പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബീഹാറിലെ കാരക്കാട്ടിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം

Posted On: 30 MAY 2025 2:55PM by PIB Thiruvananthpuram

എല്ലാവർക്കും നമസ്കാരം, ബീഹാറിലെ ആത്മാഭിമാനമുള്ളവരും കഠിനാധ്വാനികളുമായ സഹോദരീ സഹോദരന്മാരെ.

ബീഹാർ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ജി, നമ്മുടെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ ജി, കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകരായ ശ്രീ ജിതൻ റാം മാഞ്ചി ജി, ലല്ലൻ സിംഗ് ജി, ഗിരിരാജ് സിംഗ് ജി, ചിരാഗ് പാസ്വാൻ ജി, നിത്യാനന്ദ് റായ് ജി, സതീഷ് ചന്ദ്ര ദുബെ ജി, രാജ്ഭൂഷൻ ചൗധരി ജി, സംസ്ഥാന ഉപമുഖ്യമന്ത്രി ശ്രീ സമ്രാട്ട് ചൗധരി ജി,  വിജയ് കുമാർ സിൻഹ ജി, സന്നിഹിതരായിരിക്കുന്ന മറ്റ് മന്ത്രിമാർ, ജനപ്രതിനിധികൾ, ബീഹാറിലെ എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ!

ഈ പുണ്യഭൂമിയിൽ ബിഹാറിന്റെ വികസനത്തിന് പുതിയൊരു പ്രചോദനം നൽകാനുള്ള ഭാഗ്യം ഇന്ന് എനിക്ക് ലഭിച്ചു. ഇവിടെ 50,000 കോടിയിലധികം രൂപയുടെ പദ്ധതികൾ സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഇന്ന് നിങ്ങളെല്ലാവരും ഞങ്ങളെ അനുഗ്രഹിക്കാൻ എത്തിയിരിക്കുന്നു, നിങ്ങളുടെ വാത്സല്യം, ബീഹാറിനോടുള്ള ഈ സ്നേഹം, ഞാൻ എപ്പോഴും അതിനെ വളരെയധികം ബഹുമാനിക്കുന്നു. ഇന്ന് ഈ പരിപാടിയിലേക്ക് ഇത്രയധികം അമ്മമാരുടെയും സഹോദരിമാരുടെയും വരവ് തന്നെ ബീഹാറിലെ എന്റെ എല്ലാ പരിപാടികളിലും വച്ച് ഏറ്റവും ഹൃദയസ്പർശിയായ സംഭവമാണ്. അമ്മമാരെയും സഹോദരിമാരെയും ഞാൻ പ്രത്യേകമായി ആദരിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും, ജനങ്ങൾക്കും, എന്റെ ഹൃദയംഗമമായ നന്ദി ഞാൻ അറിയിക്കുന്നു.

