റെയില്‍വേ മന്ത്രാലയം
ഇന്ത്യയിൽ നിർമ്മിക്കുക ലോകത്തിനായി നിർമ്മിക്കുക’ എന്ന ദർശനത്തിന് കീഴിൽ ബോഗികൾ, കോച്ചുകൾ, ലോക്കോമോട്ടീവുകൾ, പ്രൊപ്പൽഷൻ സംവിധാനങ്ങൾ എന്നിവയുടെ ആഗോള കയറ്റുമതി സ്ഥാപനമായി ഇന്ത്യൻ റെയിൽവേ അതിവേഗം ഉയർന്നുവരുന്നു: ശ്രീ അശ്വിനി വൈഷ്ണവ്
Posted On:
27 JUL 2025 7:30PM by PIB Thiruvananthpuram
ഇന്ത്യയിൽ റെയിൽവേയുടെ റോളിംഗ് സ്റ്റോക്കിന്റെ പ്രധാന നിർമ്മാണ കേന്ദ്രമായ, ഗുജറാത്തിലെ വഡോദരയിൽ സാവ്‌ലിയിലുള്ള അൽസ്റ്റോമിന്റെ കേന്ദ്രം കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് സന്ദർശിച്ചു. സാവ്‌ലി കേന്ദ്രത്തിൽ അൽസ്റ്റോമിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത അദ്ദേഹം അറ്റകുറ്റപ്പണികളുടെ രീതികളെ ശ്രദ്ധാപൂർവ്വം വിലയിരുത്തി. ഓരോ ഓർഡറിനും അനുയോജ്യമായ പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുന്ന അൽസ്റ്റോമിന്റെ രീതിയെ അദ്ദേഹം അഭിനന്ദിച്ചു. ഈ ആശയം ഇന്ത്യൻ റെയിൽവേയ്ക്ക് അനുകരിക്കാൻ കഴിയുന്നതാണെന്ന് പരാമർശിച്ച അദ്ദേഹം സൃഷ്ടിപരവും സഹകരണപരവുമായ ഒരു ചട്ടക്കൂടിലൂടെ ഗതി ശക്തി വിശ്വവിദ്യാലയവുമായി ചേർന്ന് ഒരു സംയുക്ത പരിശീലന പരിപാടി വികസിപ്പിക്കാനും നിർദ്ദേശിച്ചു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ജനറൽ മാനേജർമാർ അൽസ്റ്റോമിന്റെ സാവ്‌ലി യൂണിറ്റിൽ പരിശീലനം നേടാനും പഠന സന്ദർശനങ്ങൾ നടത്താനും അദ്ദേഹം നിർദ്ദേശിച്ചു. പ്രതിരോധ അറ്റകുറ്റപ്പണികൾക്കായി സെൻസറുകളും നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നതും അദ്ദേഹം അധികൃതരുമായി ചർച്ച ചെയ്തു.
കേന്ദ്ര ഗവൺമെന്റിന്റെ മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് സംരംഭങ്ങളോട് ശക്തമായ കടപ്പാടോടെ സാവ്‌ലി കേന്ദ്രം, അത്യാധുനിക കമ്മ്യൂട്ടർ, ട്രാൻസിറ്റ് ട്രെയിൻ കാറുകൾ നിർമ്മിക്കുന്നു. നൂതനാശയങ്ങളിലും നിർമ്മാണ മികവിലും മികച്ച ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഇന്ത്യയിൽ നിന്നുള്ള 3,400-ലധികം എഞ്ചിനീയർമാർ ലോകമെമ്പാടുമുള്ള 21 അൽസ്റ്റോം കേന്ദ്രങ്ങളുമായി സജീവമായി സഹകരിക്കുന്നു. 2016 മുതൽ, വിവിധ അന്താരാഷ്ട്ര പദ്ധതികൾക്കായി ഇന്ത്യ 1,002 റെയിൽ കാറുകൾ വിജയകരമായി കയറ്റുമതി ചെയ്തു. ആധുനിക റെയിൽ സംവിധാനങ്ങളുടെ വിശ്വസ്ത വിതരണരാജ്യം എന്ന നിലയിൽ ഇത് ഇന്ത്യയുടെ സ്ഥാനം ഉറപ്പിച്ചു. സാവ്‌ലി കേന്ദ്രത്തിൽ 450 റെയിൽ കാറുകൾ നിർമ്മിച്ച് ക്വീൻസ്‌ലാൻഡ് മെട്രോ പദ്ധതിക്കായി ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്തു.
