പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യു കെ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്ര പ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ

Posted On: 24 JUL 2025 5:09PM by PIB Thiruvananthpuram


പ്രധാനമന്ത്രി സ്റ്റാർമർ,

സുഹൃത്തുക്കളെ,

നമസ്കാരം!

ആദ്യമായി, പ്രധാനമന്ത്രി സ്റ്റാർമർ നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ബഹുമാന്യമായ ആതിഥ്യമര്യാദയ്ക്കും ഞാൻ അദ്ദേഹത്തിന് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇന്ന് നമ്മുടെ ഉഭയകക്ഷി ബന്ധത്തിലെ ചരിത്രപരമായ ഒരു നാഴികക്കകല്ല് അടയാളപ്പെടുത്തുകയാണ്. വർഷങ്ങളുടെ സമർപ്പിത പ്രയത്നങ്ങൾക്ക് ശേഷം, നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക, വ്യാപാര കരാർ ഇന്ന് പൂർത്തിയായി എന്നതിൽ ഞാൻ സന്തുഷ്ടനാണ്.

ഈ കരാർ കേവലം ഒരു സാമ്പത്തിക പങ്കാളിത്തത്തിനപ്പുറം, പരസ്പരം പങ്കിട്ട സമൃദ്ധിക്കായുള്ള ഒരു രൂപരേഖ കൂടിയാണ്. ഒരു വശത്ത്, ഇത് ഇന്ത്യൻ ടെക്സ്റ്റൈൽസ്, പാദരക്ഷകൾ, രത്നങ്ങളും ആഭരണങ്ങളും, സമുദ്രോത്പന്നങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് യുകെയിൽ മെച്ചപ്പെട്ട വിപണി പ്രവേശനത്തിന് വഴിയൊരുക്കുന്നു. ഇത് ഇന്ത്യയുടെ കാർഷികോത്പന്നങ്ങൾക്കും ഭക്ഷ്യ സംസ്കരണ വ്യവസായത്തിനും പുതിയ അവസരങ്ങൾ തുറന്നുനൽകും. എല്ലാറ്റിനുമുപരി, ഈ കരാർ ഇന്ത്യയിലെ യുവാക്കൾക്കും, കർഷകർക്കും, മത്സ്യത്തൊഴിലാളികൾക്കും, എംഎസ്എംഇ മേഖലയ്ക്കും പ്രത്യേകിച്ചും ഗുണം ചെയ്യും.

മറുവശത്ത്, മെഡിക്കൽ ഉപകരണങ്ങൾ, എയ്‌റോസ്‌പേസ് ഘടകങ്ങൾ തുടങ്ങിയ യുകെ നിർമ്മിത ഉൽപ്പന്നങ്ങൾ ഇന്ത്യൻ ഉപഭോക്താക്കൾക്കും വ്യവസായങ്ങൾക്കും കൂടുതൽ പ്രാപ്യവും താങ്ങാനാവുന്നതുമായി മാറും.

വ്യാപാര കരാറിനൊപ്പം, ഡബിൾ കോൺട്രിബ്യുഷൻ കൺവെൻഷനിലും (Double Contribution Convention) ഒരു സമവായത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങളുടെയും സേവന മേഖലകളിൽ, പ്രത്യേകിച്ച് സാങ്കേതികവിദ്യയിലും ധനകാര്യത്തിലും പുതിയ ചലനാത്മകത സൃഷ്ടിക്കും. ഇത് ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പം വർദ്ധിപ്പിക്കുകയും പ്രവർത്തനച്ചെലവ് കുറയ്ക്കുകയും ബിസിനസ്സ് ചെയ്യുന്നതിനുള്ള ആത്മവിശ്വാസം കൂട്ടുകയും ചെയ്യും.  കൂടാതെ, വൈദഗ്ധ്യമുള്ള ഇന്ത്യൻ പ്രതിഭകളെ ലഭ്യമാകുന്നതിലൂടെ യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രയോജനകരമാകുകയും ചെയ്യും. 

