പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു
Posted On:
09 JUL 2025 10:43PM by PIB Thiruvananthpuram
ദേശീയ അസംബ്ലി സ്പീക്കർ സാറ കൂഗോംഗെൽവയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രിയുടെ നമീബിയ സന്ദർശനത്തെ കൂടുതൽ അർഥവത്താക്കാൻ സഹായിച്ച നമീബിയയുടെ ഭാഗത്തുനിന്നുള്ള പ്രത്യേക നടപടിയായിരുന്നു ഇത്.
പാർലമെന്റിനെ അഭിസംബോധന ചെയ്യവേ, ‘ജനാധിപത്യത്തിന്റെ മാതാവായ’ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ആശംസകൾ നമീബിയയിലെ സഭാംഗങ്ങളെയും സൗഹാർദം പുലർത്തുന്ന ജനതയെയും പ്രധാനമന്ത്രി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധവും സ്വാതന്ത്ര്യത്തിനായുള്ള സമാന പോരാട്ടവും അനുസ്മരിച്ച പ്രധാനമന്ത്രി, നമീബിയയുടെ സ്ഥാപക പിതാവ് ഡോ. സാം നുജോമയുടെ പൈതൃകത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഇരുരാജ്യങ്ങളുടെയും സ്ഥാപകനേതാക്കൾ മുന്നോട്ടുവച്ച ജനാധിപത്യമൂല്യങ്ങളും തത്വങ്ങളും ഇരുരാജ്യങ്ങളുടെയും പുരോഗതിയുടെ പാത ദീപ്തമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തു ജനാധിപത്യത്തിനു കരുത്തേകുന്നതിൽ നമീബിയയിലെ ഗവണ്മെന്റിന്റെയും ജനങ്ങളുടെയും പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
തനിക്കു നൽകിയ പരമോന്നത ദേശീയ ബഹുമതിക്കു നമീബിയയിലെ ജനങ്ങൾക്കു പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഇന്ത്യ-നമീബിയ ജനാധിപത്യ രാജ്യങ്ങളുടെ നേട്ടങ്ങൾക്കുള്ള ആദരമാണ് ഈ പ്രത്യേക നടപടിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവയുടെ കാവൽക്കാർ എന്ന നിലയിൽ, ഗ്ലോബൽ സൗത്തിന്റെ പുരോഗതിക്കായി ഇരുരാജ്യങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു. അതിലൂടെ അവിടത്തെ ജനങ്ങളുടെ ശബ്ദങ്ങൾ കേൾക്കാൻ മാത്രമല്ല, അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും പൂർണമായി സാക്ഷാത്കരിക്കാനും കഴിയും. ജി-20 അധ്യക്ഷപദത്തിൽ ഇരുന്നപ്പോൾ ആഫ്രിക്കൻ യൂണിയനെ സ്ഥിരാംഗമാക്കിയതുപോലെ, ആഫ്രിക്കയുടെ പുരോഗതിക്കായി ഇന്ത്യ എപ്പോഴും പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നമീബിയയുമായും ഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങളുമായും വികസന അനുഭവം പങ്കിടാൻ ഇന്ത്യക്ക് അവസരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശേഷി വർധിപ്പിക്കുന്നതിനും നൈപുണ്യവികസനത്തിനും പ്രാദേശിക നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും ആഫ്രിക്കയുടെ ‘അജണ്ട 2063’-നു പിന്തുണയേകുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
തനിക്കു നൽകിയ ബഹുമതിക്കു പ്രധാനമന്ത്രി സ്പീക്കറോടു നന്ദി പറഞ്ഞു. രണ്ടു ജനാധിപത്യരാജ്യങ്ങളും എല്ലാക്കാലവും അഭിവൃദ്ധി പ്രാപിക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള കൂടുതൽ ആശയവിനിമയത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. “നാം പോരാടി നേടിയ സ്വാതന്ത്ര്യം മാത്രമല്ല, നാം ഒരുമിച്ചു കെട്ടിപ്പടുക്കുന്ന ഭാവിയും നമ്മുടെ കുട്ടികൾ അനുഭവിക്കട്ടെ” – പ്രധാനമന്ത്രി ഉപസംഹരിച്ചു.
*****
NK
(Release ID: 2143608)
Visitor Counter : 6
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada