വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുകയില, മയക്കുമരുന്നു വിമുക്തമാക്കുന്നതിനു വിദ്യാഭ്യാസ മന്ത്രാലയം രാജ്യവ്യാപകമായി എന്‍ഫോഴ്‌സമെന്റ് ഡ്രൈവ് ആരംഭിച്ചു

Posted On: 23 MAY 2025 2:45PM by PIB Thiruvananthpuram

പുകയിലയുടെയും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടെയും ദോഷഫലങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പിന്റെ ഭാഗമായി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചുറ്റുമുള്ള പ്രദേശങ്ങളെ പുകയില, മദ്യം, മയക്കുമരുന്ന് വിമുക്തമാക്കുന്നതിനുള്ള നിയമങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി നടപ്പിലാക്കുന്നതിനു നടപടിയെടുക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് (DoSEL) കര്‍ശനമായി ആവശ്യപ്പെട്ടു.

 

2025 മെയ് 15 നു നടന്ന നാര്‍ക്കോ-കോഓര്‍ഡിനേഷന്‍ സെന്ററിന്റെ (NCORD) എട്ടാമത് അപെക്‌സ് കമ്മിറ്റി യോഗത്തിനു ശേഷമാണ് DoSEL സെക്രട്ടറി ശ്രീ സഞ്ജയ് കൂമാര്‍ രാജ്യവ്യാപക എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിനു നിര്‍ദ്ദേശം നല്‍കിയത്. ആഭ്യന്തര സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഈ ഉന്നതതല യോഗം, യുവാക്കളെ ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം എടുത്തുകാണിക്കുകയും വിദ്യാഭ്യാസ, നിയമ നിര്‍വ്വഹണ വകുപ്പുകള്‍ക്കിടയില്‍ ഏകോപിത ശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു.

 

എന്തുകൊണ്ട് ഇതു പ്രാധാന്യമർഹിക്കുന്നു

ലോകത്ത് പ്രായം കുറഞ്ഞ ആളുകളുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇഇവിടുത്തെ പൗരന്മാരില്‍ വലിയൊരു പങ്കും 29 വയസില്‍ താഴെയള്ളവരാണ്. യുവാക്കളുടെ ഈ സംഖ്യ രാജ്യത്തിന്റെ ഭാവി ശക്തിയെക്കൂടി പ്രതിനിധാനം ചെയ്യുന്നു- ജനസംഖ്യാപരമായ ഒരു കരുത്തിന്റെ സൂചനകൂടിയാണ് ഇത്. അവരെ സംരക്ഷിക്കേണ്ടത് ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നത്തിന് നിർണായകമാണ്.

 

യുവാക്കള്‍ക്കിടയില്‍ പുകയില ഉപയോഗം അതിവേഗം വര്‍ദ്ധിച്ചുവരികയാണെന്നും ഇതു സ്‌കൂള്‍/ കോളേജ് പരിസരങ്ങളില്‍ മറ്റു തരത്തിലുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ ദുരുപയോഗം പരീക്ഷിക്കുന്നതിലേക്കു നയിക്കുന്നുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 13-15 വയസ് പ്രായമുള്ള വിദ്യാര്‍ത്ഥികളില്‍ 8.5% പേര്‍ ഏതെങ്കിലും രൂപത്തിലുള്ള പുകയില ഉപയോഗിക്കുന്നുണ്ടെന്നു 2019- ലെ ഗ്ലോബല്‍ യൂത്ത് ടുബാക്കോ സര്‍വ്വേ (GYTS-2) വെളിപ്പെടുത്തുന്നു. ഇന്ത്യയില്‍ ഓരോ ദിവസവും 5500 ലധികം കുട്ടികള്‍ പുകയില ഉപയോഗിക്കാന്‍ തുടങ്ങുന്നു എന്നതാണ് ഏറ്റവും ആശങ്കാജനകമായ വസ്തുത.

 

പുകയില ഉപയോഗം പലപ്പോഴും കൂടുതല്‍ അപകടകരമായ വസ്തുക്കളിലേക്കുള്ള പ്രവേശന കവാടമാണ്. മിക്ക മുതിര്‍ന്ന ഉപയോക്താക്കളും കൗമാരപ്രായത്തിലാണ് ആരംഭിക്കുന്നത്, നിയമങ്ങള്‍ നിലവിലുണ്ടായിരുന്നിട്ടും പലര്‍ക്കും സ്‌കൂളുകള്‍ക്കു സമീപമുള്ള കടകളില്‍ നിന്നും ഈ ഉത്പന്നങ്ങള്‍ എളുപ്പത്തില്‍ വാങ്ങാന്‍ കഴിയുന്നുണ്ട്.

 

ഗവണ്‍മെന്റിന്റെ പ്രതികരണം

വര്‍ദ്ധിച്ചുവരുന്ന ഈ ഭീഷണിയെ ചെറുക്കുന്നതിന്, വിദ്യാഭ്യാസ മന്ത്രാലയം പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള (ToFEI) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സജീവമായി നടപ്പിലാക്കുന്നു. പുകയില ഉപയോഗത്തില്‍ നിന്നും വില്‍പ്പനയില്‍ നിന്നും സ്‌കൂളുകളെയും കോളജുകളെയും വിമുക്തമാക്കുന്നതിനുള്ള ഘടനാപരമായ നിര്‍ദ്ദേശം ഇതു നല്‍കുന്നു. ToFEI യുടെ നടത്തിപ്പു മാര്‍ഗ്ഗരേഖ 2024 മെയ് 31ന് DoSEL പുറത്തിറക്കി. ToFEI മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ സ്‌കൂളുകളെ സഹായിക്കുക, അതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യകരവും പുകയില രഹിതവുമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പുകയിലയുടെ ദൂഷ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും നടപ്പിലാക്കാനും ഈ മാര്‍ഗ്ഗരേഖ ബന്ധപ്പെട്ട എല്ലാവര്‍ക്കും അധികാരം നല്‍കുന്നു.

 

കാമ്പസുകള്‍ പുകയില വിമുക്തമാക്കി നിലനിര്‍ത്തുന്നതിനു സ്‌കൂളുകളും കോളേജുകളും നടപ്പിലാക്കേണ്ട ഒമ്പതു പ്രവര്‍ത്തനങ്ങള്‍ ToFEI മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

 

  • പരിസരത്ത് ' പുകയില രഹിത മേഖല' എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുക
  • പ്രവേശന കവാടത്തിലോ അതിരിലോ ' പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനം' എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുക
  • പരിസരത്ത് പുകയില ഉപയോഗത്തിന്റെ യാതൊരു അടയാളങ്ങളും പാടില്ല
  • പുകയിലയുടെ ദോഷവശങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സാമഗ്രികളുടെ പ്രദര്‍ശനം
  • കുറഞ്ഞത് ആറുമാസത്തിലൊരിക്കലെങ്കിലും പുകയില നിയന്ത്രണ പ്രവര്‍ത്തനം
  • പുകയില നിരീക്ഷകരെ നിയോഗിക്കുക
  • സ്‌കൂള്‍ പെരുമാറ്റച്ചട്ടത്തില്‍ പുകയില രഹിത നയം ഉള്‍പ്പെടുത്തുക
  • വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചുറ്റും 100 യാര്‍ഡ് ചുറ്റളവില്‍ മഞ്ഞ വരകൊണ്ട് പുകയില രഹിത മേഖല അടയാളപ്പെടുത്തുക
  • ആ നൂറു യാര്‍ഡ് ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളോ വില്‍പ്പനക്കുന്നവരോ ഇല്ലെന്ന് ഉറപ്പുവരുത്തുക

 

ഇവയില്‍ രണ്ടു പ്രധാന നടപടികള്‍ക്ക പ്രാദേശിക അധികാരികളുടെ അടിയന്തര പിന്തുണ ആവശ്യമാണ്:

 

പ്രവര്‍ത്തനം 8- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചുറ്റും 100 യാര്‍ഡ് ചുറ്റളവില്‍ മഞ്ഞ വരകൊണ്ട് പുകയില രഹിത മേഖലയായി അടയാളപ്പെടുത്തുക

പ്രവര്‍ത്തനം 9- നൂറു യാര്‍ഡ് ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളോ വില്‍പ്പനക്കുന്നവരോ ഇല്ലെന്ന് ഉറപ്പുവരുത്തുക

