ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav

2024–25-ലെ സ്വച്ഛ് സർവേക്ഷണ്‍ പുരസ്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിച്ചു

ഇന്ത്യയിലെ പുതിയ ശുചിത്വ നഗരങ്ങളായി അഹമ്മദാബാദും ഭോപ്പാലും ലഖ്‌നൗവും

Posted On: 17 JUL 2025 2:18PM by PIB Thiruvananthpuram

അന്തിമഫലം  പുറത്തുവന്നിരിക്കുന്നു! ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനില്‍  ഭവന - നഗരകാര്യ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങില്‍  2024-25 വര്‍ഷത്തെ സ്വച്ഛ് സർവേക്ഷണ്‍ പുരസ്കാരങ്ങള്‍  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സമ്മാനിച്ചു. കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാലിന്റെയും സഹമന്ത്രി ശ്രീ തോഖൻ സാഹുവിന്റെയും സാന്നിധ്യത്തിൽ 23 സൂപ്പർ സ്വച്ഛ് ലീഗ് നഗരങ്ങളെ ചടങ്ങില്‍ അനുമോദിച്ചു. ഇന്ത്യയിലെ പുതുതലമുറ ശുചിത്വ നഗരങ്ങളായി  അഹമ്മദാബാദും ഭോപ്പാലും  ലഖ്‌നൗവും തിരഞ്ഞെടുക്കപ്പെട്ടു. 43 ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച ചടങ്ങില്‍ മഹാകുംഭമേളയ്ക്ക് പ്രത്യേക അംഗീകാരവും ലഭിച്ചു. 

അഭിമാനകരമായ സ്വച്ഛ് സർവേക്ഷണ്‍  2024-25 പുരസ്കാരദാന ചടങ്ങിൽ മികച്ച ഗംഗാ നഗര പുരസ്കാരം കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ പ്രയാഗ്‌രാജിന് സമ്മാനിച്ചു.  മാതൃകാപരമായ ശുചിത്വ പ്രവർത്തനങ്ങൾക്ക് സെക്കന്തരാബാദ് കന്റോൺമെന്റിനെ മികച്ച കന്റോൺമെന്റ് ബോർഡായി തിരഞ്ഞെടുത്തു. ശുചീകരണ തൊഴിലാളികളുടെ സുരക്ഷയും ആത്മാഭിമാനവും മുന്‍നിര്‍ത്തി കൈക്കൊണ്ട പ്രതിബദ്ധതയ്ക്ക് ജിവിഎംസി വിശാഖപട്ടണം, ജബൽപൂർ, ഗോരഖ്പൂർ എന്നിവയെ മികച്ച സഫായിമിത്ര സുരക്ഷ നഗരങ്ങളായി പ്രഖ്യാപിച്ചു. 66 കോടി പേര്‍ പങ്കെടുത്തതായി കണക്കാക്കപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ ജനകീയ ഒത്തുചേരലായ മഹാകുംഭമേളയില്‍ മികച്ച നഗര മാലിന്യ സംസ്കരണം കാഴ്ചവച്ചതിന് ഉത്തര്‍പ്രദേശ് സർക്കാരിനും പ്രയാഗ്‌രാജ് മേള അധികൃതര്‍ക്കും പ്രയാഗ്‌രാജ് മുനിസിപ്പൽ കോർപ്പറേഷനും പ്രത്യേക അംഗീകാരം ലഭിച്ചു.

സ്വച്ഛ് സർവേക്ഷണ്‍  ഈ വർഷം വന്‍കിട നഗരങ്ങളുടെ ചട്ടക്കൂട് പരിഷ്കരിച്ചതിനൊപ്പം ചെറുകിട നഗരങ്ങള്‍ക്കായി ഇത് ലളിതവല്‍ക്കരിച്ചതോടെ സ്വച്ഛതയുടെ പടികൾ കയറാനും മത്സരിക്കാനും അവര്‍ക്ക് പ്രചോദനമായി.  സർവേയിൽ വന്‍കിട നഗരങ്ങളുമായി കിടപിടിക്കുന്ന പ്രകടനമാണ് ചെറുനഗരങ്ങൾ  കാഴ്ചവെച്ചത്. 'ഒരു നഗരം, ഒരു പുരസ്കാരം' എന്ന തത്വത്തിലൂന്നി ഓരോ സംസ്ഥാനത്തും മികച്ച പ്രകടനം കാഴ്ചവച്ച നഗരങ്ങളെ ആശാവഹമായ ശുചിത്വ നഗരങ്ങളായി അംഗീകരിച്ചു. ഈ ബഹുമതി നേടിയ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും  34 നഗരങ്ങൾ നഗര ശുചീകരണത്തിലും ശുചിത്വ മികവിലും ശ്രദ്ധേയ പുരോഗതി പ്രകടമാക്കി.

 

