ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

2026 ലെ പത്മ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ആഗസ്റ്റ് 15 വരെ നീട്ടി.


Posted On: 30 JUL 2025 11:07AM by PIB Thiruvananthpuram

പത്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ജൂലൈ 31 ൽ നിന്നും  2025 ആഗസ്റ്റ് 15 വരെ നീട്ടി.പത്മ പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ രാഷ്ട്രീയ പുരസ്‌കാർ പോർട്ടലിൽ (https://awards.gov.in) ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.  2026-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്‌കാരങ്ങൾ 2026-നുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ 2025 മാർച്ച് 15-മുതൽ സ്വീകരിക്കാൻ ആരംഭിച്ചു.

രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്‌കാരങ്ങളിൽ ഉൾപ്പെട്ടതാണ് പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നീ പത്മ പുരസ്‌കാരങ്ങൾ . 1954-ൽ ആവിഷ്കരിച്ച ഈ പുരസ്കാരങ്ങൾ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്നു. 'വിശിഷ്ട സേവനം ' അംഗീകരിക്കുന്നതിനാണ് ഈ പുരസ്‌കാരം ലക്ഷ്യമിടുന്നത്. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക പ്രവർത്തനം, ശാസ്ത്രം, എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങൾ, സിവിൽ സർവീസ്, വ്യാപാരം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും/ശാഖകളിലുമായി മികച്ചതും അനിതരസാധാരണവുമായ നേട്ടങ്ങൾ/സേവനം എന്നിവ കാഴ്ചവെച്ചവർക്കാണ് ഇവ നൽകുന്നത്. വംശം, തൊഴിൽ, പദവി, ലിംഗഭേദം എന്നീ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാ വ്യക്തികൾക്കും ഈ പുരസ്‌കാരത്തിന് അർഹതയുണ്ട്.  പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെയുള്ള ഗവണ്മെന്റ് ജീവനക്കാർക്ക് (ഡോക്ടർമാരും ശാസ്ത്രജ്ഞരും ഒഴികെ) പത്മ പുരസ്‌കാരങ്ങൾക്ക് അർഹതയില്ല.

പത്മ പുരസ്‌കാരങ്ങൾ "ജനങ്ങളുടെ പത്മ" (People's  Padma) ആക്കി മാറ്റാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. അതിനാൽ എല്ലാ പൗരന്മാരും സ്വയം നാമനിർദ്ദേശം സമർപ്പിക്കാനും മറ്റുള്ളവരുടെ പേരിൽ നാമനിർദ്ദേശങ്ങൾ/ശുപാർശകൾ സമർപ്പിക്കാനും അഭ്യർത്ഥിക്കുന്നു. സ്ത്രീകൾ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ, പട്ടികജാതി-പട്ടികവർഗക്കാർ, ദിവ്യാംഗ വ്യക്തികൾ, സമൂഹത്തിന് നിസ്വാർത്ഥ സേവനം ചെയ്യുന്നവർ എന്നിവരിൽ നിന്ന് അവരുടെ  മികവും നേട്ടങ്ങളും അംഗീകരിക്കപ്പെടാൻ അർഹതയുള്ള പ്രതിഭാധനരായ വ്യക്തികളെ കണ്ടെത്താൻ യോജിച്ച ശ്രമങ്ങൾ നടത്താവുന്നതാണ്.

മുൻ സൂചിപ്പിച്ച പോർട്ടലിൽ ലഭ്യമായ ഫോർമാറ്റിൽ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ വിശദാംശങ്ങളും നാമനിർദ്ദേശങ്ങളിൽ/ശുപാർശകളിൽ രേഖപ്പെടുത്തണം. ശുപാർശ ചെയ്യപ്പെടുന്ന വ്യക്തിയുടെ അതത് മേഖലയിലെ/വിഷയത്തിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ/സേവനം വ്യക്തമായി പ്രതിപാദിക്കുന്ന ഒരു വിവരണവും (പരമാവധി 800 വാക്കുകൾ) ഉണ്ടായിരിക്കണം.

ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും (https://mha.gov.in) പത്മ പുരസ്‌കാര പോർട്ടലിലും (https://padmaawards.gov.in) 'അവാർഡുകളും മെഡലുകളും' എന്ന ശീർഷകത്തിൽ ലഭ്യമാണ്. ഈ പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കിൽ വെബ്‌സൈറ്റിലും ലഭ്യമാണ്.
 
 
SKY
 
******

(Release ID: 2150060)