സഹകരണ മന്ത്രാലയം
ഗുജറാത്തിലെ ആനന്ദിൽ രാജ്യത്തെ ആദ്യ സഹകരണ സർവകലാശാലയായ ‘ത്രിഭുവൻ’ സഹകാരി സർവകലാശാലയുടെ ഭൂമിപൂജ നിർവഹിച്ച് കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ
Posted On:
05 JUL 2025 6:48PM by PIB Thiruvananthpuram
രാജ്യത്തെ ആദ്യ സഹകരണ സർവകലാശാലയായ 'ത്രിഭുവൻ' സഹകാരി സർവകലാശാലയുടെ ഭൂമിപൂജ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ഗുജറാത്തിലെ ആനന്ദിൽ നിർവഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, സഹകരണ മന്ത്രാലയ സെക്രട്ടറി ഡോ. ആശിഷ് കുമാർ ഭൂട്ടാനി എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ത്രിഭുവൻ ദാസ് പട്ടേൽ ജിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച സുദിനം സഹകരണ മേഖലയ്ക്ക് സുപ്രധാന ദിവസമാണെന്ന് ശ്രീ അമിത് ഷാ തന്റെ അഭിസംബോധനയില്‍ പറഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് ദരിദ്രരുടെയും ഗ്രാമീണരുടെയും ജീവിതത്തിൽ പ്രതീക്ഷ പടര്‍ത്താനും അവരെ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുത്താനും ലക്ഷ്യമിട്ടാണ് നാലുവർഷം മുന്‍പ് പ്രധാനമന്ത്രി മോദി സഹകരണ മന്ത്രാലയം സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ മന്ത്രാലയം രൂപീകരിച്ചതുമുതല്‍ കഴിഞ്ഞ നാല് വർഷത്തിനിടെ രാജ്യത്തെ സഹകരണ മേഖലയുടെ വികസനത്തിനും പ്രോത്സാഹനത്തിനും തുല്യ വളർച്ചയ്ക്കും 60 പുതിയ സംരംഭങ്ങൾക്ക് മന്ത്രാലയം തുടക്കം കുറിച്ചു. സഹകരണ പ്രസ്ഥാനത്തെ അനശ്വരവും സുതാര്യവും ജനാധിപത്യപരവുമാക്കുന്നതിനൊപ്പം അതിന്റെ വികസനത്തിനും സഹകരണത്തിലൂടെ കർഷക വരുമാനം വര്‍ധിപ്പിക്കാനും സഹകരണ പ്രസ്ഥാനത്തിൽ സ്ത്രീശക്തിയുടെയും യുവതയുടെയും പങ്കാളിത്തം മെച്ചപ്പെടുത്താനുമാണ് ഈ സംരംഭങ്ങളെല്ലാം നടപ്പാക്കിയതെന്ന് ശ്രീ ഷാ പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ സഹകരണ സർവകലാശാലയായ ‘ത്രിഭുവൻ’ സഹകാരി സർവകലാശാലയുടെ ശിലാസ്ഥാപനം ആനന്ദിൽ നിര്‍വഹിക്കപ്പെട്ട സുദിനമാണിതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. 125 ഏക്കറിലധികം വിസ്തൃതമായ ഈ സർവകലാശാല കാമ്പസിന്റെ നിര്‍മാണം 500 കോടി രൂപ ചെലവിൽ പൂര്‍ത്തിയാക്കും. സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതില്‍ എല്ലാ വിടവുകളും നികത്തുന്ന സുപ്രധാന സംരംഭമാണ് ‘ത്രിഭുവൻ’ സഹകാരി സർവകലാശാലയുടെ ശിലാസ്ഥാപനമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യമെങ്ങും സഹകരണ പ്രസ്ഥാനം അതിവേഗം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ വിപ്ലവകരമായ ചുവടുവയ്പ്പാണ് സർവകലാശാലയുടെ ശിലാസ്ഥാപനം. ഇന്ന് രാജ്യത്തുടനീളം 40 ലക്ഷം തൊഴിലാളികൾ സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും 80 ലക്ഷം പേർ ബോർഡുകളിൽ അംഗങ്ങളാണെന്നും 30 കോടി ജനങ്ങള്‍ അഥവാ രാജ്യത്തെ നാലിലൊരാള്‍ സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ശ്രീ ഷാ പറഞ്ഞു.
സഹകരണ മേഖലയുടെ വികസനത്തിനായി സഹകരണ സംഘാംഗങ്ങള്‍ക്കും ജീവനക്കാർക്കും പരിശീലനം നൽകാന്‍ ശരിയായ സംവിധാനം നേരത്തെ ഇല്ലായിരുന്നുവെന്ന് കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. സഹകരണ സ്ഥാപനങ്ങളിൽ നിയമനം നടത്തിയതിന് ശേഷമായിരുന്നു ജീവനക്കാർക്ക് പരിശീലനം നൽകിയത്. എന്നാൽ സർവകലാശാല രൂപീകരിക്കുന്നതോടെ പരിശീലനം നേടിയവർക്ക് മാത്രമാണ് ജോലി ലഭിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ സഹകരണ സ്ഥാപനങ്ങളിലെ സ്വജനപക്ഷപാതം അവസാനിക്കുമെന്നും സുതാര്യത ഉറപ്പാക്കാനാവുമെന്നും ‘ത്രിഭുവൻ’ സഹകാരി സർവകലാശാലയിൽ പഠിക്കുന്നവർക്ക് ജോലി ലഭിക്കുമെന്നും ശ്രീ ഷാ പറഞ്ഞു. സാങ്കേതിക വൈദഗ്ധ്യവും അക്കൗണ്ടിങും ശാസ്ത്രീയ സമീപനങ്ങളും വിപണിയുടെ സവിശേഷതകളും മാത്രമല്ല ഈ സർവകലാശാലയിൽ യുവത പഠിക്കാന്‍ പോകുന്നതെന്നും സഹകരണ പ്രസ്ഥാനം രാജ്യത്തെ ദലിതർക്കും ആദിവാസികൾക്കും സ്ത്രീകൾക്കും വേണ്ടിയാണെന്ന സഹകരണ മൂല്യങ്ങൾ അവര്‍ സ്വായത്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലെ നിരവധി പ്രശ്നങ്ങൾ ഈ സർവകലാശാല പരിഹരിക്കുമെന്നും ശ്രീ ഷാ വിശ്വാസം പ്രകടിപ്പിച്ചു.
രാജ്യത്ത് 2 ലക്ഷം പുതിയ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (പിഎസിഎസ്) രൂപീകരിക്കാൻ പ്രധാനമന്ത്രി മോദി തീരുമാനിച്ചതായും അതിൽ 60,000 സംഘങ്ങള്‍ ഈ വർഷം അവസാനത്തോടെ രൂപീകരിക്കുമെന്നും ശ്രീ അമിത് ഷാ പറഞ്ഞു. 2 ലക്ഷം പിഎസിഎസുകളിൽ മാത്രം 17 ലക്ഷം ജീവനക്കാരുണ്ടാകും. സമാനമായി നിരവധി ജില്ലാ ക്ഷീരോല്‍പാദക കേന്ദ്രങ്ങള്‍ സ്ഥാപിച്ചുവരുന്നതായും ഇവയ്ക്കെല്ലാം അനിവാര്യമായ പരിശീലനം നേടിയ മനുഷ്യശേഷിയുടെ ആവശ്യകത ‘ത്രിഭുവൻ’ സഹകാരി സർവകലാശാല നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സംഘങ്ങളുടെ നയരൂപീകരണവും വിവര വിശകലനവും നടത്തി രാജ്യത്തെ സഹകരണ സംഘങ്ങളുടെ വികസനത്തിന് 5 വർഷത്തേക്കും 10 വർഷത്തേക്കും 25 വർഷത്തേക്കും തന്ത്രങ്ങൾ ആവിഷ്‌കരിക്കാന്‍ സർവകലാശാല പ്രവർത്തിക്കുമെന്ന് ശ്രീ ഷാ പറഞ്ഞു.
സഹകരണമേഖലയിലെ ഗവേഷണവും സർവകലാശാലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഈ സർവകലാശാല സഹകരണ ജീവനക്കാരെ സജ്ജരാക്കുന്നതിനൊപ്പം ത്രിഭുവൻ ദാസ് ജിയെപോലെ ഭാവിയിൽ സഹകരണ മേഖലയെ നയിക്കാന്‍ ശേഷിയാര്‍ന്ന സമർപ്പിത സഹകരണ നേതാക്കളെ സൃഷ്ടിക്കും. സിബിഎസ്ഇ 9 മുതൽ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ സഹകരണം വിഷയമായി ചേർത്തിട്ടുണ്ടെന്ന് അറിയിച്ചു. ഗുജറാത്ത് സർക്കാർ പാഠ്യപദ്ധതിയിൽ സഹകരണം വിഷയമായി ചേർക്കണമെന്നും അതുവഴി സാധാരണക്കാർക്ക് സഹകരണ സംഘങ്ങളെക്കുറിച്ച് അറിയാനാവുമെന്നും സഹകരണമന്ത്രി പറഞ്ഞു.
ത്രിഭുവൻ’ സഹകാരി സർവകലാശാലയ്ക്ക് ത്രിഭുവൻ ദാസ് കിഷി ദാസ് പട്ടേലിന്റെ നാമമാണ് നൽകിയിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. സുതാര്യതയും ഉത്തരവാദിത്തവും ഗവേഷണവും സഹകരണ ഫെഡറലിസത്തിന്റെ മനോഭാവവും പ്രോത്സാഹിപ്പിക്കാനാണ് ഈ സഹകരണ സർവകലാശാലയ്ക്ക് അടിത്തറ പാകിയത്. ത്രിഭുവൻ ദാസ് പട്ടേലിന്റെ പേരിനേക്കാൾ അനുയോജ്യമായ മറ്റൊരു പേര് സർവകലാശാലയ്ക്ക് നല്‍കാനില്ല. സർദാർ പട്ടേലിന്റെ മാർഗനിർദേശപ്രകാരം ഈ മണ്ണില്‍ ത്രിഭുവൻ ദാസ് ജി പുതിയ ആശയത്തിന് വിത്തുപാകിയെന്നും അദ്ദേഹം പറഞ്ഞു. പാൽ സംഭരിക്കുന്നവരുടെ ചെറുസംഘം രൂപീകരിച്ച അദ്ദേഹം അതുവഴി കർഷകരെ ശാക്തീകരിക്കാന്‍ വലിയ പ്രചാരണം നടത്തി. 1946-ൽ ഖേഡ ജില്ലാ സഹകരണ പാൽ ഉൽപാദക സംഘം സ്ഥാപിതമായി. ത്രിഭുവൻ ദാസ് വിതച്ച വിത്ത് ഇന്ന് വലിയൊരു ആൽമരമായി മാറിയിരിക്കുന്നുവെന്നും ഇതിൽ 36 ലക്ഷം സഹോദരിമാർ 80,000 കോടി രൂപയുടെ ബിസിനസ്സ് നടത്തുന്നുണ്ടെന്നും അവരിൽ ആരും 100 രൂപയിൽ കൂടുതൽ നിക്ഷേപിച്ചിട്ടില്ലെന്നും ശ്രീ ഷാ പറഞ്ഞു.
പോൾസൺ ഡയറിയുടെ ചൂഷണ നയത്തിന് മുന്നിൽ സഹകരണ സംഘത്തിന്റെ ശക്തി ഉയർത്തിപ്പിടിച്ചത് ത്രിഭുവൻ ദാസ് ജി ആയിരുന്നു. ഇന്ന് ലോകത്ത് ഏറ്റവും വിലമതിപ്പുള്ള ഭക്ഷ്യവസ്തുക്കളുടെ ബ്രാൻഡായി അമുൽ ഉയർന്നുവന്നിരിക്കുന്നു. ത്രിഭുവൻ ദാസ് ജിയുടെ കാഴ്ചപ്പാടിലൂടെ രാജ്യത്തെ സഹകരണ ക്ഷീരസംഘങ്ങള്‍ ഇന്ന് ആഗോള സ്വകാര്യ ക്ഷീര കർഷകർക്കുമുന്നിൽ തലയുയര്‍ത്തി നില്‍ക്കുന്നു. സഹകരണ സംഘത്തിലെ ഓരോ അംഗത്തിന്റെയും ക്ഷേമം മനസ്സിൽവെച്ച് ഒരു നേതാവ് പ്രവർത്തിക്കുമ്പോൾ രാഷ്ട്രനിർമാണത്തിനും രാജ്യത്തിന്റെ അഭിവൃദ്ധിക്കും അവരുടെ സംഭാവന ഏറെ വലുതായിരിക്കുമെന്ന് ശ്രീ അമിത് ഷാ പ്രസ്താവിച്ചു. സമർപ്പിത പരിശ്രമത്തിലൂടെ ഇതിന് വേറിട്ട മാതൃകയാണ് ത്രിഭുവൻ ദാസ് ജി സൃഷ്ടിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'വസുധൈവ കുടുംബകം', 'സർവേ ഭവന്തു സുഖിനഃ' എന്നിവയാണ് രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളുടെയും സംസ്കാരത്തിന്റെയും അടിത്തറയെന്നും ഈ ആദർശങ്ങളിൽ നിന്നാണ് സഹകരണത്തിന്റെ ആത്മാവ് ഉയർന്നുവന്നതെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഈ സംസ്കാരം സാമ്പത്തിക ക്ഷേമം മാത്രമല്ല പ്രോത്സാഹിപ്പിക്കുന്നത്. മനുഷ്യ - മൃഗ ക്ഷേമത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഈ ദര്‍ശനങ്ങള്‍ സംഭാവന നൽകുന്നു. ഇപ്പോൾ ദരിദ്രരുടെ ഉന്നമനത്തിലേക്ക് അതിന്റെ സ്വാധീനം വ്യാപിപ്പിക്കുന്നുവെന്നും ശ്രീ അമിത് ഷാ പറഞ്ഞു. 30 കോടി അംഗങ്ങളുള്ള രാജ്യത്തെ സഹകരണ പ്രസ്ഥാനത്തില്‍ വിദ്യാഭ്യാസം, പരിശീലനം, നൂതനാശയങ്ങള്‍ എന്നിവയുടെ ശൂന്യത നികത്താന്‍ സർവകലാശാല പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നയരൂപീകരണം, നൂതനാശയങ്ങള്‍, ഗവേഷണം, പരിശീലനം എന്നിവയ്‌ക്കൊപ്പം രാജ്യത്തുടനീളം സഹകരണ സ്ഥാപനങ്ങളുടെ പരിശീലനത്തിന് ഏകീകൃത കോഴ്‌സ് തയ്യാറാക്കി സഹകരണ സ്ഥാപനങ്ങളെ മുന്നോട്ടുനയിക്കാന്‍ സർവകലാശാല നിലകൊള്ളും. പ്രതിഭകൾക്ക് വേദിയൊരുക്കുന്ന സർവകലാശാല എല്ലാവരെയും മുന്നോട്ടുനയിക്കുന്ന സഹകരണ നയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ 85,000 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കൊപ്പം പുതിയ രണ്ട് ലക്ഷം സംഘങ്ങളിലൂടെയും എല്ലാ പദ്ധതികളും നടപ്പാക്കാൻ സർവകലാശാല പ്രവർത്തിക്കുമെന്നും കേന്ദ്ര സഹകരണ മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ചുരുക്കാൻ കാരണമായ വലിയ ശൂന്യത സഹകാരി സർവകലാശാല നികത്തുമെന്ന് കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി പറഞ്ഞു. സർവകലാശാല നിലവിൽ വരുന്നതോടെ സഹകരണ പ്രസ്ഥാനം അഭിവൃദ്ധിയോടെ വളരുകയും ഇന്ത്യ ആഗോള സഹകരണ സ്ഥാപനങ്ങളുടെ ശക്തികേന്ദ്രമായി മാറുകയും ചെയ്യും. ‘ത്രിഭുവൻ’ സഹകാരി സർവകലാശാലയിൽ രൂപീകരിക്കുന്ന നയങ്ങളും കോഴ്സുകളും സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക മാതൃകയെ ബഹുജന പ്രസ്ഥാനമാക്കി മാറ്റാൻ നിലകൊള്ളും. വന്‍കിട സഹകരണ സ്ഥാപനങ്ങൾക്കെല്ലാം യോഗ്യരായ ജീവനക്കാരെ സർവകലാശാല നൽകും. സഹകരണ ടാക്സികളും സഹകരണ ഇൻഷുറൻസ് കമ്പനിയും രൂപീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹം എല്ലാ മേഖലകളിലും വൈദഗ്ധ്യം നേടിയ ഉദ്യോഗസ്ഥരും ജീവനക്കാരും സഹകരണ നേതാക്കളും നാടിന് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തെങ്ങുമുള്ള സഹകരണ പരിശീലന വിദഗ്ധർ സർവകലാശാലയ്ക്കൊപ്പം ചേര്‍ന്ന് സംഭാവന നൽകണമെന്ന് രാജ്യത്തെ സഹകരണ മേഖലയോട് അദ്ദേഹം അഭ്യർത്ഥിച്ചു.
SKY
****************
(Release ID: 2142560)