പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഒഡിഷ സംസ്ഥാന ​ഗവൺമെൻ്റ് ഒരു വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

Posted On: 20 JUN 2025 7:48PM by PIB Thiruvananthpuram

ജയ് ജഗന്നാഥ്!

ജയ് ജഗന്നാഥ്!

ജയ് ബാബ ലിംഗരാജ്!

ഒഡിഷയിലെ എന്റെ പ്രിയപ്പെട്ട ജനങ്ങൾക്ക് ആശംസകളും നമസ്കാരവും!

ഒഡിഷ ഗവർണർ ശ്രീ ഹരി ബാബു ജി, നമ്മുടെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാഝി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശ്രീ ജുവൽ ഓറം ജി, ശ്രീ ധർമ്മേന്ദ്ര പ്രധാൻ ജി, ശ്രീ അശ്വിനി വൈഷ്ണവ് ജി, ഒഡിഷ ഉപമുഖ്യമന്ത്രിമാരായ ശ്രീ കനക് വർധൻ സിംഗ് ദേവ് ജി, ശ്രീമതി പ്രവാതി പരീദാ ജി, സംസ്ഥാന ​ഗവൺമെൻ്റിൻ്റെ മറ്റ് മന്ത്രിമാർ, പാർലമെന്റ് അംഗങ്ങളെ, നിയമസഭാ അംഗങ്ങളെ, ഒഡിഷയിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാരെ!


ഇന്ന്, അതായത് ജൂൺ 20, വളരെ പ്രത്യേകതയുള്ള ഒരു ദിവസമാണ്. ഇന്ന്, ഒഡിഷയിലെ ആദ്യത്തെ ബിജെപി ​ഗവൺമെൻ്റ് വിജയകരമായി ഒരു വർഷം പൂർത്തിയാക്കിയിരിക്കുന്നു. ഈ വാർഷികം ഒരു ​ഗവൺമെൻ്റിൻ്റെ മാത്രം വാർഷികമല്ല - സദ്ഭരണം സ്ഥാപിച്ചതിന്റെ വാർഷികമാണ്. ഈ ഒരു വർഷം പൊതുജനസേവനത്തിനും പൊതുജന വിശ്വാസത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്നു. ഒഡിഷയിലെ കോടിക്കണക്കിന് വോട്ടർമാരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ച ഒരു ശ്രദ്ധേയമായ വർഷമാണിത്. ഒഡിഷയിലെ ജനങ്ങൾക്കും നിങ്ങൾക്കെല്ലാവർക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേരുന്നു. മുഖ്യമന്ത്രി ശ്രീ മോഹൻ മാഝി ജിക്കും അദ്ദേഹത്തിന്റെ മുഴുവൻ ടീമിനും എന്റെ ആശംസകൾ അറിയിക്കുന്നു. നിങ്ങളെല്ലാവരും അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ ചെയ്യുകയും ഒഡിഷയുടെ വികസനത്തിന് പുതിയ ഊർജ്ജം നൽകുകയും ചെയ്തു.

സുഹൃത്തുക്കളെ,

ഒഡിഷ വെറുമൊരു സംസ്ഥാനമല്ല - ഭാരതത്തിന്റെ പൈതൃകത്തിലെ ഒരു ദിവ്യ താരകമാണ് ഒഡിഷ. നൂറുകണക്കിന് വർഷങ്ങളായി, ഒഡിഷ ഇന്ത്യൻ നാഗരികതയെയും നമ്മുടെ സംസ്കാരത്തെയും സമ്പന്നമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ന്, 'വികാസ്' (വികസനം), 'വിരാസത്' (പൈതൃകം) എന്നീ മന്ത്രങ്ങൾ ഭാരതത്തിന്റെ പുരോഗതിയുടെ അടിത്തറയായി മാറിയപ്പോൾ, ഒഡിഷയുടെ പങ്ക് കൂടുതൽ വലുതായിരിക്കുന്നത്. കഴിഞ്ഞ വർഷം, ഒഡിഷ 'വികാസ് ഭി, വിരാസത് ഭി' - വികസനവും പൈതൃകവും - എന്ന മന്ത്രം യഥാർത്ഥത്തിൽ സ്വീകരിച്ച് ഈ മന്ത്രത്തിൽ വേഗത്തിൽ മുന്നേറിയിരിക്കുന്നു.


