വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യയുടെ സർഗാത്മക നേതൃത്വം പ്രദർശിപ്പിച്ച് വേവ്സ് 2025; നൂറിലേറെ രാജ്യങ്ങളിൽ നിന്ന് ഒരു ലക്ഷത്തിലധികം പങ്കാളികൾ; 8,000 കോടി രൂപയുടെ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു
Posted On:
25 JUL 2025 6:11PM by PIB Thiruvananthpuram
ഇന്ത്യയെ സര്‍ഗാത്മക ഉള്ളടക്ക നിര്‍മാണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസൃതമായാണ് ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടി (വേവ്സ്) 2025 സംഘടിപ്പിച്ചത്. സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കള്‍, നയരൂപകർത്താക്കൾ, ഈ മേഖലയിലെ നേതാക്കൾ, മാധ്യമകേന്ദ്രങ്ങള്‍, മുന്‍നിര സാങ്കേതിക വിദഗ്ധര്‍ എന്നിവരെ ഉച്ചകോടി ഒരു വേദിയില്‍ ഒരുമിച്ചുകൊണ്ടുവന്നു.
ഇന്ത്യയില്‍ സര്‍ഗാത്മക ഉള്ളടക്കം നിര്‍മിക്കുന്നവര്‍ക്ക് നവീന സാങ്കേതികവിദ്യകളും നിക്ഷേപകരും നിർമാതാക്കളും ഉപയോക്താക്കളുമായി ബന്ധപ്പെടാൻ വേവ്സ് വേദിയൊരുക്കി. നൂറിലേറെ രാജ്യങ്ങളില്‍നിന്ന് ഒരുലക്ഷത്തിലധികം പേര്‍ ഇതിന്റെ ഭാഗമായി. 50 പ്ലീനറി സെഷനുകളും 35 മാസ്റ്റർക്ലാസുകളും ആഗോള വ്യവസായ പ്രമുഖരുടെ പങ്കാളിത്തത്തോടെ 55 ബ്രേക്ക്ഔട്ട് സെഷനുകളുമടക്കം 140-ലേറെ സെഷനുകൾ പരിപാടിയിലുണ്ടായിരുന്നു.
വേവ്സ് 2025-ന്റെ പ്രധാന സവിശേഷതകൾ:
-
ആഗോള മാധ്യമ സംവാദം: സര്‍ക്കാര്‍, സ്വകാര്യ മേഖല പ്രതിനിധികൾ ഉൾപ്പെടെ പ്രധാന പങ്കാളികൾ മാധ്യമങ്ങളുടെയും വിനോദത്തിന്റെയും വളര്‍ന്നുവരുന്ന പങ്കിനെക്കുറിച്ച് ചർച്ച ചെയ്തു. സമാധാനത്തിനും ഡിജിറ്റൽ ഉൾച്ചേര്‍ക്കലിനും മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വേവ്സ് പ്രഖ്യാപനം ഉച്ചകോടി അംഗീകരിച്ചു.
-
വേവ്-എക്സ്: മാധ്യമ-വിനോദ മേഖലയിൽ സ്റ്റാർട്ടപ്പുകൾ നയിക്കുന്ന നൂതനാശയങ്ങള്‍ക്കായി സജ്ജീകരിച്ച വേദിയാണിത്. സ്റ്റാർട്ടപ്പുകൾ നിക്ഷേപകർക്കു മുന്നില്‍ ആശയങ്ങൾ അവതരിപ്പിക്കുന്ന ദ്വിദിന തത്സമയ ആശയാവതരണ പരിപാടി ഇതിലുൾപ്പെടുന്നു.
-
വേവ്സ് ബസാർ: സ്ക്രിപ്റ്റുകൾ, സംഗീതം, കോമിക്സ്, ദൃശ്യ-ശ്രാവ്യ അവകാശങ്ങൾ എന്നിവയുടെ വിപണിയായി പ്രവര്‍ത്തിച്ച് 3,000-ത്തിലധികം ബിടുബി യോഗങ്ങള്‍ നടത്തി പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിച്ചു.
-
സാമ്പത്തിക - തന്ത്രപ്രധാന ഫലങ്ങൾ: ഫിലിം സിറ്റികളിലെ നിക്ഷേപങ്ങൾ, സര്‍ഗ സാങ്കേതിക വിദ്യാഭ്യാസം, തത്സമയ വിനോദ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയ്ക്ക് 8,000 കോടി രൂപയുടെ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു.
-
ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (സിഐസി): ആനിമേഷൻ, ഗെയിമിംഗ്, എആര്‍/വിആര്‍, സംഗീതം തുടങ്ങി 34 സര്‍ഗ വിഭാഗങ്ങളില്‍ രാജ്യവ്യാപകമായി സര്‍ഗ പ്രതിഭകളെ കണ്ടെത്തുന്ന വരുംതലമുറ മത്സരം. ലോകമെങ്ങും സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കളില്‍നിന്ന് ഒരുലക്ഷത്തിലധികം പേരാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തത്.
-
ക്രിയേറ്റോസ്ഫിയർ: ഇന്ത്യയുടെ പുതുതലമുറ സർഗപ്രതിഭകളെ ഉയർത്തിക്കാട്ടുന്നതിന് മാസ്റ്റർക്ലാസുകളും മത്സരങ്ങളും തത്സമയ പ്രദർശനങ്ങളും സംഘടിപ്പിച്ചു.
-
ഭാരത് പവലിയൻ: ആഗോളതലത്തിൽ ഇന്ത്യയുടെ സാംസ്കാരിക ശക്തിയും നേതൃത്വവും ഉയർത്തിക്കാട്ടി ഇന്ത്യന്‍ കഥാഖ്യാനത്തിന്റെ പാരമ്പര്യത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അനുഭവം പവലിയന്‍ നല്‍കി.
-
എട്ടാമത് ദേശീയ കമ്യൂണിറ്റി റേഡിയോ സമ്മേളനം: കമ്യൂണിറ്റി പ്രക്ഷേപണത്തിലെ നൂതനാശയങ്ങള്‍ക്കും ഉള്‍ച്ചേര്‍ക്കലിനും 12 നിലയങ്ങള്‍ക്ക് ദേശീയ കമ്യൂണിറ്റി റേഡിയോ പുരസ്കാരങ്ങള്‍ ലഭിച്ചു.
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന് ലോക്സഭയിൽ പങ്കുവെച്ചതാണ് ഈ വിവരങ്ങള്‍.
*****
(Release ID: 2148648)