ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡിനു ശേഷമുള്ള കാലയളവിൽ പ്രായമായവർക്ക് സംഭവിക്കുന്ന പെട്ടെന്നുള്ള മരണങ്ങൾ സംബന്ധിച്ച് ഐസിഎംആറും എയിംസും നടത്തിയ വിപുലമായ പഠനങ്ങളിൽ, കോവിഡ്-19 വാക്സിനുകളും പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് സ്ഥിരീകരിച്ചു
ജീവിതശൈലിയും മുൻപേതന്നെയുള്ള ശാരീരികപ്രശ്നങ്ങളും പ്രധാന ഘടകങ്ങളായി തിരിച്ചറിഞ്ഞു
Posted On:
02 JUL 2025 9:30AM by PIB Thiruvananthpuram
കോവിഡിനോട് അനുബന്ധിച്ച്, വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളുടെ കാര്യം രാജ്യത്തെ ഒട്ടേറെ ഏജൻസികൾ അന്വേഷിക്കുകയുണ്ടായി. ഇത്തരം പെട്ടെന്നുള്ള മരണങ്ങളും കോവിഡ്-19 വാക്സിനുകളും തമ്മിൽ നേരിട്ട് യാതൊരു ബന്ധവുമില്ലെന്ന് ഈ പഠനങ്ങളിലൂടെ സ്ഥാപിക്കാൻ കഴിഞ്ഞു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) എന്നിവയുടെ പഠനങ്ങൾ ഇന്ത്യയിലെ കോവിഡ് -19 വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിക്കുന്നു. ഗുരുതരമായ പാർശ്വഫലങ്ങൾ വളരെ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ. ജനിതക സവിശേഷതകൾ, ജീവിതശൈലി, മുൻപേതന്നെയുണ്ടായിരുന്ന ശാരീരികപ്രശ്നങ്ങൾ , കോവിഡിനു ശേഷമുള്ള സങ്കീർണതകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങൾക്ക് കാരണമാകാം.
18 നും 45 നും മധ്യേ പ്രായമുള്ള ചെറുപ്പക്കാരിൽ, പ്രത്യേക കാരണങ്ങൾ മൂലമെന്ന് വിശദീകരിക്കാനാകാത്ത മരണങ്ങൾ സംഭവിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഐസിഎംആറും എൻസിഡിസിയും സഹകരിച്ച് പ്രവർത്തിക്കുകയാണ്. വിശദമായി പഠനങ്ങളുടെ ഭാഗമായി, വ്യത്യസ്ത ഗവേഷണ സമീപനങ്ങൾ ഉപയോഗിച്ച് രണ്ട് പരസ്പര പൂരക പഠനങ്ങൾ നടത്തുകയുണ്ടായി - ഒന്ന് മുൻകാല ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതും മറ്റൊന്ന് തത്സമയ അന്വേഷണം ഉൾപ്പെടുന്നതുമാണ്. ICMR ന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി (NIE) "ഇന്ത്യയിലെ 18-45 വയസ്സ് പ്രായമുള്ള മുതിർന്നവരിൽ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങൾ - എ മൾട്ടിസെൻട്രിക് മാച്ച്ഡ് കേസ്-കൺട്രോൾ സ്റ്റഡി" എന്ന തലക്കെട്ടിൽ നടത്തിയ ആദ്യ പഠനം , 2023 മെയ് മുതൽ ഓഗസ്റ്റ് വരെ 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 തൃതീയ പരിചരണ സൗകര്യങ്ങളുള്ള ആശുപത്രികളിലാണ് നടത്തിയത്. 2021 ഒക്ടോബറിനും 2023 മാർച്ചിനും മധ്യേ ആരോഗ്യവാന്മാരായി കാണപ്പെട്ടെങ്കിലും പെട്ടെന്ന് മരിച്ച വ്യക്തികളെ സംബന്ധിച്ചാണ് പരിശോധന നടത്തിയത്. കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ്, യുവാക്കളിലെ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണ സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് ഈ പഠനത്തിൻറെ കണ്ടെത്തലുകൾ തെളിയിച്ചു.