സുഹൃത്തുക്കളെ,

ഒഡിഷയിലെ ബിജെപി ​ഗവൺമെൻ്റ് ഒരു വർഷം പൂർത്തിയാക്കുമ്പോൾ, നിങ്ങളെല്ലാവരും ഭഗവാൻ ജഗന്നാഥന്റെ രഥയാത്രയ്ക്കുള്ള ഒരുക്കങ്ങളിൽ മുഴുകിയിരിക്കുന്നത് സന്തോഷകരമായ ഒരു യാദൃശ്ചികതയാണ്. മഹാപ്രഭു (മഹാനായ ഭഗവാൻ) നമുക്ക് ഒരു ദേവൻ മാത്രമല്ല, അദ്ദേഹം നമ്മുടെ പ്രചോദനത്തിന്റെ ഉറവിടവുമാണ്. അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ ശ്രീ മന്ദിറുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിഹരിക്കപ്പെട്ടു. ദശലക്ഷക്കണക്കിന് ഭക്തരുടെ ആഗ്രഹങ്ങൾ മാനിച്ചതിന് മോഹൻ ജിയെയും അദ്ദേഹത്തിന്റെ ​ഗവണ്മെൻ്റിനെയും ഞാൻ അഭിനന്ദിക്കുന്നു. ​ഗവൺമെൻ്റ് രൂപീകരിച്ചയുടനെ ശ്രീ മന്ദിറിന്റെ നാല് കവാടങ്ങളും തുറന്നു, ശ്രീ മന്ദിറിന്റെ രത്‌ന ഭണ്ഡാരം (ഖജനാവ്) പോലും തുറന്നു. ഞാൻ വ്യക്തമാക്കട്ടെ - ഇത് രാഷ്ട്രീയ നേട്ടത്തിന്റെയോ വിജയത്തിന്റെയോ കാര്യമല്ല. കോടിക്കണക്കിന് ഭക്തരുടെ അ​ഗാധമായ വിശ്വാസത്തെ  ആദരിക്കുന്ന ഒരു പ്രവൃത്തിയാണിത്.

സുഹൃത്തുക്കളെ,

രണ്ട് ദിവസം മുമ്പ്, ഞാൻ ജി7 ഉച്ചകോടിക്കായി കാനഡയിലായിരുന്നു, അമേരിക്കൻ പ്രസിഡന്റ് ട്രംപ് എന്നെ വിളിച്ചു. അദ്ദേഹം പറഞ്ഞു, "നിങ്ങൾ ഇപ്പോൾ കാനഡയിലുണ്ടലോ, അപ്പോൾ വാഷിംഗ്ടണിൽ വന്നിട്ട് പോകൂ? നമുക്ക് അത്താഴം കഴിച്ച് സംസാരിക്കാം." അദ്ദേഹം ഒരു ഊഷ്മളമായ ക്ഷണം നൽകി. ഞാൻ യുഎസ്എ പ്രസിഡന്റിനോട് നന്ദി പറഞ്ഞു: "ക്ഷണത്തിന് നന്ദി, പക്ഷേ എനിക്ക് മഹാപ്രഭുവിന്റെ നാട്ടിലേക്ക് പോകേണ്ടത് അത്യാവശ്യമാണ്." അതിനാൽ, ഞാൻ അദ്ദേഹത്തിന്റെ ക്ഷണം ആദരപൂർവ്വം നിരസിച്ചു, നിങ്ങളുടെ സ്നേഹവും മഹാപ്രഭുവിനോടുള്ള ഭക്തിയും എന്നെ ഈ പുണ്യഭൂമിയിലേക്ക് ആകർഷിച്ചു.


സഹോദരീ സഹോദരന്മാരെ,

സ്വാതന്ത്ര്യത്തിനു ശേഷമുള്ള പതിറ്റാണ്ടുകളിൽ രാജ്യം കോൺഗ്രസ് മാതൃകയ്ക്ക് സാക്ഷ്യം വഹിച്ചു. കോൺഗ്രസ് മാതൃക സദ്ഭരണം നൽകുകയോ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുകയോ ചെയ്തില്ല. വ്യാപകമായ അഴിമതിയോടൊപ്പം വികസന പദ്ധതികൾ വൈകിപ്പിക്കൽ, തടസ്സപ്പെടുത്തൽ, അവതാളത്തിലാകൽ എന്നിവ കോൺഗ്രസ് വികസന മാതൃകയുടെ മുഖമുദ്രയായി മാറി. ഇപ്പോൾ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, രാജ്യം ബിജെപിയുടെ വികസന മാതൃക വിപുലമായി അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ, ബിജെപി ആദ്യമായി ​ഗവൺമെൻ്റ് രൂപീകരിച്ച നിരവധി സംസ്ഥാനങ്ങളുണ്ട്. ഈ സംസ്ഥാനങ്ങളിൽ, ഇത് വെറും ഒരു ​ഗവൺമെൻ്റ് മാറ്റം മാത്രമായിരുന്നില്ല - അത് സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനത്തിന്റെ ഒരു പുതിയ യുഗത്തിന്റെ തുടക്കമായി. കിഴക്കൻ ഭാരതത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ ഉപയോഗിച്ച് ഞാൻ ഇത് വിശദീകരിക്കാം. അസമിന്റെ കാര്യം എടുക്കുക. ഒരു ദശാബ്ദം മുമ്പ്, അസമിലെ സ്ഥിതി വളരെ മോശമായിരുന്നു - അസ്ഥിരത, വിഘടനവാദം, അക്രമം എന്നിവ വ്യാപകമായിരുന്നു. എന്നാൽ ഇന്ന്, അസം വികസനത്തിന്റെ ഒരു പുതിയ പാതയിലേക്ക് കുതിക്കുകയാണ്. പതിറ്റാണ്ടുകളായി നീണ്ടുനിന്ന കലാപ പ്രവർത്തനങ്ങൾ അവസാനിച്ചു. പല മേഖലകളിലും, അസം ഇപ്പോൾ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അതുപോലെ, മറ്റൊരു സംസ്ഥാനത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അതായത് ത്രിപുര. പതിറ്റാണ്ടുകളുടെ ഇടതുപക്ഷ ഭരണത്തിനുശേഷം, ജനങ്ങൾ ആദ്യമായി ബിജെപിക്ക് ഒരു അവസരം നൽകി. വികസനത്തിന്റെ കാര്യത്തിലും ത്രിപുര വളരെ പിന്നിലായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ വളരെ മോശം അവസ്ഥയിലായിരുന്നു, ജനങ്ങളുടെ ശബ്ദം ​ഗവൺമെൻ്റ് സംവിധാനങ്ങൾ കേട്ടില്ല, അക്രമവും അഴിമതിയും എല്ലാവരെയും ബുദ്ധിമുട്ടിച്ചു. എന്നാൽ ബിജെപിക്ക് സേവനം ചെയ്യാൻ അവസരം ലഭിച്ചതുമുതൽ, ത്രിപുര ഇപ്പോൾ സമാധാനത്തിന്റെയും പുരോഗതിയുടെയും പ്രതീകമായി മാറുകയാണ്.

സുഹൃത്തുക്കളെ,

നമ്മുടെ ഒഡിഷയും പതിറ്റാണ്ടുകളായി നിരവധി പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ദരിദ്രർക്കും കർഷകർക്കും - അവർക്ക് അർഹമായ വിഹിതം ലഭിച്ചില്ല. അഴിമതിയും ചുവപ്പുനാടയും പ്രബലമായിരുന്നു. ഒഡിഷയുടെ അടിസ്ഥാന സൗകര്യങ്ങൾ മോശം അവസ്ഥയിലായിരുന്നു. വികസനത്തിനായുള്ള ഓട്ടത്തിൽ ഒഡിഷയിലെ നിരവധി പ്രദേശങ്ങൾ തുടർച്ചയായി പിന്നോട്ടുപോയി. ഈ വെല്ലുവിളികൾ ഒഡിഷയുടെ ദൗർഭാഗ്യകരമായ യാഥാർത്ഥ്യത്തിന്റെ ഭാഗമായി മാറിയിരുന്നു. ഈ വെല്ലുവിളികളെ മറികടക്കാൻ കഴിഞ്ഞ ഒരു വർഷമായി ബിജെപി ​ഗവൺമെൻ്റ് പൂർണ്ണ ശക്തിയോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിച്ചിട്ടുണ്ട്.


