പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാജസ്ഥാനിലെ ബിക്കാനീറിൽ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

Posted On: 22 MAY 2025 3:31PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

थाने सगलां ने राम-राम!,

രാജസ്ഥാൻ ഗവർണർ ഹരിഭാവു ബാഗ്‌ഡെ ജി, ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീമാൻ ഭജൻ ലാൽ ജി, മുൻ മുഖ്യമന്ത്രി സഹോദരി വസുന്ധര രാജെ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ അശ്വിനി വൈഷ്ണവ് ജി, അർജുൻ റാം മേഘ്‌വാൾ ജി, രാജസ്ഥാൻ ഉപമുഖ്യമന്ത്രി ദിയ കുമാരി ജി, പ്രേം ചന്ദ് ജി, രാജസ്ഥാൻ ​ഗവൺമെന്റിലെ മറ്റ് മന്ത്രിമാർ, പാർലമെന്റിലെ എന്റെ സഹപ്രവർത്തകൻ മദൻ റാത്തോഡ് ജി, മറ്റ് എംപിമാരേ, എംഎൽഎമാരേ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ.

ഇത്രയും കടുത്ത ചൂടിലും, നിങ്ങൾ ഇത്ര‌യധികം പേർ ഇവിടെ എത്തിയിരിക്കുന്നു. ഇന്ന്, ഈ പരിപാടിയിലൂടെ, രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ലക്ഷക്കണക്കിന് ആളുകൾ ഓൺലൈനായി ഞങ്ങളോടൊപ്പം ചേർന്നിട്ടുണ്ട്. ഇന്ന് പല സംസ്ഥാനങ്ങളിലെയും ഗവർണർമാർ, മുഖ്യമന്ത്രിമാർ, ലെഫ്റ്റനന്റ് ഗവർണർമാർ, മറ്റ് പൊതുജന പ്രതിനിധികൾ എന്നിവർ നമ്മോടൊപ്പമുണ്ട്. രാജ്യത്തുടനീളമുള്ള എല്ലാ വിശിഷ്ട വ്യക്തികളെയും പൊതുജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു.

സഹോദരീ സഹോദരന്മാരേ,

കർണി മാതാവിന്റെ അനുഗ്രഹത്തോടെയാണ് ഞാൻ ഇവിടെ നിങ്ങൾക്കിടയിൽ വന്നിരിക്കുന്നത്. കർണി മാതാവിന്റെ അനുഗ്രഹത്താൽ, ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം കൂടുതൽ ശക്തമാവുകയാണ്. കുറച്ചു മുൻപ്, 26,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും ഇവിടെ നടന്നു. ഈ പദ്ധതികൾക്ക് രാജസ്ഥാനിലെ എന്റെ സഹോദരീസഹോദരന്മാരെയും നാട്ടുകാരെയും ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയെ വികസിപ്പിക്കുന്നതിനായി, രാജ്യത്ത് ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനായി ഒരു വലിയ മഹായജ്ഞം നടക്കുന്നു. നമ്മുടെ റോഡുകൾ, വിമാനത്താവളങ്ങൾ ആധുനികമാക്കുന്നതിന്, നമ്മുടെ റെയിൽവേ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ ആധുനികമാക്കുന്നതിന്, കഴിഞ്ഞ 11 വർഷമായി അഭൂതപൂർവമായ വേഗതയിൽ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയും, ഇന്ന് രാജ്യം മുമ്പ് ചെലവഴിച്ചതിനേക്കാൾ 6 മടങ്ങ് കൂടുതൽ പണം ഈ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നു, 6 മടങ്ങ് കൂടുതൽ. ഇന്ന് ഇന്ത്യയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ കണ്ട് ലോകം അത്ഭുതപ്പെടുന്നു. വടക്കോട്ട് പോയാൽ ചെനാബ് പാലം പോലുള്ള നിർമ്മാണങ്ങൾ കണ്ട് ആളുകൾ അത്ഭുതപ്പെടും. കിഴക്കോട്ട് പോയാൽ അരുണാചലിലെ സേല ടണലും അസമിലെ ബോഗിബീൽ പാലവും നിങ്ങളെ സ്വാഗതം ചെയ്യുന്നു. പശ്ചിമ ഇന്ത്യയിലേക്ക് വന്നാൽ മുംബൈയിൽ കടലിന് മുകളിലൂടെ നിർമ്മിച്ച അടൽ പാലം നിങ്ങൾക്ക് കാണാൻ കഴിയും. അങ്ങേയറ്റത്തെ തെക്കോട്ട് നോക്കിയാൽ പാമ്പൻ പാലം കാണാം, ഇത് രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ പാലമാണ്.

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യ അതിന്റെ ട്രെയിൻ ശൃംഖലയെയും നവീകരിക്കുകയാണ്. ഈ വന്ദേ ഭാരത് ട്രെയിനുകൾ, അമൃത് ഭാരത് ട്രെയിനുകൾ, നമോ ഭാരത് ട്രെയിനുകൾ എന്നിവ രാജ്യത്തിന്റെ പുതിയ ഗതിവേഗത്തെയും പുതിയ പുരോഗതിയെയും പ്രതിഫലിപ്പിക്കുന്നു. നിലവിൽ, രാജ്യത്തെ 70 ഓളം റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നുണ്ട്. ഇത് വിദൂര പ്രദേശങ്ങളിലേക്ക് പോലും ആധുനിക റെയിൽ കൊണ്ടുവന്നു. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ, നൂറുകണക്കിന് റോഡ് ഓവർ ബ്രിഡ്ജുകളും റോഡ് അണ്ടർ ബ്രിഡ്ജുകളും നിർമ്മിച്ചു. മുപ്പത്തിനാലായിരം കിലോമീറ്ററിലധികം പുതിയ റെയിൽവേ ട്രാക്കുകൾ സ്ഥാപിച്ചു. ഇപ്പോൾ, ബ്രോഡ് ഗേജ് ലൈനുകളിൽ ആളില്ലാ ക്രോസിംഗുകൾ ചരിത്രമായി മാറിയിരിക്കുന്നു, അവയുടെ കാലം അവസാനിച്ചു കഴിഞ്ഞു. ഗുഡ്സ് ട്രെയിനുകൾക്കായി പ്രത്യേക ട്രാക്കുകൾ, പ്രത്യേക ചരക്ക് ഇടനാഴി എന്നിവയുടെ ജോലികളും ഞങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയാണ്. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിനോടൊപ്പം, രാജ്യത്തെ 1300 ലധികം റെയിൽവേ സ്റ്റേഷനുകളും ഞങ്ങൾ ഒരേസമയം നവീകരിക്കുന്നു.

സുഹൃത്തുക്കളേ,

ആധുനികവൽക്കരിക്കുന്ന ഈ റെയിൽവേ സ്റ്റേഷനുകളെ രാജ്യം അമൃത് ഭാരത് സ്റ്റേഷനുകൾ എന്ന് നാമകരണം ചെയ്തു. ഇന്ന്, ഇതിൽ 100 ​​ലധികം അമൃത് ഭാരത് സ്റ്റേഷനുകൾ പൂർത്തിയായി. മുമ്പ് ഈ റെയിൽവേ സ്റ്റേഷനുകളുടെ അവസ്ഥ എന്തായിരുന്നുവെന്നും ഇപ്പോൾ അവയുടെ ചിത്രം എങ്ങനെ മാറിയെന്നും സോഷ്യൽ മീഡിയയിലൂടെയും ആളുകൾ കാണുന്നു.