സുഹൃത്തുക്കളെ,

ഈ സാസാറാം ഭൂമിയുടെ പേരിൽ രാമൻ ഉണ്ട്, സാസാറാം. സാസാറാമിലെ ജനങ്ങൾക്ക് ശ്രീരാമന്റെയും അദ്ദേഹത്തിന്റെ വംശത്തിന്റെയും പാരമ്പര്യം അറിയാം,  प्राण जाए पर वचन न जाई।' അതായത്, ഒരിക്കൽ നൽകിയ വാഗ്ദാനം എപ്പോഴും നിറവേറ്റപ്പെടും. ഭഗവാൻ ശ്രീരാമന്റെ ഈ പാരമ്പര്യം ഇപ്പോൾ പുതിയ ഇന്ത്യയുടെ നയമായി മാറിയിരിക്കുന്നു. അടുത്തിടെ ജമ്മു കശ്മീരിലെ പഹൽഗാമിൽ ഒരു ഭീകരാക്രമണം ഉണ്ടായി, നമ്മുടെ നിരപരാധികളായ നിരവധി പൗരന്മാർ കൊല്ലപ്പെട്ടു. ഈ ഹീനമായ ഭീകരാക്രമണത്തിന് ഒരു ദിവസത്തിനുശേഷം, ഞാൻ ബീഹാറിലേക്ക് വന്നു, ബീഹാറിന്റെ മണ്ണിൽ നിന്ന്, രാജ്യത്തിന് ഒരു വാഗ്ദാനം നൽകി, ബീഹാറിന്റെ മണ്ണിൽ, കണ്ണുകളിലേക്ക് നോക്കുമ്പോൾ, ഭീകരതയുടെ യജമാനന്മാരുടെ ഒളിത്താവളങ്ങൾ നിലംപരിശാക്കുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു.  സങ്കൽപ്പിച്ചതിലും മോശമായ ശിക്ഷ അവർക്ക് ലഭിക്കുമെന്ന് ഈ ബീഹാർ മണ്ണിൽ, ഞാൻ പറഞ്ഞിരുന്നു. ഇന്ന് ഞാൻ ബീഹാറിൽ വന്നിരിക്കുന്നത്, എന്റെ വാഗ്ദാനം നിറവേറ്റിയതിനു ശേഷമാണ്. പാകിസ്ഥാനിൽ ഇരുന്ന് നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവരെയും അവരുടെ ഒളിത്താവളങ്ങളെയും നമ്മുടെ സൈന്യം തരിശാക്കി മാറ്റി. ഇന്ത്യൻ പെൺമക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു. പാകിസ്ഥാൻ സൈന്യത്തിന്റെ സംരക്ഷണയിൽ സുരക്ഷിതരാണെന്ന് കരുതിയ ഭീകരരെ, നമ്മുടെ സൈന്യം ഒറ്റയടിക്ക് മുട്ടുകുത്തിച്ചു. പാകിസ്ഥാന്റെ വ്യോമതാവളങ്ങളും അവരുടെ സൈനിക ഒളിത്താവളങ്ങളും ഞങ്ങൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ നശിപ്പിച്ചു, ഇതാണ് പുതിയ ഇന്ത്യ, ഇതാണ് പുതിയ ഇന്ത്യയുടെ ശക്തി.

ബീഹാറിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,

ഈ ബീഹാർ വീരനായ കുൻവർ സിംഗിന്റെ നാടാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഇവിടെ നിന്നുള്ള ആയിരക്കണക്കിന് യുവാക്കൾ സൈന്യത്തിലും ബിഎസ്എഫിലും തങ്ങളുടെ യുവത്വം ത്യജിക്കുന്നു. ഓപ്പറേഷൻ സിന്ദൂരിൽ, നമ്മുടെ ബിഎസ്എഫിന്റെ അഭൂതപൂർവമായ ധീരതയും അജയ്യമായ ധൈര്യവും ലോകം കണ്ടു. നമ്മുടെ അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന ധീരരായ ബിഎസ്എഫ് സൈനികർ അഭേദ്യമായ സുരക്ഷാ ശിലയാണ്, ഭാരതമാതാവിന്റെ സംരക്ഷണം നമ്മുടെ ബിഎസ്എഫ് സൈനികർക്ക് പരമപ്രധാനമാണ്. മാതൃരാജ്യത്തെ സേവിക്കാനുള്ള പവിത്രമായ കടമ നിർവഹിക്കുന്നതിനിടയിൽ, മെയ് 10 ന് അതിർത്തിയിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടർ ഇംതിയാസ് വീരമൃത്യു വരിച്ചു. ബീഹാറിന്റെ ഈ ധീരപുത്രന് ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. ഇന്ന്, ബീഹാറിന്റെ മണ്ണിൽ നിന്ന് ഞാൻ ആവർത്തിക്കാൻ ആഗ്രഹിക്കുന്നു, ഓപ്പറേഷൻ സിന്ദൂരിൽ ശത്രു ഇന്ത്യയുടെ ശക്തി കണ്ടു, പക്ഷേ ഇത് നമ്മുടെ ആവനാഴിയിലെ ഒരു അമ്പ് മാത്രമാണെന്ന് ശത്രു മനസ്സിലാക്കണം. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം നിലച്ചിട്ടില്ല, നിലയ്ക്കുകയുമില്ല. ഭീകരതയുടെ ശക്തി വീണ്ടും ഉയർന്നുവന്നാൽ, ഇന്ത്യ അതിനെ അതിനെ വേരാടെ പിഴുതെറിയും. 


സുഹൃത്തുക്കളെ,

നമ്മുടെ പോരാട്ടം രാജ്യത്തിന്റെ എല്ലാ ശത്രുക്കൾക്കെതിരെയുമാണ്, അത് അതിർത്തിക്കപ്പുറത്തായാലും രാജ്യത്തിനകത്തായാലും. കഴിഞ്ഞ വർഷങ്ങളിൽ അക്രമവും അസ്വസ്ഥതയും പടർത്തുന്നവരെ ഞങ്ങൾ എങ്ങനെ ഇല്ലാതാക്കി എന്നതിന് ബീഹാറിലെ ജനങ്ങൾ സാക്ഷികളാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ സാസാറാം, കൈമൂർ, അയൽ ജില്ലകൾ എന്നിവിടങ്ങളിലെ സ്ഥിതി എങ്ങനെയായിരുന്നുവെന്ന് ഓർമ്മയുണ്ടോ? നക്സലിസം എത്രമാത്രം പ്രബലമായിരുന്നു എന്നതിനാൽ, നക്സലൈറ്റുകൾ മുഖംമൂടികളും കൈകളിൽ തോക്കുകളും ധരിച്ച് തെരുവിലിറങ്ങുമ്പോൾ, എപ്പോൾ, എവിടെയാണ് അവർ പ്രത്യക്ഷപ്പെടുന്നതെന്ന് എല്ലാവരും ഭയപ്പെട്ടിരുന്നു. ​ഗവൺമെന്റ് പദ്ധതികൾ മുമ്പ് വന്നിരുന്നു, പക്ഷേ അവ ഒരിക്കലും പൗരന്മാരിലേക്ക് എത്തിയില്ല. നക്സൽ ബാധിത ഗ്രാമങ്ങളിൽ ആശുപത്രിയോ മൊബൈൽ ടവറോ ഉണ്ടായിരുന്നില്ല. ചിലപ്പോൾ സ്കൂളുകൾ കത്തിച്ചു, ചിലപ്പോൾ റോഡുകൾ നിർമ്മിക്കുന്ന ആളുകളെ കൊന്നു. ഈ ആളുകൾക്ക് ബാബാ സാഹിബ് അംബേദ്കറുടെ ഭരണഘടനയിൽ വിശ്വാസമില്ലായിരുന്നു. ആ സാഹചര്യങ്ങളിൽപ്പോലും ഇവിടെ വികസനം കൊണ്ടുവരാൻ നിതീഷ് ജി പരമാവധി ശ്രമിച്ചു. 2014 ന് ശേഷം, ഞങ്ങൾ ഈ ദിശയിൽ ദ്രുത​ഗതിയിൽ പ്രവർത്തിച്ചു. മാവോയിസ്റ്റുകളെ അവരുടെ ചെയ്തികൾക്ക് ഞങ്ങൾ ശിക്ഷിക്കാൻ തുടങ്ങി. യുവാക്കളെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഞങ്ങൾ ശ്രമിച്ചു. പതിനൊന്ന് വർഷത്തെ ശക്തമായ പ്രതിബദ്ധതയുടെ ഫലം ഇന്ന് രാജ്യം നേടാൻ തുടങ്ങിയിരിക്കുന്നു. 2014 ന് മുമ്പ് രാജ്യത്തെ 125 ലധികം ജില്ലകൾ നക്സൽ ബാധിതമായിരുന്നു, ഇപ്പോൾ 18 ജില്ലകൾ മാത്രമേ നക്സൽ ബാധിതമായി അവശേഷിക്കുന്നുള്ളൂ. ഇപ്പോൾ ​ഗവൺമെന്റ് റോഡുകളും തൊഴിലവസരങ്ങളും നൽകുന്നു. മാവോയിസ്റ്റ് അക്രമം പൂർണ്ണമായും ഇല്ലാതാക്കപ്പെടുന്ന, സമാധാനം, സുരക്ഷ, വിദ്യാഭ്യാസം, വികസനം എന്നിവ എല്ലാ ഗ്രാമങ്ങളിലും തടസ്സമില്ലാതെ എത്തുന്ന ദിവസം വിദൂരമല്ല.

സുഹൃത്തുക്കളെ,

സുരക്ഷയും സമാധാനവും ഉണ്ടാകുമ്പോൾ മാത്രമേ വികസനത്തിന്റെ പുതിയ വഴികൾ തുറക്കൂ. നിതീഷ് ജിയുടെ നേതൃത്വത്തിൽ ജംഗിൾ രാജ് ഗവൺമെന്റ് നീക്കം ചെയ്യപ്പെട്ടപ്പോൾ, ബീഹാറും പുരോഗതിയുടെ പാതയിൽ മുന്നേറാൻ തുടങ്ങി. തകർന്ന ഹൈവേകൾ, മോശം റെയിൽ‌വേകൾ, പരിമിതമായ വിമാന കണക്റ്റിവിറ്റി, ആ യുഗം ഇപ്പോൾ ചരിത്രമായി മാറിയിരിക്കുന്നു, അത് ഉപേക്ഷിക്കപ്പെടുന്നു.

സുഹൃത്തുക്കളെ,

ഒരുകാലത്ത് ബീഹാറിന് ഒരു വിമാനത്താവളം മാത്രമേ ഉണ്ടായിരുന്നുള്ളൂ - പട്ന. ഇന്ന് ദർഭംഗ വിമാനത്താവളവും ആരംഭിച്ചു. ഇപ്പോൾ ഇവിടെ നിന്ന് ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ ലഭിക്കും. പട്‌ന വിമാനത്താവളത്തിന്റെ ടെർമിനൽ നവീകരിക്കണമെന്ന ബീഹാറിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇപ്പോൾ പൂർത്തീകരിക്കപ്പെട്ടത്. ഇന്നലെ വൈകുന്നേരം, പട്ന വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ഈ പുതിയ ടെർമിനലിന് ഇപ്പോൾ ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയും. ബിഹടാ വിമാനത്താവളത്തിൽ 1400 കോടി രൂപയുടെ നിക്ഷേപവും നടക്കുന്നുണ്ട്.

സുഹൃത്തുക്കളെ,

ഇന്ന് ബീഹാറിൽ എല്ലായിടത്തും നാലുവരി, ആറുവരി റോഡുകളുടെ ഒരു ശൃംഖല സ്ഥാപിക്കപ്പെടുന്നു. പട്‌ന മുതൽ ബക്‌സർ വരെ, ഗയാജി മുതൽ ദോഭി വരെ, പട്‌ന മുതൽ ബോധ് ഗയാജി വരെ, പട്‌ന-ആരാ-സാസാറം ഗ്രീൻഫീൽഡ് കോറിഡോർ എന്നിങ്ങനെ എല്ലായിടത്തും നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഗംഗ, സോൺ, ഗന്ധക്, കോസി എന്നിവയുൾപ്പെടെ എല്ലാ പ്രധാന നദികളിലും പുതിയ പാലങ്ങൾ നിർമ്മിക്കുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ ഇത്തരം പദ്ധതികൾ ബീഹാറിൽ പുതിയ അവസരങ്ങളും സാധ്യതകളും സൃഷ്ടിക്കുന്നു. ഈ പദ്ധതികൾ ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകും. ടൂറിസത്തിനും ബിസിനസിനും ഇവിടെ നേട്ടമുണ്ടാകും.

സുഹൃത്തുക്കളെ,

ബീഹാറിലെ റെയിൽവേയുടെ അവസ്ഥയും ഇപ്പോൾ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് ബീഹാറിൽ ലോകോത്തര നിലവാരത്തിലുള്ള വന്ദേ ഭാരത് ട്രെയിനുകൾ സർവ്വീസ് നടത്തുന്നു, റെയിൽവേ ലൈനുകൾ ഇരട്ടിയും മൂന്നിരട്ടിയുമായി വർദ്ധിപ്പിക്കുന്നു, ഛപ്ര, മുസാഫർപൂർ, കതിഹാർ തുടങ്ങിയ പ്രദേശങ്ങളിൽ ജോലികൾ വേഗത്തിൽ നടക്കുന്നു. സോൺ നഗറിനും ആൻഡലിനും ഇടയിൽ മൾട്ടിട്രാക്കിംഗ് ജോലികൾ നടക്കുന്നുണ്ട്, ഇത് ട്രെയിനുകളുടെ ചലനം വേഗത്തിലാക്കും. സാസാറാമിൽ ഇപ്പോൾ നൂറിലധികം ട്രെയിനുകൾ നിർത്തുന്നുണ്ട്. അതായത്, ഞങ്ങൾ പഴയ പ്രശ്നങ്ങൾ പരിഹരിക്കുകയും റെയിൽവേയെ ആധുനികവൽക്കരിക്കുകയും ചെയ്യുന്നു.

സഹോദരീ സഹോദരന്മാരേ,

ഈ ജോലികൾ നേരത്തെ തന്നെ ചെയ്യാമായിരുന്നു. എന്നാൽ ബീഹാറിന് ആധുനിക ട്രെയിനുകൾ നൽകാൻ ഉത്തരവാദികളായവർ, റെയിൽവേയിൽ റിക്രൂട്ട്‌മെന്റിന്റെ പേരിൽ നിങ്ങളുടെ ഭൂമി കൊള്ളയടിച്ചു, ദരിദ്രരുടെ ഭൂമി അവരുടെ പേരിൽ രജിസ്റ്റർ ചെയ്തു, ഇവയായിരുന്നു അവരുടെ സാമൂഹിക നീതിയുടെ രീതികൾ, ദരിദ്രരെ കൊള്ളയടിച്ചു, അവരുടെ അവകാശങ്ങൾ കൊള്ളയടിച്ചു, അവരുടെ നിസ്സഹായത മുതലെടുത്തു, തുടർന്ന് രാജകീയ ജീവിതം ആസ്വദിച്ചു. ബീഹാറിലെ ജനങ്ങൾ, ജംഗിൾ രാജിലെ ജനങ്ങളുടെ നുണകൾക്കും വഞ്ചനകൾക്കും എതിരെ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് വളരെ പ്രധാനമാണ്.

സുഹൃത്തുക്കളെ,

വൈദ്യുതി ഇല്ലാതെ വികസനം അപൂർണ്ണമാണ്. വൈദ്യുതി ഉള്ളപ്പോൾ വ്യാവസായിക വികസനം ഉണ്ടാകും, വൈദ്യുതി ഉള്ളപ്പോൾ ജീവിതം എളുപ്പമാകും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്ന ഒരു നൂറ്റാണ്ടാണ്. അതുകൊണ്ട്, ഓരോ ഘട്ടത്തിലും വൈദ്യുതി ആവശ്യമായി വരും. കഴിഞ്ഞ വർഷങ്ങളിൽ ബീഹാറിൽ വൈദ്യുതി ഉൽപാദനത്തിന് വളരെയധികം ഊന്നൽ നൽകിയിട്ടുണ്ട്. പത്ത് വർഷം മുമ്പുള്ളതിനേക്കാൾ ഇന്ന് ബീഹാറിലെ വൈദ്യുതി ഉപഭോഗം 4 മടങ്ങ് വർദ്ധിച്ചു. നബിനഗറിൽ ഒരു വലിയ എൻ‌ടി‌പി‌സി വൈദ്യുതി പദ്ധതി നിർമ്മിക്കുന്നു, ഇതിനായി 30,000 കോടി രൂപ ചെലവഴിക്കും. ഇത് ബീഹാറിന് 1500 മെഗാവാട്ട് വൈദ്യുതി നൽകും. ബക്സറിലും പിർപൈന്തിയിലും പുതിയ താപവൈദ്യുത നിലയങ്ങൾ ആരംഭിക്കും.