സുഹൃത്തുക്കളെ,

ഇവിടെ പ്രവർത്തിക്കുന്ന ഇരട്ട എഞ്ചിൻ വികസന മാതൃക അതിന്റെ ഗുണങ്ങൾ വ്യക്തമായി കാണിക്കുന്നു. ഇന്നും ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഈ ഇരട്ട എഞ്ചിന്റെ അടയാളമാണ്. ഇരട്ട എഞ്ചിൻ ഒഡിഷയിലെ ജനങ്ങൾക്ക് ഇരട്ടി നേട്ടങ്ങൾ നൽകി. ഞാൻ നിങ്ങൾക്ക് ഒരു ഉദാഹരണം നൽകട്ടെ. നിങ്ങൾക്കറിയാവുന്നതുപോലെ, ഒഡിഷയിലെ ദശലക്ഷക്കണക്കിന് ദരിദ്ര കുടുംബങ്ങൾ വളരെക്കാലമായി ആയുഷ്മാൻ ഭാരത് പദ്ധതിയിൽ നിന്ന് പുറത്തായിരുന്നു. ഇന്ന്, ആയുഷ്മാൻ ഭാരത് ജൻ ആരോഗ്യ യോജനയും ഗോപബന്ധു ജൻ ആരോഗ്യ യോജനയും ഒരുമിച്ച് പ്രവർത്തിക്കുന്നു. തൽഫലമായി, ഒഡിഷയിലെ ഏകദേശം 3 കോടി ആളുകൾക്ക് ഇപ്പോൾ സൗജന്യ വൈദ്യചികിത്സ ഉറപ്പുനൽകുന്നു. ഒഡിഷയിലെ ആശുപത്രികളിൽ മാത്രമല്ല - ഒഡിഷയിൽ നിന്നുള്ള ഒരാൾ മറ്റൊരു സംസ്ഥാനത്ത് ജോലിക്ക് പോയാലും, ആവശ്യമുള്ളപ്പോൾ അവർക്ക് ഇപ്പോൾ അവിടെയും സൗജന്യ വൈദ്യചികിത്സ ലഭിക്കുന്നു. ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ഞാൻ പങ്കുവെക്കട്ടെ - ഞാൻ ഗുജറാത്തിലാണ് ജനിച്ചത്, സൂറത്തിൽ, നിങ്ങൾ കുറച്ച് ചുവടുകൾ മാത്രം നടന്നാൽ ഒഡിഷയിൽ നിന്നുള്ള ഒരാളെ നിങ്ങൾ കാണും - ഒഡിഷയിൽ നിന്നുള്ള ഒരാളെ നിങ്ങൾ കാണും - വളരെയധികം ഒഡിയക്കാർ അവിടെ താമസിക്കുന്നു. ഇപ്പോൾ, സൂറത്തിൽ താമസിക്കുന്ന ഒഡിയ സഹോദരീസഹോദരന്മാർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതുവരെ, ഒഡിഷയിൽ നിന്നുള്ള 2 ലക്ഷം ആളുകൾക്ക് ഈ പദ്ധതി പ്രകാരം ചികിത്സ ലഭിച്ചു, അവരിൽ പലരും രാജ്യത്തുടനീളമുള്ള ഒരു ഡസനിലധികം സംസ്ഥാനങ്ങളിൽ സൗജന്യ വൈദ്യസഹായം നേടിയിട്ടുണ്ട്. ഒരു വർഷം മുമ്പ്, ഇത്രയും ആളുകൾക്ക് ഇത്തരമൊരു സൗകര്യം സങ്കൽപ്പിക്കാൻ പോലും കഴിയാത്തതായിരുന്നു. ഈ ഇരട്ട എഞ്ചിൻ മോഡലിന് നന്ദി, പ്രതീക്ഷിച്ചതിലും വലിയ ഒന്ന് ഞങ്ങൾ നേടിയിട്ടുണ്ട് - കൂടുതൽ സവിശേഷമായ ഒരു സുവർണ്ണാവസരം, .

