വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

BSNL ന്റെ പ്രവർത്തനം അവലോകനം ചെയ്ത് കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ; മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവത്തിനും വരുമാന സൃഷ്ടിയ്ക്കും പ്രാധാന്യം നൽകും

Posted On: 28 JUL 2025 2:44PM by PIB Thiruvananthpuram
 
 
ന്യൂഡൽഹിയിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (BSNL) ചീഫ് ജനറൽ മാനേജർമാർ (CGM) പങ്കെടുത്ത അവലോകന യോഗത്തിൽ കേന്ദ്ര വാർത്താവിനിമയ മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ അധ്യക്ഷത വഹിച്ചു. BSNL ന്റെ പ്രവർത്തന പുരോഗതി അവലോകനം ചെയ്ത ഉന്നതതല യോഗത്തിൽ, പ്രാദേശിക വെല്ലുവിളികൾ ചർച്ച ചെയ്യുകയും, കമ്പനിയുടെ ശൃംഖല, സേവന വിതരണം എന്നിവയുമായി ബന്ധപ്പെട്ട ഭാവി തന്ത്രങ്ങൾ വിശദീകരിക്കുകയും ചെയ്തു. വാർത്താവിനിമയ സഹമന്ത്രി ശ്രീ പെമ്മസാനി ചന്ദ്രശേഖറും മറ്റ് മുതിർന്ന വാർത്താവിനിമയ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. വാർത്താവിനിമയ രംഗത്ത് BSNL ന്റെ പങ്ക് ശക്തിപ്പെടുത്തുക, അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപനം ത്വരിതപ്പെടുത്തുക, പൗര കേന്ദ്രീകൃത സേവന വിതരണം വർദ്ധിപ്പിക്കുക എന്നിവയിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് യോഗത്തിനിടെ സംഘടിപ്പിച്ച മാധ്യമ സമ്മേളനത്തിൽ ശ്രീ സിന്ധ്യ അറിയിച്ചു.



 
വളർച്ചയിലും ആധുനികവത്ക്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും

അവലോകനത്തിനിടെ BSNL ന്റെ വളർച്ചാ തന്ത്രം, ശൃംഖലയുടെ പ്രകടനം മെച്ചപ്പെടുത്തൽ, ഉപഭോക്തൃ സേവന വിതരണം, ഘടനാപരമായ നവീകരണം എന്നിവ സംബന്ധിച്ച് വിപുലമായ ചർച്ചകൾ നടന്നു. എല്ലാ ബിസിനസ് യൂണിറ്റുകളിലും "വരുമാനം ആദ്യം" എന്ന വ്യക്തമായ ലക്ഷ്യത്തോടെ, ഉപഭോക്തൃ കേന്ദ്രീകൃത വാർത്താവിനിമയ സേവന ദാതാവെന്ന നിലയിലുള്ള BSNL ന്റെ സ്ഥാനം ശക്തിപ്പെടുത്താൻ സമഗ്ര ചർച്ചകൾ വാഴിയൊരുക്കി. ഈ മുൻഗണനകൾക്ക് എല്ലാ തലങ്ങളിലും പ്രാധാന്യം നൽകാനും, ഫലസിദ്ധിയ്ക്ക്   ഊന്നൽ നൽകാനും BSNL ന്റെ ഉന്നത മാനേജ്‌മെന്റിനെ അഭിപ്രായ സമന്വയത്തിലെത്താൻ യോഗം സഹായിച്ചു.
 