"യുവാക്കളിലെ വിശദീകരിക്കാനാകാത്ത, പെട്ടെന്നുള്ള മരണങ്ങളുടെ കാരണം വ്യക്തമാക്കൽ" എന്ന തലക്കെട്ടിലുള്ള രണ്ടാമത്തെ പഠനം നിലവിൽ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) ധനസഹായത്തോടെ, ഐസിഎംആറുമായി സഹകരിച്ച് നടത്തുന്നു. യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങളുടെ പൊതുവായ കാരണങ്ങൾ നിർണ്ണയിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ദീർഘകാല പഠനമാണിത്. പഠനത്തിൽ നിന്നുള്ള ഡാറ്റയുടെ ആദ്യ വിശകലനം ഹൃദയാഘാതം അല്ലെങ്കിൽ മയോകാർഡിയൽ ഇൻഫ്രാക്ഷൻ (MI) ഈ പ്രായത്തിലുള്ളവരിൽ പെട്ടെന്നുള്ള മരണത്തിന്റെ പ്രധാന കാരണമായി തുടരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. മുൻ വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കാരണങ്ങളുടെ പാറ്റേണിൽ വലിയ മാറ്റങ്ങളൊന്നും നിരീക്ഷിക്കപ്പെട്ടിട്ടില്ല എന്നത് പ്രധാനമാണ്. വിശദീകരിക്കാനാകാത്ത ഭൂരിഭാഗം മരണങ്ങളിലും, ജനിതക ഘടകങ്ങളാണ് കാരണമായി വിശദീകരിക്കപ്പെടുന്നത്. പഠനം പൂർത്തിയായിക്കഴിഞ്ഞാൽ അന്തിമ ഫലങ്ങൾ പുറത്തു വിടുന്നതാണ്.
ഇന്ത്യയിലെ യുവാക്കളിലെ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളെക്കുറിച്ച് കൂടുതൽ സമഗ്രമായ ധാരണ ഈ രണ്ട് പഠനങ്ങളും നൽകുന്നു. കോവിഡ്-19 വാക്സിനുകൾ അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. അതേസമയം, അടിസ്ഥാന ആരോഗ്യ പ്രശ്നങ്ങൾ, ജനിതക ഘടകങ്ങൾ, അപകടകരമായ ജീവിതശൈലി എന്നിവ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളിൽ ഒരു പങ്കു വഹിക്കുന്നു.
കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പുകളെ പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രസ്താവനകൾ തെറ്റാണെന്നും തെറ്റിദ്ധാരണാജനകമാണെന്നും ശാസ്ത്രീയ പഠനങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നും ശാസ്ത്ര മേഖലയിലെ വിദഗ്ധർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. നിർണ്ണായക തെളിവുകളില്ലാത്ത അനുമാനങ്ങളിൽ അധിഷ്ഠിതമായ അവകാശവാദങ്ങൾ വാക്സിനുകളിലുള്ള പൊതുജനവിശ്വാസത്തെ ദുർബലപ്പെടുത്തും. കോവിഡ് മഹാമാരിക്കാലത്ത് ദശലക്ഷക്കണക്കിന് ജീവനുകൾ രക്ഷിക്കുന്നതിൽ വാക്സിനുകൾ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളും അവകാശവാദങ്ങളും രാജ്യത്ത് വാക്സിൻ പേടിയ്ക്ക് കാരണമാവുകയും പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പൊതുജനാരോഗ്യ ഗവേഷണത്തിന് ഇന്ത്യാ ഗവണ്മെന്റ് സദാ പ്രതിജ്ഞാബദ്ധമാണ്.
***********
(Release ID: 2141456)
Read this release in:
English
,
Urdu
,
Nepali
,
Hindi
,
Marathi
,
Bengali-TR
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Tamil
,
Telugu