ലഘൂകരണം, പുനരുപയോഗം, പുനഃചംക്രമണം എന്ന ത്രിതല സമീപനത്തിന്റെ പ്രോത്സാഹനത്തിന് മന്ത്രാലയത്തെ അഭിനന്ദിച്ച രാഷ്ട്രപതി ‘മാലിന്യത്തില്‍നിന്ന് സമ്പത്തിലേക്ക്’ എന്ന പ്രമേയത്തില്‍ സ്മരണിക സമ്മാനിച്ചതിനെ പ്രശംസിച്ചു.  ‘മാലിന്യം മികച്ചതെ’ന്ന  മന്ത്രം പുനഃചംക്രമണ സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തി പകരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.   സ്വയം സഹായ സംഘങ്ങളെ ഉൾപ്പെടുത്തി യുവാക്കളെ ശാക്തീകരിക്കുന്നതിലും ഹരിത തൊഴിലവസരങ്ങളൊരുക്കുന്നതിലും സംരംഭക അവസരങ്ങൾ  സൃഷ്ടിക്കുന്നതിലും ഈ ആശയത്തിന്റെ പ്രാധാന്യം അവര്‍  എടുത്തുപറഞ്ഞു.  നമ്മുടെ സ്വഭാവത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായി നഗരങ്ങൾ പുനഃചംക്രമണ സമ്പദ്‌വ്യവസ്ഥയുടെയും ശുചിത്വത്തിന്റെയും തത്വങ്ങൾ സ്വീകരിച്ചതില്‍ രാഷ്ട്രപതി സന്തോഷം പങ്കുവെച്ചു.  മികച്ച ശുചിത്വ നിലവാരം ഉറപ്പാക്കിയ ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളെ  രാഷ്ട്രപതി അഭിനന്ദിച്ചു. സ്വച്ഛ ഭാരതത്തിലേക്കുള്ള നിശ്ചയദാര്‍ഢ്യത്തിന് കരുത്തു പകരുന്ന വിദ്യാലയ തല ഇടപെടലുകളെയും  ഉറവിട വേർതിരിവ് സ്റ്റാർട്ടപ്പുകള്‍ക്കായി ആവിഷ്ക്കരിച്ച സംരംഭങ്ങളെയും മാലിന്യരഹിത കോളനികളെയും രാഷ്ട്രപതി പ്രശംസിച്ചു. 2047-ലെ വികസിതഭാരതം ലോകത്തിന് മാതൃകയാകുമെന്ന് രാഷട്രപതി  ഉപസംഹരിച്ചു.


 

ശുചിത്വനഗര പങ്കാളിത്ത സംരംഭത്തിന് തുടക്കം കുറിച്ച് കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ സഹ-പഠനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. എല്ലാ ജനസംഖ്യാ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച 78 നഗരങ്ങളും അതത് സംസ്ഥാനങ്ങളിലെ  പ്രകടനം കുറഞ്ഞ ഒരു നഗരത്തെ ദത്തെടുക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും ചേര്‍ത്തുപിടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഈച്ച്  വൺ  ക്ലീൻ വൺ '(Each One Clean One) ആശയത്തിലൂന്നി  വിജയിക്കുന്ന നഗരങ്ങൾ മറ്റ് നഗരങ്ങള്‍ക്ക് വഴികാട്ടുകയും കൈകോര്‍ക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

 

പ്രതിനിധികളെ സ്വാഗതം ചെയ്ത ഭവന - നഗരകാര്യ മന്ത്രാലയ  സെക്രട്ടറി ശ്രീ ശ്രീനിവാസ് കഡികിത്തല കഴിഞ്ഞ ദശകം സ്വച്ഛ് ഭാരത് ദൗത്യം നടത്തിയ പരിവർത്തന യാത്ര വിശദീകരിച്ചു.  ഈ പരിവര്‍ത്തന യാത്രയില്‍ ശ്രദ്ധാകേന്ദ്രമായ വൃത്തിയും വെടിപ്പും എങ്ങനെ  ജനങ്ങളുടെ സ്വഭാവത്തിലും സംസ്‌കാരത്തിലും ആഴത്തിൽ ഉൾച്ചേർന്ന് പൗരമൂല്യങ്ങളുടെയും ദൈനംദിന ജീവിതത്തിന്റെയും  അവിഭാജ്യ ഘടകമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

 

ചടങ്ങിൽ പങ്കെടുത്ത രാഷ്ട്രപതിയ്ക്ക് ആദരസൂചകമായി കേന്ദ്രമന്ത്രി  മനോഹരമായ ഒരു സാരംഗി സമ്മാനിച്ചു. ഉപേക്ഷിക്കപ്പെട്ട വസ്തുക്കളെ അർത്ഥപൂര്‍ണ കലാ സൃഷ്ടികളാക്കി മാറ്റി സുസ്ഥിരതയും കരകൗശല വൈദഗ്ധ്യവും സംയോജിപ്പിച്ച് 'മാലിന്യത്തിൽ നിന്ന് സമ്പത്തിലേക്ക്' എന്ന ആശയം പ്രതിഫലിപ്പിക്കുന്നതാണ് ഈ സ്മരണിക.   

 

2024-25 -ലെ സ്വച്ഛ് സർവേക്ഷണ്‍‌ റാങ്കിംഗുകളുടെയും നേട്ടങ്ങളുടെയും സംവേദനാത്മക അവലോകനം  നല്‍കുന്ന ഡിജിറ്റല്‍ ഡാഷ്‌ബോർഡും ചടങ്ങില്‍ പുറത്തിറക്കി.  സ്വച്ഛ് സർവേക്ഷണ്‍‍ 2024-25-ന്റെ പ്രധാന സവിശേഷതകളും സൂപ്പർ സ്വച്ഛ് ലീഗ് നഗരങ്ങളുടെ നേട്ടങ്ങളും ഉള്‍പ്പെടുത്തി നടത്തിയ ആകർഷകമായ ദൃശ്യ-ശ്രാവ്യ പ്രദർശനം രാജ്യവ്യാപക ശുചിത്വ പ്രസ്ഥാനത്തിന്റെ ആത്മാവിന്റെയും വ്യാപ്തിയുടെയും പ്രതിഫലനമായി മാറി. 

 

വിജയികളുടെ പട്ടികയും ജിഎഫ്സി & ഒഡിഎഫ് ഫലങ്ങളുടെ ഡാഷ്‌ബോർഡും ഇവിടെ കാണാം. .

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ പൂർണ പ്രസംഗത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 

****


(Release ID: 2145533) Visitor Counter : 2