പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സംയുക്ത പ്രസ്താവന: ഇന്ത്യയും ബ്രസീലും - വലിയ ലക്ഷ്യങ്ങളുള്ള രണ്ട് മഹത്തായ രാഷ്ട്രങ്ങൾ

Posted On: 09 JUL 2025 5:55AM by PIB Thiruvananthpuram

ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ ക്ഷണപ്രകാരം, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജൂലൈ 8 ന് ബ്രസീലിൽ ഒരു ഔദ്യോഗിക  സന്ദർശനം നടത്തി. ഏകദേശം എട്ട് പതിറ്റാണ്ടുകളായി ബ്രസീൽ - ഇന്ത്യ ബന്ധത്തിന്റെ അടിസ്ഥാനശിലയായി നിലകൊള്ളുന്ന സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും ബലത്തില്‍ 2006 ൽ ഈ ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തപ്പെട്ടു.

വിവിധ ഉഭയകക്ഷി, മേഖലാ, ആഗോള കാര്യങ്ങളിൽ നേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറി. ആഗോള കാര്യങ്ങളിൽ ഇരു രാജ്യങ്ങളുടെയും വ്യത്യസ്ത പങ്ക് നിലനിർത്തിക്കൊണ്ടും,പങ്കിട്ട മൂല്യങ്ങളിൽ അധിഷ്ഠിതമായും വലിയ ലക്ഷ്യങ്ങളെ ഉന്നം വച്ചും, അതുവഴി അവരുടെ ജനങ്ങളുടെ സമാധാനം, സമൃദ്ധി, സുസ്ഥിര വികസനം എന്നിവ കൈവരിക്കുന്നതിന് സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ചും, ഇന്ത്യ-ബ്രസീൽ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള തങ്ങളുടെ ദൃഢനിശ്ചയം അവർ ആവർത്തിച്ചു. 

ഇന്ത്യയും ബ്രസീലും തമ്മിലുള്ള ശക്തമായ സാമ്പത്തിക, സാങ്കേതിക പരസ്പര പൂരകങ്ങളെ അടിസ്ഥാനമാക്കി, അടുത്ത ദശകത്തിൽ അഞ്ച് മുൻഗണനാ സ്തംഭങ്ങളെ ചുറ്റിപ്പറ്റിയുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ രൂപരേഖ തയ്യാറാക്കാൻ നേതാക്കൾ തീരുമാനിച്ചു:

അഞ്ച് മുൻഗണനാ സ്തംഭങ്ങൾ താഴെ കുറിക്കുന്നു: 

i. പ്രതിരോധവും സുരക്ഷയും;

ii. ഭക്ഷ്യ-പോഷകാഹാര സുരക്ഷ;

iii. ഊർജ്ജ പരിവർത്തനവും കാലാവസ്ഥാ വ്യതിയാനവും;

iv. ഡിജിറ്റൽ പരിവർത്തനവും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളും;

v. തന്ത്രപരമായ മേഖലകളിലെ വ്യാവസായിക പങ്കാളിത്തം. 

അഞ്ച് മുൻഗണനാ സ്തംഭങ്ങളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാനും, കൈവരിച്ച പുരോഗതി ബ്രസീൽ-ഇന്ത്യ ജോയിന്റ് കമ്മീഷന് റിപ്പോർട്ട് ചെയ്യാനും നേതാക്കൾ തങ്ങളുടെ ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്ക് നിർദ്ദേശം നൽകി.

(i) പ്രതിരോധവും സുരക്ഷയും

പ്രതിരോധ, സുരക്ഷാ കാര്യങ്ങളിൽ ബ്രസീലിനും ഇന്ത്യയ്ക്കും ഇടയിലുള്ള ഏകീകൃത വീക്ഷണങ്ങളും തന്ത്രപരമായ പരസ്പരപൂരകങ്ങളും അംഗീകരിച്ചുകൊണ്ട്, സംയുക്ത സൈനികാഭ്യാസങ്ങളിലെ പങ്കാളിത്തവും ഉന്നതതല പ്രതിരോധ പ്രതിനിധികളുടെ കൈമാറ്റവും ഉൾപ്പെടെ വളർന്നുവരുന്ന പ്രതിരോധ സഹകരണത്തെ നേതാക്കൾ സ്വാഗതം ചെയ്തു. വിവിധ തന്ത്രപരമായ മേഖലകളിൽ കൂടുതൽ ആഴത്തിലുള്ള സഹകരണം സാധ്യമാക്കുന്ന, വർഗ്ഗീകരിക്കപ്പെട്ട  വിവരങ്ങളുടെ കൈമാറ്റവും പരസ്പര സംരക്ഷണവും സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചതിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചു. സൈബർ സുരക്ഷാ വിഷയങ്ങളിലെ വിവരങ്ങൾ, അനുഭവങ്ങൾ, ദേശീയ കാഴ്ചപ്പാടുകൾ എന്നിവയുടെ കൈമാറ്റത്തിലൂടെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള ഒരു വേദിയായി ഒരു ഉഭയകക്ഷി സൈബർ സുരക്ഷാ സംവാദം സ്ഥാപിക്കുന്നതിനെയും അവർ സ്വാഗതം ചെയ്തു.

ഇന്ത്യയിൽ  ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചതിനും, ഇന്ത്യൻ ജനങ്ങളോടും സർക്കാരിനോടും പ്രകടിപ്പിച്ച ആത്മാർത്ഥമായ അനുശോചനത്തിനും ഐക്യദാർഢ്യത്തിനും പ്രധാനമന്ത്രി  ബ്രസീലിനോട്  അഗാധമായ നന്ദി അറിയിച്ചു. അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെയുള്ള ഭീകരവാദത്തെയും അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലുമുള്ള അക്രമാസക്തമായ തീവ്രവാദത്തെയും ഇരു നേതാക്കളും അസന്ദിഗ്ധമായി അപലപിച്ചു. ഭീകരതയ്‌ക്കെതിരെ  അന്താരാഷ്ട്ര സമൂഹത്തിന്റെ  അടിയന്തര പ്രതികരണം ആവശ്യമാണെന്ന് ഇരുപക്ഷവും ഊന്നിപ്പറഞ്ഞു, അത്തരം ഹീനമായ പ്രവൃത്തികൾക്ക് ന്യായീകരണമില്ലെന്ന് അവർ പ്രഖ്യാപിച്ചു. രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളും ഭീകരതയും തടയുന്നതിലും ചെറുക്കുന്നതിലും സഹകരിക്കാനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചു. ഈ സാഹചര്യത്തിൽ, അന്താരാഷ്ട്ര ഭീകരതയെയും രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിനുള്ള സഹകരണം സംബന്ധിച്ച കരാറിൽ  ബ്രസീലും ഇന്ത്യയും ഒപ്പുവെച്ചതിനെ അവർ സ്വാഗതം ചെയ്തു. സൈബർ കുറ്റകൃത്യങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ കൺവെൻഷന്റെ അംഗീകാരത്തെ അവർ പ്രശംസിക്കുകയും 2025 ൽ ഹനോയിയിൽ നടക്കാനിരിക്കുന്ന ഒപ്പുവെക്കൽ ചടങ്ങിനെ പിന്തുണയ്ക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

1267 ആമത്  ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി കണ്ടെത്തിയ ലഷ്കർ-ഇ-തൊയ്ബ (എൽഇടി), ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) പോലുള്ള നിരോധിത സംഘടനകളുൾപ്പടെ  ഐക്യരാഷ്ട്രസഭ തിരിച്ചറിഞ്ഞ എല്ലാ  ഭീകരർക്കും ഭീകര സംഘടനകൾക്കുമെതിരെ യോജിച്ച നടപടികൾ സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയിലും എഫ്എടിഎഫിലും ഉൾപ്പെടെ ഭീകരവാദ ധനസഹായ മാർഗങ്ങൾ തകർക്കുന്നതിന് സജീവമായ നടപടികൾ സ്വീകരിക്കുന്നത് തുടരുന്നതിനുള്ള ശക്തമായ പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചു.