ഇവിടെ ഒഡിഷയിൽ, 70 വയസ്സിനു മുകളിലുള്ള 23 ലക്ഷത്തിലധികം മുതിർന്ന പൗരന്മാരുണ്ട്. പ്രധാനമന്ത്രി വയ വന്ദന യോജനയിലൂടെ, അവർ ഇപ്പോൾ 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയ്ക്ക് അർഹരാണ്. അതായത്, സാധാരണ കുടുംബങ്ങളുടെ ഏറ്റവും വലിയ ആശങ്കകളിലൊന്ന് നമ്മുടെ ​ഗവൺമെൻ്റ് പരിഹരിച്ചു. അതുപോലെ, നേരത്തെ, ഒഡീഷയിലെ കർഷകർക്ക് പിഎം-കിസാൻ സമ്മാൻ നിധിയുടെ പൂർണ്ണ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. ഇപ്പോൾ, ഒഡിഷയിലെ കർഷകർക്ക് കേന്ദ്ര, സംസ്ഥാന പദ്ധതികളിൽ നിന്ന് ഇരട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നു. നെല്ലിന്റെ മിനിമം താങ്ങുവില വർദ്ധിപ്പിക്കുന്നതിന് ഞങ്ങൾ നൽകിയ ഉറപ്പ് ലക്ഷക്കണക്കിന് നെൽകർഷകർക്കും ഗുണം ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കളെ,

മുൻപ് നിരവധി കേന്ദ്ര ​ഗവൺമെൻ്റ് പദ്ധതികളുടെ പൂർണ്ണമായ ആനുകൂല്യങ്ങൾ ഒഡിഷയിൽ ലഭിക്കില്ലായിരുന്നു. എന്നാൽ ഇപ്പോൾ, കേന്ദ്ര, സംസ്ഥാന  ​ഗവൺമെൻ്റ് പദ്ധതികളുടെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നു. മാത്രമല്ല - തെരഞ്ഞെടുപ്പ് സമയത്ത് അമ്മമാർക്കും സഹോദരിമാർക്കും, കർഷകർക്കും, യുവാക്കൾക്കും ഞങ്ങൾ നൽകിയ ഉറപ്പുകൾ - ആ ഉറപ്പുകൾ വേഗത്തിൽ നടപ്പിലാക്കുന്നു.

സുഹൃത്തുക്കളെ,

നമ്മുടെ ​ഗവൺമെൻ്റിൻ്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് പിന്നോക്ക വിഭാഗങ്ങളുടെ ശാക്തീകരണമാണ്. ഒഡിഷയിൽ, ജനസംഖ്യയുടെ വലിയൊരു വിഭാഗം നമ്മുടെ ​
ഗോത്രവർ​ഗ സമൂഹങ്ങളിൽ പെട്ടവരാണ്. നിർഭാഗ്യവശാൽ, മുൻകാലങ്ങളിൽ ഈ സമൂഹങ്ങൾ നിരന്തരം അവഗണിക്കപ്പെട്ടു. അവർ പിന്നോക്കാവസ്ഥ, ദാരിദ്ര്യം, അധസ്ഥിതാവ്സ്ഥ എന്നിവയാൽ കഷ്ടപ്പെട്ടു. പതിറ്റാണ്ടുകളായി രാജ്യം ഭരിച്ച പാർട്ടി ഗോത്രവർ​ഗ ജനതയെ രാഷ്ട്രീയ നേട്ടങ്ങൾക്കായുള്ള ഒരു ഉപകരണമായി മാത്രം ഉപയോഗിച്ചു. ഈ ആളുകൾ ഗോത്രവർ​ഗ സമൂഹങ്ങൾക്ക് വികസനമോ പങ്കാളിത്തമോ നൽകിയില്ല. പകരം, അവർ രാജ്യത്തിന്റെ വിശാലമായ പ്രദേശങ്ങളെ നക്സലിസത്തിന്റെയും അക്രമത്തിന്റെയും അടിച്ചമർത്തലിന്റെയും തീയിലേക്ക് തള്ളിവിട്ടു.