 

ഒരു മാസം നീണ്ടുനില്‍ക്കുന്ന നടപ്പാക്കല്‍ യജ്ഞം

ലോക പുകയില വിരുദ്ധ ദിനമായ 2025 മെയ് 31 നു തുടങ്ങി മയക്കുമരുന്നു ദുരപയോഗത്തിനും അനധികൃത മനുഷ്യക്കടത്തിനും എതിരായ അന്താരാഷ്ട്ര ദിനമായ 2025 ജൂണ്‍ 26 വരെ തുടരുന്ന ഒരു മാസം ദീര്‍ഘിക്കുന്ന ഈ യജ്ഞം 2023ലെ സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ട് ആക്ടിന്റെ (COTPA) 6(b) പ്രകാരം സംഘടിപ്പിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

 

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 യാര്‍ഡ് ചുറ്റളവില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും അവരെക്കൊണ്ടു വില്‍പ്പന നടത്തിക്കുന്നതും

സ്‌കൂള്‍ കോളജ് ജീവനക്കാര്‍ക്ക് നിയമലംഘനങ്ങള്‍ നേരിട്ടും നിര്‍ഭയമായും പോലീസിനെ അറിയിക്കാന്‍ അനുവദിക്കുന്ന വ്യക്തമായ മാതൃകാ നടപടിക്രമം (SOP) വികസിപ്പിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

സമൂഹത്തിന്റെ പങ്കാളിത്തവും അവബോധവും പ്രധാനമാണ്

ഈ ദൗത്യത്തെ പിന്തുണയ്ക്കുന്നതില്‍ സ്‌കൂള്‍, മാനേജ്‌മെന്റ് കമ്മിറ്റികള്‍ (SMCകള്‍), അദ്ധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ പങ്ക് മന്ത്രാലയം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ബോധവത്കരണത്തിലൂടെയും ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെയും വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനും വളരാനുമുള്ള സുരക്ഷിത ഇടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സമൂഹത്തിനു സഹായിക്കാന്‍ കഴിയും.

 

പുകയിലയുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ച വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും പൊതുജനങ്ങളെയും രസകരമായ രീതിയില്‍ ബോധവത്കരിക്കുന്നതിനു മന്ത്രാലയം ഒരേസമയം MyGov പ്ലാറ്റ്‌ഫോമില്‍ (https://quiz.mygov.in) ' ലോക പുകയിലവിരുദ്ധ ദിന അവബോധ ക്വിസ്-2025' ആരംഭിച്ചു. 2025 മെയ് 22 മുത്‌ല# ജൂലൈ 21 വരെ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. പുകയിലയുടെ അപകടങ്ങളെക്കുറിച്ച് യുവാക്കളില്‍ അറിവു പകര്‍ന്നു നല്‍കിക്കൊണ്ട് പുകയില ഉപയോഗത്തിനെതിരേ ശക്തമായ സാമൂഹിക ഇടപെടല്‍ രൂപപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പ്പാണിത്.

 

ലിങ്ക്: https://quiz.mygov.in/quiz/world-no-tobacco-day-awareness-quiz/

 

ഈ സുപ്രധാന പ്രചാരണത്തെ പിന്തുണയ്ക്കാന്‍ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നു. നിരന്തരമായ ശ്രമങ്ങളിലൂടെയും പൊതുജനങ്ങളുടെ പിന്തുണയിലൂടെയും ഇന്ത്യയ്ക്ക് അതിന്റെ സ്‌കൂളുകളെയും കോളേജുകളെയും സുരക്ഷിതവും ആരോഗ്യകരവും ദോഷകരമായ വസ്തുക്കളുടെ സ്വാധീനത്തില്‍ നിന്നു മുക്തവുമാക്കാന്‍ കഴിയുമെന്നു മന്ത്രാലയം വിശ്വസിക്കുന്നു.

 

വിദ്യാഭ്യാസ കാമ്പസുകള്‍ സുരക്ഷിതവും ആരോഗ്യകരവുമാക്കുന്നതിനുള്ള ശ്രമങ്ങളോട് ഈ കാലയളവില്‍ സജീവമായി സഹകരിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

*********************


(Release ID: 2130838)