സുഹൃത്തുക്കളേ,

വികസനത്തോടൊപ്പം പൈതൃകവും എന്ന നിലയിൽ, ഈ മന്ത്രം ഈ അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകളിൽ വ്യക്തമായി കാണാം. ഇവ പ്രാദേശിക കലയുടെയും സംസ്കാരത്തിന്റെയും പുതിയ പ്രതീകങ്ങളാണ്. രാജസ്ഥാനിലെ മണ്ഡൽഗഡ് റെയിൽവേ സ്റ്റേഷനിൽ മഹത്തായ രാജസ്ഥാനി കലയും സംസ്കാരവും ദൃശ്യമാകുന്നതുപോലെ, ബിഹാറിലെ താവേ സ്റ്റേഷനിൽ മാ താവേവാലി എന്ന പുണ്യക്ഷേത്രവും മധുബനി ചിത്രരചനയും ചിത്രീകരിക്കപ്പെടും. മധ്യപ്രദേശിലെ ഓർച്ച റെയിൽവേ സ്റ്റേഷനിൽ ശ്രീരാമന്റെ പ്രഭാവലയം നിങ്ങൾക്ക് അനുഭവപ്പെടും. ശ്രീരംഗനാഥ സ്വാമി ജിയുടെ ക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ശ്രീരംഗം സ്റ്റേഷന്റെ രൂപകൽപ്പന. ഗുജറാത്തിലെ ഡാകോർ സ്റ്റേഷൻ രഞ്ചോദ്രായി ജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. തിരുവണ്ണാമല സ്റ്റേഷൻ ദ്രാവിഡ വാസ്തുവിദ്യ അനുസരിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബേഗംപേട്ട് സ്റ്റേഷനിൽ, കാകതീയ സാമ്രാജ്യത്തിന്റെ വാസ്തുവിദ്യ നിങ്ങൾക്ക് കാണാൻ കഴിയും. അതായത് ഓരോ അമൃത് സ്റ്റേഷനിലും, ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഇന്ത്യയുടെ പൈതൃകം നിങ്ങൾക്ക് കാണാൻ കഴിയും. ഈ സ്റ്റേഷനുകൾ എല്ലാ സംസ്ഥാനങ്ങളിലും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമായി മാറുകയും യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ നൽകുകയും ചെയ്യും. ആ നഗരങ്ങളിലെ പൗരന്മാരോടും, റെയിൽവേയിൽ യാത്ര ചെയ്യുന്ന യാത്രക്കാരോടും ഞാൻ അഭ്യർത്ഥിക്കുന്നു, നിങ്ങൾ ഈ സ്വത്തിന്റെയെല്ലാം ഉടമകളാണ്, അവിടെ ഒരിക്കലും ഒരു മാലിന്യവും ഉണ്ടാകരുത്, ഈ സ്വത്തിന് ഒരിക്കലും കേടുപാടുകൾ സംഭവിക്കരുത്, കാരണം നിങ്ങളാണ് അതിന്റെ ഉടമകൾ.

സുഹൃത്തുക്കളേ,

അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ ​ഗവൺമെന്റ് ചെലവഴിക്കുന്ന പണം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ബിസിനസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഗവൺമെന്റ്  നിക്ഷേപിക്കുന്ന ആയിരക്കണക്കിന് കോടി രൂപ തൊഴിലാളികളുടെ പോക്കറ്റുകളിലേക്ക് പോകുന്നു. ഇത് കടയുടമകൾക്കും കടകളിലും ഫാക്ടറികളിലും ജോലി ചെയ്യുന്ന ആളുകൾക്കും നൽകുന്നു. മണൽ-ചരൽ-സിമൻറ് കൊണ്ടുപോകുന്ന ട്രക്ക്-ടെമ്പോ ഡ്രൈവർമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നു. ഈ അടിസ്ഥാന സൗകര്യങ്ങൾ തയ്യാറായിക്കഴിഞ്ഞാൽ, കൂടുതൽ നേട്ടങ്ങൾ ഉണ്ടാകുന്നു. കർഷകന്റെ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തുന്നു, പാഴാക്കൽ കുറയുന്നു. നല്ല റോഡുകൾ ഉള്ളിടത്ത്, പുതിയ ട്രെയിനുകൾ എത്തുന്നു, പുതിയ വ്യവസായങ്ങൾ സ്ഥാപിക്കപ്പെടുന്നു, ടൂറിസത്തിന് വലിയ ഉത്തേജനം ലഭിക്കുന്നു, അതായത്, അടിസ്ഥാന സൗകര്യങ്ങൾക്കായി ചെലവഴിക്കുന്ന പണത്തിൽ നിന്ന് ഓരോ കുടുംബത്തിനും, പ്രത്യേകിച്ച് നമ്മുടെ യുവാക്കൾക്ക് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നു.

സുഹൃത്തുക്കളേ,

അടിസ്ഥാന സൗകര്യ വികസനത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് നമ്മുടെ രാജസ്ഥാനും വലിയ നേട്ടങ്ങൾ നേടുന്നുണ്ട്. ഇന്ന്, രാജസ്ഥാനിലെ എല്ലാ ഗ്രാമങ്ങളിലും നല്ല റോഡുകൾ നിർമ്മിക്കപ്പെടുന്നു. അതിർത്തി പ്രദേശങ്ങളിലും മികച്ച റോഡുകൾ നിർമ്മിക്കപ്പെടുന്നു. ഇതിനായി, കഴിഞ്ഞ 11 വർഷത്തിനിടെ രാജസ്ഥാനിൽ മാത്രം ഏകദേശം 70,000 കോടി രൂപ ചെലവഴിച്ചു. രാജസ്ഥാനിലെ റെയിൽവേ വികസനത്തിനായി കേന്ദ്ര ഗവൺമെന്റ്  ഈ വർഷം ഏകദേശം 10,000 കോടി രൂപ ചെലവഴിക്കും. 2014 ന് മുമ്പുള്ളതിനേക്കാൾ 15 മടങ്ങ് കൂടുതലാണിത്. കുറച്ചുനാൾ മുമ്പ്, ഇവിടെ നിന്ന് മുംബൈയിലേക്ക് ഒരു പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് തന്നെ, ആരോഗ്യം, വെള്ളം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പല മേഖലകളിലും നടന്നു. ഈ ശ്രമങ്ങളുടെയെല്ലാം ലക്ഷ്യം രാജസ്ഥാനിലെ നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും ദ്രുതഗതിയിലുള്ള പുരോഗതിയിലേക്ക് നീങ്ങാൻ കഴിയുക എന്നതാണ്. രാജസ്ഥാനിലെ യുവാക്കൾക്ക് അവരുടെ നഗരത്തിൽ തന്നെ നല്ല അവസരങ്ങൾ ലഭിക്കും.

സുഹൃത്തുക്കളേ,

രാജസ്ഥാന്റെ വ്യാവസായിക വികസനത്തിനായി ഇരട്ട എഞ്ചിൻ ഗവൺമെന്റ് അതിവേഗം പ്രവർത്തിക്കുന്നു. ഭജൻ ലാൽ ജിയുടെ ഗവൺമെന്റ് വ്യത്യസ്ത മേഖലകൾക്കായി പുതിയ വ്യാവസായിക നയങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പുതിയ നയങ്ങളിൽ നിന്ന് ബിക്കാനീറിനും പ്രയോജനം ലഭിക്കും, ബിക്കാനീറിന്റെ കാര്യം വരുമ്പോൾ, ബിക്കാനേരി ഭുജിയയുടെ രുചിയും ബിക്കാനേരി രസഗുളകളുടെ മധുരവും ലോകമെമ്പാടും അവരുടെ ഐഡന്റിറ്റി സൃഷ്ടിക്കുകയും വികസിപ്പിക്കുകയും ചെയ്യും. രാജസ്ഥാനിലെ ശുദ്ധീകരണശാലയുടെ പ്രവർത്തനവും അതിന്റെ അവസാന ഘട്ടത്തിലാണ്. ഇത് രാജസ്ഥാനെ പെട്രോളിയം അധിഷ്ഠിത വ്യവസായങ്ങളുടെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റും. അമൃത്സറിൽ നിന്ന് ജാംനഗറിലേക്ക് നിർമ്മിക്കുന്ന 6-വരി സാമ്പത്തിക ഇടനാഴി രാജസ്ഥാനിലെ ശ്രീഗംഗാനഗർ, ഹനുമാൻഗഡ്, ബിക്കാനീർ, ജോധ്പൂർ, ബാർമർ, ജലൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു. ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ജോലിയും രാജസ്ഥാനിൽ ഏതാണ്ട് പൂർത്തിയായി. ഈ കണക്റ്റിവിറ്റി കാമ്പെയ്ൻ രാജസ്ഥാനിലെ വ്യാവസായിക വികസനത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും.

സുഹൃത്തുക്കളേ,

പ്രധാനമന്ത്രി സൂര്യ ഘർ സൗജന്യ വൈദ്യുതി പദ്ധതിയും രാജസ്ഥാനിൽ അതിവേഗം പുരോഗമിക്കുന്നു. രാജസ്ഥാനിലെ 40,000-ത്തിലധികം ആളുകൾ ഈ പദ്ധതിയിൽ ചേർന്നു. ഇതുമൂലം, ജനങ്ങളുടെ വൈദ്യുതി ബിൽ പൂജ്യമായി, സൗരോർജ്ജ വൈദ്യുതി ഉൽപ്പാദിപ്പിച്ച് ആളുകൾക്ക് പുതിയൊരു വരുമാന മാർഗ്ഗം ലഭിച്ചു. ഇന്ന്, വൈദ്യുതിയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും ഇവിടെ നടന്നു. ഇവയിൽ നിന്നും രാജസ്ഥാന് കൂടുതൽ വൈദ്യുതി ലഭിക്കും. വർദ്ധിച്ചുവരുന്ന വൈദ്യുതി ഉൽപാദനം രാജസ്ഥാനിലെ വ്യാവസായിക വികസനത്തിനും പുതിയ പ്രചോദനം നൽകുന്നു.

സുഹൃത്തുക്കളേ,

മണൽ സമതലങ്ങളിൽ പച്ചപ്പ് കൊണ്ടുവന്ന മഹാരാജ ഗംഗാ സിംഗ് ജിയുടെ നാടാണ് രാജസ്ഥാനിലെ ഈ ഭൂമി. നമുക്ക് ജലം എത്രത്തോളം പ്രധാനമാണെന്ന് ഈ പ്രദേശത്തേക്കാൾ നന്നായി ആർക്കറിയാം. പടിഞ്ഞാറൻ രാജസ്ഥാനിലെ ബിക്കാനീർ, ശ്രീ ഗംഗാനഗർ, ഹനുമാൻഗഡ് തുടങ്ങിയ നിരവധി പ്രദേശങ്ങളുടെ വികസനത്തിന് വെള്ളം വളരെ പ്രധാനമാണ്. അതിനാൽ, ഒരു വശത്ത് ഞങ്ങൾ ജലസേചന പദ്ധതികൾ പൂർത്തിയാക്കുകയും അതേ സമയം, ഞങ്ങൾ നദികളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. പാർവതി-കാളിസിന്ധ്-ചമ്പൽ ലിങ്ക് പദ്ധതിയിൽ നിന്ന് രാജസ്ഥാനിലെ പല ജില്ലകൾക്കും പ്രയോജനം ലഭിക്കും, ഇവിടുത്തെ മണ്ണിനും ഇവിടുത്തെ കർഷകർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

സുഹൃത്തുക്കളേ,

രാജ്യത്തെയും പൗരന്മാരെയുംക്കാൾ വലുതായി ഒന്നുമില്ലെന്ന് രാജസ്ഥാനിലെ ഈ ധീരഭൂമി നമ്മെ പഠിപ്പിക്കുന്നു. ഏപ്രിൽ 22 ന്, മതം ചോദിച്ചതിന് ശേഷം തീവ്രവാദികൾ നമ്മുടെ സഹോദരിമാരുടെ നെറ്റിയിലെ സിന്ദൂരം നശിപ്പിച്ചു. പഹൽഗാമിലാണ് ആ വെടിയുണ്ടകൾ ഉതിർത്തത്, പക്ഷേ ആ വെടിയുണ്ടകൾ 140 കോടി നാട്ടുകാരുടെ ഹൃദയങ്ങളിലാണ് തുളച്ചുകയറിയത്. ഇതിനുശേഷം, രാജ്യത്തെ ഓരോ പൗരനും ഒന്നിച്ചുചേർന്ന് തീവ്രവാദികളെ തുടച്ചുനീക്കുമെന്നും അവർക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറത്തുള്ള ശിക്ഷ നൽകുമെന്നും തീരുമാനിച്ചു. ഇന്ന്, നിങ്ങളുടെ അനുഗ്രഹങ്ങളാലും രാജ്യത്തിന്റെ സൈന്യത്തിന്റെ വീര്യത്താലും, ഞങ്ങൾ ആ പ്രതിജ്ഞ നിറവേറ്റി. നമ്മുടെ ഗവൺമെന്റ്  മൂന്ന് സേനകൾക്കും സ്വാതന്ത്ര്യം നൽകി, മൂന്ന് സേനകളും ഒരുമിച്ച് അത്തരമൊരു ചക്രവ്യൂഹം സൃഷ്ടിച്ചു, അത് പാകിസ്ഥാനെ മുട്ടുകുത്തിക്കാൻ നിർബന്ധിതരാക്കി.

സുഹൃത്തുക്കളേ,

22 ന് നടന്ന ആക്രമണത്തിന് മറുപടിയായി, 22 മിനിറ്റിനുള്ളിൽ തീവ്രവാദികളുടെ ഏറ്റവും വലിയ 9 ഒളിത്താവളങ്ങൾ ഞങ്ങൾ നശിപ്പിച്ചു. സിന്ദൂരം (വെർമിലിയൻ) വെടിമരുന്നായി മാറുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ലോകവും രാജ്യത്തിന്റെ ശത്രുക്കളും പോലും കണ്ടിട്ടുണ്ട്.

