൾ കലാം ജിയുടെ ചരമവാർഷിക ദിനം (പുണ്യതിഥി) കൂടിയാണ്. വികസിത ഇന്ത്യയെ നയിക്കാൻ, ഡോ. കലാം, ചോള രാജാക്കന്മാർ തുടങ്ങിയവരെ പോലെ ലക്ഷക്കണക്കിന് യുവാക്കളെ നമുക്ക് ആവശ്യമുണ്ട്. ശക്തിയും സമർപ്പണവും നിറഞ്ഞ അത്തരം യുവത്വം 140 കോടി ദേശവാസികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. ഒരുമയോടെ , ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ദൃഢനിശ്ചയം നമുക്ക് മുന്നോട്ട് കൊണ്ടുപോകാം. ഈ വികാരത്തോടെ, ഈ അവസരത്തിൽ ഞാൻ നിങ്ങളെ എല്ലാവരെയും വീണ്ടും അഭിനന്ദിക്കുന്നു. വളരെ നന്ദി.
എന്നോടൊപ്പം പറയൂ,
ഭാരത് മാതാ കീ ജയ്.
ഭാരത് മാതാ കീ ജയ്.
ഭാരത് മാതാ കീ ജയ്.
വണക്കം
****
(Release ID: 2151123)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada