ഉരുക്ക് മന്ത്രാലയം
azadi ka amrit mahotsav

31,000 ടണ്ണിലധികം ഉരുക്ക് ലഭ്യമാക്കി സോജില തുരങ്ക പാതയ്ക്ക് ശക്തി പകർന്ന് SAIL; രാഷ്ട്രനിർമ്മാണത്തിലെ സ്വന്തം പങ്ക് ഊട്ടിയുറപ്പിക്കുന്നു

Posted On: 21 JUL 2025 12:54PM by PIB Thiruvananthpuram
മഹാരത്ന പദവിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഉരുക്ക് നിർമ്മാണ പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (SAIL), അഭിമാനകരമായ സോജില തുരങ്ക പാതാ പദ്ധതിയുടെ ഏറ്റവും വലിയ ഉരുക്ക് വിതരണക്കാരായി മാറി. നിർമ്മാണത്തിലിരിക്കുന്ന അഭിലാഷകരമായ ഈ പദ്ധതി ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കവും ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ദ്വിദിശ തുരങ്കവുമായി മാറാൻ ഒരുങ്ങുകയാണ്.

ഈ തന്ത്രപരമായ അടിസ്ഥാന സൗകര്യ സംരംഭത്തിന്റെ നിർണ്ണായക പങ്കാളിയായി SAIL മാറി. ടിഎംടി റീ-ബാറുകൾ, സ്ട്രക്ചറലുകൾ, പ്ലേറ്റുകൾ എന്നിവയുൾപ്പെടെ 31,000 ടണ്ണിലധികം ഉരുക്ക് ഇതിനോടകം വിതരണം ചെയ്തു. 2027-ൽ പൂർത്തീകരണം ലക്ഷ്യമിട്ട് പദ്ധതി നിർമ്മാണം പുരോഗമിക്കുമ്പോൾ, കമ്പനിയുടെ തുടർച്ചയായ ഉരുക്ക് വിതരണം അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് ഉത്തമ ഉദാഹരണമാണ്. സോജില തുരങ്കത്തിനായുള്ള ഈ സംഭാവന SAIL ന്റെ ദീർഘകാല രാഷ്ട്രനിർമ്മാണ പാരമ്പര്യത്തെ കൂടുതൽ ഉറപ്പിക്കുന്നു. സോജില തുരങ്കം പോലുള്ള വൻകിട പദ്ധതികൾ SAIL നിർമ്മിക്കുന്ന ഉരുക്കിലുള്ള സ്ഥിരമായ വിശ്വാസ്യതയും ശക്തിയും ഊട്ടിയുറപ്പിക്കുന്നു. ഗുണനിലവാരത്തിൽ കമ്പനി പുലർത്തുന്ന സമർപ്പണത്തിനും ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിലുള്ള അതിൻറെ നിർണ്ണായക പങ്കിനും തെളിവാണിത്.

തന്ത്രപരമായി പ്രദേശത്ത് 11,578 അടി ഉയരത്തിൽ വെല്ലുവിളി നിറഞ്ഞ ഹിമാലയൻ ഭൂപ്രകൃതിയിലാണ് ഇത് നിർമ്മിക്കുന്നത്. ശ്രീനഗറിനും ലേയ്ക്കും മധ്യേ, 30 കിലോമീറ്ററിലധികം നീളമുള്ള തുരങ്കം ദ്രാസ്, കാർഗിൽ വഴി എല്ലാ കാലാവസ്ഥയിലും ഗതാഗതം ഉറപ്പാക്കാൻ സഹായിക്കും. ഇന്ത്യയുടെ ദേശീയ അടിസ്ഥാന സൗകര്യ വികസനത്തിന്റെ, പ്രത്യേകിച്ച് ശ്രീനഗർ-കാർഗിൽ-ലേ ദേശീയ പാതയുടെ നിർണ്ണായക ഭാഗമാണ് ഈ തുരങ്കം. ഇതോടൊപ്പം മേഖലയിലെ സിവിലിയൻ, സൈനിക ഗതാഗതം ഗണ്യമായി വർധിപ്പിക്കാനും സഹായകമാകും

ഈ പദ്ധതി ഒരു തന്ത്രപരമായ അടിസ്ഥാന സൗകര്യ ആസ്തി മാത്രമല്ല, മേഖലയ്ക്ക് സുപ്രധാന സാമ്പത്തിക അവസരങ്ങളും സൃഷ്ടിക്കുന്നു. ചെനാബ് റെയിൽവേ പാലം, അടൽ തുരങ്കപാത, ബാന്ദ്ര-വോർളി സീ ലിങ്ക്, ധോള സാദിയ, ബോഗിബീൽ പാലങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയുടെ എണ്ണംപറഞ്ഞ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് പിന്തുണയേകിയ നീണ്ട പാരമ്പര്യത്തിൻറെ  കണ്ണിയാണ് സോജില തുരങ്കത്തിനുള്ള SAIL ന്റെ സംഭാവന.
 
*****

(Release ID: 2146439)