സുഹൃത്തുക്കളെ,

2014 ന് മുമ്പുള്ള സാഹചര്യം രാജ്യത്തെ 125-ലധികം ​ഗോത്രവർ​ഗ ഭൂരിപക്ഷ ജില്ലകൾ നക്സൽ അക്രമത്തിന്റെ പിടിയിലായിരുന്നു. "ചുവന്ന ഇടനാഴി" എന്ന അടയാളപ്പെടുത്തൽ ഗോത്ര മേഖലകളെ കളങ്കപ്പെടുത്തി. ഈ ജില്ലകളിൽ ഭൂരിഭാഗവും "പിന്നോക്കം" എന്ന് പ്രഖ്യാപിക്കപ്പെട്ടു, ​ഗവൺമെൻ്റുകൾ അവയെ കൈയൊഴിഞ്ഞു

സഹോദരീ സഹോദരന്മാരെ,

സമീപ വർഷങ്ങളിൽ, ഗോത്ര സമൂഹങ്ങളെ അക്രമത്തിന്റെ അന്തരീക്ഷത്തിൽ നിന്ന് പുറത്തുകൊണ്ടുവന്ന് വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കാൻ ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ഒരു വശത്ത്, അക്രമം വ്യാപിപ്പിക്കുന്നവർക്കെതിരെ ബിജെപി ​ഗവൺമെൻ്റ് കർശന നടപടി സ്വീകരിച്ചു, മറുവശത്ത്, ഗോത്ര മേഖലകളിൽ വികസനത്തിന്റെ ഒരു തരംഗം കൊണ്ടുവന്നു. തൽഫലമായി, നക്സൽ അക്രമത്തിന്റെ വ്യാപനം ഇന്ന് രാജ്യത്തുടനീളം 20-ൽ താഴെ ജില്ലകളായി ചുരുങ്ങി. നടപടി സ്വീകരിക്കുന്ന വേഗതയിൽ, വളരെ അടുത്ത് തന്നെ, നമ്മുടെ ഗോത്ര സഹോദരീ സഹോദരന്മാർ അക്രമത്തിൽ നിന്ന് പൂർണ്ണമായും മുക്തരാകും. രാജ്യത്ത് നിന്ന് നക്സലിസം ഇല്ലാതാക്കപ്പെടും - ഇതാണ് മോദിയുടെ ഉറപ്പ്.

സുഹൃത്തുക്കളെ,

നമ്മുടെ ​ഗോത്രവർ​ഗ സഹോദരീ സഹോദരന്മാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക, അവർക്ക് പുതിയ അവസരങ്ങൾ നൽകുക, അവരുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നിവയാണ് നമ്മുടെ ഗവൺമെന്റിന്റെ പ്രധാന മുൻഗണനകൾ. അതുകൊണ്ടാണ്, ആദ്യമായി ഗോത്രവർ​ഗ വികസനത്തിനായി രണ്ട് പ്രധാന ദേശീയ പദ്ധതികൾ ആരംഭിച്ചത്. ഈ രണ്ട് പദ്ധതികൾക്കുമായി ഒരു ലക്ഷം കോടിയിലധികം രൂപ ചെലവഴിക്കുന്നു. ബിർസ മുണ്ട ജിയുടെ പേരിലുള്ള 'ധർത്തി ആബാ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ' ആണ് ആദ്യ പദ്ധതി. ഈ സംരംഭത്തിന് കീഴിൽ, രാജ്യത്തുടനീളമുള്ള 60,000-ത്തിലധികം ഗോത്രവർ​ഗ ഗ്രാമങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നു. ഒഡിഷയിലും ഗോത്രവർ​ഗ കുടുംബങ്ങൾക്കായി വീടുകൾ നിർമ്മിക്കുന്നു, റോഡുകൾ നിർമ്മിക്കുന്നു, വൈദ്യുതിയും ശുദ്ധജലവും ലഭ്യമാക്കുന്നു. ഒഡിഷയിലെ 11 ജില്ലകളിലായി 40 റെസിഡൻഷ്യൽ സ്കൂളുകളും നിർമ്മിക്കുന്നു. ഈ ശ്രമത്തിനായി കേന്ദ്ര ​ഗവൺമെൻ്റ് നൂറുകണക്കിന് കോടി രൂപ നിക്ഷേപിക്കുന്നു.