സഹോദരീ സഹോദരന്മാരേ,

ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ ഭാവിയിലാണ്. നമ്മൾ ബീഹാറിനെ ഹരിത ഊർജ്ജത്തിലേക്ക് കൊണ്ടുപോകണം. അതുകൊണ്ട് കജ്രയിൽ ഒരു സോളാർ പാർക്കും നിർമ്മിക്കപ്പെടുന്നു. പിഎം-കുസും പദ്ധതി പ്രകാരം, കർഷകർക്ക് സൗരോർജ്ജത്തിൽ നിന്ന് വരുമാന മാർ​ഗങ്ങൾ നൽകുന്നു. പുനരുപയോഗിക്കാവുന്ന കാർഷിക ഫീഡറുകളിൽ നിന്നാണ് ഫാമുകൾക്ക് വൈദ്യുതി ലഭിക്കുന്നത്. ഞങ്ങളുടെ ശ്രമങ്ങളുടെ ഫലമായി ഇവിടുത്തെ ആളുകളുടെ ജീവിതം മെച്ചപ്പെട്ടു. സ്ത്രീകൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നു. 

സുഹൃത്തുക്കളെ,

സംസ്ഥാനത്ത് ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വരുമ്പോൾ, ഗ്രാമങ്ങൾ, ദരിദ്രർ, കർഷകർ, ചെറുകിട വ്യവസായങ്ങൾ എന്നിവർക്കാണ് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത്. കാരണം, അവർക്ക് രാജ്യത്തെയും വിദേശത്തെയും വലിയ വിപണികളുമായി ബന്ധപ്പെടാൻ കഴിയും. സംസ്ഥാനത്തേക്ക് പുതിയ നിക്ഷേപം വരുമ്പോൾ, പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. കഴിഞ്ഞ വർഷം നടന്ന ബീഹാർ ബിസിനസ് ഉച്ചകോടിയിൽ, ധാരാളം കമ്പനികൾ ഇവിടെ നിക്ഷേപിക്കാൻ മുന്നോട്ടുവന്നു, വ്യവസായം സംസ്ഥാനത്തേക്ക് വരുമ്പോൾ, ആളുകൾക്ക് തൊഴിലവസരങ്ങൾക്കായി കുടിയേറേണ്ടതില്ല, കർഷകർക്കും പുതിയ ഓപ്ഷനുകൾ ലഭിക്കുന്നു. ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ, അവരുടെ ഉൽപ്പന്നങ്ങൾ ദൂരെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനും കഴിയും.

സഹോദരീ സഹോദരന്മാരേ,

ബീഹാറിലെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി ഞങ്ങളുടെ ഗവൺമെന്റ് തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ 75 ലക്ഷത്തിലധികം കർഷകർക്ക് പി എം കിസാൻ സമ്മാൻ നിധി പ്രകാരം സാമ്പത്തിക സഹായം ലഭിക്കുന്നു. നമ്മുടെ ഗവൺമെന്റ് മഖാന ബോർഡ് പ്രഖ്യാപിച്ചു. ബീഹാറിലെ മഖാനകൾക്ക് ഞങ്ങൾ ജിഐ ടാഗ് നൽകി, ഇത് മഖാന കർഷകർക്ക് വളരെയധികം ഗുണം ചെയ്തു. ഈ വർഷത്തെ ബജറ്റിൽ, ബീഹാറിൽ ഒരു ദേശീയ ഭക്ഷ്യ സംസ്കരണ സ്ഥാപനം ഞങ്ങൾ പ്രഖ്യാപിച്ചു. രണ്ടോ മൂന്നോ ദിവസങ്ങൾക്ക് മുമ്പ്, ഖാരിഫ് സീസണിലെ നെല്ല് ഉൾപ്പെടെ 14 വിളകളുടെ താങ്ങുവില വർദ്ധിപ്പിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ കർഷകർക്ക് അവരുടെ വിളകൾക്ക് മികച്ച വില ലഭിക്കുകയും അവരുടെ വരുമാനം വർദ്ധിക്കുകയും ചെയ്യും.

സുഹൃത്തുക്കളെ,

ബീഹാറിനെ ഏറ്റവും കൂടുതൽ വഞ്ചിച്ചവരും, ബീഹാറിലെ ദരിദ്രരും പിന്നാക്കം നിൽക്കുന്നവരുമായ ആളുകൾക്ക് ബീഹാർ വിടേണ്ടി വന്നവരും തന്നെയാണ് ഇന്ന് അധികാരം നേടുന്നതിനായി സാമൂഹിക നീതിയെക്കുറിച്ച് നുണകൾ പറയുന്നത്. പതിറ്റാണ്ടുകളായി, ബീഹാറിലെ ദളിതർക്കും, പിന്നാക്ക വിഭാഗങ്ങൾക്കും, ആദിവാസികൾക്കും ശൗചാലയങ്ങൾ പോലുമില്ലായിരുന്നു, നമ്മുടെ ഈ സഹോദരീ സഹോദരന്മാർക്ക് പതിറ്റാണ്ടുകളായി ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നില്ല, അവർക്ക് ബാങ്കുകളിൽ പ്രവേശനമില്ലായിരുന്നു,  പ്രവേശനം നിഷേധിച്ചിരുന്നു. ദളിത്, പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള ഭൂരിഭാഗം ആളുകളും ചേരികളിലാണ് താമസിച്ചിരുന്നത്, അവർക്ക് ശരിയായ വീട് പോലുമില്ലായിരുന്നു, അവർക്ക് വീടില്ലായിരുന്നു, കോടിക്കണക്കിന് ആളുകൾക്ക് തലയ്ക്കു മുകളിൽ ഒരു മേൽക്കൂര പോലും ഉണ്ടായിരുന്നില്ല. ഞാൻ നിങ്ങളോട് ചോദിക്കുന്നു, ബീഹാറിലെ ജനങ്ങളുടെ ഈ ദുരവസ്ഥ, ഈ വേദന, ഈ കഷ്ടപ്പാട്, ഇതായിരുന്നോ കോൺഗ്രസിന്റെയും ആർജെഡിയുടെയും സാമൂഹിക നീതി? സുഹൃത്തുക്കളേ, ഇതിനേക്കാൾ വലിയ അനീതി വേറെയില്ല, ദരിദ്രരെ ഇത്രയും നിസ്സഹായമായ അവസ്ഥയിൽ ജീവിക്കാൻ നിർബന്ധിക്കുന്ന നയങ്ങൾ ആളുകൾ നിർമ്മിക്കാൻ ശീലിച്ചിരിക്കുന്നു. കോൺഗ്രസും ആർജെഡിയും ഒരിക്കലും ദളിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും കഷ്ടപ്പാടുകൾ ശ്രദ്ധിച്ചില്ല. ഈ ആളുകൾ വിദേശികളെ കൊണ്ടുവന്ന് ബീഹാറിന്റെ ദാരിദ്ര്യം കാണിച്ചുകൊടുക്കാറുണ്ടായിരുന്നു. ഇപ്പോൾ ദളിതരും, പിന്നാക്കക്കാരുമായ സമൂഹം കോൺഗ്രസിന്റെ പാപങ്ങൾ കാരണം അതിനെ ഉപേക്ഷിച്ചപ്പോൾ, അവരുടെ നിലനിൽപ്പ് രക്ഷിക്കാൻ സാമൂഹിക നീതിയെക്കുറിച്ചുള്ള വാക്കുകൾ അവർ ഓർത്തെടുക്കുന്നു.

സഹോദരീ സഹോദരന്മാരേ,

എൻഡിഎ ഭരണകാലത്ത് ബീഹാറിലും രാജ്യത്തും സാമൂഹിക നീതിയുടെ ഒരു പുതിയ പ്രഭാതം ഉണ്ടായി. പാവപ്പെട്ടവർക്ക് ഞങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. ഈ സൗകര്യങ്ങൾ 100% ഗുണഭോക്താക്കൾക്ക് നൽകുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുന്നു. നാല് കോടി പുതിയ വീടുകൾ, മൂന്ന് കോടി സഹോദരിമാരെ ലഖ്പതി ദീദിയാക്കാനുള്ള ദൗത്യം, 12 കോടിയിലധികം വീടുകളിൽ ടാപ്പ് കണക്ഷൻ, 70 വയസ്സിന് മുകളിലുള്ള ഓരോ മുതിർന്ന പൗരനും 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, എല്ലാ മാസവും സൗജന്യ റേഷൻ സൗകര്യം, നമ്മുടെ ​ഗവൺമെന്റ് ദരിദ്രർക്ക് ഒപ്പമുണ്ട്.