ബഹിരാകാശ പരിപാടിയിലെ  നേട്ടങ്ങൾക്ക് പ്രധാനമന്ത്രി മോദിയെയും ഇന്ത്യയെയും പ്രസിഡന്റ് ലുല അഭിനന്ദിച്ചു. ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗങ്ങൾ, സമുദ്ര-സംബന്ധമായ  സഹകരണം എന്നിവയുൾപ്പെടെ തന്ത്രപരമായ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നേതാക്കൾ സമ്മതിച്ചു. ഗവേഷണ വികസനം, പരിശീലനം എന്നിവയ്ക്ക് പുറമെ ഉപഗ്രഹ രൂപകൽപ്പന, വികസനം, വിക്ഷേപണ വാഹനങ്ങൾ, വാണിജ്യ വിക്ഷേപണ, നിയന്ത്രണ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ തങ്ങളുടെ ബഹിരാകാശ ഏജൻസികൾ തമ്മിലുള്ള സഹകരണത്തിന് കൂടുതൽ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഇരുപക്ഷവും സമ്മതിച്ചു.

വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ നിലവിലെ സാഹചര്യത്തിൽ, ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത നേതാക്കൾ ഊന്നിപ്പറഞ്ഞു. തർക്കങ്ങളുടെ സമാധാനപരമായ പരിഹാരത്തിനായി സംഭാഷണങ്ങളും മറ്റ് സംവിധാനങ്ങളും പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത അവർ അടിവരയിട്ടു, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം നയതന്ത്രമാണെന്ന് അവർ സ്ഥിരീകരിച്ചു. സുരക്ഷയും വികസനവും തമ്മിലുള്ള പരസ്പരാശ്രിതത്വം അവർ എടുത്തുകാണിക്കുകയും ശാശ്വത സമാധാനം ഉറപ്പാക്കുന്നതിന് അത്യാവശ്യമായ സമാധാന നിർമ്മാണത്തിനുള്ള നടപടികൾ വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.

ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ സമഗ്രമായ പരിഷ്കരണത്തിനായുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചു. സ്ഥിരം, സ്ഥിരമല്ലാത്ത അംഗത്വ വിഭാഗങ്ങളിലെ വിപുലീകരണം, ലാറ്റിൻ അമേരിക്ക, കരീബിയൻ, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ പ്രാതിനിധ്യം കുറഞ്ഞ പ്രദേശങ്ങളിലെ വികസ്വര രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ പ്രാതിനിധ്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സാഹചര്യത്തിൽ, വികസിപ്പിച്ച സുരക്ഷാ കൗൺസിലിൽ തങ്ങളുടെ രാജ്യങ്ങളുടെ സ്ഥിരാംഗത്വത്തിന് പരസ്പര പിന്തുണ അവർ ആവർത്തിച്ചു. സുരക്ഷാ കൗൺസിൽ പരിഷ്കരണത്തിന്റെ കാര്യങ്ങളിൽ ബ്രസീലും ഇന്ത്യയും അടുത്ത ഏകോപനത്തിൽ പ്രവർത്തിക്കുന്നത് തുടരുമെന്ന് നേതാക്കൾ ആവർത്തിച്ചു. 2028-29 കാലയളവിലേക്കുള്ള യുഎൻഎസ്‌സി യുടെ  സ്ഥിരമല്ലാത്ത സീറ്റിലേക്കുള്ള ഇന്ത്യയുടെ സ്ഥാനാർത്ഥിത്വത്തിന് ബ്രസീലിന്റെ പിന്തുണയെ ഇന്ത്യ സ്വാഗതം ചെയ്തു.

കൊളോണിയലിസത്തെ മറികടക്കുന്നതിനും പരമാധികാരം സ്ഥിരീകരിക്കുന്നതിനും  തങ്ങളുടെ രാജ്യങ്ങൾ നടത്തിയ  ചരിത്രപരമായ പോരാട്ടത്തെ നേതാക്കൾ അനുസ്മരിച്ചു, അന്താരാഷ്ട്ര നിയമത്തിന്റെ ഭരണത്തിൻ കീഴിൽ, 'ഗ്ലോബൽ സൗത്തി'ന്റെ  അഭിലാഷങ്ങൾ ശ്രദ്ധിച്ചുകൊണ്ട്, കൂടുതൽ ന്യായമായ ഒരു അന്താരാഷ്ട്ര ക്രമം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യങ്ങളുമായി ഇത് പൊരുത്തപ്പെട്ടു. 2025-ൽ ഐക്യരാഷ്ട്രസഭയുടെ 80-ാം വാർഷികം അനുസ്മരിച്ചുകൊണ്ട്,അന്താരാഷ്ട്ര വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കുന്ന    സ്ഥാപനങ്ങളിൽ വികസ്വര രാജ്യങ്ങളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുകയും സമകാലിക ഭൗമരാഷ്ട്രീയ യാഥാർത്ഥ്യങ്ങളുമായി അവയെ പൊരുത്തപ്പെടുത്തുകയും ചെയ്യുന്ന ആഗോള ഭരണ സ്ഥാപനങ്ങളുടെ അടിയന്തരവും സമഗ്രവുമായ പരിഷ്കരണത്തിന് അവർ പിന്തുണ അറിയിച്ചു. ഇന്നത്തെ കൂട്ടായ വെല്ലുവിളികളുടെ വ്യാപ്തി ഒരുപോലെ അഭിലാഷകരമായ പ്രതികരണം ആവശ്യപ്പെടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ അവർ, യുഎൻ ചാർട്ടറിന്റെ ആർട്ടിക്കിൾ 109 അനുസരിച്ച് ഒരു അവലോകന സമ്മേളനം വിളിച്ചുകൂട്ടുന്നത് ഉൾപ്പെടെ സമഗ്രമായ പരിഷ്കരണത്തെ പ്രോത്സാഹിപ്പിച്ചു.

