ധനകാര്യ മന്ത്രാലയം
2025 ജൂണ്‍ 30 മുതല്‍ ജൂലൈ 5 വരെ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ബ്രസീല്‍ എന്നിവിടങ്ങളില്‍ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നു
Posted On:
30 JUN 2025 11:40AM by PIB Thiruvananthpuram
2025 ജൂണ്‍ 30 മുതല്‍ ജൂലൈ 5 വരെ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ബ്രസീല്‍ എന്നിവിടങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ധന മന്ത്രാലയത്തിലെ സാമ്പത്തികകാര്യ വകുപ്പിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തിന് കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ നേതൃത്വം നല്‍കും. ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന നാലാമത് വികസന സാമ്പത്തിക സഹായ സമ്മേളനത്തില്‍ (FFD4), സ്‌പെയിനിലെ സെവില്ലിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി, കേന്ദ്ര ധനമന്ത്രി ഇന്ത്യയെ പ്രതിനിധാനം ചെയ്തു പങ്കെടുക്കും.

' FFD4 പരിണിത ഫലം മുതല്‍ നടപ്പാക്കല്‍ വരെ: സുസ്ഥിര വികസനത്തിന് സ്വകാര്യ മൂലധനത്തിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുക' എന്ന വിഷയത്തില്‍ സെവില്ലില്‍ നടക്കുന്ന അന്താരാഷ്ട്ര ബിസിനസ് ഫോറത്തിന്റെ നേതൃത്വ ഉച്ചകോടിയില്‍ കേന്ദ്ര ധനമന്ത്രി പങ്കെടുക്കുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും. FFD4 നോടനുബന്ധിച്ച്, ശ്രീമതി സീതാരാമന്‍, ജര്‍മ്മനി, പെറു, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന മന്ത്രിമാരുമായും യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് (EIB) പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തും.
പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി, കേന്ദ്ര ധനമന്ത്രി പോര്‍ച്ചുഗല്‍ ധനമന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്താനും പ്രമുഖ നിക്ഷേപകരുമായും ഇന്ത്യന്‍ പ്രവാസികളുമായും ആശയവിനിമയം നടത്താനും ലക്ഷ്യമിടുന്നു.
റിയോ ഡി ജനീറോയില്‍ ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ (NDB) പത്താം വാര്‍ഷിക സമ്മേളനത്തെ ഇന്ത്യയുടെ ഗവര്‍ണറെന്ന നിലയില്‍ അഭിസംബോധന ചെയ്യുന്നതു കൂടാതെ, BRICS ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും (FMC-BG) യോഗത്തിലും കേന്ദ്ര ധനമന്ത്രി പങ്കെടുക്കും.
എന്‍ഡിബി യോഗങ്ങളുടെ ഭാഗമായുള്ള എന്‍ഡിബി ഫ്‌ളാഗ്ഷിപ് ഗവര്‍ണേഴ്‌സ് സെമിനാറില്‍ ' ഗ്ലോബല്‍ സൗത്തിനായി ഒരു പ്രീമിയര്‍ മള്‍ട്ടിലാറ്ററല്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ രൂപീകരണം' എന്ന വിഷയത്തില്‍, ശ്രീമതി സീതാരാമന്‍ പ്രഭാഷണം നടത്തും.
ബ്രസീല്‍, ചൈന, ഇന്തോനേഷ്യ, റഷ്യ എന്നീ രാജ്യങ്ങളിലെ ധനമന്ത്രിമാരുമായി, എന്‍ഡിബി യോഗങ്ങളുടെ ഭാഗമായി, കേന്ദ്ര ധനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
SKY
********
(Release ID: 2140806)