സുഹൃത്തുക്കളെ,

ഒരു ഗ്രാമവും  ഉപേക്ഷിക്കപ്പെടരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു; ​ഗവൺമെന്റ് പദ്ധതികൾ അർഹതയുള്ള ഒരു കുടുംബത്തിനും നിഷേധിക്കപ്പെടരുത്. ബീഹാർ ഗവൺമെന്റ് ഡോ. ഭീംറാവു അംബേദ്കർ സമഗ്ര സേവാ അഭിയാൻ ആരംഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഈ പ്രചാരണ പരിപാടിയിൽ, 22 പ്രധാന പദ്ധതികൾ ഒരുമിച്ച് കൊണ്ടുവന്ന് ഗവൺമെന്റ് എല്ലാ ഗ്രാമങ്ങളിലും പ്രദേശങ്ങളിലും എത്തിച്ചേരുന്നു. എല്ലാ ദളിത്, മഹാദളിത്, പിന്നാക്ക, അങ്ങേയറ്റം പിന്നാക്കം നിൽക്കുന്ന ദരിദ്രരുടെയും വീട്ടിൽ നേരിട്ട് എത്തിച്ചേരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതുവരെ 30,000-ത്തിലധികം ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ലക്ഷക്കണക്കിന് ആളുകൾ ഈ കാമ്പെയ്‌നിൽ ചേർന്നിട്ടുണ്ടെന്നും എനിക്ക് അറിയാൻ കഴിഞ്ഞു. ഗവൺമെന്റ് തന്നെ ഗുണഭോക്താക്കളിലേക്ക് എത്തുമ്പോൾ, വിവേചനമോ അഴിമതിയോ ഉണ്ടാകില്ല. അപ്പോൾ മാത്രമേ യഥാർത്ഥ സാമൂഹിക നീതി സംഭവിക്കൂ.

സുഹൃത്തുക്കളെ,

നമ്മുടെ ബീഹാറിനെ ബാബാ സാഹിബ് അംബേദ്കർ, കർപൂരി താക്കൂർ, ബാബു ജഗ്ജീവൻ റാം, ജെപി എന്നിവരുടെ സ്വപ്നങ്ങളുടെ ബീഹാറായി മാറ്റണം. ഞങ്ങളുടെ ലക്ഷ്യം- വികസിത ബീഹാർ, വികസിത ഇന്ത്യ! കാരണം, ബീഹാർ പുരോഗതി പ്രാപിച്ചപ്പോഴെല്ലാം ഇന്ത്യ ലോകത്തിന്റെ നെറുകയിൽ എത്തിയിട്ടുണ്ട്. ഒരുമിച്ച് വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ നമുക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ വികസന പ്രവർത്തനങ്ങൾക്ക് ഞാൻ ഒരിക്കൽ കൂടി നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. നിങ്ങളുടെ രണ്ടു കൈകളും ഉയർത്തി, മുഷ്ടി ചുരുട്ടി എന്നോടൊപ്പം പറയുക-

 ഭാരത് മാതാ കി ജയ്.

ശബ്ദം ദൂരവ്യാപകമായി എത്തണം. അതിർത്തിയിൽ നിൽക്കുന്ന നമ്മുടെ സൈനികർക്ക് അഭിമാനിക്കാം.

 ഭാരത് മാതാ കി ജയ്.  ഭാരത് മാതാ കി ജയ്

 ഭാരത് മാതാ കി ജയ്.  വളരെ നന്ദി.

 

-SK-


(Release ID: 2136571)