പശ്ചിമേഷ്യയിലെ  സുരക്ഷാ സ്ഥിതിഗതികൾ അടുത്തിടെ വഷളായതിൽ നേതാക്കൾ ആശങ്ക പ്രകടിപ്പിക്കുകയും മേഖലയിലെ ഒന്നിലധികം സംഘർഷങ്ങൾ പരിഹരിക്കുന്നതിന് സംഭാഷണത്തിനും നയതന്ത്രത്തിനും പകരം മറ്റൊന്നില്ലെന്ന് ആവർത്തിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ, പശ്ചിമേഷ്യയിലെ   സുസ്ഥിരമായ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയ്ക്കായി ബന്ധപ്പെട്ട എല്ലാ കക്ഷികളും പ്രവർത്തിക്കുമെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.
ഇസ്രായേലുമായി സമാധാനത്തിലും സുരക്ഷയിലും പരസ്പരം അംഗീകരിക്കപ്പെട്ട അതിർത്തികളിൽ സുരക്ഷിതമായി ജീവിക്കുന്ന, പരമാധികാരവും പ്രായോഗികവും സ്വതന്ത്രവുമായ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലേക്ക് നയിക്കുന്ന ചർച്ചകളിലൂടെയുള്ള ദ്വി-രാഷ്ട്ര പരിഹാരത്തിന്റെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ഗാസയിലൂടെ വേഗത്തിലും സുരക്ഷിതമായും തടസ്സങ്ങളില്ലാതെയും മാനുഷിക പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്ന ഒരു സ്ഥിരമായ സമാധാനം ഉറപ്പാക്കുന്നതിന് തുടർച്ചയായ ചർച്ചകൾ നടത്താനുള്ള ആഹ്വാനവും അവർ ആവർത്തിച്ചു.

യുഎൻആർഡബ്ല്യുഎ (UNRWA ,United Nations Relief and Works Agency for Palestine Refugees in the Near East) യ്ക്കുള്ള തങ്ങളുടെ ഉറച്ച പിന്തുണ നേതാക്കൾ ആവർത്തിച്ച് ഉറപ്പിച്ചു, കൂടാതെ അഞ്ച് പ്രവർത്തന മേഖലകളിൽ,പലസ്തീൻ അഭയാർത്ഥികൾക്ക് അടിസ്ഥാന സേവനങ്ങൾ നൽകുന്നതിനായി യുഎൻജിഎ( UNGA ,United Nations General Assembly)നൽകിയ ഉത്തരവിനെ പൂർണ്ണമായും മാനിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.

ഉക്രെയ്നിലെ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്ത നേതാക്കൾ, ഭീമമായ മനുഷ്യ-ഭൗതിക നഷ്ടങ്ങളിലും 'ഗ്ലോബൽ സൗത്ത്' രാജ്യങ്ങളിലുമുണ്ടായ ആഘാതത്തിലും ഖേദം പ്രകടിപ്പിച്ചു. ശത്രുത അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളെ അവർ സ്വാഗതം ചെയ്യുകയും സംഘർഷത്തിന് സമാധാനപരവും ശാശ്വതവുമായ ഒരു പരിഹാരത്തിലേക്ക് മുന്നോട്ട് പോകണമെന്ന്  ബന്ധപ്പെട്ട കക്ഷികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

(ii) ഭക്ഷ്യ-പോഷകാഹാര സുരക്ഷ

തങ്ങളുടെ  രാജ്യങ്ങളിൽ വികസനം പിന്തുടരാനും, അസമത്വങ്ങൾക്കെതിരെ പോരാടാനും, സാമൂഹിക ഉൾപ്പെടുത്തൽ നയങ്ങൾ പ്രോത്സാഹിപ്പിക്കാനും ഉള്ള ദൃഢനിശ്ചയം നേതാക്കൾ വീണ്ടും ഉറപ്പിച്ചു. സുസ്ഥിര കൃഷി, പ്രതിഫലദായകമായ വരുമാനം, കർഷകർക്ക് വരുമാന പിന്തുണ എന്നിവയിലൂടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക, ദാരിദ്ര്യം, വിശപ്പ്, പോഷകാഹാരക്കുറവ് എന്നിവയാൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടവരിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും കൂടുതൽ പ്രാപ്യമാക്കുക എന്നിവയുൾപ്പെടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നയങ്ങളും പരിപാടികളും നടപ്പിലാക്കുന്നതിലൂടെ ഭക്ഷ്യ-പോഷകാഹാര സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള കൃത്യമായ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു. 2030 ഓടെ ലോകമെമ്പാടുമുള്ള വിശപ്പ് ഇല്ലാതാക്കുക എന്ന ലക്ഷ്യം അവർ ഓർമ്മിപ്പിച്ചു, തെളിയിക്കപ്പെട്ട ഫലപ്രാപ്തിയുടെ പൊതുനയങ്ങളും സാമൂഹിക സാങ്കേതികവിദ്യകളും നടപ്പിലാക്കുന്നതിനായി വിഭവങ്ങളും അറിവും സമാഹരിക്കുന്നതിൽ സഖ്യത്തിന് വഹിക്കാൻ കഴിയുന്ന നിർണായക പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, വിശപ്പിനും ദാരിദ്ര്യത്തിനുമെതിരായ ആഗോള സഖ്യത്തിന് പിന്തുണ നൽകാനും ഇരുവരും തീരുമാനിച്ചു.

ലോകത്തിലെ പ്രധാന ഭക്ഷ്യ ഉൽപ്പാദകരുടെ നേതാക്കൾ എന്ന നിലയിൽ, ഉൽപ്പാദനക്ഷമവും, സുസ്ഥിരവും, സ്ഥിരതയുള്ളതുമായ കാർഷിക ഭക്ഷ്യ സംവിധാനങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ ന്യായവും തുറന്നതുമായ കാർഷിക വ്യാപാരത്തിന്റെ നിർണായക പ്രാധാന്യത്തെ അവർ ഊന്നിപ്പറഞ്ഞു. ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾക്കായി പൊതു സ്റ്റോക്ക് ഹോൾഡിംഗ് ഉൾപ്പെടെ, നന്നായി പ്രവർത്തിക്കുന്ന കാർഷിക വിപണികളും കാർഷിക നയങ്ങളും നിലനിർത്തുന്നതിൽ  തങ്ങളുടെ സർക്കാരുകളുടെ മുഖ്യ പങ്ക് അവർ വീണ്ടും ഉറപ്പിച്ചു.കൂടാതെ,മുഴുവൻ ഭക്ഷ്യ വിതരണ ശൃംഖലയിലുടനീളമുള്ള കർഷകരുടെയും തൊഴിലാളികളുടെയും ഉപജീവനമാർഗ്ഗത്തെ പിന്തുണയ്ക്കുന്നതിലും ദേശീയ, പ്രാദേശിക, ആഗോള ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിലും ഇരുവരും, അവരുടെ പ്രധാന പങ്ക്  എടുത്ത് പറയുകയും ചെയ്തു. തുടർന്ന്, ഇരു രാജ്യങ്ങളുടെയും ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിനും സുസ്ഥിര കാർഷിക രീതികൾക്കുള്ള സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട്, ബഹുരാഷ്ട്ര തലത്തിൽ ഉൾപ്പെടെ, കൃഷിയിലും ഗ്രാമവികസനത്തിലും ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും അവർ യോജിച്ചു. പരിസ്ഥിതി, സുരക്ഷ അല്ലെങ്കിൽ കാലാവസ്ഥാ ആശങ്കകളുടെ മറവിൽ അവതരിപ്പിക്കുന്ന ഏകപക്ഷീയമായ നിയന്ത്രണങ്ങളോ സംരക്ഷണവാദ നടപടികളോ കാർഷിക വ്യാപാരത്തെ ദുർബലപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനും, തുറന്നതും നീതിയുക്തവും സുതാര്യവും ഉൾക്കൊള്ളുന്നതും തുല്യവും വിവേചനരഹിതവും നിയമാധിഷ്ഠിതവുമായ ബഹുരാഷ്ട്ര വ്യാപാര സംവിധാനത്തെ മാനിക്കാനും അവർ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

പ്രത്യുൽപാദന ബയോടെക്നോളജി സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെയും മൃഗങ്ങളുടെ പോഷണം വർദ്ധിപ്പിക്കുന്നതിലൂടെയും കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും മൃഗങ്ങളുടെ ജനിതകശാസ്ത്രം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള സംയുക്ത ഗവേഷണ വികസനത്തിന്റെ സാധ്യതകൾ നേതാക്കൾ അടിവരയിട്ടു. ഈ സാഹചര്യത്തിൽ, ഈ മേഖലയിൽ നല്ല ഫലങ്ങൾ കൈവരിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും പ്രസക്തമായ ഗവേഷണ-വികസന സ്ഥാപനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ അവർ പ്രോത്സാഹിപ്പിക്കുന്നു.

(iii) ഊർജ്ജ പരിവർത്തനവും കാലാവസ്ഥാ വ്യതിയാനവും

ജൈവ ഊർജ്ജം, ജൈവ ഇന്ധനങ്ങൾ എന്നീ മേഖലകളിൽ ഇന്ത്യയും ബ്രസീലും തമ്മിലുള്ള മികച്ച സഹകരണത്തെ നേതാക്കൾ പ്രശംസിക്കുകയും ഇരു രാജ്യങ്ങളും സ്ഥാപക അംഗങ്ങളായ ഗ്ലോബൽ ബയോഫ്യൂവൽസ് അലയൻസിൽ അവരുടെ പങ്കാളിത്തം പുതുക്കുകയും ചെയ്തു. ഒന്നിലധികം പാതകളിലൂടെ ശുദ്ധവും, സുസ്ഥിരവും, നീതിയുക്തവും, താങ്ങാനാവുന്നതും, ഉൾക്കൊള്ളുന്നതുമായ ഊർജ്ജ പരിവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത നേതാക്കൾ തിരിച്ചറിഞ്ഞു, അതേസമയം വിവിധ കുറഞ്ഞ ഉദ്‌വമന ഊർജ്ജ സ്രോതസ്സുകൾ, സുസ്ഥിര ഇന്ധനങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവ വിന്യസിക്കുന്നതിന് നിഷ്പക്ഷ-സാങ്കേതികവിദ്യയുടേയും,സംയോജിതവും, ഉൾക്കൊള്ളുന്നതുമായ സമീപനങ്ങളുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഈ സാഹചര്യത്തിൽ, ഗതാഗത, മൊബിലിറ്റി മേഖലയെ ഡീകാർബണൈസ്(കാർബൺ മുക്തം)ചെയ്യുന്നതിലും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിലും സുസ്ഥിര ജൈവ ഇന്ധനങ്ങളുടെയും ഫ്ലെക്സ്-ഇന്ധന വാഹനങ്ങളുടെയും നിർണായക പങ്ക് അവർ എടുത്തുകാണിച്ചു. വ്യോമയാന മേഖലയിൽ നിന്നുള്ള ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള പ്രധാനവും, പക്വവും, പ്രായോഗികവുമായ പാതയായി നിലവിൽ സുസ്ഥിര വ്യോമയാന ഇന്ധനം (SAF) നിലനിൽക്കുന്നുവെന്നും, SAF ന്റെ വിന്യാസത്തിലും വികസനത്തിലും SAF ലെ ഇന്ത്യ-ബ്രസീൽ പങ്കാളിത്തത്തിന് വഹിക്കാൻ കഴിയുന്ന പങ്ക് അംഗീകരിക്കുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

COP30 ന് മുന്നോടിയായി ട്രോപ്പിക്കൽ ഫോറസ്റ്റ്സ് ഫോറെവർ ഫണ്ട് (TFFF) ആരംഭിക്കാനുള്ള ബ്രസീലിന്റെ സംരംഭത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. കൂടാതെ ഈ സംരംഭത്തിന് സൃഷ്ടിപരവും ഫലപ്രദവുമായ പങ്ക് വഹിക്കാൻ കഴിയുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. ഉഷ്ണമേഖലാ വനങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു അന്താരാഷ്ട്ര സംവിധാനം സ്ഥാപിക്കുന്നതിന് പിന്തുണ നൽകുന്നതിനായി മൂർത്തമായ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള കൈമാറ്റങ്ങളും സംയുക്ത ശ്രമങ്ങളും വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും അടിവരയിട്ടു. "1.3 ട്രില്യൺ യുഎസ് ഡോളറിന് ബാക്കു മുതൽ ബെലെം വരെയുള്ള റോഡ്മാപ്പ്" വികസിപ്പിക്കുന്നതിന് സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ, COP30 ധനമന്ത്രിമാരുടെ കൂട്ടായ്മയിൽ  ചേരാൻ ബ്രസീൽ നൽകിയ ക്ഷണത്തിന് ഇന്ത്യ നന്ദി രേഖപ്പെടുത്തി, ഈ പ്രക്രിയയിൽ സജീവമായ സംഭാവന നൽകുന്നതിൽ തന്റെ സർക്കാരിന്റെ താൽപ്പര്യം പ്രധാനമന്ത്രി അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനം നമ്മുടെ കാലത്തെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണെന്നും സുസ്ഥിര വികസനത്തിന്റെയും ദാരിദ്ര്യ നിർമാർജനത്തിന്റെയും പശ്ചാത്തലത്തിൽ അത് പരിഹരിക്കേണ്ടതുണ്ടെന്നും നേതാക്കൾ സമ്മതിച്ചു. ഈ വിഷയത്തിൽ ഉഭയകക്ഷി സഹകരണം വിശാലമാക്കാനും ആഴത്തിലാക്കാനും വൈവിധ്യവൽക്കരിക്കാനുമുള്ള പ്രതിബദ്ധത അവർ പുതുക്കുന്നു, കൂടാതെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ചട്ടക്കൂട് കൺവെൻഷൻ (UNFCCC), അതിന്റെ ക്യോട്ടോ പ്രോട്ടോക്കോൾ, അതിന്റെ പാരീസ് കരാർ എന്നിവ പ്രകാരം കാലാവസ്ഥാ വ്യതിയാന ഭരണകൂടം ശക്തിപ്പെടുത്തുന്നതിനായി സംഭാഷണവും ഏകോപനവും തേടുന്നത് തുടരും. ആഗോള കാലാവസ്ഥാ പ്രതിസന്ധിയുടെ ഗൗരവവും അടിയന്തിരതയും മനസ്സിൽ വെച്ചുകൊണ്ട്, തുല്യതയും ലഭ്യമായ ഏറ്റവും മികച്ച ശാസ്ത്രവും കണക്കിലെടുത്ത്, കൺവെൻഷൻ നടപ്പിലാക്കുന്നതിനും അതിന്റെ പാരീസ് കരാറിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് അവർ പ്രതിജ്ഞയെടുത്തു.രാജ്യങ്ങൾക്കുള്ളിലും രാജ്യങ്ങൾക്കിടയിലുമുള്ള അസമത്വങ്ങൾ പരിഹരിക്കുന്ന തരത്തിൽ കാലാവസ്ഥാ വ്യതിയാനത്തോടുള്ള ബഹുമുഖ പ്രതികരണം വർദ്ധിപ്പിക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയം അവർ ആവർത്തിച്ചു. മൂന്നാം രാജ്യങ്ങളിലെ ISA (ഇന്റർനാഷണൽ സോളാർ അലയൻസ്), CDRI (കൊളീഷൻ ഫോർ ഡിസാസ്റ്റർ റെസിലിയന്റ് ഇൻഫ്രാസ്ട്രക്ചർ) എന്നിവയുമായി സഹകരിച്ചുള്ള സംയുക്ത പദ്ധതികളുടെ പ്രാധാന്യവും നേതാക്കൾ അടിവരയിട്ടു. 2025 നവംബറിൽ ബെലെമിൽ നടക്കാനിരിക്കുന്ന UNFCCC-യിലെ പാർട്ടികളുടെ 30-ാമത് സമ്മേളനത്തിന്റെ (COP30) ബ്രസീലിയൻ അധ്യക്ഷ സ്ഥാനത്തിന് ഇന്ത്യ പിന്തുണ ഉറപ്പ് നൽകി.

ഇന്ത്യ-ബ്രസീൽ സാമ്പത്തിക, ധനകാര്യ  ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ അംഗീകരിക്കുകയും സുസ്ഥിര വികസനം, പ്രാദേശിക കറൻസി ധനസഹായം, കാലാവസ്ഥാ ധനസഹായം, മൂലധന വിപണികൾ എന്നിവയുൾപ്പെടെ സഹകരണ മേഖലകൾ വിശാലമാക്കുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. പ്രസക്തമായ ബഹുരാഷ്ട്ര വേദികളിലും G20 ഫിനാൻസ് ട്രാക്ക്, BRICS, IBSA, ലോക ബാങ്ക്, അന്താരാഷ്ട്ര നാണയ നിധി (IMF), ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (AIIB), ന്യു ഡെവലപ്മെന്റ് ബാങ്ക് (NDB) തുടങ്ങിയ മറ്റ് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിലും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത അവർ ആവർത്തിച്ചു. പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ പതിവ് കൂടിയാലോചനകൾ സ്ഥാപിക്കുന്നതിനുള്ള സംവിധാനങ്ങൾ പര്യവേക്ഷണം ചെയ്യാനും  നേതാക്കൾ സമ്മതിച്ചു.

വികസനത്തിനുള്ള ധനസഹായം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ക്രിയാത്മക നടപടിയായി 'സെവില്ലെ പ്രതിബദ്ധത'(Seville Commitment)അംഗീകരിക്കുന്നതിനെ നേതാക്കൾ പിന്തുണച്ചു. വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ ഐക്യരാഷ്ട്രസഭയ്ക്ക് നേതൃത്വപരമായ പങ്കുള്ളതിനാൽ, കൂടുതൽ ശക്തവും, കൂടുതൽ സ്ഥിരതയുള്ളതും, കൂടുതൽ ഉൾക്കൊള്ളുന്നതുമായ ഒരു അന്താരാഷ്ട്ര സാമ്പത്തിക,ധനകാര്യ ഘടനയ്ക്കുള്ള തങ്ങളുടെ പ്രതിബദ്ധത അവർ വീണ്ടും ഉറപ്പിച്ചു. ഇളവുള്ള ധനസഹായത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തേണ്ടതിന്റെയും, ഔദ്യോഗിക വികസന സഹായത്തിലെ (ഒഡിഎ) കുറഞ്ഞുവരുന്ന പ്രവണതകൾ മാറ്റേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞ നേതാക്കൾ ,വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്കുള്ള അവരുടെ ഒഡിഎ പ്രതിബദ്ധതകൾ വർദ്ധിപ്പിക്കാനും നിറവേറ്റാനും ആഹ്വാനം ചെയ്യുകയും ചെയ്തു .

2030 ലെ സുസ്ഥിര വികസനത്തിനായുള്ള അജണ്ടയുടെ പൂർണ്ണമായ നടത്തിപ്പിനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ച് ഉറപ്പിച്ചു, അത് നടപ്പിലാക്കുന്നതിന് ആവശ്യമായ മാർഗങ്ങൾ സമാഹരിച്ചു. പരിസ്ഥിതി, സാമ്പത്തികം , സാമൂഹികം  എന്നീ മൂന്ന് മാനങ്ങളിൽ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ജൈവ സമ്പദ്‌വ്യവസ്ഥയ്ക്കും വൃത്താകൃതിയിലുള്ള സമ്പദ്‌വ്യവസ്ഥയ്ക്കും(വസ്തുക്കളുടെയോ ഉൽപ്പന്നങ്ങളുടെയോ പുനരുപയോഗത്തെയും പുനരുജ്ജീവനത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു സാമ്പത്തിക വ്യവസ്ഥ) ഒരു ഉപകരണമായി വർത്തിക്കാൻ  കഴിയുമെന്ന് അവർ അടിവരയിട്ടു.

(iv) ഡിജിറ്റൽ പരിവർത്തനവും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളും

ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ (DPI), കൃത്രിമ ബുദ്ധി (AI), മറ്റ് ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ അജണ്ട - അവരുടെ സമൂഹങ്ങളുടെ സാമ്പത്തിക വികസനത്തിനും ഡിജിറ്റൽ പരിവർത്തനത്തിനും നിർണായകമാണെന്ന് തിരിച്ചറിഞ്ഞ നേതാക്കൾ, നൂതന ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് സഹകരണ ചട്ടക്കൂടുകളും പദ്ധതികളും പര്യവേക്ഷണം ചെയ്യുന്നതിലും മുന്നോട്ട് കൊണ്ടുപോകുന്നതിലും സഹകരണത്തെ സ്വാഗതം ചെയ്തു. ഈ കാര്യത്തിൽ സംയുക്ത പങ്കാളിത്തം രൂപപ്പെടുത്തുന്നതിൽ പ്രവർത്തിക്കാൻ ഇരുപക്ഷവും സമ്മതിച്ചു, ഈ സഹകരണം വികസിപ്പിക്കുന്നതിനും, ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സംയുക്ത സംരംഭങ്ങൾ വളർത്തുന്നതിനും, നല്ല രീതികളുടെ കൈമാറ്റം, പൈലറ്റ് പദ്ധതികളുടെയും സ്ഥാപന സഹകരണത്തിന്റെയും വികസനം, ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനും അവരുടെ പൗരന്മാർക്ക് ഗുണനിലവാരമുള്ള പൊതു സേവനങ്ങൾ നൽകുന്നതിനും ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ സ്വാഗതം ചെയ്തു. ഡിജിറ്റൽ ഭരണവുമായി ബന്ധപ്പെട്ട ബഹുമുഖ വേദികളിൽ ഒരുമിച്ച് പ്രവർത്തിക്കാനും നിർമ്മിത ബുദ്ധിയും അതിന്റെ സാധ്യതയുള്ള അപകടസാധ്യതകളും നേട്ടങ്ങളും എന്ന വിഷയത്തിൽ പ്രത്യേക ശ്രദ്ധ നൽകാനും അവർ പ്രതിജ്ഞയെടുത്തു. 2026-ൽ നടക്കുന്ന അടുത്ത AI ഉച്ചകോടിക്ക് നേതൃത്വം നൽകുന്നതിന് ഇന്ത്യയെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ അഭിനന്ദിച്ചു.

ഇരു രാജ്യങ്ങളുടെയും പരസ്പര മൂല്യങ്ങളുടെയും പരസ്പര പൂരക ശക്തികളുടെയും അടിസ്ഥാനത്തിൽ, ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം (STI) എന്നിവയിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചുള്ള തങ്ങളുടെ വീക്ഷണം നേതാക്കൾ വീണ്ടും ഉറപ്പിച്ചു. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, കൃത്രിമ ബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യകൾ, പുനരുപയോഗ ഊർജ്ജം, ബഹിരാകാശം തുടങ്ങിയ ഇരു രാജ്യങ്ങളുടെയും മുൻഗണനാ മേഖലകളിൽ സഹകരണം വളർത്തിയെടുക്കുന്നതിന്, ശാസ്ത്ര-സാങ്കേതിക സഹകരണത്തിനായുള്ള സംയുക്ത കമ്മീഷൻ വിളിച്ചുകൂട്ടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവർ സമ്മതിച്ചു. ഗവേഷകർ, നവീകരണ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവ തമ്മിലുള്ള നേരിട്ടുള്ള ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യവും നേതാക്കൾ അടിവരയിട്ടു.

(v) തന്ത്രപരമായ മേഖലകളിലെ വ്യാവസായിക പങ്കാളിത്തം

വളർന്നുവരുന്ന സംരക്ഷണവാദത്താൽ അടയാളപ്പെടുത്തിയ വർദ്ധിതമായ വെല്ലുവിളി നിറഞ്ഞ ആഗോള സാഹചര്യത്തിൽ, ഉഭയകക്ഷി സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ആഴത്തിലാക്കാനുള്ള സന്നദ്ധത നേതാക്കൾ വീണ്ടും ഉറപ്പിച്ചു. തങ്ങളുടെ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര പ്രവാഹങ്ങളിലെ വളർച്ചയ്ക്കുള്ള വലിയ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട്, ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യപരവും സാങ്കേതികവുമായ പാരസ്പര്യം പര്യവേക്ഷണം ചെയ്യാനും ഇനിപ്പറയുന്ന പ്രധാന വ്യാവസായിക മേഖലകളിൽ ഉഭയകക്ഷി പങ്കാളിത്തത്തിലൂടെ ഉൾപ്പെടെ കൂടുതൽ സഹകരിക്കാനും അവർ സമ്മതിച്ചു: (i) ഔഷധ വ്യവസായം; (ii) പ്രതിരോധ ഉപകരണങ്ങൾ; (iii) ഖനനം & ധാതുക്കൾ; (iv) എണ്ണ & വാതക മേഖലയിലെ ഗവേഷണം, പര്യവേക്ഷണം, വേർതിരിച്ചെടുക്കൽ, ശുദ്ധീകരണം, വിതരണം 

ഇരു രാജ്യങ്ങളും തമ്മിലുള്ള പാരസ്പര്യത്താൽ നയിക്കപ്പെടുന്ന, ഔഷധ മേഖലയിൽ വർദ്ധിച്ചുവരുന്ന ഉഭയകക്ഷി സഹകരണത്തെ നേതാക്കൾ സ്വാഗതം ചെയ്തു. ബ്രസീലിൽ പ്രവർത്തനങ്ങളുള്ള ഇന്ത്യൻ ഔഷധ കമ്പനികളുടെ എണ്ണം വർദ്ധിക്കുന്നതിൽ അവർ സംതൃപ്തി രേഖപ്പെടുത്തി, ജനറിക് മരുന്നുകളും സജീവ ഔഷധ ചേരുവകളും (API) ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ പ്രാദേശിക ഉൽ‌പാദനത്തിൽ സഹായിക്കുന്നതിന് ബ്രസീലിയൻ ആരോഗ്യ, ഔഷധ കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിനെ അവർ പ്രോത്സാഹിപ്പിച്ചു. അവഗണിക്കപ്പെട്ടതും ഉഷ്ണമേഖലാ രോഗങ്ങൾക്കും ഉൾപ്പെടെ പുതിയ മരുന്നുകൾ വികസിപ്പിക്കുന്നതിന് സംയുക്ത ഗവേഷണ വികസന സംരംഭങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഇരു രാജ്യങ്ങളിലെയും പ്രസക്തമായ സ്ഥാപനങ്ങളെയും അവർ പ്രോത്സാഹിപ്പിച്ചു. ഔഷധ വ്യവസായത്തിലെ കൂടുതൽ സഹകരണം ഇരു രാജ്യങ്ങളിലെയും ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുമെന്നും ​ഗ്ലോബൽ സൗത്തിലുടനീളം താങ്ങാനാവുന്ന ഗുണനിലവാരമുള്ള മരുന്നുകൾക്ക് തുല്യമായ ലഭ്യത ഉറപ്പാക്കുന്നതിനുള്ള ഒരു അജണ്ട കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകുമെന്നും അവർ കാഴ്ചപ്പാട് പങ്കിട്ടു.

ഇന്ത്യയിലെയും ബ്രസീലിലെയും പൊതു, സ്വകാര്യ മേഖലാ കമ്പനികൾക്കിടയിൽ വ്യോമയാന മേഖലയിൽ കൂടുതൽ സഹകരണത്തിനുള്ള അവസരങ്ങൾ നേതാക്കൾ ശ്രദ്ധിക്കുകയും അവരുടെ സഹകരണം ശക്തിപ്പെടുത്താൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പ്രതിരോധ മേഖലയിൽ ശക്തമായ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചു. സഹകരണത്തിന്റെ പുതിയ വഴികൾ കണ്ടെത്താനും വ്യാവസായിക പങ്കാളിത്തം സ്ഥാപിക്കാനും ഇരു നേതാക്കളും തങ്ങളുടെ പ്രതിരോധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചു. കര സംവിധാനങ്ങൾ, സമുദ്ര ആസ്തികൾ, വ്യോമ ശേഷികൾ എന്നീ മേഖലകളിൽ മെച്ചപ്പെട്ട സഹകരണത്തിന്റെ സാധ്യതകളെ അവർ കൂടുതൽ വിലമതിക്കുന്നു.