അതിനിടയിൽ, സുഹൃത്തുക്കളേ,

5 വർഷം മുമ്പ് രാജ്യം ബാലകോട്ടിൽ വ്യോമാക്രമണം നടത്തിയതിന് ശേഷം, എന്റെ ആദ്യ പൊതുയോഗം നടന്നത് രാജസ്ഥാനിലെ അതിർത്തിയിൽ തന്നെയായിരുന്നു എന്നത് യാദൃശ്ചികമാണ്. വീരഭൂമിയുടെ പ്രായശ്ചിത്തം കൊണ്ടാണ് ഇത്തരം യാദൃശ്ചികതകൾ സംഭവിക്കുന്നത്. ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ നടന്നപ്പോൾ, അതിനു ശേഷമുള്ള എന്റെ ആദ്യത്തെ പൊതുയോഗം വീണ്ടും രാജസ്ഥാനിലെ വീരഭൂമിയുടെ അതിർത്തിയിൽ, ബിക്കാനീറിൽ, നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ നടക്കുന്നു.

സുഹൃത്തുക്കളേ,

ചുരുവിൽ ഞാൻ പറഞ്ഞിരുന്നു, വ്യോമാക്രമണത്തിന് ശേഷം ഞാൻ വന്നിരുന്നു, അപ്പോൾ ഞാൻ പറഞ്ഞിരുന്നു - 'ഈ മണ്ണിൽ ഞാൻ സത്യം ചെയ്യുന്നു, എന്റെ രാജ്യം നശിക്കാൻ ഞാൻ അനുവദിക്കില്ല, എന്റെ രാജ്യം തലകുനിക്കാൻ ഞാൻ അനുവദിക്കില്ല'. ഇന്ന്, രാജസ്ഥാന്റെ മണ്ണിൽ നിന്ന്, വളരെ വിനയത്തോടെ ഞാൻ നാട്ടുകാരോട് പറയാൻ ആഗ്രഹിക്കുന്നു, രാജ്യത്തിന്റെ എല്ലാ കോണുകളിലും തിരംഗ യാത്രകൾ നടത്തുന്ന നാട്ടുകാരോട് - സിന്ദൂരം (വെർമിളിയൻ) തുടയ്ക്കാൻ പുറപ്പെട്ടവർ, സിന്ദൂരം (വെർമിളിയൻ) തുടയ്ക്കാൻ പുറപ്പെട്ടവർ, ഭസ്മമായി മാറിയിരിക്കുന്നു. ഇന്ത്യയുടെ രക്തം ചൊരിഞ്ഞവർ, ഇന്ത്യയുടെ രക്തം ചൊരിഞ്ഞവർ, ഇന്ന് അവർ ഓരോ തുള്ളിക്കും വില കൊടുക്കുന്നു.  ഇന്ത്യ നിശബ്ദത പാലിക്കുമെന്ന് മുമ്പ് ചിന്തിച്ചിരുന്നവർ അങ്ങനെ കരുതിയിരുന്നവർ, ഇന്ന് അവർ അവരുടെ വീടുകളിൽ ഒളിച്ചിക്കുന്നു, മുമ്പ് അവരുടെ ആയുധങ്ങളിൽ അഭിമാനിച്ചിരുന്നവർ, മുമ്പ് അവരുടെ ആയുധങ്ങളിൽ അഭിമാനിച്ചിരുന്നവർ, ഇന്ന് അവർ അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങൾക്കടിയിൽ കുഴിച്ചിടപ്പെട്ടിരിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,

ഇത് ആക്രമണത്തിന്റെയും പ്രത്യാക്രമണത്തിന്റെയും കളിയല്ല, ആക്രമണത്തിന്റെയും പ്രത്യാക്രമണത്തിന്റേയും കളിയല്ല, ഇത് നീതിയുടെ ഒരു പുതിയ രൂപമാണ്, ഇത് നീതിയുടെ ഒരു പുതിയ രൂപമാണ്, ഇത് ഓപ്പറേഷൻ സിന്ദൂർ. ഇത് വെറും കോപമല്ല, ഇത് വെറും കോപമല്ല, ശക്തമായ ഇന്ത്യയുടെ ഉഗ്രമായ രൂപമാണ്. ഇത് ഇന്ത്യയുടെ പുതിയ രൂപമാണ്. മുമ്പ്, വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയിരുന്നത്, മുമ്പ് വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയിരുന്നതെങ്കിൽ, ഇപ്പോൾ അത് നെഞ്ചിലേക്ക് നേരിട്ട് നടത്തുന്ന ആക്രമണമാണ്. ഇതാണ് നയം, തീവ്രവാദത്തിന്റെ കവചം തകർക്കാനുള്ള മാർഗം, ഇതാണ് ഇന്ത്യ, ഇതാണ് പുതിയ ഇന്ത്യ. പറയുക-