പ്രധാന റെയിൽ ഘടകങ്ങളുടെ കയറ്റുമതി
ജർമ്മനി, ഈജിപ്ത്, സ്വീഡൻ, ഓസ്‌ട്രേലിയ, ബ്രസീൽ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് 3,800-ലധികം ബോഗികളും ഓസ്ട്രിയയിലെ വിയന്നയിലേക്ക് 4,000-ലധികം ഫ്ലാറ്റ്പാക്കുകൾ (മൊഡ്യൂളുകൾ) സാവ്‌ലി യൂണിറ്റ് വിജയകരമായി കയറ്റുമതി ചെയ്തു. വിവിധ ആഗോള പദ്ധതികളിലേക്ക് 5,000-ലധികം പ്രൊപ്പൽഷൻ സംവിധാനങ്ങൾ കയറ്റുമതി ചെയ്തുകൊണ്ട് മനേജ യൂണിറ്റ് ഒരു പ്രധാന സംഭാവന നൽകിയിട്ടുണ്ട്.
രൂപകൽപ്പന ഇന്ത്യയിൽ, ഏറ്റെടുത്തത് നിരവധി രാജ്യങ്ങൾ
ഇന്ത്യ നിലവിൽ 27 അന്താരാഷ്ട്ര സിഗ്നലിംഗ് പദ്ധതികൾക്ക് നേതൃത്വം നൽകുകയും ലോകമെമ്പാടുമുള്ള 40 മറ്റു പദ്ധതികൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നു. നൂതനാശയങ്ങൾ നൽകി ബാംഗ്ലൂരിലെ ഡിജിറ്റൽ എക്സ്പീരിയൻസ് സെന്റർ ലോകമെമ്പാടുമുള്ള 120 ലധികം പദ്ധതികളെ പിന്തുണയ്ക്കുന്നു. IoT, നിർമ്മിത ബുദ്ധി, ബ്ലോക്ക്‌ചെയിൻ, സൈബർ സുരക്ഷ എന്നിവ ഉപയോഗിച്ച് പുതുതലമുറ സിഗ്നലിംഗിലാണ് ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
"ലോകത്തിനു വേണ്ടി ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുക, വികസിപ്പിക്കുക, വിതരണം ചെയ്യുക" എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി ഇന്ത്യയുടെ റെയിൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിച്ചുവരുന്നു
•മെട്രോ കോച്ചുകൾ: ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു
•ബോഗികൾ: യുകെ, സൗദി അറേബ്യ, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുന്നു
•പ്രൊപ്പൽഷൻ സിസ്റ്റങ്ങൾ: ഫ്രാൻസ്, മെക്സിക്കോ, റൊമാനിയ, സ്പെയിൻ, ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യുന്നു
•പാസഞ്ചർ കോച്ചുകൾ: മൊസാംബിക്ക്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യുന്നു
•ലോക്കോമോട്ടീവുകൾ: മൊസാംബിക്ക്, സെനഗൽ, ശ്രീലങ്ക, മ്യാൻമർ, ബംഗ്ലാദേശ്, റിപ്പബ്ലിക് ഓഫ് ഗിനിയ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു
പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം
ശക്തമായ ഒരു മുൻനിര വിതരണ ശൃംഖലയാണ് സാവ്‌ലിക്ക് സമീപമുള്ള ഉൽപാദന ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നത്. ഫാബ്രിക്കേഷൻ, ഇന്റീരിയർ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ എന്നിവയിലെ വിദഗ്ധരായ ഇന്റഗ്ര, അനോവി, ഹിന്ദ് റെക്റ്റിഫയർ, ഹിറ്റാച്ചി എനർജി, എബിബി തുടങ്ങിയ പ്രമുഖ സംരംഭങ്ങൾ ഇതിലുണ്ട്.
"ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്തിനു വേണ്ടി നിർമ്മിക്കുക" എന്ന ആശയത്തിന്റെ സ്വാധീനം ഇന്ത്യൻ റെയിൽവേ ഉൽപാദന മേഖലയിൽ വ്യക്തമായി കാണാമെന്ന് മാധ്യമങ്ങളോട് സംസാരിച്ച കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു. ഒന്നിലധികം രാജ്യങ്ങളിലേക്ക് റെയിൽവേ ഘടകങ്ങൾ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിൽ ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇപ്പോൾ ഇന്ത്യൻ എഞ്ചിനീയർമാരും തൊഴിലാളികളും അന്താരാഷ്ട്ര നിലവാരത്തിൽ വൈദഗ്ദ്ധ്യം നേടുന്നുണ്ടെന്നും ഇത് 'മെയ്ക്ക് ഇൻ ഇന്ത്യ' ദൗത്യത്തിന്റെ പ്രധാന വിജയമാണെന്നും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.
*******
(Release ID: 2149173)