ഈ കരാറുകൾ ഉഭയകക്ഷി നിക്ഷേപം വർദ്ധിപ്പിക്കുകയും ഇരു രാജ്യങ്ങളിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. മാത്രമല്ല, രണ്ട് ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളും പ്രധാന ആഗോള സമ്പദ്‌വ്യവസ്ഥകളും തമ്മിലുള്ള ഈ കരാറുകൾ ആഗോള സ്ഥിരതയും പങ്കിട്ട സമൃദ്ധിയും ശക്തിപ്പെടുത്തുന്നതിനും സംഭാവന നൽകും.

സുഹൃത്തുക്കളേ,

അടുത്ത ദശകത്തിൽ നമ്മുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഗതിവേഗവും ഊർജ്ജവും പകരുന്നതിനായി, വിഷൻ 2035 ആരംഭിക്കുകയാണ്. സാങ്കേതികവിദ്യ, പ്രതിരോധം, കാലാവസ്ഥ, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിൽ ശക്തവും വിശ്വസനീയവും അഭിലഷണീയവുമായ പങ്കാളിത്തത്തിനുള്ള ഒരു മാർഗ്ഗരേഖയായി ഇത് വർത്തിക്കും.

പ്രതിരോധത്തിലും സുരക്ഷയിലും നമ്മുടെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനായി ഒരു പ്രതിരോധ വ്യാവസായിക മാർഗ്ഗരേഖ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നമ്മുടെ സാങ്കേതിക സുരക്ഷാ ഉദ്യമം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഞങ്ങൾ പ്രവർത്തിക്കും.

നിർമ്മിതബുദ്ധി മുതൽ നിർണായക ധാതുക്കൾ വരെയും, സെമികണ്ടക്ടറുകൾ മുതൽ സൈബർ സുരക്ഷ വരെയും, നമ്മൾ ഒരുമിച്ച് ഭാവി കെട്ടിപ്പടുക്കുമെന്നത് നമ്മുടെ പ്രതിബദ്ധതയാണ്.

സുഹൃത്തുക്കളേ,

വിദ്യാഭ്യാസ മേഖലയിലും, നമ്മുടെ ഇരു രാജ്യങ്ങളും ഒരുമിച്ച് ഒരു പുതിയ അധ്യായം കുറിക്കുകയാണ്. യുകെയിൽ നിന്നുള്ള ആറ് സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസുകൾ തുറക്കുന്നു. കഴിഞ്ഞ ആഴ്ച, ഇന്ത്യയിലെ ഗുരുഗ്രാമിൽ സതാംപ്ടൺ സർവകലാശാല അതിന്റെ കാമ്പസ് ഉദ്ഘാടനം ചെയ്തു.

സുഹൃത്തുക്കളേ,

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി സ്റ്റാർമർക്കും അദ്ദേഹത്തിന്റെ ഗവണ്മെന്റിനും ഞങ്ങൾ നന്ദി പറയുന്നു.  ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ലെന്ന കാഴ്ചപ്പാടിൽ നമ്മൾ ഐക്യപ്പെട്ടിരിക്കുന്നു. തീവ്രവാദ പ്രത്യയശാസ്ത്രങ്ങളുള്ള ശക്തികൾ ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ ദുരുപയോഗം ചെയ്യാൻ അനുവദിക്കരുത് എന്നതിലും നമ്മൾ യോജിക്കുന്നു.

ജനാധിപത്യത്തെ തന്നെ ദുർബലപ്പെടുത്തുന്നതിനായി ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണം.

സാമ്പത്തിക കുറ്റവാളികളെ കൈമാറുന്ന കാര്യത്തിലും, നമ്മുടെ ഏജൻസികൾ, അടുത്ത ഏകോപനത്തിലും സഹകരണത്തിലും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരും.