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

സുഹൃത്തുക്കളേ,

ഭീകരതയെ ചെറുക്കുന്നതിന് ഓപ്പറേഷൻ സിന്ദൂർ മൂന്ന് തത്വങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ആദ്യം, ഇന്ത്യയ്‌ക്കെതിരെ ഒരു ഭീകരാക്രമണം ഉണ്ടായാൽ, ഉചിതമായ മറുപടി നൽകും. സമയം നമ്മുടെ സേന തീരുമാനിക്കും, രീതിയും നമ്മുടെ സേന തീരുമാനിക്കും, സാഹചര്യങ്ങളും നമ്മുടേതായിരിക്കും. രണ്ടാമതായി, ആറ്റം ബോംബിന്റെ പൊള്ളയായ ഭീഷണികളിൽ ഇന്ത്യ ഭയപ്പെടില്ല. മൂന്നാമതായി, ഭീകരതയുടെ യജമാനന്മാരെയും ഭീകരതയെ പിന്തുണയ്ക്കുന്ന ​ഗവൺമെന്റിനേയും നമ്മൾ വെവ്വേറെ കാണില്ല; അവരെ വേറിട്ട് കാണില്ല; അവരെ ഒന്നായി കണക്കാക്കും. പാകിസ്ഥാന്റെ സ്റ്റേറ്റ്-നോൺ സ്റ്റേറ്റ് അഭിനേതാക്കളുടെ  ഈ കളി ഇനി നടക്കില്ല. നമ്മുടെ രാജ്യത്ത് നിന്നുള്ള ഏഴ് വ്യത്യസ്ത പ്രതിനിധി സംഘങ്ങൾ പാകിസ്ഥാനെ തുറന്നുകാട്ടാൻ ലോകമെമ്പാടും എത്തുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള ആളുകൾ, വിദേശ നയ വിദഗ്ധർ, വിശിഷ്ട വ്യക്തികൾ എന്നിവർ ഈ പ്രതിനിധികളിൽ ഉൾപ്പെടുന്നു, ഇപ്പോൾ പാകിസ്ഥാന്റെ യഥാർത്ഥ മുഖം മുഴുവൻ ലോകത്തിന് മുന്നിൽ തുറന്നു കാട്ടപ്പെടും.

സുഹൃത്തുക്കളേ,

ഇന്ത്യയ്‌ക്കെതിരെ നേരിട്ട് ഒരു യുദ്ധം ജയിക്കാൻ പാകിസ്ഥാന് ഒരിക്കലും കഴിയില്ല. നേരിട്ടുള്ള പോരാട്ടം ഉണ്ടാകുമ്പോഴെല്ലാം, പാകിസ്ഥാന് വീണ്ടും വീണ്ടും പരാജയം നേരിടേണ്ടിവരും. അതിനാൽ, ഇന്ത്യയ്‌ക്കെതിരെ പോരാടാൻ പാകിസ്ഥാൻ തീവ്രവാദത്തെ ഒരു ആയുധമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ഇത് തുടരുന്നു. പാകിസ്ഥാൻ ഭീകരത പ്രചരിപ്പിക്കുകയും നിരപരാധികളെ കൊല്ലുകയും ഇന്ത്യയിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു, പക്ഷേ പാകിസ്ഥാൻ ഒരു കാര്യം മറന്നു, ഇപ്പോൾ ഭാരതമാതാവിന്റെ സേവകൻ മോദി ഇവിടെ തലയുയർത്തി നിൽക്കുന്നു. മോദിയുടെ മനസ്സ് ശാന്തമാണ്, ഇപ്പോഴും ശാന്തമാണ്, പക്ഷേ മോദിയുടെ രക്തം ചൂടാണ്, ഇപ്പോൾ മോദിയുടെ സിരകളിൽ ഒഴുകുന്നത് രക്തമല്ല, ചൂടുള്ള സിന്ദൂരമാണ്. ഓരോ ഭീകരാക്രമണത്തിനും പാകിസ്ഥാൻ കനത്ത വില നൽകേണ്ടിവരുമെന്ന് ഇന്ത്യ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ വില പാകിസ്ഥാൻ സൈന്യവും പാകിസ്ഥാൻറെ സമ്പദ്‌വ്യവസ്ഥയും നൽകേണ്ടിവരും.