 
CGM തല യോഗത്തിൽ, ഉപഭോക്തൃ സമ്പർക്കവും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ മുൻഗണനാ മേഖലകളെക്കുറിച്ച്  BSNL സർക്കിൾ മേധാവിമാരോട് വിശദീകരിക്കുകയും തദനുസൃതമായി നിയോഗിക്കുകയും ചെയ്തു. പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

ഗ്രാമീണ, നഗര, വ്യാവസായിക, വ്യക്തിഗത വിഭാഗങ്ങളിലുടനീളമുള്ള ഉപഭോക്താക്കളുമായി വീണ്ടും ബന്ധം സ്ഥാപിക്കൽ

മൊബൈൽ നെറ്റ്‌വർക്കുകളിലും ഫൈബർ-ടു-ദി-ഹോം (FTTH) ലും സേവന നിലവാരം (QoS) മെച്ചപ്പെടുത്തൽ

ബില്ലിംഗ്, പ്രൊവിഷനിംഗ്, നെറ്റ്‌വർക്ക് പ്രവർത്തന സമയം എന്നിവയിൽ ഉപഭോക്തൃ പരാതികൾ പരിഹരിക്കൽ

എല്ലാ പ്രവർത്തന തലത്തിലും "വരുമാനം ആദ്യം" എന്ന ലക്ഷ്യത്തോടെ ചുമതലാ നിർവ്വഹണം

കണക്റ്റിവിറ്റി, വിപിഎൻ സൊല്യൂഷനുകൾ, ലീസ്ഡ് ലൈൻ സേവനങ്ങൾ, മറ്റ് പുതിയ ബിസിനസ്സ് അവസരങ്ങൾ തുടങ്ങിയ വാണിജ്യ സേവനങ്ങൾ വികസിപ്പിക്കുക.

സേവന വാഗ്ദാനങ്ങളും ഉപഭോക്തൃ മൂല്യവും വർദ്ധിപ്പിക്കുക എന്നലക്ഷ്യത്തോടെ BSNL അടുത്തിടെ ആരംഭിച്ച ഒട്ടേറെ പുതിയ സംരംഭങ്ങൾ അവലോകനയോഗത്തിൽ ഉയർത്തിക്കാട്ടുകയുണ്ടായി. സംരംഭങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:


വിവിധ ടെലികോം സർക്കിളുകളിൽ 4G നടപ്പാക്കലും വിപുലീകരണവും

പുതു തലമുറ ഇൻഫോടെയ്ൻമെന്റ് ലക്ഷ്യമിട്ട് മൊബൈൽ ഉപഭോക്തൃ പ്ലാറ്റ്‌ഫോമുകൾക്കായി FTTH-യ്‌ക്കുള്ള IFTV-യും BiTV-യും അവതരിപ്പിക്കുന്നു

BSNL നാഷണൽ വൈ-ഫൈ റോമിംഗ് (ഉപഭോക്താക്കൾക്കുള്ള രാജ്യവ്യാപക വൈ-ഫൈ റോമിംഗ് സേവനം)

വ്യാവസായിക, സർക്കാർ ഉപഭോക്താക്കൾക്ക് അനുയോജ്യമായ BSNL VPN സേവനങ്ങളും ബണ്ടിൽഡ്  പാക്കേജുകളും

മിഷൻ-ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചറിന്റെ ഭാഗമായി ഉയർന്ന വിശ്വാസ്യതയുള്ള കണക്റ്റിവിറ്റി ഉറപ്പാക്കാൻ CNPN പദ്ധതികൾ (സ്വകാര്യ നെറ്റ്‌വർക്ക് സംരംഭങ്ങൾ)

സ്പാം-ഫ്രീ നെറ്റ്‌വർക്ക് - തട്ടിപ്പുകളും സ്പാമുകളും തത്സമയം ഇല്ലാതാക്കുന്നതിനുള്ള ഇത്തരത്തിലുള്ള ആദ്യ പരിഹാരം.

വിദ്യാസമ്പന്നരായ യുവാക്കളെ BSNL സെയിൽസ് ചാനൽ ശക്തിപ്പെടുത്തുന്നതിൽ പങ്കാളികളാകാനും സെയിൽസ് കമ്മീഷൻ നേടാനും പ്രാപ്തരാക്കുന്ന BBA (ബി‌എസ്‌എൻ‌എൽ ബിസിനസ് അസോസിയേറ്റ്) ഓൺലൈൻ പോർട്ടൽ ആരംഭിച്ചു.
 
 
*********

(Release ID: 2149477) Visitor Counter : 2