സുഹൃത്തുക്കളെ,

രണ്ടാമത്തെ പദ്ധതി പിഎം-ജൻമൻ യോജനയാണ്. ഈ പദ്ധതിയുടെ പ്രചോദനം ഒഡിഷയുടെ മണ്ണിൽ നിന്നാണ്. രാജ്യത്തെ ആദ്യത്തെ ​ഗോത്രവർ​ഗ വനിതാ രാഷ്ട്രപതിയായ ഒഡീഷയുടെ സ്വന്തം പുത്രി ബഹുമാനപ്പെട്ട ദ്രൗപദി മുർമു ജിയാണ് ഈ സംരംഭത്തിന്റെ സൃഷ്ടിയിൽ ഞങ്ങളെ നയിച്ചത്. ഈ പദ്ധതി പ്രകാരം, ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട ​ഗോത്രവർ​ഗ സമൂഹങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു. അവരുടെ പല ചെറിയ ഗോത്രവർ​ഗ ഗ്രാമങ്ങളിലും, നൂറുകണക്കിന് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നു.

സുഹൃത്തുക്കളെ,

ഒഡിഷയിൽ ധാരാളം മത്സ്യത്തൊഴിലാളികൾ താമസിക്കുന്നു. അവർക്കും ആദ്യമായി, ഒരു പ്രധാന രാജ്യവ്യാപക പദ്ധതി - പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന - ആരംഭിച്ചു. ആദ്യമായി, മത്സ്യത്തൊഴിലാളികൾക്കും കിസാൻ ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കുന്നു. 25,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് സൃഷ്ടിക്കാൻ കേന്ദ്ര ​ഗവൺമെൻ്റ് തയ്യാറെടുക്കുന്നു. ഇത് ഒഡിഷയിലെ നമ്മുടെ തീരദേശ സമൂഹങ്ങൾക്കും നമ്മുടെ യുവാക്കൾക്കും വളരെയധികം ഗുണം ചെയ്യും.

