ആയുഷ്‌
azadi ka amrit mahotsav

2025ലെ അന്താരാഷ്ട്ര യോഗാ ദിനം നാഴികക്കല്ലു മാത്രമല്ല; ആഗോള ക്ഷേമപ്രസ്ഥാനം കൂടിയാണ്: കേന്ദ്ര ആയുഷ് മന്ത്രി ശ്രീ പ്രതാപ് റാവു ജാധവ്

IDY 2025 ദശലക്ഷക്കണക്കിനുപേരെ ചരിത്രപരമായ യോഗാ സെഷനിൽ ഒന്നിപ്പിക്കും; പ്രധാനമന്ത്രി വിശാഖപട്ടണത്തു പരിപാടിക്കു നേതൃത്വമേകും

Posted On: 12 JUN 2025 5:09PM by PIB Thiruvananthpuram

11-ാം അന്താരാഷ്ട്ര യോഗാദിന(IDY)ത്തിനു നാന്ദികുറിച്ച് ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ ആയുഷ് മന്ത്രാലയം പ്രത്യേക പരിപാടി സംഘടിപ്പിച്ചു. 2025 ലെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഔപചാരികമായ തുടക്കം കുറിക്കുന്ന പരിപാടിയാണിത്. ജൂൺ 21-ന് അന്താരാഷ്ട്ര യോഗാ ദിനത്തിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ ദിനാചരണം സംഘടിപ്പിക്കുമെന്ന് ആയുഷ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന കേന്ദ്ര ആയുഷ് (സ്വതന്ത്ര ചുമതല), ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി ശ്രീ പ്രതാപ് റാവു ജാധവ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ചയും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ കഴിഞ്ഞ ദശകത്തിലെ ശ്രദ്ധേയമായ യാത്രയെക്കുറിച്ച് ആയുഷ് മന്ത്രി ശ്രീ പ്രതാപ് റാവു ജാധവ് വാർത്താസമ്മേളനത്തിൽ സംസാരിച്ചു. “നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമാർന്ന ആഹ്വാനത്തെത്തുടർന്ന്, 2014-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി അംഗീകരിച്ചപ്പോൾ, ഇന്ത്യയുടെ പരമ്പരാഗത ജ്ഞാനത്തിൽ വേരൂന്നിയ ആഗോള ക്ഷേമപ്രസ്ഥാനത്തിന്റെ തുടക്കം കുറിക്കുക കൂടിയായിരുന്നു” - മന്ത്രി പറഞ്ഞു.

സവിശേഷമായ രീതിയിൽ ആവേശ്വോജ്വലമായാണ് 2015 മുതൽ ലോകമെമ്പാടും IDY ആഘോഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. “ന്യൂഡൽഹിയിൽ നടന്ന റെക്കോർഡ് സൃഷ്ടിച്ച ആദ്യ പരിപാടിമുതൽ മൈസൂരു, ന്യൂയോർക്ക്, ശ്രീനഗർ എന്നിവിടങ്ങളിലെ ചരിത്രപരമായ ആഘോഷങ്ങൾവരെ, അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഓരോ പതിപ്പും വൈവിധ്യമാർന്ന സംസ്കാരങ്ങളിൽ നിന്നുള്ള ജനതയെ ആരോഗ്യം, ഐക്യം, സമാധാനം എന്നിവയ്ക്കായി പൊതുവായ യത്നത്തിൽ ഒന്നിപ്പിച്ചു” - അദ്ദേഹം പറഞ്ഞു.

ഈ വർഷത്തെ IDY-യുടെ പ്രാധാന്യം മന്ത്രി എടുത്തുകാട്ടി. “11-ാം വർഷത്തിലേക്കു കടക്കുമ്പോൾ അന്താരാഷ്ട്ര യോഗ ദിനം 2025 വെറും ഓർമപ്പെടുത്തലല്ല; യോഗയുടെ വ്യാപ്തി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഊഷ്മളമായി വ്യാപിപ്പിക്കേണ്ടതിനായുള്ള സംയുക്ത ആഹ്വാനമാണ്.” - മന്ത്രി പറഞ്ഞു. ‘ഏക ഭൂമിക്കും ഏകാരോഗ്യത്തിനുമായി യോഗ’ എന്ന ഈ വർഷത്തെ പ്രമേയം ഇന്ത്യയുടെ ജി-20 അധ്യക്ഷവേളയിൽ അവതരിപ്പിച്ച ആഗോള ആരോഗ്യ കാഴ്ചപ്പാടുമായി യോജിക്കുന്നുവെന്നും ‘സർവേ സന്തു നിരാമയ’ (ഏവരും രോഗമുക്തരാകട്ടെ) എന്ന ഇന്ത്യൻ സാംസ്കാരിക മൂല്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2025 ജൂൺ 21-ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടക്കുന്ന ദേശീയ പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഞ്ചുലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന പൊതു യോഗാരീതികളുടെ (CYP) സെഷൻ നയിക്കുമെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം, രാജ്യത്തുടനീളമുള്ള ഒരുലക്ഷത്തിലധികം സ്ഥലങ്ങളിൽ ‘യോഗാ സംഗമം’ സെഷനുകൾ നടത്തും. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ യോഗ പ്രകടനങ്ങളിലൊന്നായി മാറും.