സുഹൃത്തുക്കളേ,

ഞാൻ ഡൽഹിയിൽ നിന്ന് ഇവിടെ വന്നപ്പോൾ ബിക്കാനീറിലെ നാൽ വിമാനത്താവളത്തിൽ വന്നിറങ്ങി. ഈ വ്യോമതാവളത്തെയും ലക്ഷ്യമിടുന്നതിന് പാകിസ്ഥാൻ ശ്രമിച്ചിരുന്നു. പക്ഷേ ഈ വ്യോമതാവളത്തിന് ചെറിയ നാശനഷ്ടങ്ങൾ പോലും വരുത്താൻ അതിന് കഴിഞ്ഞില്ല. ഇവിടെ നിന്ന് അൽപ്പം അകലെ, അതിർത്തിക്കപ്പുറത്ത്, പാകിസ്ഥാന്റെ റഹിംയാർ ഖാൻ വ്യോമതാവളമുണ്ട്, അത് എപ്പോൾ തുറക്കുമെന്ന് ആർക്കും അറിയില്ല, അത് ഐസിയുവിൽ കിടക്കുന്നു. ഇന്ത്യൻ സൈന്യത്തിന്റെ കൃത്യമായ ആക്രമണം ഈ വ്യോമതാവളം തകർത്തു.

സുഹൃത്തുക്കളേ,

പാകിസ്ഥാനുമായി ഒരു വ്യാപാരമോ ചർച്ചയോ ഉണ്ടാകില്ല. എന്തെങ്കിലും ചർച്ചകൾ ഉണ്ടായാൽ, അത് പാക് അധീന കാശ്മീരിനെക്കുറിച്ച് (PoK) മാത്രമായിരിക്കും. പാകിസ്ഥാൻ തീവ്രവാദികളെ കയറ്റുമതി ചെയ്യുന്നത് തുടർന്നാൽ, ഓരോ പൈസയ്ക്കും വേണ്ടി യാചിക്കേണ്ടിവരും. ഇന്ത്യയുടെ അവകാശപ്പെട്ട ജലവിഹിതം പാകിസ്ഥാന് ലഭിക്കില്ല, ഇന്ത്യക്കാരുടെ രക്തവുമായി കളിക്കുന്നത് ഇപ്പോൾ പാകിസ്ഥാന് വലിയ വില നൽകേണ്ടിവരും. ഇതാണ് ഇന്ത്യയുടെ ദൃഢനിശ്ചയം, ലോകത്തിലെ ഒരു ശക്തിക്കും ഈ ദൃഢനിശ്ചയത്തിൽ നിന്ന് നമ്മെ തടയാൻ കഴിയില്ല.

സഹോദരീ സഹോദരന്മാരേ,

വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സുരക്ഷയും സമൃദ്ധിയും ആവശ്യമാണ്. ഇന്ത്യയുടെ എല്ലാ കോണുകളും ശക്തമാകുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ. ഇന്ത്യയുടെ സന്തുലിത വികസനത്തിന്റെയും ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനത്തിന്റെയും മികച്ച ഉദാഹരണമാണ് ഇന്നത്തെ പരിപാടി. ഈ ധീരദേശത്തെ എല്ലാ നാട്ടുകാരെയും ഞാൻ വീണ്ടും അഭിനന്ദിക്കുന്നു. എന്നോടൊപ്പം പറയൂ, നിങ്ങളുടെ രണ്ട് മുഷ്ടികളും ചുരുട്ടി, പൂർണ്ണ ശക്തിയോടെ പറയൂ-

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

വന്ദേ മാതരം. വന്ദേ മാതരം.

വന്ദേ മാതരം. വന്ദേ മാതരം.

വന്ദേ മാതരം. വന്ദേ മാതരം.

വന്ദേ മാതരം. വന്ദേ മാതരം.

വന്ദേ മാതരം. വന്ദേ മാതരം.

വന്ദേ മാതരം. വന്ദേ മാതരം.

നിരാകരണം‌: പ്രധാനമന്ത്രിയുടെ പ്രസം​ഗത്തിന്റെ ഏകദേശ പരിഭാഷയാണിത്. ‌യഥാർത്ഥ പ്രസം​ഗം ഹിന്ദിയിലായിരുന്നു.

***

SK


(Release ID: 2130717)