സുഹൃത്തുക്കളേ,

ഇൻഡോ-പസഫിക്കിലെ സമാധാനത്തെയും സ്ഥിരതയെയും കുറിച്ചും, യുക്രെയ്നിലെ നിലവിലുള്ള സംഘർഷത്തെക്കുറിച്ചും, പശ്ചിമേഷ്യയിലെ സാഹചര്യത്തെക്കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാടുകൾ പരസ്പരം പങ്കുവെക്കുന്നത് തുടരുന്നുണ്ട്. സമാധാനവും സ്ഥിരതയും എത്രയും  വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും   മാനിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്നത്തെ കാലഘട്ടം അധിനിവേശമല്ല വികസനമാണ് ആവശ്യപ്പെടുന്നത്.

സുഹൃത്തുക്കളേ,

കഴിഞ്ഞ മാസം, അഹമ്മദാബാദിൽ നടന്ന ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ പലരും യുകെയിൽ നിന്നുള്ള നമ്മുടെ സഹോദരീസഹോദരന്മാരായിരുന്നു. അവരുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു.

യുകെയിലെ ഇന്ത്യൻ വംശജർ നമ്മുടെ ബന്ധത്തിൽ ഒരു സജീവ കണ്ണിയായി വർത്തിക്കുന്നു. അവർ ഇന്ത്യയിൽ നിന്ന് രുചി മാത്രമല്ല, സർഗ്ഗാത്മകതയും, പ്രതിബദ്ധതയും, സ്വഭാവഗുണങ്ങളും കൊണ്ടുവന്നു. യുകെയുടെ അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ മാത്രം ഒതുങ്ങുന്നതല്ല അവരുടെ സംഭാവന - അത് രാജ്യത്തിന്റെ സംസ്കാരം, കായികം, പൊതുസേവനം എന്നിവയിലും ഒരുപോലെ ദൃശ്യമാണ്.

സുഹൃത്തുക്കളേ,

ഇന്ത്യയും യുകെയും ഒന്നിക്കുന്ന ഈ വേളയിൽ, പ്രത്യേകിച്ച് ഒരു ടെസ്റ്റ് സീരീസ് നടക്കുമ്പോൾ, ക്രിക്കറ്റിനെക്കുറിച്ച് പരാമർശിക്കാതിരിക്കാനാവില്ല.
നമുക്കിരുവർക്കും ക്രിക്കറ്റ് വെറുമൊരു കളിയല്ല, ഒരു വികാരമാണ്. അതുപോലെ, നമ്മുടെ പങ്കാളിത്തത്തിന് ഒരു മികച്ച രൂപകവും. ചിലപ്പോഴൊക്കെ ഒരു സ്വിംഗും മിസ്സും ഉണ്ടാകാം. പക്ഷേ ഞങ്ങൾ എപ്പോഴും നേരായ ബാറ്റുമായാണ് കളിക്കുന്നത്. ഉയർന്ന സ്കോറിംഗ് ഉള്ള ഒരു ഉറച്ച പങ്കാളിത്തം കെട്ടിപ്പടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ഇന്ന് പൂർത്തിയാക്കിയ കരാറുകളും നമ്മുടെ വിഷൻ 2035-ഉം ഈ മനോഭാവത്തെ മുന്നോട്ട് കൊണ്ടുപോകുന്ന നാഴികക്കല്ലുകളാണ്.

പ്രധാനമന്ത്രി,

താങ്കളുടെ ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് ഞാൻ ഒരിക്കൽ കൂടി നന്ദി പറയുന്നു. ഇന്ത്യ സന്ദർശിക്കാൻ താങ്കളെ ക്ഷണിക്കാനും ഈ അവസരം വിനിയോഗിക്കുന്നു. താങ്കൾക്ക് ഇന്ത്യയിൽ എത്രയും വേഗം ആതിഥ്യമരുളാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

വളരെ നന്ദി.

നിരാകരണം - പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പത്ര പ്രസ്താവന ഹിന്ദിയിലാണ് നൽകിയത്.

 

-NK-


(Release ID: 2148109)