സാമ്പത്തിക വികസനത്തിനും ദേശീയ സുരക്ഷയ്ക്കും സോളാർ പാനലുകൾ, കാറ്റാടി യന്ത്രങ്ങൾ, വൈദ്യുത വാഹനങ്ങൾ, ഊർജ്ജ സംഭരണ ​​സംവിധാനങ്ങൾ തുടങ്ങിയ ശുദ്ധമായ ഊർജ്ജ സാങ്കേതികവിദ്യകൾക്കും നിർണായക ധാതുക്കൾ അനിവാര്യമാണെന്ന് ഊന്നിപ്പറഞ്ഞ നേതാക്കൾ, ധാതു പര്യവേക്ഷണം, ഖനനം, ഗുണഭോക്തൃവൽക്കരണം, സംസ്കരണം, പുനരുപയോഗം, നിർണായക ധാതുക്കളുടെ ശുദ്ധീകരണം എന്നിവയിൽ വിതരണ മൂല്യ ശൃംഖലകളും ആഗോള മത്സരക്ഷമതയും ശക്തിപ്പെടുത്തുന്നതുൾപ്പെടെ പുതിയതും ഉയർന്നുവരുന്നതുമായ മേഖലകളിൽ ഇരു രാജ്യങ്ങളിലെയും പൊതു-സ്വകാര്യ കമ്പനികൾ തമ്മിലുള്ള സംയുക്ത സഹകരണത്തെ സ്വാഗതം ചെയ്തു.

ഓഫ്‌ഷോർ മേഖലകളിലെ സംയുക്ത പദ്ധതികൾ ഉൾപ്പെടെ ഉഭയകക്ഷി സഹകരണത്തിൽ കൂടുതൽ ഏർപ്പെടാൻ ഇരു രാജ്യങ്ങളിലെയും എണ്ണ, വാതക സംരംഭങ്ങളെ നേതാക്കൾ പ്രോത്സാഹിപ്പിച്ചു, നേരത്തെയുള്ള ഉൽപ്പാദനവും വ്യക്തമായ വരുമാനവും നേടാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും സംരംഭങ്ങളെ സഹകരണത്തിന്റെ പുതിയ വഴികൾ പര്യവേക്ഷണം ചെയ്യാൻ അവർ പ്രോത്സാഹിപ്പിച്ചു, ഉദാഹരണത്തിന് അബേറ്റ്മെന്റ്, കാർബൺ പിടിച്ചെടുക്കൽ സാങ്കേതികവിദ്യകൾ എന്നിവയിൽ.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ പൂർണ്ണ സാധ്യതകൾ തുറക്കുന്നതിനായി, ഉഭയകക്ഷി വ്യാപാരത്തിൽ നിലവിലുള്ള താരിഫ് ഇതര തടസ്സങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും ഇരു നേതാക്കളും അതത് അധികാരികൾക്ക് നിർദ്ദേശം നൽകി.

വിസ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിന് ഏകോപിതമായി പ്രവർത്തിക്കുന്നതിനൊപ്പം, അവയ്ക്കിടയിലുള്ള ചലനാത്മകത സുഗമമാക്കുന്നതിനും ടൂറിസത്തിനും ബിസിനസ്സിനുമുള്ള യാത്രാ ഒഴുക്ക് വർദ്ധിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്.

ഇരു ദിശകളിലുമുള്ള നിക്ഷേപങ്ങളിലെ സമീപകാല വർദ്ധനവും ബ്രസീലിയൻ, ഇന്ത്യൻ ബിസിനസുകൾക്കിടയിൽ സ്ഥാപിതമായ വിജയകരമായ പങ്കാളിത്തവും അംഗീകരിച്ചുകൊണ്ട്, ഉഭയകക്ഷി വ്യാപാരം, വാണിജ്യം, നിക്ഷേപം എന്നിവ വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു വാണിജ്യ, വ്യാപാര അവലോകന സംവിധാനം മന്ത്രിതലത്തിൽ സ്ഥാപിക്കുന്നതിന് ഇരു നേതാക്കളും സമ്മതിച്ചു. ഇക്കാര്യത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് നേതാക്കൾ അടിവരയിട്ടു, പരസ്പര ബിസിനസ്സിനും നിക്ഷേപത്തിനും അവസരങ്ങൾ തേടുന്നത് തുടരാൻ ഇരു രാജ്യങ്ങളിലെയും ബിസിനസ്സ് നേതാക്കളോട് ആവശ്യപ്പെട്ടു. 2020 ജനുവരി 25 ന് ഒപ്പുവച്ച ഉഭയകക്ഷി നിക്ഷേപ സഹകരണവും സൗകര്യവും സംബന്ധിച്ച ഉടമ്പടിയും 2022 ഓഗസ്റ്റ് 24 ന് ഒപ്പുവച്ച ഇരട്ട നികുതി ഒഴിവാക്കുന്നതിനുള്ള കൺവെൻഷൻ ഭേദഗതി ചെയ്യുന്ന പ്രോട്ടോക്കോളും നടപ്പിലാക്കുന്നത് വേഗത്തിലാക്കാൻ അവർ സമ്മതിച്ചു. ബ്രസീൽ-ഇന്ത്യ ബിസിനസ് കൗൺസിൽ വഴി ഈ ലക്ഷ്യത്തിലേക്ക് ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരാൻ ഇരു രാജ്യങ്ങളിലെയും സംരംഭകരെയും വ്യവസായ ചേംബറുകളെയും അവർ ക്ഷണിച്ചു.

ഇന്ത്യയുടെ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പും ബ്രസീലിന്റെ വികസന, വ്യവസായ, വ്യാപാര, സേവന മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു. പരസ്പര നേട്ടത്തിനായി നവീകരണം, സർഗ്ഗാത്മകത, സാങ്കേതിക പുരോഗതി, മികച്ച രീതികളുടെ കൈമാറ്റം, ഐപി അവബോധം വളർത്തൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് മൂർത്തമായ സംരംഭങ്ങൾ നടപ്പിലാക്കാൻ ഇരു സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിച്ചു. സാവോ പോളോയിൽ എക്സിം ബാങ്ക് ഓഫ് ഇന്ത്യയുടെയും ഡൽഹിയിൽ ANVISA (Agência Nacional de Vigilância Sanitária - ബ്രസീലിയൻ ഹെൽത്ത് റെഗുലേറ്ററി ഏജൻസി)യുടെയും പ്രതിനിധി ഓഫീസ് അടുത്തിടെ തുറന്നതിനെ അവർ സ്വാഗതം ചെയ്തു.

