ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സാങ്കേതിക രീതികൾ (Dark patterns) സംബന്ധിച്ച ആശങ്കകൾ ചർച്ച ചെയ്യാൻ കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രി ബന്ധപ്പെട്ട പങ്കാളികളുമായി കൂടിക്കാഴ്ച നടത്തും
ഭക്ഷണം, ഔഷധം, സഞ്ചാരം, സൗന്ദര്യവർദ്ധക വസ്തുക്കൾ, ചില്ലറ വില്പന, വസ്ത്രം, ഇലക്ട്രോണിക്സ് എന്നീ മേഖലകളിലെ പ്രമുഖ ഇ-കൊമേഴ്സ് കമ്പനികൾ പങ്കെടുക്കും
Posted On:
26 MAY 2025 1:59PM by PIB Thiruvananthpuram
കബളിപ്പിക്കുന്ന സാങ്കേതിക രീതികൾ (Dark patterns) സംബന്ധിച്ച ഉപഭോക്തൃ ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി 2025 മെയ് 28 ന് ന്യൂഡൽഹിയിൽ ചേരുന്ന ഉന്നതതല യോഗത്തെ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ, നവ, പുനരുപയോഗ ഊർജ്ജ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി അഭിസംബോധന ചെയ്യും. പ്രശ്നം പരിഹരിക്കുന്നതിന് കൂടുതൽ ഫലപ്രദമായ പരിഹാരങ്ങൾ പര്യവേക്ഷണം ചെയ്യുക എന്നതും യോഗത്തിന്റെ ലക്ഷ്യമാണ്.
ഭക്ഷണം, ഔഷധം, സഞ്ചാരം, സൗന്ദര്യവർദ്ധക വസ്തുക്കൾ, ചില്ലറ വില്പന, വസ്ത്രം, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ പ്രധാന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും യോഗത്തിൽ പങ്കെടുക്കും. ആമസോൺ, ഫ്ലിപ്കാർട്ട്, 1mg.com, ആപ്പിൾ, ബിഗ്ബാസ്ക്കറ്റ്, മീഷോ, മെറ്റാ, മേക്ക്മൈട്രിപ്പ്, പേടിഎം, ഓല, റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്, സ്വിഗ്ഗി, സൊമാറ്റോ, യാത്ര, ഉബർ, ടാറ്റ, ഈസ്മൈട്രിപ്പ്, ക്ലിയർ ട്രിപ്പ്, ഇന്ത്യമാർട്ട്, ഇൻഡിഗോ എയർലൈൻസ്, സിഗോ, ജസ്റ്റ്ഡയാൽ, മെഡിക ബസാർ, നെറ്റ്മെഡ്സ്, ഒഎൻഡിസി, തോമസ് കുക്ക്, വാട്ട്സ്ആപ്പ് എന്നിവയുടെ പങ്കാളിത്തമുണ്ടാകും. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും സുതാര്യവും വിശ്വസനീയവുമായ വിപണി ഉറപ്പാക്കുന്നതിലും വ്യാവസായിക പങ്കാളിത്തം നിർണ്ണായകമാണെന്ന് ഭാരത സർക്കാരിന് കീഴിലുള്ള ഉപഭോക്തൃ കാര്യ വകുപ്പ് വിശ്വസിക്കുന്നതിന്റെ സൂചനയാണ് ഈ പങ്കാളിത്തം.
പ്രധാന വ്യവസായ സംഘടനകൾ, സന്നദ്ധ ഉപഭോക്തൃ സംഘടനകൾ (VCO-കൾ), പ്രമുഖ ദേശീയ നിയമ സർവകലാശാലകൾ (NLU-കൾ) എന്നിവയും യോഗത്തിൽ സജീവ പങ്കാളിത്തം വഹിക്കും. അവരുടെ വീക്ഷണങ്ങൾ, ഗവേഷണം, നിയന്ത്രണവുമായി ബന്ധപ്പെട്ട കാഴ്ച്ചപ്പാടുകൾ എന്നിവ ശക്തവും നിർവ്വഹണയോഗ്യവുമായ പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിന് വിലപ്പെട്ട സംഭാവനകൾ നൽകും.
ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നീതിയുക്തമായ വ്യാപാര രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ ഭാഗമായി, ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴിലുള്ള, ഉപഭോക്തൃ കാര്യ വകുപ്പ്, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ, അവർ ഉദ്ദേശിക്കാത്ത തിരഞ്ഞെടുപ്പുകൾ നടത്താൻ നിർബന്ധിതരാകും വിധം കൃത്രിമം കാട്ടുന്നതോ ആയ വഞ്ചനാപരമായ സാങ്കേതിക രീതികൾ അഥവാ അന്യായമായ വ്യാപാര രീതികൾ തടയാൻ മുൻകൈയെടുക്കുന്നു. ഈ രീതികൾ ഉപഭോക്തൃ വിശ്വാസത്തെ ഹനിക്കുകയും, നീതിയുക്തമായ വിപണി ചലനാത്മകതയെ വക്രീകരിക്കുകയും, ഡിജിറ്റൽ വാണിജ്യത്തിന്റെ വിശ്വാസ്യതയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്യുന്നു.