സുഹൃത്തുക്കളെ,

21-ാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ വികസനം കിഴക്കൻ ഭാരതത്തിൽ നിന്ന് ശക്തി പ്രാപിക്കും. ഇത് "പൂർവ്വോദയ"യുടെ - കിഴക്കിന്റെ ഉദയത്തിന്റെ - യുഗമാണ്. ഈ മനോഭാവത്തോടെ, ഒഡിഷയുടെയും രാജ്യത്തിന്റെ മുഴുവൻ കിഴക്കൻ മേഖലയുടെയും വികസനത്തിനായി ഞങ്ങൾ സമർപ്പിതരാണ്. ഒരു വർഷം മുമ്പ് ഒഡിഷയിൽ ബിജെപി ​ഗവൺമെൻ്റ് രൂപീകരിച്ചത് ഈ ദൗത്യത്തെ കൂടുതൽ ത്വരിതപ്പെടുത്തി. പരദീപിൽ നിന്ന് ജാർസുഗുഡയിലേക്ക് വ്യാവസായിക മേഖലകൾ വികസിക്കുകയാണ്. ഇത് ഒഡിഷയുടെ ധാതു, തുറമുഖ നേതൃത്വത്തിലുള്ള സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ്. സംസ്ഥാനത്ത് റോഡ്, റെയിൽ, വ്യോമ കണക്റ്റിവിറ്റിയിൽ കേന്ദ്ര ​ഗവൺമെൻ്റ് ആയിരക്കണക്കിന് കോടി രൂപ നിക്ഷേപിക്കുന്നു. പരദീപിൽ മെഗാ ഡ്യുവൽ-ഫീഡ് ക്രാക്കർ, ഡൗൺസ്ട്രീം യൂണിറ്റുകൾ സ്ഥാപിക്കൽ, ചണ്ഡിഖോളിൽ ക്രൂഡ് ഓയിൽ സംഭരണ ​​സൗകര്യം, ഗോപാൽപൂരിൽ ഒരു എൽഎൻജി ടെർമിനൽ നിർമ്മാണം എന്നിവയായാലും - ഈ നടപടികളെല്ലാം ഒഡിഷയെ ഒരു പ്രധാന വ്യാവസായിക സംസ്ഥാനമായി സ്ഥാപിക്കാൻ പ്രവർത്തിക്കുന്നു. പെട്രോളിയം, പെട്രോകെമിക്കൽസ്, തുണിത്തരങ്ങൾ, പ്ലാസ്റ്റിക് എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് ഇവിടെ വലിയ ഉത്തേജനം ലഭിക്കും. ഇത് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) ഒരു വലിയ ശൃംഖല സൃഷ്ടിക്കുകയും യുവാക്കൾക്ക് ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ കൊണ്ടുവരികയും ചെയ്യും. സമീപ വർഷങ്ങളിൽ ഒഡിഷയിലെ പെട്രോളിയം, പെട്രോകെമിക്കൽ മേഖലയിൽ മാത്രം ഏകദേശം 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ പെട്രോകെമിക്കൽ ഹബ്ബായി മാറുന്നതിലേക്ക് ഒഡിഷ അതിവേഗം മുന്നേറുകയാണ്.

സുഹൃത്തുക്കളെ,

വലിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, നമ്മൾ വളരെ മുന്നോട്ട് നോക്കണം - നമുക്ക് ദർശനം ആവശ്യമാണ്. നേട്ടങ്ങളുടെ ഒരു വർഷം ആഘോഷിക്കുന്നതിലോ അഞ്ച് വർഷം മുന്നോട്ട് ചിന്തിക്കുന്നതിലോ മാത്രം ബിജെപി ​ഗവൺമെൻ്റ് പരിമിതപ്പെടുന്നില്ല, മറിച്ച്
ഒഡിഷയുടെ വികസനത്തിനായുള്ള ദീർഘകാല രൂപരേഖ തയ്യാറാക്കുന്നതിനാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. സംസ്ഥാനം രൂപീകരിച്ചതിന്റെ 100 വാർഷികം ആഘോഷിക്കുന്ന 2036-ൽ ഒഡിഷ ​ഗവൺമെൻ്റ് ഒരു പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഭാരതം സ്വാതന്ത്ര്യത്തിന്റെ 100 വാർഷികം ആഘോഷിക്കുന്ന 2047-നെക്കുറിച്ചും ഒഡിഷയിലെ ബിജെപി ​ഗവൺമെൻ്റിന് ഒരു ദർശനമുണ്ട്. ഒഡിഷ വിഷൻ 2036 ഞാൻ അവലോകനം ചെയ്യുകയായിരുന്നു, അതിൽ വളരെ അഭിലഷണീയമായ ചില ലക്ഷ്യങ്ങൾ ഉൾപ്പെടുന്നു. ഒഡിഷയിലെ യുവാക്കളുടെ കഴിവും കഠിനാധ്വാനവും ഉപയോഗിച്ച് നിങ്ങൾ ഓരോ ലക്ഷ്യവും കൈവരിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഒരുമിച്ച്, നമ്മൾ ഒഡിഷയെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. ഈ വാഗ്ദാനത്തോടെ, നിങ്ങൾക്കെല്ലാവർക്കും ഞാൻ വീണ്ടും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

എല്ലാവർക്കും വീണ്ടും ഊഷ്മളമായ ആശംസകൾ! നമസ്കാരം!

ജയ് ജഗന്നാഥ്!

ജയ് ജഗന്നാഥ്!

ജയ് ജഗന്നാഥ്!

 

-SK-


(Release ID: 2139303)