പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തൊഴിൽ മേളയുടെ ഭാഗമായി, പ്രധാനമന്ത്രി ജൂലൈ 12ന്, ഗവൺമെൻ്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 51,000ത്തിലധികം യുവാക്കൾക്ക് നിയമനപത്രങ്ങൾ വിതരണം ചെയ്യും

Posted On: 11 JUL 2025 11:20AM by PIB Thiruvananthpuram

ജൂലൈ 12 ന് രാവിലെ 11 മണിയോടെ വിദൂരദൃശ്യസംവിധാനത്തിലൂടെ വിവിധ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 51,000 ത്തിലധികം യുവാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിയമന കത്തുകൾ വിതരണം ചെയ്യും. നിയമനം ലഭിച്ച ഉദ്യോഗാർഥികളെ ചടങ്ങിൽ അദ്ദേഹം അഭിസംബോധന ചെയ്യും.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതിന്  ഉയർന്ന മുൻഗണന നൽകുന്ന പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് തൊഴിൽ മേള. യുവാക്കളുടെ ശാക്തീകരണത്തിനും, രാഷ്ട്രനിർമ്മാണത്തിൽ അവരുടെ പങ്കാളിത്തത്തിനും അർത്ഥവത്തായ അവസരങ്ങൾ നൽകുന്നതിൽ റോസ്‌ഗാർ മേളകൾ പ്രധാന പങ്ക് വഹിക്കുന്നു. തൊഴിൽ മേളകൾ വഴി ഇതുവരെ 10 ലക്ഷത്തിലധികം നിയമന കത്തുകൾ വിതരണം ചെയ്തിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള 47 സ്ഥലങ്ങളിലായാണ് പതിനാറാമത് തൊഴിൽ മേള നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് നിയമനങ്ങൾ നടക്കുക. റെയിൽവേ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തപാൽ വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ധനകാര്യ സേവന വകുപ്പ്, തൊഴിൽ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലും മന്ത്രാലയങ്ങളിലുമായാണ് രാജ്യത്തുടനീളം പുതിയതായി നിയമനം ലഭിച്ച യുവാക്കൾ ജോലിയിൽ പ്രവേശിക്കുന്നത്.

***

NK


(Release ID: 2143958)