ഉപയോക്താക്കളെ കബളിപ്പിക്കുന്ന സാങ്കേതിക രീതികൾ ചെറുക്കുന്നതിന് നിരവധി സുപ്രധാന നടപടികൾ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട പങ്കാളികളുമായി നടത്തിയ വിപുലമായ കൂടിയാലോചനയ്ക്ക് ശേഷം, 2023 നവംബർ 30-ന്, ഇത് തടയുന്നതിനെക്കുറിച്ചുള്ള സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിൽ ഫാൾസ് അർജൻസി, ബാസ്ക്കറ്റ് സ്നീക്കിംഗ്, കൺഫേം ഷേമിംഗ്, ഫോഴ്സ്ഡ് ആക്ഷൻ, സബ്സ്ക്രിപ്ഷൻ ട്രാപ്പ്, ഇന്റർഫേസ് ഇന്റർഫെറെൻസ്, ബെയ്റ്റ് ആൻഡ് സ്വിച്ച്, ഡ്രിപ്പ് പ്രൈസിംഗ്, ഡിസ്ഗൈസ്ഡ് അഡ്വർടൈസേഷൻ, നാഗിംഗ്, ട്രിക്ക് ക്വസ്റ്റ്യൻ, സാസ് ബില്ലിംഗ്, റോഗ് മാൽവെയറുകൾ എന്നിവ ഉൾപ്പെടുന്നു.
വകുപ്പിന്റെ അഭിമാന സംരംഭങ്ങളിൽ ഒന്നാണ് ഡാർക്ക് പാറ്റേൺസ് ബസ്റ്റർ ഹാക്കത്തൺ 2023. 2023 ഒക്ടോബർ 26-ന് IIT (BHU) യുമായി സഹകരിച്ച് ഇത് ആരംഭിച്ചു. ഡാർക്ക് പാറ്റേണുകൾ കണ്ടെത്തുന്നതിനും അതിനെതിരെ പോരാടുന്നതിനുമായി സാങ്കേതിക പരിഹാരങ്ങൾ - ആപ്പുകൾ, ബ്രൗസർ എക്സ്റ്റൻഷനുകൾ, എഐ ടൂളുകൾ - രൂപകൽപ്പന ചെയ്യാൻ ഐഐടികൾ, എൻഐടികൾ, സർവ്വകലാശാലകൾ എന്നിവയിലെ വിദ്യാർത്ഥികളെയും വ്യക്തികളെയും ക്ഷണിച്ചു. ഹാക്കത്തോണിന്റെ ഗുണഫലങ്ങളെ അടിസ്ഥാനമാക്കി, IIT (BHU) യുമായി സഹകരിച്ച് വകുപ്പ് മൂന്ന് ശക്തമായ ഉപഭോക്തൃ സംരക്ഷണ ആപ്പുകൾ വികസിപ്പിച്ചെടുത്തു, അവ 2024 ലെ ദേശീയ ഉപഭോക്തൃ ദിനത്തിൽ അവതരിപ്പിച്ചു.
വഞ്ചനാപരമായ രീതികൾ തിരിച്ചറിയുന്നതിനും നിരുത്സാഹപ്പെടുത്തുന്നതിനും വകുപ്പ് വ്യാപകമായ ഉപഭോക്തൃ ബോധവത്ക്കരണ പ്രചാരണങ്ങൾ നടത്തുകയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ സജീവമായി നിരീക്ഷിക്കുകയും ചെയ്യുന്നു. ഇ-കൊമേഴ്സിൽ ഉപഭോക്തൃ സംരക്ഷണത്തിനായി സമഗ്രവും സർവ്വാശ്ലേഷിയുമായ സമീപനം ഉറപ്പാക്കുന്നതിന് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ, നയരൂപകർത്താക്കൾ, ഉപഭോക്തൃ സംഘടനകൾ എന്നിവരുമായി വകുപ്പ് തുടർ സംഭാഷണങ്ങളിൽ ഏർപ്പെട്ടു വരുന്നു.
ഉപഭോക്തൃ സംരക്ഷണവും ബിസിനസ്സ് സുഗമമാക്കുന്നതും പരസ്പരവിരുദ്ധമല്ലെന്നും മറിച്ച്, അവ പരസ്പര പൂരക ലക്ഷ്യങ്ങളാണെന്നും വകുപ്പ് ആവർത്തിച്ചു വ്യക്തമാക്കുന്നു. എല്ലാവർക്കും വിജയിക്കാൻ കഴിയുന്ന നീതിയുക്തവും സമത്വപൂർണ്ണവുമായ സാഹചര്യം ഒരുക്കുന്നതിനുള്ള വകുപ്പിന്റെ പുരോഗമനപരവും പങ്കാളിത്തപരവുമായ ഭരണനിർവ്വഹണ സമീപനമാണ് ഈ യോഗത്തിലൂടെ വ്യക്തമാക്കപ്പെടുന്നത്.
ഇത്തരം പൊതു-സ്വകാര്യ പങ്കാളിത്തങ്ങൾ പരിപോഷിപ്പിക്കുന്നതിലൂടെ, ഭാവിയിൽ നീതി, സുതാര്യത, ഉത്തരവാദിത്തം എന്നിവയാൽ നിയന്ത്രിക്കപ്പെടുകയും ഉപഭോക്തൃ സുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകുകയും ചെയ്യും വിധം ഡിജിറ്റൽ വിപണികളെ രൂപപ്പെടുത്താനുള്ള ഉദ്യമങ്ങൾ ഉപഭോക്തൃ കാര്യ വകുപ്പ് തുടരുകയാണ്.
(Release ID: 2131380)
|