വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
അച്ചടി, ദൃശ്യ, ഡിജിറ്റൽ മാധ്യമങ്ങളിലെ വ്യാജവും അപകീർത്തികരവുമായ ഉള്ളടക്കം തടയാന്‍ പ്രസ് കൗണ്‍സില്‍, പ്രോഗ്രാം കോഡ്, ഐടി നിയമങ്ങൾ എന്നിവയിലൂടെ മാധ്യമപ്രവർത്തന പെരുമാറ്റച്ചട്ടം നടപ്പാക്കി സര്‍ക്കാര്‍
വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനും തെറ്റായ വിവരങ്ങൾ നൽകിയതിനും ഉചിതമല്ലാത്ത ഉള്ളടക്കം പങ്കിട്ടതിനും വിവിധ മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച് 43 ഒടിടി പ്ലാറ്റ്‌ഫോമുകളെ വിലക്കി
Posted On:
30 JUL 2025 6:46PM by PIB Thiruvananthpuram
വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും തടയേണ്ട പരമാധികാര ചുമതല സർക്കാരിനുണ്ട്.
വ്യാജ വിവരങ്ങൾക്കെതിരായ നിയമ വ്യവസ്ഥകൾ ഇവയാണ്:
-
അച്ചടി മാധ്യമങ്ങള്‍: പത്രങ്ങള്‍ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) പുറപ്പെടുവിച്ച ‘പത്രപ്രവർത്തന പെരുമാറ്റ മാനദണ്ഡങ്ങൾ’ പാലിക്കേണ്ടതുണ്ട്. വ്യാജവും അപകീർത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ഇത് തടയുന്നു. നിയമത്തിലെ സെക്ഷൻ 14 പ്രകാരം മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് സംബന്ധിച്ച ആരോപണങ്ങള്‍ കൗൺസിൽ അന്വേഷിച്ച് പത്രത്തിനും എഡിറ്റർമാർക്കും പത്രപ്രവർത്തകർക്കും സാഹചര്യത്തിനനുസരിച്ച് മുന്നറിയിപ്പ് നൽകുകയോ താക്കീത് ചെയ്യുകയോ കുറ്റം ചുമത്തുകയോ ചെയ്യുന്നു.
-
ടെലിവിഷൻ മാധ്യമങ്ങള്‍: ടിവി ചാനലുകൾ 1995-ലെ കേബിൾ ടിവി നെറ്റ്‌വർക്ക് (നിയന്ത്രണ) നിയമത്തിന് കീഴിലെ പ്രോഗ്രാം ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. അശ്ലീലവും അപകീർത്തികരവുമായ ഉള്ളടക്കവും മനഃപൂർവം വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ വസ്തുതാവിരുദ്ധമോ അർദ്ധസത്യങ്ങളോ അടങ്ങിയ ഉള്ളടക്കവും സംപ്രേഷണം ചെയ്യാൻ പാടില്ലെന്ന് ഇത് വ്യവസ്ഥ ചെയ്യുന്നു. ടിവി ചാനലുകൾ ഈ കോഡ് ലംഘിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാന്‍ ത്രിതല പരാതി പരിഹാര സംവിധാനം 2021-ലെ കേബിൾ ടിവി നെറ്റ്‌വർക്ക് (ഭേദഗതി) നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്രോഗ്രാം ചട്ടത്തിന്റെ ലംഘനം കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുന്നു.
-
ഡിജിറ്റൽ മാധ്യമങ്ങള്‍: ഡിജിറ്റൽ മാധ്യമങ്ങളില്‍ വാർത്തകളും സമകാലിക സംഭവങ്ങളും പ്രസിദ്ധീകരിക്കുന്നവര്‍ക്ക് 2021 -ലെ വിവരസാങ്കേതികവിദ്യ (ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മാധ്യമ ധാര്‍മിക ചട്ടങ്ങളും) നിയമം (ഐടി നിയമങ്ങൾ - 2021) ധാർമികമായ ചില നിയമങ്ങള്‍ നൽകുന്നു.
കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പരിശോധിക്കാന്‍ 2019 നവംബറിൽ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് കീഴിൽ ഒരു ഫാക്ട് ചെക്ക് യൂണിറ്റ് (എഫ്സിയു) രൂപീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും അംഗീകൃത ഉറവിടങ്ങളിലെ വാർത്തകളുപയോഗിച്ച് ആധികാരികത പരിശോധിച്ച ശേഷം വസ്തുത പരിശോധന വിഭാഗം അതിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ശരിയായ വിവരങ്ങൾ പങ്കുവെയ്ക്കുന്നു.
2000-ത്തിലെ ഐടി നിയമം സെക്ഷൻ 69-എ പ്രകാരം ഇന്ത്യയുടെ പരമാധികാരവും ഐക്യവും കാത്തുസൂക്ഷിക്കാനും രാജ്യത്തിന്റെ പ്രതിരോധം, സുരക്ഷ, ക്രമസമാധാനം എന്നിവ ഉറപ്പാക്കാനുമായി വെബ്‌സൈറ്റുകളും സമൂഹമാധ്യമ അക്കൗണ്ടുകളും ഉള്ളടക്കങ്ങളും തടയുന്നതിനാവശ്യമായ ഉത്തരവുകൾ സർക്കാർ പുറപ്പെടുവിക്കുന്നു.
2000-ത്തിലെ ഐടി നിയമത്തിന് കീഴില്‍ 2021 ഫെബ്രുവരി 25 ന് ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മാധ്യമ ധാര്‍മികത ചട്ടങ്ങളും) നിയമം സർക്കാർ വിജ്ഞാപനം ചെയ്തു.
-
നിയമത്തിന്റെ മൂന്നാം ഭാഗം ഡിജിറ്റൽ വാർത്താ പ്രസാധകർക്കും ഓൺലൈനില്‍ അവതരിപ്പിക്കുന്ന ഉള്ളടക്കത്തിന്റെ (ഒടിടി പ്ലാറ്റ്‌ഫോമുകൾ) പ്രസാധകർക്കും ധാർമിക ചട്ടങ്ങള്‍ നൽകുന്നു.
-
നിലവിൽ നിയമം നിരോധിച്ച ഒരു ഉള്ളടക്കവും പങ്കിടാതിരിക്കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകൾ ബാധ്യസ്ഥരാണ്.
-
നഗ്നതയും ലൈംഗികതയുമായി ബന്ധപ്പെട്ട ചിത്രീകരണം സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുന്ന ചട്ടങ്ങളുടെ പട്ടികയില്‍ നൽകിയിരിക്കുന്ന പൊതു മാർഗനിർദേശങ്ങള്‍ പാലിച്ച് പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളടക്കങ്ങള്‍ സ്വയം തരംതിരിക്കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകൾ ബാധ്യസ്ഥരാണ്.
-
ലഭ്യത നിയന്ത്രണത്തിന് ആവശ്യമായ നടപടികളിലൂടെ കുട്ടികൾക്ക് പ്രായത്തിനനുയോജ്യമല്ലാത്ത ഉള്ളടക്കം നിയന്ത്രിക്കാന്‍ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താനും ഒടിടി പ്ലാറ്റ്‌ഫോമുകൾ ബാധ്യസ്ഥരാണ്. കൂടാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഉള്ളടക്കവും സംബന്ധിച്ച് സർക്കാര്‍ ഇടനിലമാധ്യമങ്ങളെ അറിയിക്കണമെന്ന് 2000-ത്തിലെ ഐടി നിയമത്തിലെ സെക്ഷൻ 79(3)(ബി) വ്യവസ്ഥ ചെയ്യുന്നു.
ഇന്ത്യൻ നിയമങ്ങളും 2021 ലെ ഐടി നിയമപ്രകാരം നിഷ്കർഷിച്ച ധാർമിക ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും ഒടിടി സ്വയം നിയന്ത്രണ സ്ഥാപനങ്ങൾക്കും 2025 ഫെബ്രുവരി 19ന് സർക്കാർ നിര്‍ദേശം നൽകി.
ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച് ഇതിനകം 43 ഒടിടി പ്ലാറ്റ്‌ഫോമുകൾ വിലക്കി.
ഇന്ന് ലോക്‌സഭയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് നല്‍കിയതാണ് ഈ വിവരങ്ങൾ.
(Release ID: 2150554)