ഉഭയകക്ഷി സഹകരണത്തിന്റെ മറ്റ് മേഖലകൾ

സംസ്കാരം, ആരോഗ്യം, കായികം, പരമ്പരാഗത അറിവ് എന്നീ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി ധാരണകളിലെ പുരോഗതിയിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി. പരസ്പര ധാരണ വർദ്ധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും സമ്പന്നമായ സാംസ്കാരിക വൈവിധ്യം ആഘോഷിക്കുന്നതിനും സാംസ്കാരിക വിനിമയങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ നേതാക്കൾ, ഇരു രാജ്യങ്ങൾക്കുമിടയിൽ ആശയങ്ങളുടെയും കലകളുടെയും പാരമ്പര്യങ്ങളുടെയും ഊർജ്ജസ്വലമായ ഒഴുക്ക് വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ സാംസ്കാരിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി 2025-2029 വർഷത്തേക്കുള്ള സാംസ്കാരിക വിനിമയ പരിപാടി പുതുക്കുന്നതിന് പ്രോത്സാഹനം നൽകി. ഉയർന്നുവരുന്ന സൃഷ്ടിപരമായ വ്യവസായങ്ങളെ അന്താരാഷ്ട്ര വിപണികളിലേക്ക് മത്സരാധിഷ്ഠിതമായി സംയോജിപ്പിക്കുന്നതിനും അതുവഴി സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിനും അവയുടെ ആഗോള സാംസ്കാരിക വ്യാപ്തി വികസിപ്പിക്കുന്നതിനുമുള്ള തന്ത്രങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ പ്രസക്തമായ ​ഗവൺമെന്റ് ഏജൻസികളെ ഉൾപ്പെടുത്താനും അവർ സമ്മതിച്ചു.

ഉഭയകക്ഷി വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്താനുള്ള സാധ്യതകളിൽ നേതാക്കൾ യോജിപ്പിലെത്തി. ബ്രസീലിന്റെ ബിരുദ വിദ്യാർത്ഥികൾക്കുള്ള വിനിമയ പരിപാടിക്ക് (PEC) ഇന്ത്യൻ വിദ്യാർത്ഥികൾ അർഹരാണെന്നും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) വാഗ്ദാനം ചെയ്യുന്ന സ്കോളർഷിപ്പുകൾക്ക് ബ്രസീലിയൻ വിദ്യാർത്ഥികൾ അർഹരാണെന്നും അവർ ഓർമ്മിപ്പിച്ചു. പ്രതിരോധ പരിശീലനം ഉൾപ്പെടെ പരിശീലനത്തിലും ശേഷി വർദ്ധിപ്പിക്കലിലും ഇരുപക്ഷവും സഹകരണം പ്രോത്സാഹിപ്പിച്ചു. ഏഷ്യ-പസഫിക് മേഖലയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ പരിപാടിയായ ഏഷ്യ-പസഫിക് അസോസിയേഷൻ ഫോർ ഇന്റർനാഷണൽ എഡ്യൂക്കേഷന്റെ (APAIE) 2025 ലെ വാർഷിക സമ്മേളനത്തിൽ ന്യൂഡൽഹിയിൽ നടന്ന ബ്രസീലിന്റെ പങ്കാളിത്തത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു.

ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുക, ജനങ്ങൾ തമ്മിലുള്ള ബന്ധവും ബിസിനസ്സ്-ബിസിനസ് ബന്ധങ്ങളും വളർത്തിയെടുക്കുക എന്നീ പരസ്പര ലക്ഷ്യത്തിന് അനുസൃതമായി, സംസ്ഥാന സന്ദർശന വേളയിൽ ഇനിപ്പറയുന്ന കരാറുകളിൽ ഒപ്പുവെച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്യുന്നു:

* അന്താരാഷ്ട്ര ഭീകരതയെയും രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിനുള്ള സഹകരണത്തിനുള്ള കരാർ.

* ക്ലാസിഫൈഡ് വിവരങ്ങളുടെ കൈമാറ്റവും പരസ്പര സംരക്ഷണവും സംബന്ധിച്ച കരാർ.

* പുനരുപയോഗ ഊർജ്ജത്തിലെ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം.

* EMBRAPA യും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചും തമ്മിലുള്ള കാർഷിക ഗവേഷണ ധാരണാപത്രം.

* ഡിജിറ്റൽ പരിവർത്തനത്തിനായുള്ള വിജയകരമായ വലിയ തോതിലുള്ള ഡിജിറ്റൽ പരിഹാരങ്ങൾ പങ്കിടുന്നതിനുള്ള സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം.

* ഇന്ത്യയിലെ DPIIT യും ബ്രസീലിലെ MDIC യും തമ്മിലുള്ള ബൗദ്ധിക സ്വത്തവകാശ മേഖലയിലെ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം

താഴെപ്പറയുന്ന ഉഭയകക്ഷി കരാറുകൾ എത്രയും വേഗം അന്തിമമാക്കുന്നതിനായി സഹകരിക്കാൻ ഓരോ രാജ്യത്തെയും ബന്ധപ്പെട്ട ​ഗവൺമെന്റ് സ്ഥാപനങ്ങളോട് നേതാക്കൾ നിർദ്ദേശിച്ചു:

* സിവിൽ കാര്യങ്ങളിൽ പരസ്പര നിയമ സഹായത്തെക്കുറിച്ചുള്ള കരാർ.

* പ്രതിരോധ വ്യവസായ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം.

* കായിക സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം.

* ആർക്കൈവൽ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം.

* സാംസ്കാരിക വിനിമയ പരിപാടി (സി ഇ പി) 2025–2029.

ബ്രസീലിന്റെയും ഇന്ത്യയുടെയും വിദേശനയങ്ങളെ നയിക്കുന്ന സമാധാനം, സമൃദ്ധി, സുസ്ഥിര വികസനം എന്നീ ഉന്നത ലക്ഷ്യങ്ങളെ അനുസ്മരിച്ചുകൊണ്ട്, ബഹുസ്വരത പുലർത്തുന്ന, അതിജീവനശേഷിയുളള ജനങ്ങളുള്ള, ​ഗ്ലോബൽ സൗത്തിൽ നിന്നുള്ള ഈ രണ്ട് ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളുടെ നേതാക്കൾ, തങ്ങളുടെ ഉഭയകക്ഷി സംഭാഷണ പഥങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും, എല്ലാവർക്കും വേണ്ടിയുള്ള നീതിയുക്തവും, കൂടുതൽ ഉൾക്കൊള്ളുന്നതും, കൂടുതൽ സുസ്ഥിരവുമായ ഒരു ലോകത്തിന്റെ സഹ-ശിൽപികൾ എന്ന നിലയിൽ അന്താരാഷ്ട്ര കാര്യങ്ങളിൽ ഇരു രാജ്യങ്ങളുടെയും വ്യതിരിക്തമായ പങ്കിന് അനുസൃതമായി വളരുന്നതും വൈവിധ്യപൂർണ്ണവുമായ സഹകരണ അജണ്ട പ്രോത്സാഹിപ്പിക്കാനും സമ്മതിച്ചു.

ഔദ്യോ​ഗിക സന്ദർശനത്തിലും 17-ാമത് ബ്രിക്സ് ഉച്ചകോടിയിലും തനിക്കും തന്റെ പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയോട് നന്ദി പറഞ്ഞു, കൂടാതെ പരസ്പരം സൗകര്യപ്രദമായ സമയത്ത് ഇന്ത്യ സന്ദർശിക്കാൻ പ്രസിഡന്റിനെ മോദി ക്ഷണിച്ചു. പ്രസിഡന്റ് ലുല ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചു.

 

-SK-


(Release ID: 2143398)