ആന്ധ്രപ്രദേശിലുടനീളം 10 ലക്ഷം പേരിൽ സ്ഥിരമായ യോഗാഭ്യാസം ജീവിതശൈലിയുടെ ഭാഗമാക്കുന്നതിനായുള്ള മഹത്തായ ദൗത്യമായ ‘യോഗാന്ധ്ര’ യജ്ഞത്തിന് ആന്ധ്രാപ്രദേശ് ഗവണ്മെന്റും മുഖ്യമന്ത്രി ശ്രീ എൻ. ചന്ദ്രബാബു നായിഡും നൽകിയ ഗണ്യമായ സംഭാവനയെയും മന്ത്രി പ്രശംസിച്ചു.

സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായുള്ള അനുരണനത്തിനും യോഗയെ സമഗ്ര ജീവിതരീതിയായി പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന IDY 2025, നൂറുദിനങ്ങളിലായി വ്യാപിക്കുന്ന, കൈയൊപ്പുപതിപ്പിക്കുന്ന പത്ത് പരിപാടികൾ അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏവരെയും ഉൾക്കൊള്ളുന്നതിനുള്ള ‘യോഗാ സമാവേശ്’ മുതൽ അന്താരാഷ്ട്ര പങ്കാളിത്തങ്ങൾക്കായുള്ള ‘യോഗാ ബന്ധൻ’ വരെയുള്ള ഈ പരിപാടികൾ യോഗയെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഗവണ്മെന്റിന്റെ കാഴ്ചപ്പാടിനെ പ്രതിനിധാനം ചെയ്യുന്നു.

ഡൽഹി, ഭുവനേശ്വർ, നാസിക്, പുതുച്ചേരി എന്നിവിടങ്ങളിൽ യഥാക്രമം 100 ദിവസം, 75 ദിവസം, 50 ദിവസം, 25 ദിവസം എന്നിങ്ങനെ നടന്ന കൗണ്ട്ഡൗൺ പരിപാടികളോടുള്ള ജനങ്ങളുടെ ആവേശകരമായ പ്രതികരണവും മന്ത്രി ചൂണ്ടിക്കാട്ടി.

"യോഗ എന്നത് വെറും ആസനങ്ങളുടെയും ശ്വാസക്രമത്തിന്റെയും പരിശീലനമല്ല; അതൊരു ജീവിതരീതിയാണ്. നിങ്ങളുടെ പിന്തുണയോടെ, ദശലക്ഷക്കണക്കിനു പേരിൽ യോഗയെ അവരുടെ ദൈനംദിനചര്യകളിൽ ഉൾപ്പെടുത്താനും, ആരോഗ്യകരവും സന്തോഷകരവും കൂടുതൽ ഐക്യദാർഢ്യമുള്ളതുമായ സമൂഹം സൃഷ്ടിക്കാൻ സഹായിക്കാനും പ്രചോദനം നൽകുന്ന ചരിത്രപരമായ പരിപാടിയായി 2025-ലെ യോഗാ ദിനം മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം." - ശ്രീ ജാധവ് മാധ്യമങ്ങളോട് പറഞ്ഞു.

ആഗോള പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച ആയുഷ് മന്ത്രാലയ സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച, 2025 ലെ IDY-ക്കു മുന്നോടിയായി 60-ലധികം രാജ്യങ്ങൾ ഇതിനകം പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ലോകമെമ്പാടുമുള്ള യോഗാ പ്രേമികൾ ‘ഏക ഭൂമിക്കും ഏകാരോഗ്യത്തിനുമായി യോഗ’ എന്ന പ്രമേയവുമായും പത്ത് പ്രത്യേക പരിപാടികളുമായും കൂട്ടിയിണക്കി ഈ ബഹുജനമുന്നേറ്റത്തിന്റെ യഥാർത്ഥ അന്താരാഷ്ട്ര സ്വഭാവം പ്രതിഫലിപ്പിക്കുന്ന പരിപാടികൾ സജീവമായി സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ശ്രീ ആയുഷ് മന്ത്രാലയത്തിലെ സ്പെഷ്യൽ ഡ്യൂട്ടി (IDY ഏകോപനം) ഓഫീസർ പി എൻ രഞ്ജിത് കുമാർ, IDY 2025-ന്റെ വ്യാപ്തി, ദർശനം, തന്ത്രം എന്നിവ വിശദീകരിക്കുന്ന സമഗ്രമായ അവതരണം നടത്തി. IDY പ്രസ്ഥാനത്തിന്റെ ഒരു ദശകത്തിലെ യാത്രയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 10 പ്രത്യേക പരിപാടികളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ അദ്ദേഹം നൽകി. വിപുലവും സമഗ്രവുമായ പങ്കാളിത്തം ഉറപ്പാക്കാൻ സംസ്ഥാന ഗവണ്മെന്റുകൾ, പൊതുസമൂഹം, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരുമായി രൂപപ്പെടുത്തിയ സഹകരണശ്രമങ്ങളും വിവരിച്ചു.

 'ഏക ഭൂമിക്കും ഏകാരോഗ്യത്തിനുമായി യോഗ’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ആയുഷ് മന്ത്രാലയം ഡിജിറ്റൽ ഉപകരണങ്ങൾ, അടിസ്ഥാനതലത്തിലുള്ള സമാഹരണം, ആഗോള പങ്കാളിത്തം എന്നിവ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ ശ്രദ്ധേയമായ അവലോകനത്തോടെയാണ് അവതരണം അവസാനിച്ചത്. ഇത് IDY 2025നെ ദേശീയ ദിനാചരണം എന്ന നിലയിൽ മാത്രമല്ല, ആഗോള ക്ഷേമ ആഘോഷമെന്ന നിലയിലും മുന്നോട്ടു കൊണ്ടുപോകുന്നു.


(Release ID: 2136088)