വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് 2025 ആഗസ്റ്റിൽ ആരംഭിക്കുന്ന പ്രാരംഭ ബാച്ചിനായി, AVGC-XR-മേഖലയിലെ നൂതന കോഴ്സുകൾ പ്രഖ്യാപിച്ചു.

Posted On: 15 JUL 2025 11:16AM by PIB Thiruvananthpuram
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് (IICT) 2025 ആഗസ്റ്റിൽ പ്രാരംഭ ബാച്ച് വിദ്യാർത്ഥികൾക്കുള്ള പ്രവേശനം ആരംഭിക്കുന്നതോടെ, ഇന്ത്യയുടെ വളർന്നുവരുന്ന ഡിജിറ്റൽ, സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥ സമഗ്ര പരിവർത്തനത്തിന് സജ്ജമാവുകയാണ്. AVGC-XR (ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി) മേഖലയിലെ വ്യവസായികാധിഷ്ഠിത കോഴ്‌സുകളുടെ ശക്തമായ നിര തന്നെ IICT വാഗ്ദാനം ചെയ്യുന്നു.

2025 മെയ് മാസത്തിൽ നടന്ന ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടിയിൽ (WAVES) കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ച ഈ സ്ഥാപനത്തിന് അഭിമാനകരമായ ആഗോള പങ്കാളിത്തങ്ങളുടെയും വ്യവസായ പ്രമുഖരുടെയും പിന്തുണയുണ്ട്. പ്രാരംഭ ഘട്ടത്തിൽ ഗെയിമിംഗിലെ ആറ് പ്രത്യേക കോഴ്‌സുകളും, പോസ്റ്റ് പ്രൊഡക്ഷനിലെ നാല് കോഴ്‌സുകളും, ആനിമേഷൻ, കോമിക്‌സ്, XR എന്നിവയിലെ എട്ട് കോഴ്‌സുകളും ആരംഭിക്കും. നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന സർഗ്ഗാത്മക സാങ്കേതിക രംഗത്ത് അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ വൈദഗ്ദ്ധ്യങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാകുമെന്ന് ഉറപ്പാക്കാൻ, വ്യവസായ പ്രമുഖരുമായി സഹകരിച്ച് ഈ പ്രോഗ്രാമുകൾ സൂക്ഷ്മമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

സഹകരണ ഗവേഷണം, ഫാക്കൽറ്റി എക്സ്ചേഞ്ച്, ആഗോള സർട്ടിഫിക്കേഷൻ എന്നിവയ്ക്ക് വഴിയൊരുക്കും വിധം, നാഴികക്കല്ലായി മാറുന്ന ഒരു ധാരണാപത്രത്തിൽ (MoU) യുണൈറ്റഡ് കിംഗ്ഡത്തിലെ യോർക്ക് സർവകലാശാലയുമായി IICT അടുത്തിടെ ഒപ്പുവച്ചു. IICT  യുടെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട്, ഗൂഗിൾ, യൂട്യൂബ്, അഡോബ്, മെറ്റ, മൈക്രോസോഫ്റ്റ്, എൻവിഡിയ, ജിയോസ്റ്റാർ തുടങ്ങിയ മുൻനിര ആഗോള കമ്പനികൾ ദീർഘകാല സഹകരണത്തിന് പ്രതിബദ്ധതയറിയിച്ചു. പാഠ്യപദ്ധതി വികസനം, സ്കോളർഷിപ്പുകൾ, ഇന്റേൺഷിപ്പുകൾ, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ, പ്ലേസ്മെന്റ് അവസരങ്ങളും അവരുടെ പിന്തുണയിൽ ഉൾപ്പെടുന്നു.

ലോകോത്തര പ്രതിഭകളെ പരിപോഷിപ്പിച്ചുകൊണ്ട് ഇന്ത്യയെ AVGC-XR മേഖലയിലെ ആഗോള ശക്തികേന്ദ്രമാക്കുക എന്നതാണ് തങ്ങളുടെ ദർശനമെന്ന് IICT ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. വിശ്വാസ് ദിയോസ്‌കർ പറഞ്ഞു. ഇന്ത്യയുടെ ചലനാത്മകമായ സർഗ്ഗാത്മക സാധ്യതകളിൽ വേരൂന്നി, ആഗോള നിലവാരം പുലർത്തുന്ന തരത്തിലാണ് കോഴ്‌സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിശദമായ പാഠ്യപദ്ധതി ഈ മാസം അവസാനം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

IICT യുടെ ഗവേണിംഗ് ബോർഡിൽ ശ്രീ സഞ്ജയ് ജാജു, ശ്രീ വികാസ് ഖാർഗെ, ശ്രീമതി. സ്വാതി മാസെ, ശ്രീ ചന്ദ്രജിത് ബാനർജി, ശ്രീ ആശിഷ് കുൽക്കർണി, ശ്രീ മാനവേന്ദ്ര ഷുകുൽ, ശ്രീ രാജൻ നവാനി എന്നിവരും ഗവേണിംഗ് കൗൺസലിൽ ശ്രീ മുഞ്ജൽ ഷ്രോഫ്, ശ്രീ ചൈതന്യ ചിച്ലിക്കർ, ശ്രീ ബിരേൻ ഘോഷ്, ശ്രീ ഭൂപേന്ദ്ര കൈന്തോള, ശ്രീ ഗൗരവ് ബാനർജി എന്നിവരും ഉൾപ്പെടുന്നു.

ആഗോളതലത്തിൽ AVGC-XR വ്യവസായം അതിവേഗം വളരുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുകയും, ഇമ്മേഴ്‌സീവ്, ഡിജിറ്റൽ ഉള്ളടക്ക സാങ്കേതികവിദ്യകളിൽ രാജ്യത്തെ ആഗോള നേതൃത്വത്തിലേക്ക് ഉയർത്തുകയും ചെയ്യുന്ന ഭാവിസജ്ജമായ പ്രതിഭാ സമ്പത്ത് കെട്ടിപ്പടുക്കുക എന്നതാണ് IICT വാഗ്ദാനം ചെയ്യുന്ന സമഗ്ര കോഴ്‌സുകളുടെ  ലക്ഷ്യം.
 
SKY
 
******

(Release ID: 2144804) Visitor Counter : 3